വിരലെല്ലാം ഒന്നിച്ചല്ല, പെരുവിരലിനു മാത്രം ‘തനി ഇടം’ ഉള്ള ഷൂസ് എത്തിയിട്ടുണ്ട്; ടാബി ഷൂസ്. ജപ്പാനിൽ നിന്നാണ് ‘ടാബിയുടെ’ വരവ്. ലക്ഷ്വറി റീടെയ്ൽ ലോകവും ചുറ്റി ഫാഷൻ റാംപിലെ നടത്തവും കഴിഞ്ഞ് ഈ അടുത്താണ് സ്ട്രീറ്റ് സ്റ്റൈൽ വൈബിലേക്ക് എത്തിയത്.
പെരുവിരൽ ഒരു ഭാഗത്തും ബാക്കി നാലു വിരൽ അടുത്ത ഭാഗത്തുമായി വരുന്ന തരത്തിലാണ് ഷൂസിന്റെ ഡിസൈൻ. അതുകൊണ്ടു തന്നെ മറ്റു വിരലിനൊപ്പം ചേർന്നു നിൽക്കാതെ, ഷൂസിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങാതെ പെരുവിരൽ സ്വതന്ത്രമായി നിൽക്കും. ഈ സ്വാതന്ത്ര്യം കംഫർട്ടിലേക്കുള്ള ചുവടുമാറ്റമാണ്. പാദത്തിന്റെ സ്വാഭാവിക രൂപത്തിന് അനുസരിച്ചുള്ള ഡിസൈനായതിനാൽ ശരീരത്തിനു കൂടുതൽ ബാലൻസ് കിട്ടാനും സഹായിക്കും. ഇത്രയുമൊക്കെ പോരെ ജപ്പാൻകാരുടെ ടാബീസ് ലോകത്തിന്റെ ഒബ്സെഷനായി മാറാൻ. ട്രഡീഷനൽ സ്പ്ലിറ്റ് ടോ ജാപ്പനീസ് സോക്സാണ് രൂപം മാറിമാറി ലോകശ്രദ്ധ നേടിയ ഫൂട്‌വെയർ കോഡായി മാറിയത്.
ഹീൽസിലും ബൂട്സിലുമെന്നു വേണ്ട ബാലെ ഫ്ലാറ്റ്സ് മുതൽ സ്നീക്കേഴ്സ് വരെയിപ്പോള്‍ ടാബി സ്റ്റൈലിൽ ലഭിക്കും. ഏതു ഡ്രസ്സിനൊപ്പവും ചേരും. ടെയിലേർഡ് ട്രൗസേഴ്സ് ആണെങ്കിലും ഓവർസൈസ്ഡ് ഡെനിം ആണെങ്കിലും ടാബി ഓക്കെയാണ്. മാക്സി ഡ്രസ്സിനും സ്കർട്ടിനും ഇണങ്ങുന്ന ഡിസൈനിലും റെഡി.
പാരമ്പര്യമായ ആർട്ടിഫാക്ട് ഉൽപന്നങ്ങളെ മോഡേൺ ഫാഷനായി അണിയുന്ന പുതുതലമുറയുടെ പാഷനും ടാബി ട്രെൻഡിനു പിന്നിലുണ്ട്. മിനിമലിസ്റ്റിക് ഡിസൈൻ ആണെങ്കിലും ടാബി ഷൂസ് അണിഞ്ഞുവന്നാൽ ആരുമൊന്നു ശ്രദ്ധിക്കും. സ്റ്റാൻഡ് ഔട്ട് ഓൺ സ്ട്രീറ്റ് എന്ന ടാഗിൽ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സ്വയം തോന്നിപ്പോകും.