കസവു സാരിയിൽ നിന്ന് കോ-ഓർഡ് സെറ്റുകളിലേക്ക്... ഇത് പഴയ കൈത്തറിയുടെ പുതിയ 'സീറോ-വേസ്റ്റ്' ട്രെൻഡ്!
അച്ഛന്റെ പഴയ ലുങ്കി മിനി സ്കർട്ടാവുന്നു! കുഴുപ്പിള്ളി തറിയിലെ കുളിർമയുള്ള തോർത്ത് ട്രെൻഡി ഹൂഡഡ് പോഞ്ചോയായി കസേരയിലേക്ക് വീഴുന്നു!
"പഴയ തുണി കൊണ്ട് എന്തിനാ പുതിയ ഡിസൈൻ? അത് പെട്ടെന്നു കീറിപ്പോകില്ലേ?" പരമ്പരാഗത തറികളിൽ നിന്ന് ചോദിച്ചു ശീലിച്ച ഈ ചോദ്യത്തിനുള്ള മറുപടി ഇന്നത്തെ ഫീഡ് കാണിച്ചുതരും. കൈത്തറി തുണികൾക്ക് പഴകുംതോറും കൂടുന്ന ഒരു ഭംഗിയുണ്ട്, കൂടെ നൂറ്റാണ്ടുകളുടെ ഉറപ്പും. ഫാസ്റ്റ് ഫാഷന്റെ ഭ്രമങ്ങളിൽ നിന്നു മാറി, സുസ്ഥിരതയും പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയും തങ്ങളുടെ ഐഡന്റിറ്റിയാക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ കൈത്തറിയോളം മികച്ചൊരു ‘ചോയ്സ്’ വേറെയില്ല. നെയ്ത്ത് പരമ്പരാഗത തൊഴിലായി സ്വീകരിക്കാൻ പുതിയ തലമുറ മടിക്കുന്നുണ്ടെങ്കിലും, അവ റീഡിസൈൻ ചെയ്യാനും ആൾക്കൂട്ടത്തിൽ വെവ്വേറെ ലുക്കിൽ തിളങ്ങാനും അവർ തിരഞ്ഞെടുക്കുന്നത് ഈ കൈത്തറി തുണികൾ തന്നെയാണ്. ഈ ഓണക്കാലത്ത്, പാരമ്പര്യവും ജെൻസി വൈബും ഒത്തുചേരുന്ന കൈത്തറിയുടെ പുതിയ ട്രെൻഡുകളിലൂടെ ഒരു യാത്ര.
ലുങ്കി മാറി സ്കർട്ട്; അച്ഛമ്മയുടെ സാരിയിൽ നിന്ന് കോ-ഓർഡ് സെറ്റ്!
വയനാട്ടുകാരി ഗോപിക എം.എസ് എന്ന പെൺകുട്ടിയുടെ സോഷ്യൽ മീഡിയ റീലുകൾ കണ്ടവർ ആരും ഒന്നു നോക്കിനിന്നുപോകും. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുനി ൽക്കുന്ന അച്ഛൻ ഉടുത്തിരിക്കുന്നത് ഒരു പഴയ കൈത്തറി ലുങ്കി. തൊട്ടടുത്ത ഫ്രെയ്മിൽ തയ്യൽ മെഷീന്റെ ശബ്ദത്തിന് ശേഷം മകൾ ധരിച്ചിരിക്കുന്നത് അതേ ലുങ്കിയിൽ നിന്ന് പിറന്ന അൾട്രാ മോഡേൺ മിനി സ്കർട്ടും കഴുത്തിറങ്ങിയ ചെറിയ ടോപ്പും.
‘‘അമ്മയുടെ അനിയത്തി കൈത്തറി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നു കൊണ്ടുവന്ന ലുങ്കിയാണു ഞാൻ ആദ്യം റീഡിസൈൻ ചെയ്യാൻ എടുത്തത്. പഴയതാണെങ്കിലും തുണിക്കൊരു തകരാറുമില്ലായിരുന്നു. ആ ദൃഢതയാണ് കൈത്തറിയെ എനിക്ക് പ്രിയപ്പെട്ടതാക്കിയത്. വശങ്ങളിലെ കര മുറിച്ചെടുത്ത് പ്ലീറ്റുകളാക്കി സ്കർട്ടിൽ കൊടുത്തു. അച്ഛമ്മയുടെ കൈത്തറി കേരള സാരി വെട്ടിയെടുത്ത് സ്കർട്ടും ടോപ്പുമാക്കിയിട്ടുണ്ട്.
ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടില്ലാത്ത ഞാൻ തയ്യൽ സ്വയം പരിശീലിച്ചതാണ്. തുടക്കത്തിൽ അച്ഛൻ സുധിയും അമ്മ മഞ്ജുവും എതിർത്തുവെങ്കിലും ഇപ്പോൾ കുടുംബം മുഴുവൻ എന്റെ വിഡിയോകളിലുണ്ട്, സ്വന്തമായി ഓൺലൈൻ ബ്രാൻഡുമുണ്ട്’’. ഗോപിക പറയുന്നു.