ADVERTISEMENT

കാലമെത്ര കടന്നു പോയാലും പറഞ്ഞാലും ഫാഷൻ തരംഗങ്ങൾ മാറി മറിഞ്ഞ് വന്നാലും നിത്യഹരിതമായി നിലനിൽക്കുന്നൊരു ട്രെന്റുണ്ട്– അതാണ് സാരി. ഏതു കാലത്തിനൊപ്പവും ഇണങ്ങാൻ മിടുക്കുള്ള ബഹുമുഖ പ്രതിഭയാണീയൊരു വസ്ത്രം. പല തരം ഡ്രേപ്പിങ്ങിലൂടെയും പല തരം സ്റ്റൈലിങ്ങിലൂടേയും ഷൂസിനൊപ്പവും ജാക്കറ്റിനൊപ്പവും ഒക്കെ സാരി ഏത് തലമുറയുടെ വാർഡ്രോബിലും ഒരിടം കണ്ടെത്തുക തന്നെ ചെയ്യും. 

എത്ര കാലം കഴിഞ്ഞാലും പ്രിയപ്പെട്ട സാരികൾ അതേപടി ഭംഗിയോടെ നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരാണ് മിക്ക സാരി ലവേഴ്സും. സാരിയെ ഏറെ നാൾ ആരോഗ്യത്തോടെ നിലനിർത്താൻ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം... 

ADVERTISEMENT

∙ സാരി എപ്പോഴും കഴുകണമെന്നില്ല. അഴുക്കോ ചളിയോയോ ആയാൽ മാത്രം കഴുകിയാൽ മതി. അല്ലാത്ത പക്ഷം സാരിയുടുത്ത് ഊരി നന്നായി കാറ്റു കിട്ടുന്നിടത്ത് വിരിച്ചിടാം. സൂര്യപ്രകാശം നേരിട്ട് തട്ടാത്ത ഇടത്ത് തണലത്ത് വേണം ഇവ വിരിക്കാൻ.

∙ സാരി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിക്കരുത്. പകരം തുണി സഞ്ചികളിലോ കോട്ടൻ തുണിയിലോ പൊതിഞ്ഞു വേണം വയ്ക്കാൻ.

ADVERTISEMENT

. സിൽക് പോലുള്ള സാരികൾ മടക്കി വയ്ക്കുന്നതിനിടയ്ക്ക് ടിഷ്യൂ പേപ്പർ കൂടി മടക്കുകളിൽ വയ്ക്കുന്നത് തമ്മില്‍ ഒട്ടാതിരിക്കാനും പൊടിഞ്ഞു പോകുന്നതു തടയാനും സഹായിക്കും.

∙ സാരിയും ബ്ലൗസും ഒരുമിച്ച് മടക്കി വയ്ക്കാതെ പ്രത്യേകം പ്രത്യേകം വയ്ക്കുക. ബ്ലൗസിൽ നിന്ന് നിറം ഊർന്ന് സാരിയിൽ പിടിക്കുന്നത് ഒഴിവാക്കാം.

ADVERTISEMENT

∙ തടിയുടേയോ കാർഡ്ബോർഡ് പെട്ടിയിലോ വേണം സാരി വയ്ക്കാം. ഒന്നുകിൽ നേരേ മടക്കി വയ്ക്കാം അല്ലെങ്കിൽ റോൾ ചെയ്തും വയ്ക്കാം.

∙ മറ്റു വസ്ത്രങ്ങളുമായി ഇടകലർത്തി വയ്ക്കാതെ സാരികൾക്കായി പ്രത്യേക ഇടം തന്നെ ഒരുക്കാം. നിലവിലുള്ള ഇടത്തു തന്നെ ഡിവൈഡറുകളോ ക്ലോത്ത് ഓർഗനൈസറുകളോ വച്ച് സ്ഥലം ഒരുക്കിയെടുക്കാവുന്നതേയുള്ളൂ.

∙ വളരെ നേർത്തതും കൂടുതൽ വർക്ക് ഉള്ളതുമായ സാരികൾ ഏറെ നാൾ ഹാങ്ങറിൽ തൂക്കിയിടുന്നത് ഒഴിവാക്കാം. ഇത് സാരിയുടെ ഇഴകൾ വികസിക്കാൻ ഇടവരുത്തും.

∙ സാരി വയ്ക്കുന്ന ഇടത്ത് ആര്യപേപ്പിന്റെ ഇലയോ പച്ച കർപ്പൂരമോ ഒരു കിഴിയിൽ കെട്ടി വയ്ക്കാം. ചെറു പ്രാണികൾ വരുന്നത് തടയാം.

∙ സിലിക്കാ ജെൽ പാക്കറ്റുകൾ വാങ്ങി ഇടയ്ക്ക് വയ്ക്കുന്നതും ഈർപ്പം അകറ്റി പൂപ്പലും മറ്റും വരുന്നത് ഇല്ലാതാക്കാൻ സഹായിക്കും.

∙ 3–4 മാസം കൂടുമ്പോൾ ഉപയോഗിച്ചില്ലെങ്കിൽ സാരികൾ തിരിച്ചും മറിച്ചും മടക്കുക. എപ്പോഴും ഒരേ തരത്തിൽ ഒരേയിടത്തിൽ മടക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കാം. അല്ലെങിൽ സ്ഥിരമായി മടക്കു വീഴുന്നിടത്തു നിന്ന് സാരി പൊടിയാനിടയുണ്ട്.

∙ ഉപയോഗിച്ചാലും ഉപയോഗിച്ചില്ലെങ്കിലും 2–3 മാസത്തിലൊരിക്കൽ പുറത്ത് ഇട്ട് കാറ്റു കൊള്ളിച്ച് തിരികെ വയ്ക്കാം.

ADVERTISEMENT