Saturday 11 July 2020 04:14 PM IST

സ്റ്റൈലിൽ മഞ്ജുവിനെയും പാർവതിയെയും കടത്തിവെട്ടും ഈ ഒന്നാം ക്ലാസ്സുകാരി ; താരങ്ങളെപ്പോലെ മോഡലിങ് നടത്തുന്ന കൊച്ചു കാന്താരിയുടെ വിശേഷങ്ങൾ!

Lakshmi Premkumar

Sub Editor

le al

ഫോട്ടോ എടുക്കുന്നതും അതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും സാധാരണകാര്യം തന്നെ. പക്ഷെ അഞ്ചു വയസ് തികയും മുന്നേ മോഡൽസിനെ തോല്പ്പിക്കും വിധം പോസു ചെയ്യുകയും, സ്വന്തം ഡ്രസ്സ് മിക്സ് മാച്ച് ചെയ്യുകയും കിടിലൻ ഫോട്ടോകൾ എടുക്കുകയും ചെയ്യുക എന്നാൽ അതിലിത്തിരി വെറൈറ്റി ഇല്ലേ. അങ്ങനെ ഒരു വെറൈറ്റി താരമാണ് ഒന്നാം ക്ലാസ്സുകാരി ലേഎൽ. പേര് പോലെ തന്നെ വെറൈറ്റിയാണ് ലേഎലിന്റെ ചിത്രങ്ങളും.

കുഞ്ഞായിരിക്കുമ്പോൾ തന്നെ ഫോട്ടോ എടുക്കാൻ തുടങ്ങിയാൽ ലേഎൽ ചിരിച്ച് തുടങ്ങും. പിന്നെ വളർന്നപ്പോൾ ചിത്രങ്ങൾക്കൊപ്പം ലേഎലും കുറച്ചു പ്രൊഫെഷണൽ ആയി. സ്വന്തമായി ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനും അതു ചേരുന്ന രീതിയിൽ മിക്സ് മാച്ച് ചെയ്യാനും തുടങ്ങി. മാത്രമല്ല ഒപ്പം അടിപൊളി ആക്സസറീസും സെലക്ട്‌ ചെയ്യും. പിന്നെ ഒരോ മാഗസിനുകളിലും കാണുന്ന പോലെ ഉമ്മയെ കൊണ്ടു ഫാഷൻ ഫോട്ടോകൾ എടുപ്പിക്കും. സോഷ്യൽ മീഡിയയിൽ ഇട്ട് സ്റ്റാർ ആവും.

ഒരിക്കൽ മഞ്ജു വാര്യരുടെ ഒരു ചിത്രം കണ്ടപ്പോളാണ് ഇതു പോലെ ഒന്ന് സ്റ്റൈൽ ചെയ്തു നോക്കിയാലോ എന്ന് ചിന്തിച്ചത്. നിമിഷങ്ങൾക്കകം ലേഎൽ മഞ്ജു വാര്യരായി മാറി. പിന്നെ ഓരോ സെലിബ്രിറ്റികളുടെയും ഇൻസ്റ്റയിൽ കയറി അവരുടെ ചിത്രങ്ങൾ പോലെ തന്നെ സ്റ്റൈൽ ചെയ്തു മോഡലിങ് ചെയ്തു. നമിത പ്രോമോദ്, നിഖില വിമൽ, പാർവതി തിരുവോത്, ഐശ്വര്യ ലക്ഷ്മി തുടങ്ങി എല്ലാരുടെയും മിനി രൂപം ലേ എൽ പുനസൃഷ്ടിച്ചു. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റുമായി.

കോഴിക്കോട് കുന്ദമംഗലത് ജ്വല്ലറി ബിസ്സിനെസ്സ് നടത്തുന്ന അസ്മലിന്റെയും കെഎംസി ടി എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നെസ് ലയുടെയും രണ്ടാമത്തെ മകളാണ് ലേഎൽ. എം ഇ എസ് രാജ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ ഇരിക്കുമ്പോഴാണ് കോവിഡ് വില്ലനായി വന്നത്. കാര്യം എന്തായാലും ലോക്ക് ഡൌൺ കാലം ചുമ്മാ കളിച്ചു നടക്കുന്നതിനു പകരം ചേട്ടൻ അലൻ സിൽ സാബിറിനൊപ്പം മോഡലിങ്ങിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയാണ് ലേഎൽ ഇപ്പോൾ.

മോഡലിംഗ് ക്ലിക്ക് ആയതോടെ ലേഎൽ ഇപ്പോൾ പുതിയ ട്രെൻഡിങ് കോസ്റ്റുംസ് എല്ലാം ഡിമാൻഡ് ചെയ്യാൻ തുടങ്ങി എന്നാണ് ഉമ്മ നെസ്‌ല യ്ക്ക് പറയാനുള്ളത്. ലേ എൽ എന്നതിന് അർത്ഥം ദൈവത്തിന്റെ സമ്മാനം എന്നാണ്.ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സമ്മാനം തന്നെയാണ് ഈ കുഞ്ഞു കാന്താരി എന്ന് ലേഎൽ നെ ചേർത്ത് പിടിച്ച് അച്ഛനും അമ്മയും പറയുന്നു.

Tags:
  • Movies