ജപ്പാനിലെ ഓഫിസുകളിൽ ഷോർട്സ് ഇടാമെങ്കിൽ നമ്മുടെ നാട്ടിലെ ഓഫിസുകളിൽ ലുങ്കി ഉടുത്തൂടെ ?
കടുത്ത ചൂടായതിനാലാണു ജപ്പാനിലെ ജീവനക്കാർക്ക് ഓഫിസിൽ ഷോർട്സ് ധരിക്കാൻ അനുമതി നൽകിയത്. ഇതേ തുടർന്ന്, ആർപിജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക പങ്കുവച്ച പോസ്റ്റിൽ നിന്നാണു ചർച്ചകൾക്കു തുടക്കം.
ഇന്ത്യയിൽ ചൂടു തെല്ലും കുറവല്ലല്ലോ. ഇവിടുത്തെ ഓഫിസുകളിൽ ഷോർട്സ് ധരിക്കാൻ പ്രോത്സാഹിപ്പിക്കണോ അതോ ലുങ്കിയോ ദോത്തിയോ ആയാലോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മുൻപു ‘ടൈ ഓപ്ഷനൽ’ എന്നു പറയുംപോലെ ‘തൈസ് ഓപ്ഷനൽ’ എന്നാകാം എന്നും അദ്ദേഹം തമാശയായി കുറിച്ചു.
കനം കുറഞ്ഞ, വായുസഞ്ചാരം നന്നായി ലഭിക്കുന്ന ലുങ്കി മലയാളികളുടെ ചങ്കായി മാറിയിട്ടു കാലമെത്രയായി. അവ ഓഫിസ് പടിക്കെട്ടു താണ്ടി പഞ്ച് ഇൻ ചെയ്യട്ടെന്നേ. എംപ്ലോയീസിന് അത്യാവശ്യം ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന മോഡേൺ തൊഴിൽസ്ഥാപനങ്ങൾ കർശനമായ ഡ്രസ് കോഡിനേക്കാൾ ജീവനക്കാരുടെ ആരോഗ്യത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകണമെന്നാണു ലുങ്കിയെ അനുകൂലിക്കുന്നവരുടെ വാദം. പല കമ്പനികളും ഇതിനകം തന്നെ കാഷ്വൽ ഫ്രൈഡേ, സ്നീക്കേഴ്സ്, ഹൈബ്രിഡ് ജോലി സംസ്കാരം എന്നിവ സ്വീകരിച്ചുകഴിഞ്ഞു. അപ്പോൾ ഇനി കാലാവസ്ഥയ്ക്ക് ചേരുന്ന നാടൻ വേഷം അടുത്ത ചുവടുവയ്പ്പാകുമോ?
അതേസമയം, ലുങ്കിയും മുണ്ടുമണിഞ്ഞ് ഓഫിസിലെത്തുന്നതിനോട് എതിർപ്പുള്ളവർ പറയുന്നതു പ്രഫഷനലിസവും വസ്ത്രധാരണവുമായി അടുത്ത ബന്ധമുണ്ടെന്നാണ്. ലുങ്കി പോലുള്ളവ അനുവദിച്ചാൽ വീടും ഓഫിസും തമ്മിലുള്ള അതിർത്തി മങ്ങിപ്പോകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ലുങ്കി കോർപ്പറേറ്റ് വസ്ത്രധാരണത്തിന്റെ ഭാഗമാകുമോ എന്നതു കാലം തീരുമാനിക്കട്ടെ. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. നന്നായി സ്റ്റൈൽ ചെയ്താൽ ലുങ്കിയിലും പക്കാ ഫോർമലാകാം. കള്ളിലുങ്കി മാത്രമല്ല സ്ട്രൈപ്സ്, സോളിഡ് ബ്ലോക്സ്, ടൈ ആൻഡ് ഡൈ എന്നിങ്ങനെ വ്യത്യസ്ത ഡിസൈനുകളിൽ ലുങ്കി ലഭിക്കും. നിറങ്ങളിൽ പ്രഫഷനൽ ലുക്കിനിണങ്ങും കളർ പാലറ്റ് പിന്തുടരാം. ലുങ്കി ഉടുത്താല്‍ സ്റ്റൈലാണെന്നു മാത്രമല്ല ലുങ്കിയുടുക്കാൻ പല ഡ്രേപിങ് സ്റ്റൈലുണ്ടു താനും. ഇനി മുണ്ടുടുക്കാൻ അറിയില്ല എന്നതാണു പ്രശ്നമെങ്കിൽ വെൽക്രോ പിടിപ്പിച്ച ലുങ്കി ഒട്ടിച്ചുവയ്ക്കാം. സൗകര്യം തെല്ലും കുറയേണ്ടെന്നു കരുതി പോക്കറ്റ് ഉള്ള ലുങ്കിയും ഇപ്പോൾ വിപണിയിലുണ്ട്.