Saturday 06 January 2018 03:00 PM IST : By ഡെൽന സത്യരത്ന

എനിക്കെന്തു വേഷമാണ് ചേരുക?‌ ഉത്തരം ഇവിടുണ്ട്!

Fashion Tips

ഒരു ഡിസൈനർ അറിയാതെ മുന്നിൽ വന്നുപെട്ടാൽ കണ്ണും വിടർത്തി പിന്നാലെ കൂടുന്ന പെൺകുട്ടിക്ക് ചോദിക്കാൻ ഒരൊറ്റ ചോദ്യമേയുണ്ടാകൂ. ‘എനിക്കെന്തു വേഷമാണ് ചേരുക?‌’ സൗന്ദര്യം കാണുന്നവരുടെ കണ്ണുകളിലാണെന്നു സമാധാനിച്ചിരുന്നിട്ട് കാര്യമില്ല. സ്വന്തം രൂപത്തിന് ഇണങ്ങുന്ന വസ്ത്രം, നിറം, കട്ടിങ്ങുകൾ ഇവയെല്ലാം അറിഞ്ഞിരിക്കണം. ഒപ്പം സ്വന്തം ശരീരത്തിന്റെ ഭംഗികളും അഭംഗികളും. അപ്പോൾ എനിക്കെന്തു ചേരുമെന്ന് മറ്റൊരാളോട് ചോദിച്ചറിയേണ്ട ആവശ്യം വരില്ല. ആത്മവിശ്വാസത്തോടെ, കണ്ണിൽ നക്ഷത്രം തിളങ്ങുന്ന പുഞ്ചിരിയോടെ തലയുയർത്തി നടക്കാം. രൂപത്തിനും നിറത്തിനും ഇണങ്ങുന്ന വസ്ത്രങ്ങൾ ഏറ്റവും ട്രെൻഡിയായി അണിയണമെന്ന് ആഗ്രഹിക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ഇതാ അവയ്ക്കുള്ള മറുപടികൾ.

മെലിഞ്ഞ ശരീര പ്രകൃതിയാണ്. എങ്കിലും കാലുകൾ അൽപം തടിച്ചതാണ്. ലെഗിൻസ് ഇടാൻ ഇഷ്ടമാണ്. ധരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ഇരുണ്ട നിറത്തിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കുന്നത് കാലുകളുടെ വണ്ണം എടുത്തറിയാതിരിക്കാൻ സഹായിക്കും. ശരീരത്തിൽ പറ്റിക്കിടക്കുന്ന മെറ്റീരിയലുകൾ ഒഴിവാക്കാം. പകരം അൽപം കട്ടികൂടിയ മെറ്റീരിയലിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കാം. കോഫി ബ്രൗൺ, കടുംപച്ച, കറുപ്പ്, നേവി ബ്ലൂ, പർപ്പിൾ... തുടങ്ങിയ നിറങ്ങൾ ആകാം. ഇളം നിറമുള്ള കുർത്തിയോ ടുണിക്കോ ഇവയ്ക്കൊപ്പം പെയർ ചെയ്ത് ഉപയോഗിക്കാം.

സാരിയുടുക്കുമ്പോൾ നല്ല ആകാര വടിവും ഭംഗിയും തോന്നാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിൽ ജ്യൂട്ട് സിൽക്, ടസ്സർ, സ്റ്റിഫ് കോട്ടൻ, ഓർഗൻഡി തുടങ്ങിയ മെറ്റീരിയലുകൾ പരീക്ഷിക്കാം. കോട്ടൻ, ഓർഗൻഡി സാരികൾ ചെറു തായി പ്ലീറ്റ്ചെയ്ത് ഉടുക്കാം. സിൽക് സാരികൾ പ്ലീറ്റ് ചെയ്യാതെ വൺ ലെയർ ഇടാം. നേർത്തതും അയഞ്ഞതുമായ മെറ്റീരിയലുകൾ തീർത്തും ഒഴിവാക്കണം. ഉയരം കൂടി മെലിഞ്ഞവർ കട്ടികൂടിയ മെറ്റീരിയലുകൾ ധരിക്കുന്നതാണ് നല്ലത്. ഇളം നിറങ്ങൾ, ബോൾഡ് പ്രിന്റുകൾ വീതിയേറിയ ബോർഡർ ഇവ ഇണങ്ങും. ഉയരം കുറഞ്ഞ് തടിച്ചവർക്ക് സോഫ്റ്റ് സിൽക്, മഡ്ക, മാൽഗുഡി തുടങ്ങിയ മെറ്റീരിയലുകൾ ആകാം. ചർമത്തിന് ഇണങ്ങുന്ന കടും നിറങ്ങൾ തിരഞ്ഞെടുക്കുക. ഇവ ഭംഗിയായി പ്ലീറ്റ് ചെയ്ത് ധരിച്ചാൽ ശരീരത്തിന് ഒതുക്കവും ഉയരവും കൂടുതൽ തോന്നും.

പ്രഫഷനലുകൾക്ക് ഏറ്റവും ഇണങ്ങുന്ന സ്റ്റൈൽ ഏതാണ്?

മിനിമലിസമാണ് പ്രഫഷനലുകൾ വസ്ത്രത്തിലും ആഭരണത്തിലും മേയ്ക്കപ്പിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഏറ്റവും കുറവ് ആഭരണവും മേക്കപ്പും. അൽപം ബോൾഡ് ആയ ഒറ്റ പീസ് ആഭരണം മാത്രം ധരിക്കുന്നത് നല്ലതാണ്. വസ്ത്രങ്ങളിൽ കുർത്തിയും സാരിയും സെമി ഫോർമൽ ലുക് നൽകും. ലിനൻ പാന്റ്സും ടോപ്പുകളും സെമി ഫോർമൽ ലുക് നൽകുന്നവയാണ്. ഏതു വസ്ത്രമായാലും അൽപം ഉയർന്ന കോളർ, ത്രീ ഫോർത് അല്ലെങ്കിൽ ഫുൾ ലങ്ത് സ്ലീവ് ഇവ ഇണങ്ങും. സ്ട്രൈപ്സ്, സെൽഫ് പ്രിന്റുള്ളവ ഇവ ധൈര്യമായി പരീക്ഷിച്ചോളൂ. മജന്ത, ലെമൺ യെല്ലോപോലുള്ള ബ്രൈറ്റ് നിറങ്ങൾ വേണ്ട. ബെയ്ജ്, ബ്രൗൺ, ഗ്രേ, ഡാർക്ക്, ബ്ലൂ, കറുപ്പ്... ഇങ്ങനെ ഗൗരവം തുളുമ്പും സോളിഡ് നിറങ്ങൾ തിരഞ്ഞടുക്കാം.

തികച്ചും കാഷ്വൽ അവസരങ്ങളിൽ ടി ഷർട്ട് പോലുള്ള വേഷങ്ങൾ അണിയുമ്പോൾ മുടിക്ക് ഏതു സ്റ്റൈലാണ് നന്നായി ഇണങ്ങുക?

കാഷ്വൽ വേഷങ്ങൾ അണിയുമ്പോൾ അല്പം ശ്രദ്ധയോടെയുള്ള അശ്രദ്ധയാണ് മുടിക്കിണങ്ങുക. നല്ല ഹെയർകട്ട് ആണെങ്കിൽ ധൈര്യമായി അഴിച്ചിട്ടോളൂ. അല്ലെങ്കിൽ ചെറിയ മൂന്നാലു സൈഡ് പിന്നലുകൾ ഇട്ട് ബാക്കി മുടി അഴിച്ചിടാം. ഇത് കൂടുതൽ ചെറുപ്പം തോന്നിക്കും. മുടി വെറുതേ റോൾ അപ് ചെയ്ത് ക്ലച്ചർ വയ്ക്കുന്നതും ഇണങ്ങും. ഇത്തരം അവസരങ്ങളിൽ കയ്യിൽ കിട്ടുന്നതെന്തും അലങ്കാരമാക്കാം എന്ന സ്വാതന്ത്ര്യവുമുണ്ട്. അനിയത്തിയുടെ കളേർഡ് ക്ലിപ് മുതൽ മേശപ്പുറത്തുനിന്ന് ചുരുട്ടിയെടുത്ത സിൽവർ പേപ്പർ വരെ ഉപയോഗിച്ച് മുടി അലങ്കരിച്ചാലും ചോദ്യം ചെയ്യാൻ കഴിയില്ല.

സ്കിൻ ടോൺ അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

f4

തേൻ നിറമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പേരിലും കാണപ്പെടുന്ന സ്കിൻ ടോൺ. അതിന് ഏറ്റവും യോജിച്ചത് നമ്മുടെ സ്വന്തം കേരളാ കസവു സാരിയുടെ ഐവറി നിറമാണ്. ഇളം തവിട്ട്, മെറൂൺ, ഇളം പിങ്ക്, ഇളം നീല ഇവയെല്ലാം ഈ സ്കിൻ ടോണിന് പൊതുവേ യോജിച്ചു പോകാറുണ്ട്. വെളുത്തവർക്ക് പൊതുവേ ഏതു നിറവും ഇണങ്ങും. സ്കിൻ ടോണിനോട് അലിഞ്ഞുപോകുന്ന നിറങ്ങൾ മാത്രം ഒഴിവാക്കണം. ബ്രൈറ്റ് നിറങ്ങൾ ഏറ്റവും യോജിക്കുന്നത് വെളുത്തവർക്കാണ്. മെറ്റാലിക്സ്, ഷിമ്മർ ഷേഡ്സ് ഇവയും വെളുത്ത ചർമത്തിൽ തിളങ്ങും.

അൽപം ഇരുണ്ട സ്കിൻ ടോണിന് പേസ്റ്റൽ നിറങ്ങളും പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങിയ വാം നിറങ്ങളുടെ ഇരുണ്ട ഷേഡും യോജിക്കും. ക്ഷീണമുള്ള പ്രകൃതമാണെങ്കിൽ ബ്രൗൺ, ഗ്രേ തുടങ്ങിയ കളർ ടോണുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

മെലിഞ്ഞവർക്ക് വണ്ണം കൂടുതൽ തോന്നാൻ ഹൊറിസോണ്ടൽ ലൈനുകളോ ഡിസൈനുകളോ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. മറ്റു മാർഗങ്ങൾ എന്തൊക്കെയാണ്? മെലിഞ്ഞവർ വെസ്റ്റേൺ വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ഡിജിറ്റൽ, ഫ്ലോറൽ പ്രിന്റ് പോലെയുള്ള ബോൾഡ് പ്രിന്റുകൾ, ബ്ലോക്ക് പ്രിന്റ്, കളർബ്ലോക്ക് ഡിസൈനുകൾ, ഓഫ് വൈറ്റ്, പീച്ച്, ബേബി പിങ്ക് തുടങ്ങി ഇളം നിറങ്ങൾ, പല ആകൃതിയിലെ യോക്കുകൾ ഇവയെല്ലാം മെലിഞ്ഞവർക്ക് വണ്ണം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും. നന്നായി ഷേപ് ചെയ്ത, ശരീരത്തോട് ഇറുകിക്കിടക്കുന്ന ടോപ്പുകളും ടി ഷർട്ടുകളും മറ്റും ഒഴിവാക്കണം. മീഡിയം ഫിറ്റ് ജീൻസ് അല്ലെങ്കിൽ പാന്റ്സിനൊപ്പം ബലൂൺ ടോപ്പ് അല്ലെങ്കിൽ ലെയേർഡ് ട്യൂണിക് ഉപയോഗിച്ചാൽ ഭംഗിയുണ്ടാകും. ലൂസ് ബോട്ടം ആണ് ഇടാനിഷ്ടമെങ്കിൽ മീഡിയം ഷേപ്പിങ് ഉള്ള ഷോർ‍ട്ട് ടോപ്സുമായി പെയർ ചെയ്യാം.

ലോങ് സ്കർട്ടുകൾ ട്രെൻഡാണല്ലോ, തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

നല്ല ഉയരമുള്ള ആത്മവിശ്വാസത്തോടെ നിവർന്നു നടക്കുന്നവർക്കാണ് നീളമുള്ള സ്കർട്ടുകൾ നന്നായി ഇണങ്ങുക. കാൽ പാദം വരെ ഇറക്കമുള്ള ബോഹോ സ്കർട്ടുകൾ നന്നായി രിക്കും. സിംഗിൾ കളർ സ്കർട്ട് വിത് ബ്രോഡ് ബോർഡർ ആണ് ഏറ്റവും പുതിയ ട്രെൻഡ്. കലംകാരി, ജയ്പൂർ പ്രിന്റ് മെറ്റീരിയലുകൾ ഇവയാണ് ബോർഡറിന് ഇണങ്ങുന്നത്. ജ്യോമട്രിക് അല്ലെങ്കിൽ ഫ്ളോറൽ പ്രിന്റുള്ള സ്കർട്ടുകൾ ആർക്കും ഇണങ്ങും. അല്ലെങ്കിൽ തട്ടുതട്ടായ ടയേർഡ് സ്കർട്ട് തിരഞ്ഞെടുക്കാം. എ ലൈൻ സ്കർട്ടുകളും അസിമെട്രിക് ഹെം ലൈൻ ഉള്ള സ്കർട്ടുകളും ഇപ്പോൾ ട്രെ ൻഡാണ്.

ഇത്തരം സ്കർട്ടിനൊപ്പം സിംഗിൾ കളർ ടോപ്പ് ആണ് നല്ലത്. സ്ലീവ് ലെസ് ടോപ്പും നന്നായി ഇണങ്ങും. സിൽവർ ആക്സസറീസ് അല്ലെങ്കിൽ ട്രൈബൽ ആക്സസറീസ് നന്നായിരിക്കും. സ്കാർഫും സ്റ്റോളും ഉപയോഗിച്ച് നന്നായി സ്റ്റൈൽ ചെയ്യാം.

സാരി ബ്ലൗസിന് ത്രീഫോർത് സ്ലീവ് ഉപയോഗിക്കുന്നതാണല്ലോ ട്രെൻഡ്. പക്ഷേ, ഇത് അണിയുമ്പോൾ വണ്ണം കൂടുതലായി തോന്നുന്നു. ഇതിന് എന്താണ് പരിഹാരം?

ക്രേപ്, ഷിഫോൺ, സോഫ്റ്റ് സിൽക് തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിക്കുക. കട്ടിയുള്ള തുണികൊണ്ടാണ് ബ്ലൗസ് എങ്കിൽ കൈകൾക്കുമാത്രം അതേ നിറമുള്ള നെറ്റ്, ലൈക്ര തുടങ്ങിയ മെറ്റീരിയൽ ഉപയോഗിക്കാം. കൈകൾക്കുമാത്രം ലൈനിങ് ഉപയോഗിക്കാതെ തയ്ക്കുന്നതും കൈകളുടെ വണ്ണം കുറവായി തോന്നിക്കും. യോക്കിനനുസരിച്ച് വസ്ത്രത്തിന്റെ ഭംഗി കൂടുമെന്നറിയാം. ഇണങ്ങുന്ന യോക്ക് തിരഞ്ഞെടുക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?‌ വസ്ത്രത്തിന്റെ മുകൾ ഭാഗത്തെ ഹൊറിസോണ്ടൽ കട്ട് സെപറേഷനാണ് യോക്ക് എന്നു പറയുന്നത്. പല ഷേപ്പുകളിൽ യോക്ക് തുന്നിച്ചേർക്കാം.

f2

കമാനാകൃതിയോ സ്ട്രെയ്റ്റ് ലൈനോ വി ഷേപ്പോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഒരു ടോപ്പിന്റെയോ കുർത്തിയുടെയോ ലുക് തീരുമാനിക്കുന്നത് അതിന്റെ യോക്ക് പീസ് ആണ്. വണ്ണമുള്ള ശരീര പ്രകൃതിയാണെങ്കിൽ ബസ്റ്റ് ലെവലിനു താഴെയുള്ള യോക്ക് കഴിവതും ഒഴിവാക്കണം. ഫ്രില്ലും ഗാതേഴ്സും ഇണങ്ങില്ല. വി ഷേപ് യോക്ക് മെലിഞ്ഞതായി തോന്നിക്കാൻ സഹായിക്കും. മെലിഞ്ഞ ശരീരപ്രകൃതിയുമുള്ളവർ ചെറിയ ഗാതേഴ്സോടു കൂടിയ കർവ്ഡ് കട്ട് യോക്ക് ഉപയോഗിക്കാം. ബ്രസ്റ്റ് ലെവലിനു താഴെയുള്ള യോക്കും ഇവർക്ക് ഭംഗിയായിരിക്കും.

പാർട്ടിയിൽ എല്ലാവരും ശ്രദ്ധിക്കുന്ന വേഷം ധരിക്കണമെന്നുണ്ട്. എന്നാൽ അൽപം ഓവറായി എന്ന് ആരും പറയരുത്. ഞാൻ എന്തു വസ്ത്രമാണ് തിരഞ്ഞെടുക്കേണ്ടത്?

ടോപ്പുകളും ബ്ലൗസും ബാക്ക് ഓപൺ ആയി തയ്പിക്കുക. നല്ല ആകാരവടിവു തോന്നും. പ്രിൻസസ് കട്ട് ചെയ്ത ബ്ലൗസുകൾ കൂടുതൽ ആകർഷണീയമായിരിക്കും. നെറ്റ് പോലെയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ട്രാൻസ്പരന്റ് ഷോൾഡർ വസ്ത്രങ്ങൾ സെക്സ് അപ്പീൽ കൂട്ടും. ട്രാൻസ്പരന്റ് സ്ട്രാപ് ഉള്ളതോ സ്ര്ടാപ് ലെസ്സോ ആയ ബ്രേസിയർ വേണം ഇവയ്ക്കൊപ്പം ധരിക്കാൻ. സാരിയായാലും ഗൗൺ ആയാലും രാത്രി വിരുന്നുകൾക്ക് ധരിക്കുന്ന വസ്ത്രങ്ങൾ നല്ല നിറമുള്ളവയായിരിക്കണം. മിഡ്നൈറ്റ് ബ്ലൂ, ഡീപ് പർപ്പിൾ, ചില്ലി റെഡ്, ബോട്ടിൽ ഗ്രീൻ, അക്വാ ബ്ലൂ, വൈൻ – മെറൂൺ ഇവ കലർന്ന മാർ സാല നിറം, ചുവപ്പു കലർന്ന ബ്രൗൺ ഈ നിറങ്ങൾ തിരഞ്ഞെടുക്കാം.

സൽവാർ ടോപ്പും കുർത്തിയുമൊക്കെ തയ്പ്പിക്കുമ്പോൾ ഇണങ്ങുന്ന നെക് പാറ്റേൺ ഏതാണെന്ന് എങ്ങനെ തിരിച്ചറിയും?

നല്ല നീളമുള്ള കഴുത്താണെങ്കിൽ വിടർന്ന നെക് പാറ്റേണുകൾ ഒഴിവാക്കാം. ഇറക്കം കൂടിയ നെക് പാറ്റേൺ കഴുത്തിന് പിന്നെയും നീളം കൂടിയതായി തോന്നിക്കും. വി നെക്, യൂ പാറ്റേൺ ഇവ കഴിവതും ഒഴിവാക്കാം. കഴുത്ത് കൂടുതൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ, കോളറുകൾ, ഹൈ നെക്, സെമി ഹൈനെക് ഇവ ഇണങ്ങും. വണ്ണമുള്ള ശരീര പ്രകൃതിയും തടിച്ച കഴുത്തുമാണ് നിങ്ങൾക്കെങ്കിൽ സെമി ഹൈ നെക്, ഫ്ലാറ്റ് ഹൈ നെക്, വി നെക് ഇവ നന്നായിരിക്കും. തീർത്തും മെലിഞ്ഞ ശരീരപ്രകൃതമുള്ളവർക്ക് ബോട്ട് നെക്, കൗൾ നെക്, ഹാർട്ട് ഷേപ്, റൗണ്ട് നെ ക് ഇവ ഇണങ്ങും. ഇവയിലേതു തിരഞ്ഞെടുത്താലും അധികം ഇറക്കം കൂടാതിരിക്കാൻ ശ്രദ്ധിക്കുക. നന്നേ മെലിഞ്ഞ വർ സ്റ്റാൻഡ് കോളറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

f3