എക്കാലത്തും ഫാഷൻ ട്രെന്‍ഡാണ് മാക്സി ഡ്രസ്; വെയിലില്‍ കുളിരു പകരും വസ്ത്രങ്ങൾ, ട്രൈ ചെയ്യൂ..!
Mail This Article
വെയിലില്‍ കുളിരു പകരാന്‍ എത്‌നിക് കോട്ടൺ വസ്ത്രങ്ങൾ ആയാലോ? ചൂടുള്ള കാലാവസ്ഥയിൽ ധരിക്കാന്‍ സുഖം കോട്ടൺ തന്നെയാണ്. അതിനൊപ്പം എത്‌നിക് തുണിത്തരങ്ങളും പ്രിന്റുകളും കൂടി ചേരുമ്പോൾ അഴകും ട്രെൻഡി ലുക്കും ഉറപ്പ്.
കോട്ടണിൽ തന്നെ മൽ കോട്ടൺ, ലിനൻ കോട്ടൺ, ഹാൻഡ്‌ലൂം കോട്ടൺ തുണിത്തരങ്ങളിലാണ് എത്‌നിക്, ഇന്തോ- വേസ്റ്റേൺ പരീക്ഷണം. നിറങ്ങളിൽ ബ്രൈറ്റ് പാലറ്റിനാണ് മുൻതൂക്കം. അതേസമയം ഇൻഡിഗോ, ഷിബോറി തുടങ്ങിയ എർതി ടോണുകളും രംഗത്തുണ്ട്.
ഡ്രസസ്
എക്കാലത്തും ഫാഷൻ ട്രെന്‍ഡാണ് ഡ്രസസുകൾ. ചൂടുകാലത്ത് ഡ്രസസിനോടുള്ള കമ്പം കൂടിയെന്നു മാത്രം. കുർത്തിയുടേതു പോലെ ലെഗ്ഗിങ്ങിന്റെയും ജീൻസിന്റെയും അസ്വസ്ഥതപ്പെടുത്തുന്ന അകമ്പടിയില്ലാതെ ശരീരത്തിന് യോജിച്ച വേഷം എന്നതാണു ഡ്രസസിന് പ്രിയമേറാൻ കാരണം. കാഷ്വലായും ഫോർമലായും ഡ്രസസ് ധരിക്കാം. ജീൻസിന്റെ കൂട്ടുപിടിച്ച് ഓഫിസിലേക്ക് ധരിക്കാം. വൈകിട്ട് ഔട്ടിങ്ങിനോ ഡിന്നറിനോ ഡ്രസസിന്റെ മനോഹാരിത ചോരാതെ കൂൾ കൂളായി പാറിനടക്കാം.
മാക്സി ഡ്രസ്
ഡ്രസ് ധരിക്കാൻ അൽപം മടിച്ചു നിൽക്കുന്നവർ പോലും മാക്സി ഡ്രസിനടുത്തേക്ക് ഓടിയെത്തുന്നു. വീട്ടിലിടുന്ന മാക്സിയെന്നു പരിഹസിച്ചു മാറി നിൽക്കാനാകില്ല ഈ ട്രെൻഡി വേഷത്തിൽ നിന്ന്. ഇപ്പോൾ ഓഫിസിലേക്കു വരെ മാക്സി ഡ്രസിൽ കയറിച്ചെല്ലാൻ പെൺകൊടികൾക്കു മടിയില്ല. കാഷ്വലായും സെമി ഫോർമലായും ഉപയോഗിക്കാമെന്നു വന്നതോടെ മാക്സി ഡ്രസ് മോസ്റ്റ് വാണ്ടഡ് ആയി.
കോട്ടണിലും പാർട്ടിവെയര്‍
ആഘോഷങ്ങളിലോ ചടങ്ങുകളിലോ പങ്കെടുക്കാൻ ഹെവി മെറ്റീരിയലുകളിലുള്ളള ഡിസൈനർ പാർട്ടിവെയർ ധരിച്ചു പോയിട്ടുള്ളവർക്കറിയാം അത് എട്ടിന്റെ പണിയാണെന്ന്. വിയർത്തു കുളിച്ചു ഉള്ളും പുറവും പൊള്ളും. എങ്ങനെയെങ്കിലും പാർട്ടി തീർന്നു വീട്ടിലെത്തിയാൽ മതിയെന്നാകും മനസിൽ.
ഇതിനു പരിഹാരമായി കോട്ടണിലും പാർട്ടി വെയർ രംഗത്തെത്തിക്കഴിഞ്ഞു. എത്‌നിക് പ്രിന്റുകളില്‍ ഒരുങ്ങുന്ന അനാർക്കലിയിലും കുർത്തിയിലും ഹെവി വർക്കുകൾ ചേരുമ്പോൾ മികച്ച പാർട്ടിവെയർ പീസുകളായി.
മറ്റു ഡിസൈനർ വെയറിൽ എന്ന പോലെ കോട്ടൺ പാർട്ടിവെയർ വസ്ത്രങ്ങളിലും ആരി വർക്ക്, ബീഡ്സ് വർക്ക്, സർദോസി എന്നിവയാണ് അഴകേറ്റുന്നത്. അമിതഭാരമില്ലാതെ സുഖകരമായി ഇനി ആഘോഷവേളകൾക്കു വേണ്ടി ഒരുങ്ങാം.