2026ന്റെ ഫാഷൻ ട്രെന്റായി വരുന്നു ‘ക്വയറ്റ് ലക്‌ഷ്വറി’ : എല്ലാ ചർമ്മക്കാർക്കും പ്രായക്കാർക്കും ഒരുപോലെ ചേരുന്ന നിറങ്ങളുമായി ഫാഷൻ മാറുന്നു... The Rise of 'Quiet Luxury' in Apparel
Mail This Article
കണ്ണിൽ കുത്തുന്ന നിറങ്ങളിൽ നിന്നും കണ്ണിനും മനസിനു കുളിർമയേകുന്ന നിറങ്ങളിലേക്കാണ് ഫാഷൻ രംഗത്തു വരുന്ന നിറങ്ങളിലെ മാറ്റം. വളരെ പതിയെ സംഭവിച്ചൊരു മാറ്റം തന്നെയാണിത്. മണ്ണിനോടും പ്രകൃതിയോടും ഒക്കെ ചേർന്നു നിൽക്കുന്ന നിറങ്ങളെ ചേർത്തു പിടിച്ചാണ് ഇന്നിന്റെ ഫാഷൻ മുന്നോട്ട് നീങ്ങുന്നത്.
മഡ് ബ്രൗൺ, ക്ലേ, ഓലീവ് ഗ്രീൻ, റസ്റ്റ്, സാന്റ് കളർ, ഇൻഡിഗോ ഷെയ്ഡ്സ് തുടങ്ങിയവയാണ് നിലവിൽ ട്രെന്റിലായി പോയ്ക്കൊണ്ടിരിക്കുന്നത്.
ഇതിനൊപ്പം തന്നെ സോഫ്റ്റ് പെയ്സ്റ്റൽസ് നിറങ്ങളായ– പൗഡർ ബ്ലു, സേയ്ജ് ഗ്രീൻ, ബ്ലഷ് പിങ്ക്, മ്യൂട്ടഡ് ലാവൻഡർ, മിന്റ് ഗ്രീൻ തുടങ്ങിയ നിറങ്ങളും ഇപ്പോൾ ഫാഷൻ രംഗത്ത് ‘ഇൻ’ ആയി നിൽക്കുന്ന നിറങ്ങളാണ്.
ഇവയുടെ ഏറ്റവും വലിയ പ്രത്യേകത മിക്കവാറും എല്ലാ തരം സ്കിൻ ടോണുകൾക്കും എല്ലാ പ്രായക്കാർക്കും ഇണങ്ങുന്ന നിറങ്ങളാണ് ഇവ എന്നതാണ്. നിലവിൽ വാർഡ്രോബിലുള്ള തുണിത്തരങ്ങളുമായി മിക്സ് ചെയ്യാൻ പറ്റുന്ന തരം നിറങ്ങൾ. അതുകൊണ്ട് തന്നെ വലി ബുദ്ധിമുട്ടില്ലാതെ ട്രെന്റിയായി തുടരാം.
മുൻപ് ഒരു ഉടുപ്പെടുത്താൽ അതിന്റെ ടോപ്പിനും ബോട്ടത്തിനും പൊതുവേ നിറങ്ങളുടെ വൃത്തത്തിൽ എതിരെ വരുന്ന ബോൾഡ് കോൺട്രാസ്റ്റായി നിൽക്കുന്ന നിറങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്.. ആ രീതി സാവകാശം മാറി ഇപ്പോൾ അത് തമ്മിൽ ലയിച്ചു നിൽക്കുന്ന നിറങ്ങളുടെ കൂടിച്ചേരലിലേക്കാണ് വരുന്നത്. കോഡ് സെറ്റോ ത്രീ–പീസ് സെറ്റോ ആയാലും ഈ ലയനം കാണാം. ടോൺ–ഓൺ–ടോൺ ഡ്രസ്സിങ്ങ് അല്ലെങ്കിൽ സൂക്ഷ്മമായ കളർ ബ്ലോക്കിങ്ങ്, പ്രകൃതിദത്തമായ നാച്യുറൽ ഡൈയിൽ നിന്നു പ്രചോദനമുൾക്കൊണ്ട ഷെയ്ഡുകൾ ഒക്കെയാണ് മുന്നിൽ നിൽക്കുന്നത്.
തുണിത്തരങ്ങളുടെ പ്രകൃതം നോക്കിയാൽ അതിനും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് വളരെ പ്രകടമായ അലങ്കാരങ്ങളാണ് ചെയ്തിരുന്നതെങ്കിൽ ഇന്നതു മാറി പതിഞ്ഞ ഡീറ്റെയിലിങ്ങിലേക്കാണ് പോകുന്നത്. സൂക്ഷ്മമായ പ്രിന്റുകൾ, കൈകൊണ്ട് വരച്ച മോട്ടിഫുകൾ, നേരിയ സ്റ്റൈപ്സ്, ചെക്സ്, നെയ്തു ചേർക്കുന്ന തരം പ്രതലം, മിനിമൽ എംബ്രോയിഡറി, കാണുന്ന തരത്തിലുള്ള നെയ്ത്തുകൾ, ഹാൻഡ്‌ലൂം സ്വഭാവം എന്നിവയാണ് വസ്ത്രങ്ങളിൽ നിറയുന്നത്.
വരുന്നു ക്വയറ്റ് ലക്‌ഷ്വറി
2026നിറങ്ങളെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന നിറങ്ങളുണ്ട്. അതിലാദ്യത്തേത് ‘ക്ലൗഡ് ഡാൻസർ’ എന്ന നിറമാണ്. ഒരു തരം മേഘസമാനമായ വെളുത്ത നിറം. ഇതിനൊപ്പം തന്നെ ‘ട്രാൻസ്ഫോമേറ്റീവ് ടീൽ’ എന്ന് നീലയും പച്ചയും കലർന്നൊരു സൂക്ഷ്മ നിറവും ഒപ്പമുണ്ട്. പാന്റോണും മറ്റ് കളർ ഫോർക്കാസ്റ്റിങ്ങ് സൈറ്റുകളും ചേർന്നാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
ഈ പ്രവചനത്തിനു പിന്നിൽ തെളിയുന്നത് പ്രകൃതിയോടിണങ്ങി നിൽക്കുന്ന സമാധാനപരമായ നിറങ്ങളുടെ തിരഞ്ഞടുപ്പിനാണ് ആവശ്യക്കാർ ഏറെ എന്ന ട്രെന്റ്– ഷിഫ്റ്റാണ് കാണിക്കുന്നത് എന്നതാണ് . ഇവയാകും ഇനി വസ്ത്രങ്ങളിലും ആക്സസറീസിലും ഫർണീച്ചറിലും വീടിന്റെ അകത്തളങ്ങളിലും ഒക്കെ നിറയാൻ പോകുന്ന നിറങ്ങൾ. ഒപ്പം തന്നെ ദൈനംദിന വേഷവിധാനത്തിൽ ഡിസൈൻ ചെയ്തങ്ങ് കുത്തി നിറയ്ക്കുന്ന രീതി മാറി വളരെ സവിഷേശമായ ഡിസൈനുകളിലുള്ള ഇമ്പമാർന്ന മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയും.ചുരുക്കി പറഞ്ഞാൽ ‘ക്വയറ്റ് ലക്‌ഷ്വറി’ എന്നൊരു ഗ്ലോബൽ ട്രെന്റിന്റെ പാത പിടിച്ചാണ് ഇന്ത്യൻ ഫാഷൻ രംഗവും മുന്നോട്ട് നീങ്ങുന്നത്.
കടപ്പാട്: ജ്യോതി ശിവ് ആനന്ദ്, അസിസ്റ്റന്റ് പ്രഫസർ, ടെക്റ്റൈൽ ആന്റ് ഡിസൈൻ വിഭാഗം, നിഫ്റ്റ്, കണ്ണൂർ.
