ഒരു ഷോർട്സ് പാന്റ്സാകാന്‍ പോയിട്ടു പാതിവഴിയിൽ നിന്നു പോയാൽ എങ്ങനെയുണ്ടാകും ? അതാണ് കാപ്രീസ്. മില്ലേനിയൽ മോമിന്റെ കോളജ്കാല ഫോട്ടോസ് ഒന്നെടുത്തുനോക്കൂ... കാപ്രീസ് ധരിച്ച ഒരു ചിത്രമെങ്കിലും കാണാതിരിക്കില്ല. 2000ങ്ങളിലെ ഫാഷൻ പഞ്ച് ലൈനായിരുന്ന ആ കാപ്രീസ് 2026 റൺവേയിൽ തരംഗമാകുകയാണ്. വെർസാച്ചെ, റാൽഫ് ലോറൻ, ഇസബൽ മറാൻ, മെസോൻ മർജില, കരോലിന ഹെറേറ, ഡ്രീസ് ഫാൻ നോട്ടെൻ എന്നിങ്ങനെ ലോകോത്തര ബ്രാൻഡുകൾ കാപ്രീസ് അണിഞ്ഞു തുടങ്ങി.
1948ൽ അതായത് 78 വർഷം മുൻപ് സോൻയാ ദെ ലെനാർട് എന്ന ഡിസൈനറുടെ പെൻസിൽതുമ്പിലാണ് കാപ്രീസ് പിറന്നത്. പെഡൽ പുഷേഴ്സ് എന്നും കാപ്രീസിനു പേരുണ്ട്. 1950കളിൽ കാപ്രീസ് ഉണ്ടായിരുന്നെങ്കിലും 200ത്തിന്റെ തുടക്കത്തിലാണ് എവിടെ നോക്കിയാലും കാപ്രീസ് എന്ന ട്രെൻഡ് വന്നത്. ഇപ്പോഴിതാ 2026ലും.
കാപ്രീസിന്റെ ട്രേഡ് മാർക് നീളത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ, ടെയ്‌ലേർഡ് ഫിറ്റാണ് ട്രെൻഡ്. ഒപ്പം പെയറിങ്ങിലും ശ്രദ്ധിക്കുന്നുണ്ട്. കംഫർട് ആണല്ലോ പുതിയ ലക്ഷ്വറി, അതുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട തുണിത്തരങ്ങളിലാണ് കാപ്രിയെത്തുന്നത്.
കാപ്രീസ് സ്റ്റൈൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില ടിപ്സ് തരട്ടെ... ഹെവി സ്നീക്കേഴ്സ് ഒഴിവാക്കാം. പോയിന്റ്ഡ് കിറ്റൻ ഹീൽസ്, സ്ട്രാപി മ്യൂൾസ്, സ്ലിം ബാലെ ഫ്ലാറ്റ്സ് എന്നിവ ചേരും. ബാലൻസ്ഡ് ഫിറ്റഡ് കാപ്രീസിനൊപ്പം റിലാക്സ്ഡ് ഷർട് നന്നായിരിക്കും. മോണോക്രോം ടോപ്പും ബോട്ടവും അണിയുന്നത് എലഗൻസ് നൽകും. ഹീൽസുള്ള തോങ് സാൻഡൽസ്, ഡ്രേപ്ഡ് ലേസ് ടോപ്, ബ്രൗൺ ലെതർ ജാക്കറ്റ് എന്നിവയ്ക്കൊപ്പം കാപ്രി സ്റ്റൈൽ ചെയ്യാം. എയ്റ്റീസ് നൊസ്റ്റാൾജിയ ആഗ്രഹിക്കുന്നവർ ന്യൂട്രൽ ടോണിലുള്ള ബൊഹീമിയൻ ഹൈ വെയ്സ്റ്റഡ് ഫിറ്റഡ് വേർഷൻ തിരഞ്ഞെടുത്തോളൂ... കാപ്രീസിനൊപ്പം ഓവർസൈസഡ് ബട്ടൺ ഡൗൺ ഷർട്ടും പീപ് ടോ ഹീൽസും വൗ ലുക് നൽകും. സ്പോർട്ടി വേർഷൻ ആഗ്രഹിക്കുന്നവർ കാപ്രിയും ടാങ്ക് ടോപ്പും തിരഞ്ഞെടുത്തോളൂ...