മലയാളി പെൺകുട്ടികൾക്കും മിസ് യൂണിവേഴ്സ് ആകാം – 11 തവണ പിന്നണിയിൽ പ്രവർത്തിച്ച സഞ്ജന പറയുന്നു how to win miss universe title
Mail This Article
പതിനൊന്നു തവണ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ അണിയറ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചയാളാണു സഞ്ജന ജോൺ. റാംപിലേക്ക് ലോകസുന്ദരികളെ എത്തിക്കുന്ന ചുമതലയായിരുന്നു സഞ്ജന വഹിച്ചിരുന്നത് വഹിച്ചിരുന്നത്. ഹിന്ദി സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിലേക്കു പോകുന്നതിനിടെയാണു ‘വനിത’യുമായി സഞ്ജന സംസാരിച്ചത്. ജെൻ സി തലമുറയുടെ ഇഷ്ടങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് പുതുവർഷത്തിൽ സംഭവിക്കാനിരിക്കുന്ന ഫാഷൻ ട്രെൻഡുകൾ ഓരോന്നായി സഞ്ജന വിശദീകരിച്ചു.
ഫാഷൻ മേഖലയിലെ മാറ്റങ്ങൾ
കൂടുതൽ വില കൊടുത്തു വാങ്ങുന്നതു മാത്രമാണു ലോകോത്തരമെന്നുള്ള സങ്കൽപങ്ങളിൽ നിന്ന് ആളുകൾ മാറി. വില കൂടിയ വസ്ത്രം ധരിച്ചാലേ ശ്രദ്ധ കിട്ടുകയുള്ളൂ എന്നൊരു ധാരണയുണ്ടായിരുന്നു. അതും മാറി. എത്തിക്കൽ – ഇക്കണോമിക്കൽ കോൺസപ്റ്റിലാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ വസ്ത്രങ്ങൾ വാങ്ങുന്നത്. റീ സൈക്ലിങ്, അപ് സൈക്ലിങ്, ത്രിഫ്ടിങ് ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്. ജനറേറ്റഡ് ജനറേഷന്റെ മേന്മയാണിത്. ഈ തിരിച്ചറിവിൽ നിന്നുകൊണ്ടാണ് പുതുവർഷത്തിലെ ഫാഷൻ ട്രെൻഡിനെ വിലയിരുത്തേണ്ടത്.
മോഡേൺ മലയാളി
കേരളത്തിന്റെ പ്രകൃതി ഹരിതാഭമാണ്. പച്ച നിറത്തിലുള്ള ബാക്ക് ഗ്രൗണ്ടിൽ കോൺട്രാസ്റ്റ് കളർ ഇണങ്ങും. വെസ്‌റ്റേൺ ഔട്ഫിറ്റ്സ് പരീക്ഷിക്കാവുന്നതാണ്. കടും നിറമുള്ള സ്കർട്ടുകൾ ട്രെൻഡ് ആകും. നമുക്ക് ആറു മാസം വേനൽക്കാലമാണ്. ചൂടിന് ഇണങ്ങുന്ന വസ്ത്രം തിരഞ്ഞെടുക്കുക. ആണുങ്ങളുടെ ഫാഷൻ ഇതിൽ നിന്നു വ്യത്യസ്തമാണ്. മെട്രോ മെയ്ൽ എന്നൊരു കോൺസപ്റ്റ് രൂപപ്പെട്ടിട്ടുണ്ട്. ലൈറ്റ് ഫാബ്രിക്, ലിനൻ, കോട്ടൻ മെറ്റീരിയലുകളിൽ തിളങ്ങുന്നവരാണ് അവർ.
ട്രഡീഷനൽ വെയറിൽ നിന്ന് മലയാളികൾ ഷോർട്സിലേക്കു മാറി. ഡീപ് നെക്ക് ധരിക്കാനും സ്ലീവ് ലെസിൽ കംഫർട്ട് ആവാനും അവർക്കു കഴിയും. അതു പറ്റില്ല, ഇതു പറ്റില്ല, അങ്ങനെ ഇരിക്കരുത്, ഇങ്ങനെ നടക്കരുത് എന്നൊക്കെയുള്ള നിരോധനങ്ങളിൽ നിന്നു നമ്മുടെ സ്ത്രീകൾ പുറത്തു വന്നിരിക്കുന്നു. ഇന്റർനെറ്റ് സാവി, ജെൻസി, ആൽഫ തലമുറയ്ക്കൊപ്പമാണു നമ്മൾ കടന്നു പോകുന്നത്. ചെറുപ്പക്കാർക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ട്.
കംഫർട്ട് ഫാക്ടർ
അവനവനു ചേരുന്ന ഡ്രസ് ഏതാണെന്നു സെലക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയെന്നു തിരിച്ചറിയുക. സാരി വാരിച്ചുറ്റി ഓട്ടോറിക്ഷയിലും ബസ്സിലും ഓടിക്കയറുന്നത് എളുപ്പമല്ല. എന്നിട്ടും അതു പിൻതുടർന്നിരുന്ന തലമുറയെ നമ്മൾ കണ്ടു. ഇപ്പോൾ സാരി ഒക്കേഷനൽ വെയർ ആയി. പകരം കാഷ്വൽ വെയറുകൾ കടന്നു വന്നു.
ബാഗി പാന്റ്സും പലാസോയും
ട്രെൻഡി എന്ന വാക്കിനൊപ്പം ഓടുന്നവരാണു നമ്മുടെ യുവത്വം. സാംസ്കാരിക തനിമ തിരിച്ചെടുക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. മന്ത്രകോടിയും പട്ടുസാരിയും ഇഷ്ടപ്പെടുന്ന ആളുകൾ തന്നെയാണ് മേഡേൺ ഡ്രസ്സുകൾ വാങ്ങിക്കൂട്ടുന്നത്. സ്ലീവ് ലെസിൽ കയ്യിന്റെ മുകൾഭാഗം കാണിക്കുന്നതു വലിയ തെറ്റായി കരുതിയിരുന്ന സമൂഹത്തിൽ നിന്ന് നമ്മൾ മുന്നോട്ടു പോയിക്കഴിഞ്ഞു. ട്രെൻഡുകളിൽ നിരന്തരം മാറ്റം വരും. ഇന്നത്തെ ഫാഷൻ നാളെ ഇല്ലാതാകും. പലാസോയും ബാഗി പാന്റ്സും തിരിച്ചെത്തിയത് ഫാഷൻ സൈക്കിൾ കറങ്ങുന്നതിന്റെ ഭാഗമാണ്.
ജീൻസ് ആൻഡ് ഷർട്ട്
ലോകത്ത് എല്ലായിടത്തും ഒരേപോലെ പ്രചാരമുള്ള വസ്ത്രമാണു ജീൻസ് ആൻഡ് ഷർട്ട്. അഞ്ചു വയസ്സുള്ളവരും അറുപതു കഴിഞ്ഞവരും ഇതേ അഭിപ്രായമാണു പറഞ്ഞത്. നൈസ് ആൻഡ് ക്രിസ്പ് വൈറ്റ് ഷർട്ടിനൊപ്പം ബ്ലൂ ജീൻസാണ് എന്റെ ചോയ്സ്. ബ്യൂട്ടിഫുൾ ആൻഡ് ക്ലാസ്സി എന്നാണ് ഇതിനു ഞാൻ നൽകുന്ന നിർവചനം.
വ്യക്തിത്വമാണു സൗന്ദര്യം
സൈസ് സീറോയിൽ ഞാൻ വിശ്വസിക്കുന്നില്ല. ആവശ്യമുള്ളത്രയും ഭക്ഷണം കഴിക്കണം. അതിനൊപ്പം മികച്ച രീതിയിൽ വ്യായാമം ചെയ്യണം. വ്യക്തിത്വമാണ് സൗന്ദര്യമെന്നു ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾ നിങ്ങളെ എങ്ങനെയാണ് പ്രസന്റ് ചെയ്യുന്നത് എന്ന കാര്യം പ്രാധാന്യമർഹിക്കുന്നു. ഇതു പറയുമ്പോൾ മറ്റൊരു കാര്യം സൂചിപ്പിക്കാതെ വയ്യ. സ്ത്രീകൾ പരസ്പരം മറ്റു സ്ത്രീകളെ തമാശയ്ക്കു പോലും ബോഡി ഷെയ്മിങ് നടത്തരുത്.
ആത്മവിശ്വാസമാണു മെറിറ്റ്
പരസ്യത്തിൽ മോഡലായി നിൽക്കുന്ന പെൺകുട്ടിയുടെ വസ്ത്രം നിങ്ങൾക്ക് യോജിക്കണമെന്നില്ല. തലമുടി, ചർമം, ആറ്റിറ്റ്യൂഡ് എന്നീ കാര്യങ്ങൾ വിലയിരുത്തി അതുമായി യോജിക്കുന്ന വസ്ത്രമാണു തിരഞ്ഞെടുക്കേണ്ടത്. സൗന്ദര്യ മത്സര വേദിയിലേക്കു കടന്നു വരുന്ന പെൺകുട്ടികൾക്ക് ആത്മവിശ്വാസമാണു മെറിറ്റ്. മുഖസൗന്ദര്യത്തിനും ശരീരഭംഗിക്കും രണ്ടാം സ്ഥാനമേയുള്ളൂ. ഏറ്റവും ഭംഗിയുള്ളയാൾ എന്നു നിങ്ങൾ കരുതുന്ന പെൺകുട്ടി ആയിരിക്കില്ല ലോകസുന്ദരി മത്സരത്തിൽ കിരീടം അണിയാറുള്ളത്.
മിസ് യൂണിവേഴ്സാകാൻ
സാമൂഹിക നവോത്ഥാനം ലക്ഷ്യം വച്ചുകൊണ്ടാണ് മിസ് യൂണിവേഴ്സ് മത്സരം നടത്താറുള്ളത്. പരിസ്ഥിതി സംരക്ഷണം, എയ്ഡ്സ് ബോധവൽക്കരണം, ഭ്രൂണഹത്യാ നിരോധനം, ബാലവേല നിർമാർജനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ വിവിധ വർഷങ്ങളിലൂടെ അവതരിപ്പിച്ച് വിജയിപ്പിച്ചു.
മിസ് യൂണിവേഴ്സ് കിരീടം ലക്ഷ്യം വയ്ക്കുന്നവർ സൗന്ദര്യം പരിപാലിക്കുന്നതിനൊപ്പം സമൂഹത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കണം. കോൺഫിഡൻസ് വളർത്തിയെടുക്കണം. നിങ്ങളുടെ പ്രവർത്തനം ലോകം ചർച്ച ചെയ്തുവെങ്കിൽ യാത്ര ശരിയായ ദിശയിലാണ്.
ഇപ്പോൾ നിരവധി സ്ഥാപനങ്ങൾ സൗന്ദര്യമത്സരത്തിനു കോച്ചിങ് നൽകുന്നുണ്ട്. അംഗീകാരമുള്ള സ്ഥാപനങ്ങളും വേദികളും തിരഞ്ഞെടുക്കുക. അബദ്ധങ്ങളിൽ ചാടാതിരിക്കുക. നമ്മുടെ പെൺകുട്ടികൾ മിടുക്കികളാണ്. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധി അവർക്കുണ്ട്.
ഫാഷൻ ഗ്രൂമിങ്
പഴയ തലമുറയിലുള്ളവർക്ക് അമ്മമാരിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും ഗ്രൂമിങ് കിട്ടിയിട്ടുണ്ട്. അതിനൊരു സിലബസ് തയാറാക്കിയാൽ പ്രഫഷനൽ ഗ്രൂമിങ് ആയി. വ്യക്തി ശുചിത്വമാണ് ആദ്യപാഠം. തലമുടി, നഖം, പല്ലുകൾ എന്നിവ പരിപാലിക്കാനുള്ള പരിശീലനം നൽകണം.
വസ്ത്രം ധരിക്കുന്നത് നാണം മറയ്ക്കാൻ മാത്രമല്ല, വ്യക്തിത്വം പ്രകടിപ്പിക്കാൻ കൂടിയാണെന്നു ബോധ്യപ്പെടുത്തണം. ഏതു വസ്ത്രമായാലും അതു വൃത്തിയുള്ളതും സുഗന്ധമുള്ളതുമാകുമ്പോൾ സാമീപ്യം മറ്റുള്ളവർക്ക് അലോസരമുണ്ടാക്കില്ല. മനുഷ്യ സ്നേഹം, മര്യാദ എന്നിവയുടെ മൂല്യം ബോധ്യപ്പെടുത്തണം.
സുന്ദരിയാകാൻ ടിപ്സ്
വില കൂടിയ ഡ്രസ് നിർബന്ധമില്ല. ധരിക്കുന്ന വസ്ത്രം ഏതായാലും അതു വൃത്തിയുള്ളതാകണം. ഒരാളുടെ സാമീപ്യം മറ്റുള്ളവരെ ഗന്ധം കൊണ്ട് അസ്വസ്ഥമാക്കരുത്.
മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ, നിങ്ങൾ അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നുള്ള തിരിച്ചറിവുണ്ടാകണം. ശരീരം ഏതു രീതിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞ് വസ്ത്രങ്ങൾ വാങ്ങുക.
റാംപിൽ പുരുഷന്മാർ
ഫാഷൻ റാംപിൽ പുരുഷന്മാരുടെ ശുചിത്വം, വ്യക്തിപ്രഭാവം, വർത്തമാനത്തിലെ മാന്യത, പക്വത, നിലവാരം, ഹാസ്യബോധം, പരസ്പര ബഹുമാനം, പെരുമാറ്റം എന്നീ കാര്യങ്ങൾ പ്രധാനമാണ്. ഒരു ജീൻസും ടീ ഷർട്ടും മതി. അതു ധരിച്ചയാൾക്ക് നേരത്തേ പറഞ്ഞ ക്വാളിറ്റികൾ ഉണ്ടെങ്കിൽ അയാളെ ഇഷ്ടപ്പെടാതിരിക്കാൻ കാരണമെന്ത് ?
