‘എപ്പോഴും ഒരേ സ്റ്റൈൽ, ‘എനിക്ക് ഇതേ ചേരൂ’ എന്നു ധാരണ വേണ്ട’: ആർക്കും നേടാം ബാലൻസ്ഡ് ലുക്ക് Power Dressing: Make a Statement with Your Attire
Mail This Article
ചില വസ്ത്രം ധരിക്കുമ്പോൾ നന്നായി ഇണങ്ങുന്നുണ്ടല്ലോ എന്നു തോന്നാറില്ലേ. ശരീരാകൃതിക്ക് ചേരുംപടിയുള്ള വസ്ത്രങ്ങൾ അണിയുമ്പോഴാണ് ആ ഫീൽ തോന്നുന്നത്. ഷോൾഡർ, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ നൽകിയാൽ ഏതു തരം ശരീരാകൃതിയാണ് എന്നു പറഞ്ഞുതരുന്ന വെബ്സൈറ്റുകളുണ്ട്. ബോഡി ഷേപ് മനസ്സിലാക്കി ഡ്രസ്സ് ചെയ്താൽ ആർക്കും നേടാം ബാലൻസ്ഡ് ലുക്ക്.
∙ ട്രയാങ്കിൾ ശരീരാകൃതിയുള്ളവർക്ക് ഹിപ് അളവായിരിക്കും കൂടുതൽ. ലൈറ്റ് ഷേഡ് ടീഷർട്ടും ഡാർക് ഷേഡ് ബോട്ടവും ധരിച്ചാൽ പെർഫക്ട്. ഇളം നിറത്തിലുള്ള ബ്ലൗസ്സിനൊപ്പം കടുംനിറത്തിലുള്ള സാരി തിരഞ്ഞെടുക്കാം.
∙ തോൾ വിരിവ് കൂടുതലുള്ള ഇൻവേർട്ടഡ് ട്രയാങ്കിൾ ശരീരാകൃതിയുള്ളവർക്കു റൗണ്ട്, വി നെക് എന്നിവ തിരഞ്ഞെടുക്കാം. ടീഷർട്/ഷർട് ഒപ്പം ലെഗ്ഗിങ്സ് അണിയുന്നത് ഒഴിവാക്കുക.
∙ റൗണ്ട് ബോഡി ഷേപ് ഉള്ളവർക്കു വയറിന്റെ ഭാഗത്താകും അളവു കൂടുതൽ. റാപ് എറൗണ്ട് ടോപോ ഡ്രസ്സോ ധരിച്ചാൽ വയറുള്ളതായി തോന്നില്ല.
∙ എപ്പോഴും ഒരേ സ്റ്റൈൽ പിന്തുടർന്ന് ‘എനിക്ക് ഇതേ ചേരൂ’ എന്നു ധാരണയിൽ കംഫർട് സോണിൽ ഇരിക്കുന്നവരുണ്ട്. ഈ കംഫർട് സോണിനു പുറത്താകാം നിങ്ങളുടെ സ്റ്റൈൽ സോൺ. പരീക്ഷണം പേടിയാണെങ്കിൽ സ്റ്റൈലിസ്റ്റിന്റെ സഹായം തേടാം.
∙ നിറങ്ങൾ തമ്മിൽ കൂട്ടിയിണക്കുന്നതിൽ ഒളിഞ്ഞുകിടപ്പുണ്ട് സ്റ്റൈൽ സ്റ്റേറ്റ്മെന്റ്സ്. കളർ കോംബിനേഷൻസ് കണ്ടെത്താൻ കളർ വീലിനെ കൂട്ടുപിടിക്കാം. കളർ വീലിലെ എതിർദിശയിലുള്ളവ (കോംപ്ലിമെന്ററി കളേഴ്സ്), തൊട്ടടുത്തുള്ള നിറങ്ങൾ (അനലോഗ്), ഒരേ നിറത്തിന്റെ പല ഷേഡുകൾ (മോണോക്രൊമാറ്റിക്) എന്നിങ്ങനെയുള്ള കോംബോയിൽ വസ്ത്രം ധരിക്കാം.
∙ വസ്ത്രങ്ങളിൽ മാത്രമല്ല കളർ പെയറിങ്. റെഡ് ഡ്രസ്സിനൊപ്പം ഗ്രീൻ ജ്വല്ലറി, പർപ്പിൾ ഡ്രസ്സിനൊപ്പം യെല്ലോ ബാഗ് എന്നിങ്ങനെ ആഭരണങ്ങളും ആക്സസറികളും കോർത്തിണക്കാം.
വാഡ്രോബ് മിക്സ് വേണം
∙ എന്നും സ്റ്റൈലൈസ്ഡ് ആകാൻ ഒരുപാട് വസ്ത്രങ്ങൾ വേണ്ട. കാപ്സ്യൂൾ വാഡ്രോബ് മതി. കുറച്ചു വസ്ത്രങ്ങളും ആക്സസറികളും കൊണ്ടു കൂടുതൽ സ്റ്റൈൽ പരീക്ഷിക്കാം. ഉണരട്ടെ, ഉള്ളിലെ സ്റ്റൈലിസ്റ്റ്.
∙ ലെയറിങ് ആ ണ് കാപ്സ്യൂൾ വാഡ്രോബിന്റെ ര ഹസ്യം. ഇന്ന് ജീൻസിനൊപ്പം ടാങ്ക് ടോപ് അണിയാം. അടുത്ത ദിവസം ഈ ടാങ്ക് ടോപ്പിനു മേലെ സ്റ്റോൾ കൂടിയിടാം.
∙ പവർ ഡ്രസ്സിങ് ഒരു തന്ത്രമാണ്. ഒരാൾ സംസാരിക്കും മുൻപ് അയാൾ ധരിച്ചിരിക്കുന്ന വസ്ത്രം സംസാരിച്ചു തുടങ്ങുന്നുണ്ട്. ഒറ്റ നോട്ടത്തിൽ നിങ്ങൾ എന്താണ്? നിങ്ങളുടെ വ്യക്തിത്വം എങ്ങനെ? എന്നു തുടങ്ങി നേതൃപാടവവും ആത്മവിശ്വാസവും വരെ വസ്ത്രധാരണത്തിൽ നിന്നു വായിച്ചെടുക്കാനാകും. സോളിഡ് നിറങ്ങൾ, മിനിമൽ ജ്വല്ലറി, വ്യക്തിശുചിത്വം, ക്ലാസിക് ചെരുപ്പ് ഇങ്ങനെ തിരഞ്ഞെടുപ്പ് കൃത്യമാകണം.
∙ ആഴ്ചയിൽ ഒരു ദിവസം സാരി ഡേ ആക്കാം. സോഫ്റ്റ് കോട്ടൺ സാരികൾ ഉടുക്കാനും മെയ്ന്റെയ്ൻ ചെയ്യാനും എളുപ്പമാണ്. സാരി ബ്ലൗസായി ക്രോപ് ടോപ്സ് അണിയാം.
∙ സാരി ഉടുക്കാൻ അത്ര വശമില്ല, മുന്താണി പ്ലീറ്റ്സ് എടുക്കാനറിയില്ല... ടെൻഷൻ വേണ്ട. അലസമായി സാരി ധരിക്കുന്ന മെസ്സി സ്റ്റൈൽ നിങ്ങൾക്കു വേണ്ടിയുള്ളതാണ്.
∙ ഒറ്റനോട്ടത്തിൽ മുഖത്തിന്റെ ലുക്ക് മാറ്റാൻ ‘കാതു കുത്തിയാലോ’. സെക്കൻഡ് സ്റ്റഡ്, ഹെലിക്സ് സ്റ്റഡ്, ബുഗാഡി. കമ്മലുകൾക്ക് കാതിലിടുന്ന സ്ഥാനം അനുസരിച്ചു പേരുകൾ പലതാണ്. ഇവയെല്ലാം ട്രെൻഡിങ്ങുമാണ്.
∙ ബൊഹീമിയൻ സ്റ്റൈൽ ആണ് ജ്വല്ലറിയിലെ മറ്റൊരു തരംഗം. ഇന്ത്യൻ വെയറിനൊപ്പം ചേരുമെന്നതാണ് പ്ലസ് പോയിന്റ്. എത്‌നിക് വിത് മോഡേൺ ട്വിസ്റ്റ് എന്ന ഫാഷന്‍ മോട്ടോയാണ് നമ്മളിൽ കൂടുതൽ പേർക്കും ഇണങ്ങുക. മാറ്റ് ഗോൾഡ് വളയും കമ്മലുമൊക്കെ ഈ സ്റ്റൈലിനു ചേർന്നുനിൽക്കും.
∙ ബാഗ്, ചെരുപ്പ്, വാച്ച് ഇവയിൽ ബ്രാൻഡ് കോൺഷ്യസ് ആകുന്നതു നല്ലതാണ്. ബ്രൗൺ, ന്യൂഡ് ഷേഡുകളിലായാൽ ഒട്ടുമിക്ക വസ്ത്രങ്ങൾക്കൊപ്പവും ഇണങ്ങും.
പ്രായം തോന്നാത്ത മേക്കപ്
∙ പ്രായമേറുമ്പോൾ സ്വാഭാവികത തോന്നുന്ന, യുവത്വം തിളങ്ങുന്ന ന്യൂഡ് മേക്കപ്പാണ് നല്ലത്. ലിപ്സ്റ്റിക് നിറങ്ങളിലും ന്യൂഡ് ഷേഡ്സ് തിരഞ്ഞെടുക്കാം.
∙ ഐ മേക്കപ് അടിപൊളിയായാൽ മുഖത്തിന് ചെറുപ്പം കൂടും. കണ്ണിനു താഴ്‌വശത്തു കറുത്ത കാജൽ/ഐ പെൻസിലിനു പകരം ഡാർക് ബ്രൗൺ തിരഞ്ഞെടുക്കുക. പുരികത്തിന്റെ വളവിലും കണ്ണുകളുടെ ഇന്നർ കോർണറിലും ഹൈലൈറ്റർ ഉപയോഗിക്കുന്നതു കണ്ണുകൾക്കു ചെറുപ്പം നൽകും. വലുപ്പമുള്ള വിരിഞ്ഞ കണ്ണുകളും സ്വന്തമാകും.
∙ ഏതു മിനിമൽ മേക്കപ്പിലും കൺപീലികളിൽ മസ്കാര അണിഞ്ഞോളൂ. ഐ ലാഷ് പ്രൈമർ ഇട്ട ശേഷം മസ്കാര ഉപയോഗിച്ചാൽ ‘വൗ ലുക്’ നേടാം.
∙ സുഗന്ധവും സ്റ്റൈലിങ്ങിന്റെ ഭാഗമാണ്. കുളി കഴിഞ്ഞ് മോയിസ്ചറൈസർ പുരട്ടിയ ഉടൻ പെർഫ്യൂം ഉപയോഗിക്കുകയാണെങ്കിൽ മണം കൂടുതൽ സമയം നീണ്ടുനിൽക്കും. ചെവിയുടെ പുറകിൽ, കൈത്തണ്ട, കൈമടക്ക്, തോൾ, കാൽമുട്ടിനു പിന്നിൽ, കണങ്കാൽ എന്നീ പോയിന്റ്സിലാണ് പെർഫ്യൂം ഉപയോഗിക്കേണ്ടത്. മണം നന്നായി വ്യാപിക്കും.
