സിനിമാ ഡയലോഗുകളെ വെല്ലുന്ന പഞ്ചോടെ ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പിറന്നതു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൂടിയാണ്, പവർ ഡ്രെസ്സിങ്. ചടങ്ങിലെ വിജയ്‌യുടെ വസ്ത്രധാരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. രാഷ്ട്രീയ വേദിയിലേക്ക് എത്തുന്ന താരത്തിന്റെ വസ്ത്രധാരണത്തിലെ ലാളിത്യവും ആത്മവിശ്വാസവും ഹൗസ്ഫുൾ കയ്യടിയാണു നേടിയത്. അതോടൊപ്പം തന്നെ ‘പവർ ഡ്രസിങ്’ എന്ന ആശയവും വീണ്ടും ശ്രദ്ധ നേടുകയാണ്.
പവർ ഡ്രസിങ്
പവർ ഡ്രസിങ് എന്നത് സ്റ്റൈലിഷായി ഒരുങ്ങുന്നതു മാത്രമല്ല. വ്യക്തിയുടെ ആത്മവിശ്വാസവും നിലപാടും സാന്നിധ്യവും വസ്ത്രങ്ങളിലൂടെ പ്രകടമാക്കുന്ന രീതിയാണ്. ഒരു മീറ്റിങ്ങിലോ ജോലിസ്ഥലത്തോ പൊതുവേദികളിലോ ആദ്യ ഇംപ്രഷൻ സൃഷ്ടിക്കുന്നതിൽ വ സ്ത്രധാരണത്തിന് വലിയ പങ്കുണ്ട്. സംസാരിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ നമ്മുടെ ലുക്ക് പ ല കാര്യങ്ങളും പറയുന്നുണ്ട്.
മുഖ്യമന്ത്രി വിജയിന്റെ ലുക്കിൽ ഏറ്റവും ശ്രദ്ധേയമായത് ക്ലീൻ ആൻഡ് ഷാർപ് അവതരണമായിരുന്നു. അമിത അലങ്കാരങ്ങളോ ട്രെൻഡ് പരീക്ഷണങ്ങളോ ഇല്ലാതെ, കൃത്യമായ ഫിറ്റിങ്, വെള്ളയും കറുപ്പും മാത്രം നിറങ്ങൾ, ലളിതമായ സ്റ്റൈലിങ് — ഇതെല്ലാം ചേർന്നാണ് ശക്തമായ ഒരു ഇ മേജ് സൃഷ്ടിച്ചത്.
അധികം ശ്രമിക്കുന്നതായി തോന്നാതെ തന്നെ ശ്രദ്ധ നേടാൻ കഴിയുന്ന രീതിയാണു യഥാർഥ പവർ ഡ്രസിങ്. ധരിക്കുന്ന ആളിന് കംഫെർട്ട് നൽകുന്നതിനൊപ്പം ആത്മവിശ്വാസവും പകരും പവർ ഡ്രെസ്സിങ്. കാഴ്ചക്കാരിൽ പവർ ഡ്രസ് ചെയ്ത ആളിന് വിശ്വാസ്യതയും ആധികാരികതയും കാഴ്ചയിൽ നൽകാനും ഇത്തരം വസ്ത്രധാരണം സഹായിക്കും.
സ്ത്രീകളുടെ പവർ ഡ്രസിങ്
ഫാഷൻ ലോകത്ത് മിനിമൽ ലക്ഷ്വറി ലുക്കുകൾക്ക് ഏറെ സ്വീകാര്യത ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ അമിത ബ്രാൻഡ് പ്രദർശനങ്ങളേക്കാൾ ഗുണമേന്മയുള്ള ഫാബ്രിക്കുകളും മികച്ച ടെയ്‌ലറിങ്ങും ക്ലാസിക് ഡിസൈനുകളും കൂടുതൽ ശ്രദ്ധ നേടുന്നു.
സ്ത്രീകളുടെ ഫാഷനിലും പവർ ഡ്രസിങ് വലിയ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പ് ഫോർമൽ ഫാഷൻ എന്നത് വെസ്റ്റേൺ സ്യൂട്ടുകളും ഷർട്ടുകളുമായിരുന്നെങ്കിൽ, ഇന്ന് അതിന്റെ പരിധി വിപുലമാണ്. കൃത്യമായ അളവിൽ തയ്ച്ചെടുത്ത കുർത്ത സെറ്റ്, മിനിമൽ സാരി ലുക്ക്, കോ-ഓർഡ് സെറ്റുകൾ, ക്ലാസിക് ബ്ലേസറുകൾ — എല്ലാം തന്നെ പവർ ഡ്രസിങ്ങിന്റെ ഭാഗമാണ്. ക്ലാസിക് സിൽക്ക് സാരികളും ഇതിൽപ്പെടും.
പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ കംഫർട്ടും കോൺഫിഡൻസും ഒരുപോലെ നൽകുന്ന സ്റ്റൈലുകളാണ് കൂടുതൽ തിരഞ്ഞെടുക്കുന്നത്. മോണോക്രോം നിറങ്ങൾ, എർത്ത് ടോണുകൾ, ഐവറി, കറുപ്പ്, നേവി ബ്ലൂ എന്നിവയെല്ലാം പ്രഫഷനൽ ലുക്ക് അനായാസമായി നൽകും.
പവറിനു പിന്നിലെ രഹസ്യം എന്താണ്?
പവർ ഡ്രസിങ്ങിൽ ഏറ്റവും പ്രധാനം കൃത്യമായ ഫിറ്റ് ആണ്. അളവു കൃത്യമല്ലെങ്കിൽ അലസമായ വസ്ത്രധാരണമായേ തോന്നൂ. വിലകൂടിയ വസ്ത്രങ്ങളേക്കാൾ ശരീരത്തിന് നന്നായി ചേരുന്ന വസ്ത്രമാണ് മികച്ച ഇംപ്രഷൻ സൃഷ്ടിക്കുന്നത്.
അതുപോലെ തന്നെ ചുളുങ്ങാത്ത തുണികൾ, ചേരുന്ന ചെരുപ്പ്, എലഗന്റ് ആഭരണങ്ങൾ എന്നിവയും മൊത്തത്തിലുള്ള ലുക്ക് മെച്ചമാക്കും. ഇതിനൊന്നും കുറേയേറെ വിലയേറിയ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതുമില്ല.
വേഷധാരണം മനോഭാവത്തെയും സ്വാധീനിക്കാറുണ്ട്. നന്നായി വസ്ത്രം ധരിക്കുമ്പോൾ ആത്മവിശ്വാസം സ്വാഭാവികമായി ഉയരും. അതുകൊണ്ടുതന്നെ പവർ ഡ്രസിങ് ഫാഷനിൽ മാത്രം ഒതുങ്ങുന്നില്ല; അതു വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാണ്. മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനേക്കാൾ ആത്മവിശ്വാസത്തോടെ മുന്നിട്ടു നിൽക്കുന്നതിനാണ് അവിടെ പ്രാധാന്യം.
എളിമയും ലക്ഷ്യബോധവുമുള്ള ആത്മവിശ്വാസമാണ പവർ ഡ്രസിങ്ങിൽ പ്രതിഫലിക്കേണ്ടത്. അമിതമായ ലക്ഷ്വറി, ഈഗോ പ്രതിഫലിക്കുന്ന ബ്രാൻഡ് ലോഗോകൾ എന്നിവയ്ക്കൊന്നും അവിടെ സ്ഥാനമില്ല.
Fashion Power Tips:
∙ അലമാരയിൽ നല്ല ബ്ലേസർ നിർബന്ധമായും ഉൾപ്പെടുത്തുക.
∙ പ്രിന്റുകൾ അധികം വേണ്ട. സോളിഡ് നിറങ്ങൾക്കും മിനിമൽ കട്ടിനും മുൻഗണന നൽകുക. അമിതമായി ഇറങ്ങിയ കഴുത്തും ആകർഷകമായ അലങ്കാരങ്ങളും വേണ്ട.
∙ ആഭരണങ്ങളും മിതമായി മതി. എലഗന്റ് ലുക്ക് നൽകുന്ന ബോൾഡ് ആഭരണങ്ങളും ഉപയോഗിക്കാം.
∙ സാരി ധരിക്കുമ്പോൾ കോളറുള്ള ബ്ലൗസും ക്ലാസിക് നെക്‌ലൈനുകളും തിരഞ്ഞെടുക്കാം.
∙ ഹൈ ഹീലുകൾ ഒഴിവാക്കി കംഫർട്ടബിളായ ചെരുപ്പുക ൾ ഉപയോഗിക്കാം. ട്രെൻഡിനൊത്തു നിറങ്ങളിൽ പരീക്ഷണം വേണ്ട.
∙ സ്വന്തം സിഗ്‌നേച്ചർ സ്റ്റൈൽ രൂപപ്പെടുത്താനായാൽ ഏറ്റവും നല്ലത്.