Friday 19 January 2018 05:20 PM IST

സാരിക്ക് മാറ്റുകൂട്ടാൻ വേണം അഴകൊത്ത ആഭരണങ്ങൾ!

Shyama

Sub Editor

Saree match ornaments
ഫോട്ടോ: സരിൻ രാംദാസ്, ശ്യാം ബാബു

മുത്തശ്ശിയുടെ ചിത്രങ്ങളിലും അമ്മയുടെ ചിത്രങ്ങളിലും ഇപ്പോ സ്വന്തം ഫോട്ടോസിലും മാറാതെ നിൽക്കുന്ന ആ പെൺമയുടെ പേരാണ് സാരി. കാലം എത്ര ഓടിപ്പാഞ്ഞാലും അതിനൊപ്പം വേഗത്തിൽ കൂടുതൽ ആഢ്യതയോടെ സ്റ്റൈലിഷായി പായുന്ന അഞ്ചരമീറ്റർ നീളമുള്ള വേഷം. ജീൻസും ടോപ്പും പാവാടയും പലാസോയും വന്നാലും പെണ്ണിന്റെയുള്ളിൽ സാരിക്കുള്ള സ്ഥാനത്തേക്ക് വേറൊന്നും കയറിവരില്ല.

സാരിയുടെ അഴകളവുകൾ കൂട്ടാനും കുറയ്ക്കാനും അതിനൊപ്പമുള്ള ആക്സസറീസിനു കഴിയും. വില കുറഞ്ഞ കോട്ടൻ സാരിയുടെ എടുപ്പു കൂട്ടാൻ മുത്തുവച്ച നല്ലൊരു കമ്മൽ വിചാരിച്ചാൽ പോലും സാധിക്കും. പതിനായിരങ്ങൾ മുടക്കി വാങ്ങിയ പട്ടുസാരിയുടെ ചേലു കെടുത്താൻ അതിനൊട്ടും ചേരാത്ത ഹാഫ് ഷൂ മാത്രം മതി. അബദ്ധങ്ങൾ ഒഴിവാക്കി ബുദ്ധിപൂർവം സാരിയെ ആക്സസറൈസ് ചെയ്യാം. ഒാരോ അവസരത്തിനും സാരിക്കും ഏറ്റവും യോജിച്ച ആഭരണങ്ങൾ അണിഞ്ഞാൽ ലുക്സിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യേണ്ട ആവശ്യമേ വരില്ല.

പട്ടുസാരിക്ക് തനിനാടൻ ചേല്

സിന്ദൂരപൊട്ടും മുല്ലപ്പൂവും. ഒപ്പം തനിനാടൻ മാങ്ങാമാലയോ മുല്ലമൊട്ടോ കഴുത്തിൽ. പകിട്ടൊട്ടും കുറയാതെ ജിമിക്കിയും കുപ്പിവളകളും കല്ലുവച്ച ഒറ്റവളകളും... ഇതിനെയൊന്നും വെല്ലാൻ ഇതേവരേ മറ്റൊന്നും ഈ മണ്ണിൽ പിറന്നിട്ടില്ല.

വീതിയേറിയ ബോഡറുള്ള പട്ടുസാരിക്ക് ഇറക്കം കുറഞ്ഞ മാലകളാ ണ് ഇണങ്ങുക. കഴുത്തിൽ ചേർന്നുകിടക്കുന്ന നെക്‌ലേസ്, ചോക്കർ ഇവ തിരഞ്ഞെടുക്കാം. വീതി കുറഞ്ഞവയ്ക്ക് അൽപം ഇറക്കമുള്ള വലിയ ലോക്കറ്റുള്ള മാലകൾ നന്നായിണങ്ങും. ട്രഡീഷനൽ വളകളും മോതിരങ്ങളും നാടൻ ലുക്കിനു പൂർണത നൽകും.

കോൺട്രാസ്റ്റ് ബ്‍ലൗസാണ് അണിയുന്നതെങ്കിൽ നെറ്റിച്ചുട്ടിയും ഹിപ് ചെയ്നും ഒന്നിലധികം മാലകളും ഒഴിവാക്കാം. അതേ നിറമുള്ള ബ്ലൗസ് ആണെങ്കിൽ അത്ര മിനിമലിസം ആഭരണ കാര്യത്തിൽ പാലിക്കണമെന്നില്ല.

ഇതാണ് പട്ടിന്റെ മേക്കോവർ

‘പഴമയൊട്ടു വിടാനും വയ്യ, പുതുമ വേണം താനും’ ഇക്കൂട്ടർക്ക് ആവോളം എക്സ്പിരിമെന്റ് ചെയ്യാൻ സാധ്യതയുണ്ട്. സ്ലീവ്‍‌ലെസ്സും ജാക്കറ്റ് ബ്ലൗസും ഒക്കെ സാരിക്കൊപ്പം വിലസുമ്പോൾ ആഭരണങ്ങൾ മിനിമലാണ്. കാതു നിറയ്ക്കുന്ന കമ്മൽ അല്ലെങ്കിൽ ബ്രോച്ച്....

കമ്മലും മാലയും വേണ്ടെങ്കിൽ കൈ നിറയെ കുപ്പിവളയോ സ്റ്റേറ്റ്മെന്റ് ആയി ‘വങ്കി’(ആം കഫ്)യോ അണിയാം. മൊത്തം ആഭരണങ്ങൾ മിനിമൽ ആക്കിയ ശേഷം വ്യത്യസ്തമായ അരപ്പട്ട കെട്ടിയാലും ആൾക്കൂട്ടത്തിലെ താരമാകാം. സിംപിൾ പട്ടു സാരിയാണെങ്കിൽ നല്ലൊരു ഹെവി നെക്പീസ് ഇടുന്നത് എടുപ്പു കൂട്ടും. പട്ടു സാരിക്കൊപ്പം ഷൂ, ഹാഫ് ഷൂ ഒന്നും വേണ്ട. കഴിവതും കാലിനെ മുഴുവനായി മറയ്ക്കാത്ത ഡിസൈനുകൾ നോക്കുക. സാരിയുടേയും ബ്ലൗസിന്റേയും അതേ നിറത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് ഔട്ട് ഓഫ് ഫാഷനാണെന്ന് ഓർക്കുക. സാരിയുടെ നിറത്തിനോട് ഒത്തു പോകുന്ന ഷെയ്ഡിലും കോൺട്രാസ്റ്റ് ടിന്റിലും ഉള്ളവ ഉപയോഗിക്കാം.

പാർട്ടി സ്റ്റാറിന് എലഗന്റ് ലുക്

കല്യാണത്തിനൊക്കെ അത്യാവശ്യം നല്ലവണ്ണം ആഭരണങ്ങളിട്ട് ഷൈൻ ചെയ്തിട്ട് റിസപ്ഷനു വരുമ്പോൾ ആർഭാടമില്ലാതെ എലഗന്റ് ആയി ഒരുങ്ങാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഡയമണ്ട്, സ്വർണം, റോസ് ഗോൾഡ് ഇവയിലുള്ള ഒറ്റ പീസ് മാലകളാണ് കൂടുതൽ പേർക്കും ഇഷ്ടം. വിലകൂടിയ വാച്ചുകൾ മാത്രം കെട്ടുന്നതും ട്രെ ൻഡ് തന്നെ. റോ സിൽക്, കോട്ടന്‍ മിക്സ്, സാറ്റിൻ, സിൽക്ക് മെറ്റീരിയലിൽ പേൾ വർക്ക്, ത്രെഡ്‌വർക്ക്, സ്റ്റോൺ വർക്ക് ഒക്കെ ഉള്ള സാരികളാണ് പാർട്ടിയിലെ സ്റ്റാർ.

ബെർത്ഡേ പാർട്ടി സെന്റ് ഓഫ് പാർട്ടി... ഇവയ്ക്ക് ഒ രുങ്ങുമ്പോൾ നിറയെ വളകളിടുന്നതും വലിയ ഹാൻഡ് ബാ ഗുകൾ കൊണ്ടു നടക്കുന്നതും ഒഴിവാക്കാം. നല്ല ക്ലെച്ചോ, പോട്‌ലി ബാഗോ കൈയിൽ പിടിക്കുന്നത് സാരിയുടെ മാറ്റ് കൂട്ടുക തന്നെ ചെയ്യും.

ഒഫീഷ്യൽ പാർട്ടിയിൽ ക്ലാസ് ലുക്

സാധാരണ പാർട്ടിക്കു പോകുമ്പോൾ ഒരുങ്ങുന്നതുപോലെയല്ല ജോലി സംബന്ധമായുള്ള പാർട്ടികൾക്കു പോകുന്നത്. ആക്സസറൈസ് ചെയ്യുമ്പോൾ ക്ലാസ് ലുക്ക് കിട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിൽ ത റഞ്ഞു കയറുന്ന തരം നിറങ്ങളുള്ള ആഭരണങ്ങൾ കഴിവതും ഒഴിവാക്കുക.

ഡൾ കളർ കല്ലുള്ള മാലകൾ, മുത്തു മാലകൾ, ഡയമ ണ്ട്, റോസ് ഗോൾഡ് എന്നിവ ഇത്തരം സന്ദർഭങ്ങൾക്ക് നന്നായി ഇണങ്ങും. മുടിയിൽ കല്ലു പതിപ്പിച്ച ക്ലിപ്പുകൾ കുത്തുന്നതും ഒന്നിലധികം വളകളും മാലകളും ഇടുന്നതും ഒ ഴിവാക്കാം. അധികം കല്ലും ഗ്ലിറ്ററും ഇല്ലാത്ത ബ്രോച്ചുകൾ, ഒറ്റ വളയോ വാച്ചോ ഒക്കെ സാരിക്കിണങ്ങും വിധം ധരിക്കാം. സാധാരണ ഓഫിസിൽ കൊണ്ടു പോകുന്ന ബാഗ് മാറ്റി ഒരു ക്ലച്ചോ പഴ്സ് പിടിച്ചാൽ ലുക് പൂർണമായി. സാരിയുടുത്തിട്ട് ഹീൽസ് ധരിക്കുന്നത് കോൺഫിഡന്റ് ലുക്ക് തരും. പക്ഷേ, പുതിയായി ഹൈഹീൽസ് ഇടാൻ ആഗ്രഹമുണ്ടെങ്കിൽ പാർട്ടിയുടെ ദിവസം ഇടാതെ മുൻപേ ഇട്ട് ശീലിക്കുക, പടികൾ കയറി നോക്കാനും മടിക്കേണ്ട.

മലയാളിപ്പെണ്ണിന് ജിമിക്കി കമ്മൽ

കേരള സാരിയോളം പ്രിയപ്പെട്ട ഒരു വേഷം മലയാളിപ്പെൺകുട്ടികൾക്ക് വേറെ കാണില്ല. സെ റ്റും മുണ്ടിനും കേരളാ സാരിക്കും തനി നാടൻ ടച്ച് മുതൽ ഇ ൻഡോ – വെസ്റ്റേൺ പരീക്ഷണങ്ങൾ വരെ ആഭരണങ്ങൾ ഇടുന്നതിനനുസരിച്ച് കൊടുക്കാം. ഒരേ സാരി തന്നെ പല ലു ക്കിൽ അവതരിക്കും. അനിവാര്യ ഘടകം ഇപ്പോഴും ജിമിക്കി കമ്മലുകൾ തന്നെ. പൊട്ടും പൂവും ജിമിക്കിയുമിട്ടാൽ തന്നെ ഗൃഹാതുരമായി ഉള്ളിനുള്ളിൽ സൂക്ഷിക്കുന്ന മലയാളി പെൺകൊടിയായി. സ്വർണം, വെള്ളി ആഭരണങ്ങളാണ് സെറ്റ് സാരിയുടെ സ്വന്തം കൂട്ടുകാർ.
സ്റ്റെർലിങ് സിൽവറിലുള്ള കമ്മലും മാ ലയുമാണ് ഇക്കത്ത് പോലുള്ള പ്രിന്റിനൊപ്പം പുത്തന‍്‍ കോംബിനേഷൻ. പഴമയും പുതുമയും ചേരുന്ന പകിട്ടു കിട്ടും. ബ്ലാക്ക് മെറ്റൽ, ടെറാക്കോട്ട എന്നിവയും കേരളത്തനിമയ്ക്കു വേറിട്ട അഴകു പകർന്ന് ഒപ്പമുണ്ട്.

ലിനനിൽ ആകാം സ്റ്റൈലിഷ്

ഏതു പ്രായക്കാർക്കും ചേരുന്ന, ഏതു പ്രായത്തിലേക്കും രൂപം മാറാൻ കഴിവുള്ള ഗന്ധർവസ്പർശമുണ്ട് ലിനൻ സാരിക്ക്. ഷർട്ട് ബ്ലൗസുകൾ എന്ന മോസ്റ്റ് മോഡേൺവേർഷൻ മുതൽ സാധാരണ ബോട്ട് നെക്ക് ബ്ലൗസിനൊപ്പം വരെ ലിനൻ ഇടാം. അതുപോലെ ബൂട്ട്സ് മുതൽ കോലാപുരി വരെ ലിനൻ സാരിക്കൊപ്പം കാലിലണിയാം.

സാരി ഉടുക്കുന്ന രീതിയിൽ തന്നെ പല പരീക്ഷണങ്ങളും നടത്താവുന്ന ലിനൻ സാരികൾകൊപ്പം സ്വർണമൊഴികെയുള്ള എന്ത് ആഭരണവും ഒത്തുപോകും. ഡയമ ണ്ട്, മുത്ത്, കല്ല്, വെള്ളി, ബ്ലാക്ക് മെറ്റൽ, ആന്റിക് ഗോൾഡ്, തൂവലോ ത്രെഡോ വച്ച ആഭരണങ്ങൾ.... ഗ്രേ പോലുള്ള ഡൾ നിറങ്ങളിലുള്ള സാരി ധരിക്കുമ്പോൾ കറുപ്പിനോട് കൂട്ടു കൂടുന്നതിനു പുറമേ കോൺട്രാസ്റ്റ് ആഭരണങ്ങളും ധരിക്കാം.

സാരി ഉടുത്തു കഴിഞ്ഞ് പല തരം ഷ്രഗ്ഗു കളും ജാക്കറ്റും ഇട്ട് പെയർ ചെയ്താൽ ക്യാംപസിലേയും ഓഫിസിലേയും സ്റ്റാറാകാം. ക്രോസ് ബോഡി ബാഗുകളും ജ്യൂട്ട് ബാഗുകളും ലിനൻ സാരികൾക്കൊപ്പം ചേ ർത്താൽ സ്റ്റാൻഡ് ഔട്ട് ലുക്ക് നിങ്ങൾക്കു സ്വന്തം.

നിത്യഹരിതം കോട്ടൻ പ്രേമം

കസവുള്ള കോട്ടൻ സാരികള‍്‍ക്ക് സ്വർണവും ആന്റിക്ക് ഗോൾഡും ആണു ചേര‍്‍ച്ച. ഡൾ ഗോൾഡ്, സിൽവർ കരയുള്ളവയ്ക്ക് ആന്റിക് സിൽവർ, സ്റ്റെർലിങ് സിൽവർ, മുത്ത്, ആ ന്റിക് ഗോൾഡ് എന്നിവയിലുള്ള മാലകളും വ ളകളും നന്നായിണങ്ങും. ലെതർ ബാഗുകൾ, ജ്യൂട്ട് പഴ്സുകൾ ഇവയ്ക്കൊപ്പം നന്നായി ചേർന്നു പോകും.

കോട്ടൻ സാരികൾക്കൊപ്പം കോൺട്രാസ്റ്റ് ബ്ലൗസ് ഇടുന്നവർ സാരിക്കും ബ്ലൗസിനും ചേരാത്ത മറ്റ് നിറമുള്ള  ആഭരണങ്ങൾ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രിന്റോ മോട്ടിഫുകളോ ധാരാ ളമുള്ളപ്പോൾ കട്ടിയും വീതിയും കൂടിയ മാലകൾ ഒഴിവാക്കാം. സന്ദർഭത്തിനനുസരിച്ചുള്ള പൊട്ട് വയ്ക്കലും വയ്ക്കാതിരിക്കലും സാരിയുടെ ചേലു കൂട്ടും. മുഖത്തിനസുസരിച്ച് അലുക്കുകൾ ഉള്ള കമ്മലുകൾ അല്ലെങ്കിൽ സ്റ്റഡുകൾ ധരിക്കാം.

എന്നും ഓഫിസിലും മറ്റും ഉടുക്കുന്ന കോട്ടൻ സാരികൾക്കൊപ്പം ഒരേ മാലയും കമ്മലും വളയും തന്നെയിട്ടു പോകുന്നതാണ് പലരുടേയും ശീലം. ചെറിയ തുകയ്ക്കു കിട്ടുന്ന മുത്തും  കല്ലും വച്ച കമ്മലും വളകളും  മാറി മാറി ഇട്ടൽ തന്നെ മാറ്റം ഫീൽ ചെയ്യും. മാച്ചിങ് ആഭരണങ്ങൾ ഇട്ടാലും കോട്ടൺ സാരികൾക്ക് അതൊരഴകാണ്. സിംപിളായിട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ നല്ലൊരു വാച്ചും മുത്തിന്റെയോ കല്ലിന്റെയോ കമ്മലും ഇട്ടാലും ക്ലാസ് ആകും.

അലസമീ സാരികൾ.. അതിനൊത്ത ആഭരണങ്ങൾ

ഷിഫോൺ, ജോർജറ്റ്, സാറ്റിൻ പോലുള്ള അലസ മായ സാരികൾക്കൊപ്പം ഇപ്പോൾ മോസ്റ്റ് മൂവിങ് ആയിട്ടുള്ളത് ബനിയൻ ബ്ലൗസാണ്. അതിനൊപ്പം ഇമ്മിണി ഇറക്കമുള്ള നെക്പീസ്. കമ്മലും വളയും ഒന്നുമില്ല. ഇതു മാത്രം മതി, വേറിട്ടു നിൽക്കാൻ. ഇനി കമ്മൽ ഇടണമെന്നുള്ളവർ മാലയൊഴിവാക്കി കല്ലിന്റെയോ മുത്തിന്റെയോ ഡയമണ്ടിന്റെയോ കമ്മലിടുക, ഒപ്പം വാച്ചും. കൈയിൽ പിടിക്കാൻ ലെതർ ഹാൻഡ് ബാഗ്, ക്ലച്ച്, പഴ്സ് എന്നിവ യിലേതെങ്കിലും സാരിയുടെ സ്വഭാവത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

ബെൽ സ്ലീവ്, കോൾഡ് സ്ലീവ്, ബോട്ട് നെക്ക്, ഹൈ നെക്ക് എന്നിവയ്ക്കൊപ്പം ഇത്തരം സാരി ഉടുക്കുമ്പോൾ മിക്കവരും കാണിക്കുന്ന അബദ്ധമാണ്, അതിനു തീരെ ചേരാത്ത മാലയിടുക എന്നത്. കഴിവതും  മാല ഒഴിവാക്കാം. അല്ലെങ്കിൽ വളരെ നേർത്തവ ഇടാം.

കോൺഫിഡന്റ് ആണെങ്കിൽ നെറ്റ് സാരി

സ്വന്തം ശരീരത്തെ പറ്റി നല്ല കോൺഫിഡൻസ് ഉള്ളവർ വേണം നെറ്റ് സാരി ധരിക്കാൻ, അല്ലാതെ ശരീരം കാണുന്നു, ഇവിടെ രണ്ട് പിന്നു കൂടി കുത്താം എന്നുള്ളവർ അതൊഴിവാക്കുക. നെറ്റ് സാരിയുടുത്തിട്ട് പള്ളിപ്പെരുന്നാളിന് ബൾബിട്ട പോലുള്ള ആഭരണങ്ങളും കൂടി ഇടുന്ന രീതി സാരിയുടെ ഭംഗി കെടുത്തും. മിനിമൽ ആഭരണങ്ങൾ തിരഞ്ഞെടുക്കുക. അമിതമായി മുത്തും കല്ലും ഒക്കെയുള്ള വളകൾ വേണ്ട.

നെറ്റ് സാരിക്കൊപ്പം ട്രഡീഷനൽ ആഭരണങ്ങൾ തീരെ ചേരില്ല. മുടി ഉയർത്തി കെട്ടുന്നവർ ചെറിയ കമ്മലും മാലയുമിട്ട് അൽപ്പം ഹെവി ഹെയർ ക്ലിപ്പ് വച്ചാൽ നന്നായിരിക്കും. കാ ലിൽ കല്ലു വച്ച പാദസരമിടാം, അധികം വളകൾ ഒഴിവാക്കി മുത്തിന്റെയോ കല്ലിന്റെയോ സ്റ്റേറ്റ്മെന്റ് മോതിരമണിയാം. നല്ല നെയ്ൽ ആർട്ട് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ നെയിൽസ് കൂടിയായാൽ അഴകിന്റെ റാണിയാകാം.

കഥ പറയും സാരിക്കൊപ്പം എന്തും അണിയാം

കലംകാരി, ഇക്കത്ത്...പോലുള്ള സാരികൾ വന്നതോടെ വാർഡ്രോബുകൾ അവയെ കൂടുതൽ സ്നേഹിക്കുന്ന മട്ടാണ്. വേറെ ഒന്നിന്റെയും കൂടെ ചേർക്കാൻ പറ്റാത്ത വസ്തുക്കൾ കൊണ്ടുള്ള ആഭരണങ്ങൾ, അതായത് മരം, രുദ്രാക്ഷം, പേപ്പർ, പല തരം ലോഹങ്ങൾ, വേറിട്ട കല്ലുകൾ, തൂവലുകൾ, നൂലുകൾ... ഇവയെല്ലാം ഇത്തരം സാരിക്ക്  നന്നായി യോജിക്കും. കൂടാതെ വെള്ളി, സ്റ്റെർലിങ്, സിൽവർ, ബ്ലാക്ക് മെറ്റൽ, മുത്തുകൾ അങ്ങനെ എന്തും ഒപ്പം ചേർക്കാം. ബ്ലൗസിന്റെ ഡിസൈൻ അനുസരിച്ച് മാലയുടെ നീളം നിശ്ചയിക്കാം. കറുത്ത ചരടിൽ വരുന്ന ആന, താമര പോലുള്ള ലോക്കറ്റുകൾ മസ്റ്റ് ആണ്. വലിയ പൊട്ട്, മൂക്കുത്തി, വെള്ളി കൊലുസ്സ് ഒക്കെയിട്ട് സാരിയെ വശ്യസുന്ദരിയാക്കാം.

ആഭരണങ്ങൾ ഇല്ലാതെ വെറും മൂക്കുത്തിയും കോലാപുരി ചെരുപ്പും ഇട്ട് വേറിട്ടു നിൽക്കാം. ഒന്നിലധികം  മാലകളും വളകളും അലസമായെടുത്ത് ഒരുമിച്ചണിഞ്ഞ് അൽപം ജിപ്സി ലുക്കും പയറ്റാം. ഇതിനൊപ്പം ഷൂസും രാജസ്ഥാനി ജാക്കറ്റും കൂടിയായാൽ തകർത്തു! സാരിയുടെ പ്രിന്റ് വലുതാണെങ്കിൽ അധികം ആഭരണങ്ങൾ വേണ്ട. ലോക്കറ്റ് തന്നെ അലുക്കുകൾ പിടിപ്പിച്ച് നെറ്റിചുട്ടിയും ബ്രൂച്ചും ഒക്കെയാക്കി ഇത്തരം സാരിക്കൊപ്പം പരീക്ഷണങ്ങൾ വീണ്ടും വീണ്ടും തുടർന്നോളൂ...

വിവരങ്ങൾക്കു കടപ്പാട്: 1. ജിഷ തോമസ്, ഫാഷൻ ഡിസൈനർ, ഇല ബൈ ജിഷ, ബെംഗളൂരു. ആഭരണങ്ങൾ 2. ഗുഡ്‌വിൽ കളക്‌ഷൻസ്, കോൺവെന്റ് ജംക്‌ഷൻ, എറണാകുളം. ഫുട്‌വെയർ, ബാഗ്സ്: ലുലു ഫാഷൻ സ്റ്റോർ, ലുലു മാൾ, ഇടപ്പള്ളി. സാരി: ലുലു സെലിബ്രേറ്റ്, ലുലു മാൾ, ഇടപ്പള്ളി.