2026 തുടക്കത്തിലാണ് ആക്ടീവ് വെയേഴ്സ് ജിമ്മിൽ നിന്നിറങ്ങി സ്ട്രീറ്റ് വെയർ കാഷ്വൽസായി നടന്നുതുടങ്ങിയത്. വർഷം പകുതിയായപ്പോഴിതാ, അത്‌ലീഷറിൽ ട്രെൻഡ് അപ്ഡേറ്റ് വന്നിരിക്കുകയാണ്. വന്നുവന്ന് ട്രെൻഡ് ഒന്നും മുന്നോട്ടല്ലല്ലോ, പിന്നോട്ടല്ലേ എന്നു തോന്നും മട്ടിൽ വിന്റേജ് കാലത്തേക്കാണ് ആക്ടീവ് വെയേഴ്സ് നടന്നത്.
മിനിമലിസ്റ്റ്, മോണോക്രോം അത്‌ലീഷർ അരങ്ങുവാണ ഇടത്തേക്കാണ് കാപ്രി യോഗ പാന്റ്സ്, ലെയേർഡ് ടാങ്ക് ടോപ്, റെട്രോ ട്രെയ്നേഴ്സ്, ഓവർസൈസ്ഡ് സൺഗ്ലാസസ്, കാൻവാസ് ടോട്സ് എന്നിവയെത്തിയിരിക്കുന്നത്. ഇതിനൊപ്പം ട്രെൻഡാകുന്ന മറ്റൊന്ന് Y2K യോഗ മോം ലുക് ആണ്. രണ്ടായിരങ്ങളുടെ തുടക്കത്തിൽ യോഗാവെയറായി തിളങ്ങിയ റിലാക്സ്ഡ് ഫിറ്റ് ആക്ടീവ് വെയേഴസ് ആണിവ.
വിന്റേജ് വർക്കൗട്ട് ഔട്ഫിറ്റ്സ് തിരിച്ചുവരുന്നു എന്നതു മാത്രമല്ല ഈ ട്രെൻഡിനു പിന്നിലെന്നാണ് ഫാഷൻ ലോകം പറയുന്നത്. ഇതെല്ലാം നൊസ്റ്റാൾജിക് വെൽനസ്സിന്റെ ഭാഗമാണത്രേ. ചെലവേറിയ ഫിറ്റ്നസ് ക്ലാസും സെൽഫ് ഇംപ്രൂവ്മെന്റ് മെസേജസ്സും നിറഞ്ഞ ‘പോസിറ്റിവിറ്റി ഓവർഡോസ് ഫിറ്റ്നസ് റുട്ടീനി’ന് ഇടവേള നൽകി തികച്ചും ആയാസരഹിതമായി വ്യായാമത്തെ സമീപിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും യോഗയും ചേരുന്ന ഫിറ്റ്നസ് മന്ത്രത്തിന് ചെവിയോർക്കുകയാണത്രേ അത്‌ലീഷറും.