അച്ഛന്റെ പഴയ ലുങ്കി മിനി സ്കർട്ടാവുന്നു! കുഴുപ്പിള്ളി തറിയിലെ കുളിർമയുള്ള തോർത്ത് ട്രെൻഡി ഹൂഡഡ് പോഞ്ചോയായി കസേരയിലേക്ക് വീഴുന്നു!
"പഴയ തുണി കൊണ്ട് എന്തിനാ പുതിയ ഡിസൈൻ? അത് പെട്ടെന്നു കീറിപ്പോകില്ലേ?" പരമ്പരാഗത തറികളിൽ നിന്ന് ചോദിച്ചു ശീലിച്ച ഈ ചോദ്യത്തിനുള്ള മറുപടി ഇന്നത്തെ ഫീഡ് കാണിച്ചുതരും. കൈത്തറി തുണികൾക്ക് പഴകുംതോറും കൂടുന്ന ഒരു ഭംഗിയുണ്ട്, കൂടെ നൂറ്റാണ്ടുകളുടെ ഉറപ്പും. ഫാസ്റ്റ് ഫാഷന്റെ ഭ്രമങ്ങളിൽ നിന്നു മാറി, സുസ്ഥിരതയും പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയും തങ്ങളുടെ ഐഡന്റിറ്റിയാക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ കൈത്തറിയോളം മികച്ചൊരു ‘ചോയ്സ്’ വേറെയില്ല. നെയ്ത്ത് പരമ്പരാഗത തൊഴിലായി സ്വീകരിക്കാൻ പുതിയ തലമുറ മടിക്കുന്നുണ്ടെങ്കിലും, അവ റീഡിസൈൻ ചെയ്യാനും ആൾക്കൂട്ടത്തിൽ വെവ്വേറെ ലുക്കിൽ തിളങ്ങാനും അവർ തിരഞ്ഞെടുക്കുന്നത് ഈ കൈത്തറി തുണികൾ തന്നെയാണ്. ഈ ഓണക്കാലത്ത്, പാരമ്പര്യവും ജെൻസി വൈബും ഒത്തുചേരുന്ന കൈത്തറിയുടെ പുതിയ ട്രെൻഡുകളിലൂടെ ഒരു യാത്ര.
ലുങ്കി മാറി സ്കർട്ട്; അച്ഛമ്മയുടെ സാരിയിൽ നിന്ന് കോ-ഓർഡ് സെറ്റ്!
വയനാട്ടുകാരി ഗോപിക എം.എസ് എന്ന പെൺകുട്ടിയുടെ സോഷ്യൽ മീഡിയ റീലുകൾ കണ്ടവർ ആരും ഒന്നു നോക്കിനിന്നുപോകും. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുനി ൽക്കുന്ന അച്ഛൻ ഉടുത്തിരിക്കുന്നത് ഒരു പഴയ കൈത്തറി ലുങ്കി. തൊട്ടടുത്ത ഫ്രെയ്മിൽ തയ്യൽ മെഷീന്റെ ശബ്ദത്തിന് ശേഷം മകൾ ധരിച്ചിരിക്കുന്നത് അതേ ലുങ്കിയിൽ നിന്ന് പിറന്ന അൾട്രാ മോഡേൺ മിനി സ്കർട്ടും കഴുത്തിറങ്ങിയ ചെറിയ ടോപ്പും.
‘‘അമ്മയുടെ അനിയത്തി കൈത്തറി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നു കൊണ്ടുവന്ന ലുങ്കിയാണു ഞാൻ ആദ്യം റീഡിസൈൻ ചെയ്യാൻ എടുത്തത്. പഴയതാണെങ്കിലും തുണിക്കൊരു തകരാറുമില്ലായിരുന്നു. ആ ദൃഢതയാണ് കൈത്തറിയെ എനിക്ക് പ്രിയപ്പെട്ടതാക്കിയത്. വശങ്ങളിലെ കര മുറിച്ചെടുത്ത് പ്ലീറ്റുകളാക്കി സ്കർട്ടിൽ കൊടുത്തു. അച്ഛമ്മയുടെ കൈത്തറി കേരള സാരി വെട്ടിയെടുത്ത് സ്കർട്ടും ടോപ്പുമാക്കിയിട്ടുണ്ട്.
ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടില്ലാത്ത ഞാൻ തയ്യൽ സ്വയം പരിശീലിച്ചതാണ്. തുടക്കത്തിൽ അച്ഛൻ സുധിയും അമ്മ മഞ്ജുവും എതിർത്തുവെങ്കിലും ഇപ്പോൾ കുടുംബം മുഴുവൻ എന്റെ വിഡിയോകളിലുണ്ട്, സ്വന്തമായി ഓൺലൈൻ ബ്രാൻഡുമുണ്ട്’’. ഗോപിക പറയുന്നു.
തോർത്ത് പോഞ്ചോയും കുഴുപ്പിള്ളിയിലെ നെയ്ത്തുകാരും
കൈത്തറി ഒരു വസ്ത്രം മാത്രമല്ല, അതൊരു സോഷ്യൽ സ്‌റ്റേറ്റ്‌മെന്റ് കൂടിയാണ്. കൊച്ചിയിലെ ഫാഷൻ ഡിസൈനർ അഷിമ ഭാൻ കൈത്തറിയുടെ മേക്കോവറുകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. 2022-ലെ കൊച്ചി ബിനാലെയിൽ കൈത്തറി തോർത്ത് ഉപയോഗിച്ച് അഷിമ അവതരിപ്പിച്ച ‘ഹുഡഡ് പോഞ്ചോ’ വലിയ തരംഗമായിരുന്നു.
കൊച്ചിയുടെ ഈർപ്പമുള്ള അന്തരീക്ഷത്തിന് ഏറ്റവും അനുയോജ്യമായ തോർത്ത്, ഇന്ന് ഫാഷൻ റൺവേകളിൽ തിളങ്ങുന്ന സ്റ്റൈലിഷ് കേപ്പുകളായും ക്രോപ് ഷർട്ടുകളായും മാറുന്നു.
‘‘2022 മുതൽ എന്റെ കളക്‌ഷനിൽ ഹാൻഡ്‌ലൂം സ്ഥിരമായുണ്ട്. കേരള കൈത്തറിയുടെ ക്വാളിറ്റി അത്രമേൽ ഉ യർന്നതാണ്. നിറം പോകുകയോ ചുരുങ്ങുകയോ ഇല്ല. കുഴുപ്പിള്ളി വീവേഴ്സ് സഹകരണസംഘത്തിൽ നിന്നും ചെറായി വീവേഴ്സ് യൂണിറ്റിൽ നിന്നുമാണു ഞാൻ തുണി വാങ്ങുന്നത്. തറിയിൽ നിന്നു നേരിട്ടു വാങ്ങുമ്പോൾ അത് പാവപ്പെട്ട നെയ്ത്തുകാർക്കു മികച്ച വരുമാനവും ഉപയോക്താക്കൾക്ക് ഉന്നത ഗുണമേന്മയും ഉറപ്പാക്കുന്നു," സാമൂഹിക പ്രതിബദ്ധതയോടെ അഷിമ വ്യക്തമാക്കുന്നു.
ഫ്യൂഷൻ ഫാഷൻ ട്രെൻഡുകൾ
ഓണക്കാല വാഡ്രോബുകളിലേക്ക് കൈത്തറി എത്തിയത് കൗതുകകരമായ ഫ്യൂഷൻ രൂപങ്ങളിലാണ്:
സെറ്റ് മുണ്ടും കോ-ഓർഡ് സെറ്റുകളും: സെറ്റ് മുണ്ടിന്റെ കരകൾ മാത്രം ഉപയോഗിച്ച് ഡിസൈൻ ചെയ്യുന്ന മോഡേൺ കോ-ഓർഡ് (Co-ord) ഡ്രസ്സുകൾ.
ഫ്യൂഷൻ ജാക്കറ്റുകൾ: മുണ്ടിന്റെ ബോർഡറുകൾ ചേർത്ത ജാക്കറ്റുകളും വെസ്റ്റ്കോട്ടുകളും കൈത്തറി ഷർട്ടുകളും.
കസവ് വെസ്റ്റേൺ ഡിസൈനുകൾ: കേരള കസവിന്റെ മിനിമൽ ഡീറ്റെയിലിങ് നൽകിയ വെസ്റ്റേൺ ഗൗണുകളും ടോപ്പുകളും.
ആക്സസറികൾ: കൈത്തറിയിൽ ചെയ്ത സ്കാർഫുകൾ, ഹെഡ്ബാൻഡുകൾ, ബാഗുകൾ.
സോഷ്യൽ മീഡിയ റീലുകളും സ്റ്റൈലിങ് വിഡിയോകളും, പ്രമുഖ ഇൻഫ്ലുവൻസർമാരുടെ ഓണം അപ്പിയറൻസുകളുമാണ് ഈ ഓണക്കാലത്തു കൈത്തറിയെ യുവാക്കളുടെ പ്രിയപ്പെട്ട വസ്ത്രമാക്കുന്നത്.
സ്ലോ ഫാഷൻ എന്നാൽ കൈത്തറി
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഫാസ്റ്റ് ഫാഷൻ രീതികൾക്കെതിരെ ലോകമെമ്പാടും ചർച്ചകൾ മുറുകുമ്പോൾ, പൂർണമായും പരിസ്ഥിതി സൗഹൃദമായ ബദലാണ് നമ്മുടെ കൈത്തറി.
ജൂലൈയിൽ ഡൽഹിയിൽ നടന്ന‘ഭാരത് ടെക്സ് 2026’ ഫാബ്രിക് എക്സ്പോ സന്ദർശിച്ച കൊച്ചി സ്വദേശിനി മ ഞ്ജു സേവ്യറിന്റെ വാക്കുകൾ ഇതിന് അടിവരയിടുന്നു:
‘‘ഏറ്റവും സോഫ്റ്റായ ഖാദി, കൈത്തറി തുണികളിൽ കുർത്തികളും റാപ് സ്കർട്ടുകളും അവിടെ കണ്ടു. കൈത്തറിയിൽ നെയ്തെടുത്ത തുണി, ഇത്രയും മൃദുവായ വസ്ത്രങ്ങളാക്കി മാറ്റാമെന്ന് മനസ്സിലായത് അന്നാണ്.’’
പ്രകൃതിദത്ത നിറങ്ങൾ, ഓർഗാനിക് കോട്ടൻ, സീറോ-വേസ്റ്റ് പാറ്റേണുകൾ എന്നിവ ഉപയോഗിച്ച് പരമ്പരാഗത തറികളും കൈത്തറി വികസന കോർപ്പറേഷനും പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ, അത് പ്രാദേശിക നെയ്ത്തുകാർക്കുള്ള പിന്തുണയും പ്രകൃതിക്കായുള്ള കരുത ലുമാണ്.
പാരമ്പര്യത്തിന്റെ തനിമ ചോരാതെ, പുതിയ കാലത്തിന്റെ സ്റ്റൈലിനൊപ്പം തറിനൂലുകളെ കൂട്ടിക്കെട്ടുമ്പോൾ കൈത്തറി കേവലം ഒരു പഴയ വസ്ത്രമല്ല; അത് മലയാളിയുടെ പുതിയ ഫാഷൻ സ്റ്റേറ്റ്‌മെന്റാണ്.