സാരിയുടെ നിറം ‘വേ’ ജ്വല്ലറിയുടെ നിറം ‘റെ’; വിവാഹാഭരണങ്ങളിൽ ട്രെൻഡാകുന്ന കളർ കോൺട്രാസ്റ്റിങ്ങിലെ പുതുമകൾ
Mail This Article
ഓരോ കല്യാണപ്പെണ്ണിന്റെയും മനസ്സിൽ കൊളുത്തിട്ട മാലകളും കിന്നാരം പറയുന്ന കമ്മലുകളും കിലുങ്ങുന്ന വളകളും കാണും. അ വയണിഞ്ഞ് എത്തുന്ന നിമിഷം ഫാഷനബിൾ മുഹൂർത്തം കൂടിയാക്കണ്ടേ... അതിനറിയാം വെഡ്ഡിങ് ടൗണിലെ ജ്വല്ലറി ട്രെൻഡായ കളർ കോൺട്രാസ്റ്റ് സ്റ്റൈലിങ്.
വിവിധ നിറങ്ങളിലുള്ള ജെം സ്റ്റോൺസും മുത്തുകളുമുള്ള ആഭരണങ്ങള്‍ അണിഞ്ഞാൽ കല്യാണപ്പെണ്ണിന്റെ ലുക്ക് വേറെ ലെവലാകും. അവ കോൺട്രാസ്റ്റ് ആയാലോ... കിടിലോൽക്കിടിലം. പ്രഥമ ദൃഷ്ട്യാ അകൽച്ചയിലുള്ള നിറങ്ങളാണെങ്കിലും ഇവർക്കിടിയിലെ അന്തർധാര സജീവമാണെന്നേ...
‘ആഭരണം വാങ്ങാൻ ഞങ്ങളില്ല, റെന്റഡ് ജ്വല്ലറി മതി’ എന്നു ചിന്തിക്കുന്നവരും കളർ കോൺട്രാസ്റ്റ് ജ്വല്ലറിയിലെ ട്രെൻഡുകൾ അറിഞ്ഞു വച്ചോളൂ, ആഭരണ സെലക്ഷൻ കളറാക്കാം.
ഏതു പിങ്കിനും പച്ച ചേരും
പേസ്റ്റൽ പിങ്ക്, ഡസ്റ്റി റോസ്, ഫൂഷിയ പിങ്ക് എന്നു വേണ്ട ഏതു ഷേഡിലുള്ള പിങ്കിനും പച്ച നിറത്തിലുള്ള ആഭരണം ചേരും. പിങ്ക് ഷേഡ് സാരിക്ക് പച്ച കല്ലു പതിപ്പിച്ച ജ്വല്ലറി. സാരിയുടെ നിറം പച്ചയെങ്കിൽ പിങ്ക് സ്റ്റോൺസ് അല്ലെങ്കിൽ മുത്തുകളുള്ള ജ്വല്ലറി. ഇത്തരത്തിൽ പെയർ ചെയ്യാം. പേസ്റ്റൽ പിങ്ക് ഫ്ലോറൽ സാരിക്കൊപ്പം എമറാൾഡ് സ്റ്റോൺസ് ഉള്ള ഡയമണ്ട് നെക്‌ലേസ് അണിഞ്ഞാൽ റിസപ്ഷൻ ലുക് വ്യത്യസ്തമായിരിക്കും.
പച്ചയും പിങ്കും കളർ കോംബിനേഷൻ നമ്മുടെ പാലയ്ക്കാ മാലയിൽ പണ്ടേയുണ്ട്. പേസ്റ്റൽ ട്രെഡീഷനൽ സാരിക്കൊപ്പം പാലയ്ക്കാ മാലയും കമ്മലും അണിയാം.
പർപ്പിള്‍ നിറത്തിൽ ആഭരണം വേണോ, സാരി വേണോ ?
ചില നിറങ്ങൾ മാത്രമായിരുന്നു മുൻപു കല്യാണ വസ്ത്രങ്ങള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. എന്നാലിപ്പോൾ ഏതു നിറവും കല്യാണനിറമാണ്. ഫാഷൻ ലോകത്തെ ട്രെൻഡി ഷേഡായ പർപ്പിളും പെൺകിനാവിൽ ചേക്കേറിയിട്ടുണ്ട്. പർപ്പിൾ വസ്ത്രത്തിനൊപ്പം ഐവറി, ഗ്രീൻ, യെല്ലോ നിറങ്ങൾ മിഴിവോടെ നിൽക്കും. മഞ്ഞനിറത്തിലുള്ള കല്യാണവസ്ത്രത്തിനൊപ്പം പർപ്പിൾ ജ്വല്ലറി അണിയുന്നത് എത്ര വ്യത്യസ്തമായിരിക്കുമല്ലേ... നീല സാരി, പച്ച ബ്ലൗസ്, പർപ്പിൾ ജ്വല്ലറി എന്ന സ്റ്റൈല്‍ ‘ കോൺട്രാസ്റ്റ് വേണം എന്നാൽ മിനിമലായി മതി’ എന്ന് ആഗ്രഹിക്കുന്നവർക്ക് ഇണങ്ങും.
ബ്രൗണും പിങ്കും ജെൻസിക്ക് ഇഷ്ടം
കാഷ്വൽ വെയറിലെ ഹിറ്റ് കളർ കോംബോയാണ് കോഫി ബ്രൗണും പേസ്റ്റൽ പിങ്കും. ജെൻസിയുടെ കല്യാണമേളത്തിലും ഈ കോംബോ ഇപ്പോൾ ട്രെൻഡാകുകയാണ്. പിങ്കിനൊപ്പം അത്ര കാണാത്ത നിറമാണ്, കോഫി ബ്രൗൺ. അതുകൊണ്ടു തന്നെ യുണീക് ലുക് സ്വന്തമാക്കാം. ക്ലാസിക് - മ്യൂട്ടഡ് സ്റ്റൈലാണ് വിവാഹനാളിലെ ചോയ്സ് എങ്കിൽ ഈ നിറങ്ങൾ അണിയാം.
ക്ലാസിക് കോംബോ റെഡ് & ഗ്രീൻ
നയൻതാരയുടെ വെഡ്ഡിങ് ലുക് ആരും മറന്നിട്ടുണ്ടാകില്ല... ക്രിംസൺ റെഡ് സാരിയും ബ്ലൗസും. ഒപ്പം എമറാൾഡ് ഗ്രീൻ ചോക്കർ, ലെയേർഡ് മാല, സിംപിൾ സ്റ്റഡ്സ്. ആ സുന്ദരമായ ലുക്കിന് പിന്നിലെ തിയറിയും കളർ കോണ്‍ട്രാസ്റ്റ് ആണ്. ചുവപ്പിനൊപ്പം സ്വർണാഭരണമേ ചേരൂ എന്ന ധാരണയും എങ്ങോ മറഞ്ഞു. ഡയമണ്ട്, പേൾ ജ്വല്ലറിയും മോടിയോടെ എത്തുന്നുണ്ട്.
നിറങ്ങളണിയാൻ ചില ടിപ്സ് കൂടി
∙ മ്യൂട്ടഡ്/ പേസ്റ്റൽ ടോൺസിനൊപ്പം കടും നിറത്തിലുള്ള ജ്വല്ലറി ചേരില്ല എന്നു കരുതേണ്ട... അത്തരം ആഭരണങ്ങളാണ് ട്രെൻഡിങ്.
∙ സഫയർ കൂടുതൽ ഭംഗിയോടെ നിൽക്കുക സ്വർണത്തിനൊപ്പമല്ല, സിൽവർ ടോണിനൊപ്പമാണ്. ഇത്തരത്തിൽ മെറ്റൽ ടോൺ കൂടി നോക്കി ജ്വല്ലറി തിരഞ്ഞെടുക്കാം.
∙ ആഭരണങ്ങളിലെ കല്ലിന്റെയും മുത്തിന്റെയും നിറങ്ങൾ പരസ്പരം ചേരുന്നവയാണോ എന്നും നോക്കണം.
