ADVERTISEMENT

ഈ ക്യൂട്ട് പർപ്പിൾ കാർട്ടാണ് ‘ഫിക്സ് മൈ ഫിറ്റ്’. എറണാകുളം കത്രിക്കടവിലുള്ള ഈ കുഞ്ഞൻ കാർട്ട് രണ്ടു മാസത്തിനുള്ളിൽ കൊച്ചിക്കാർക്കിടയിൽ സ്റ്റാറായി. കാർട്ടിന്റെ കഥയറിഞ്ഞാൽ നിങ്ങളും പറയും ‘ഇതുപോലൊന്നു ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ’ എന്ന്.

നിങ്ങളുടെ കുപ്പായങ്ങളുടെ അറ്റകുറ്റപണികളെല്ലാം ചെയ്തു തരുന്ന കാർട്ടാണിത്. അതും വെറും 15 മിനിറ്റിനുള്ളിൽ. ഝാർഖണ്ഡ് സ്വദേശിയായ സൊനാലി ഠാക്കൂറാണ് ഫിക്സ് മൈ ഫിറ്റ് എന്ന സ്റ്റാർട്ട് അപ്പിനു പിന്നിൽ. റെഡിമെയ്ഡ് ആയി വാങ്ങുന്ന വസ്ത്രങ്ങൾ ഓൾട്ടർ ചെയ്യാനുള്ള സൗകര്യം ലഭിക്കാതെ വന്നതോടെയാണ് ഫാഷൻ ഡിസൈനറായ സൊനാലി ഇത്തരം സംരംഭത്തെക്കുറിച്ചു ചിന്തിക്കുന്നത്. ഫിക്സ് മൈ ഫിറ്റിന്റെ കാർട്ടിലിരുന്നു തുന്നൽ യാത്രയെക്കുറിച്ചു സംസാരിക്കുമ്പോൾ സൊനാലിയുടെ മുഖത്തു വിജയച്ചിരി നിറഞ്ഞു.

ADVERTISEMENT

സിംപിളല്ല, ഓൾട്രേഷൻ

‘‘ഓൺലൈൻ ആയും റെഡിമെയ്ഡ് ആയും വസ്ത്രങ്ങൾ വാങ്ങുന്നവരാണ് ഇന്ന് അധികവും. എത്ര നോക്കി വാങ്ങിയാലും ചെറിയ മിനുക്കു പണികൾ ആവശ്യമായി വന്നേക്കാം. ഓൾട്രേഷനല്ലേയുള്ളൂ എന്നു തോന്നാമെങ്കിലും പുതുതായി ഒരു ഔട്ട്‌ഫിറ്റ് തുന്നിയെടുക്കുന്നതിനേക്കാൾ സമയവും അധ്വാനവും ഓൾട്രേഷനിൽ വേണം. എന്നാൽ പ്രതിഫലം വളരെ കുറവാണുതാനും. തയ്യൽക്കാരെയും തെറ്റു പറയാനാവില്ല.

ADVERTISEMENT

ഏങ്കിലും ഇതിനൊരു പരിഹാരമുണ്ടാകണമല്ലോ എന്ന ചിന്തയ്ക്കൊടുവിൽ വസ്ത്രങ്ങൾ ഓൾട്ടർ ചെയ്യുന്നതിനായി മാത്രം ഒരിടം എന്ന ആശയം മനസ്സിലേക്ക് എത്തി’’ കാർട്ടിന്റെ ഡിസൈൻ മുതൽ സ്റ്റാർട്ട് അപ്പിന്റെ ബ്രാൻഡിങ് വരെ എല്ലാം രൂപകല്പന ചെയ്തത് ഒറ്റയ്ക്കാണെന്നു പറയുമ്പോൾ സൊനാലിയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

‘‘കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് പ്രൊജക്ട് ഓൺ ആകുന്നത്. 2026 മാർച്ചിൽ ആദ്യ കാർട്ട് കത്രിക്കടവിൽ ലോഞ്ച് ചെയ്തു. വാക്ക് ഇൻ, പിക്ക് അപ് എന്നിങ്ങനെ രണ്ടു തരം സേവനങ്ങൾ ഞങ്ങൾ ഉറപ്പു നൽകുന്നു. വാക്ക് ഇൻ ആയി വരുന്നവർക്കു പതിനഞ്ച് മിനിറ്റിനുള്ളിൽ ബേസിക് ഓൾട്രേഷനുകൾ ചെയ്തു കൊടുക്കും. പിക്ക് അപ് ആണെങ്കിൽ കുറഞ്ഞതു മൂന്ന് ഔട്ട്ഫിറ്റ് എങ്കിലും ഉണ്ടാകണം എന്നൊരു നിബന്ധനയുണ്ട്. രണ്ടു മാസത്തിനുള്ളിൽ കൊച്ചി നൽകിയ സ്നേഹവും വിശ്വാസവുമാണ് മുന്നോട്ടു പോകാനുള്ള ഊർജം. കാക്കനാട്, തേവര, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ കൂടുതൽ കാർട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഫിക്സ് മൈ ഫിറ്റ്. ഓൾട്രേഷനു പുറമേ എക്സ്പ്രസ് സ്റ്റിച്ചിങ് സർവീസും ലഭ്യമാണ്.’’ സൊനാലി ചിരിച്ചു.

ADVERTISEMENT

15 വർഷം മുൻപ് വിനോദ സഞ്ചാരിയായി കേരളത്തിലെത്തിയ സൊനാലി ജീവിതവും സ്വപ്നങ്ങളും പടുത്തുയർത്തുന്നതിനായി കേരളം തിരഞ്ഞെടുത്തു. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള സൊനാലി കേരളം, തമിഴ്നാട് എന്നിവടങ്ങളിലെ പ്രമുഖ വസ്ത്രശാലകൾക്കായി വസ്ത്രങ്ങൾ നിർമിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെയും ടൂ ടൂ മാനിയ എന്ന ബ്രാൻഡിന്റെയും ഉടമയും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമാണ്.

പുരുഷന്മാർക്കും സ്വാഗതം

‘‘പതിവായി കേൾക്കുന്ന ചോദ്യമാണ് ‘നിങ്ങൾ ആണുങ്ങളുടെ ഡ്രസ്സും ഓൾട്ടർ ചെയ്യുമോ?’ എന്നത്. എല്ലാ പുരുഷന്മാരോടുമായി ഒന്നേ പറയാനുള്ളൂ... ഫിക്സ് മൈ ഫിറ്റിലേക്ക് സ്വാഗതം.’’ പൊട്ടിച്ചിരിയോടെ സൊനാലി പറഞ്ഞു. ‘‘ രണ്ടു മാസത്തിനുള്ളിൽ 1500 വസ്ത്രങ്ങൾക്കു ഞങ്ങൾ പുതുരൂപം നൽകി. അതിൽ നല്ലൊരു പങ്കും കീഴടക്കിയത് പുരുഷന്മാരുടെ ഷർട്ടുകളും കുർത്തിയും ജീൻസുമാണ്.

അമ്മയുടേയും ആൻറിയുടേയും വസ്ത്രങ്ങളുമായി എത്തുന്ന ജെൻ സി കുട്ടികൾ സന്തോഷം നൽകുന്ന കാഴ്ചയാണ്. പഴയ സൽവാറും ലെഹങ്കയും ജീൻസുമായി എത്തുന്നവർ വളരെ ട്രെൻഡി ആയിട്ടുള്ള വസ്ത്രങ്ങളുമായാണ് മടങ്ങുക. കുട്ടികളുടെ ക്രിയേറ്റിവിറ്റിക്കൊപ്പം നിൽക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. സസ്‌റ്റെയ്നബിൾ ഫാഷനെക്കുറിച്ചും നമ്മുടെ കുട്ടികൾക്കു നല്ല ധാരണയുണ്ട്. പുറത്തിടുന്ന വസ്ത്രങ്ങളെ നൈറ്റ് ഡ്രസ് ആക്കാൻ വരുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട് കൂട്ടത്തിൽ.

ഫാഷൻ മാറിമറിഞ്ഞു വരും എന്നതിനപ്പുറം അവയൊന്നും തുടച്ചു നീക്കപ്പെടുന്നില്ല. ഇന്ന് ട്രെൻഡിൽ നിന്നു മാറുന്ന വസ്ത്രം രണ്ടു വർഷത്തിനുള്ളിൽ ചെറിയ മേക്ക് ഓവറോടുകൂടി മടങ്ങിയെത്തുമെന്നു തീർച്ച. ഉദാഹരണത്തിന്. നമ്മുടെ അമ്മയും അമ്മൂമ്മയുമെല്ലാം ഉപയോഗിച്ചിരുന്ന പോൽക്കാ ഡോട്ടുകൾ നമ്മുടെ വാഡ്രോബിലുമില്ലേ?’’ പഴയ വസ്ത്രങ്ങൾക്ക് ഗുഡ് ബൈ പറയുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നതിൽ തെറ്റില്ലെന്നു പറയുന്നു സൊനാലി.

ഇത് അമ്മയ്ക്കുള്ള സമ്മാനം

‘‘എന്റെ അമ്മ ബിനോദ ഠാക്കൂർ നന്നായി തയ്ക്കുമായിരുന്നു. അമ്മ തയ്ച്ചു തരുന്ന ഉടുപ്പുകൾ മാത്രമേ കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്നുള്ളൂ എന്നതാണു സത്യം. അമ്മ തുന്നിത്തരുന്ന കുപ്പായങ്ങൾകൊണ്ട് ഈയടുത്ത കാലം വരെയും എന്റെ അലമാരകൾ നിറഞ്ഞിരുന്നു. രണ്ടു വർഷം മുൻപ് അമ്മ ഞങ്ങളെ വിട്ടുപോയി. ഇന്നു മകൾ നവ്യയ്ക്കും മകൻ ശൗര്യക്കുംവേണ്ടി കുപ്പായങ്ങൾ തുന്നുമ്പോഴെല്ലാം അമ്മയെ ഓർക്കും.

അമ്മയുടെ കഴിവ് ലോകം അറിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ നിറയുന്നൊരു ഭാരമുണ്ട്. അക്കാലത്തു ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾ ഫാഷൻ ലോകത്തേക്കു കടക്കുന്നതുപോയിട്ടു വീടിനു പുറത്തിറങ്ങി ജോലി ചെയ്യാനുള്ള സാഹചര്യംപോലും വിരളമായിരുന്നു. അച്ഛന്‍ സുബോദ് നാഥ് ഠാക്കൂർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. അമ്മയോടുള്ള ആദരസൂചകമായി സ്റ്റാർട്ട് അപ്പിൽ കൂടുതൽ വനിത ജീവനക്കാരെ ഉൾപ്പെടുത്തി. ജീവിതസാഹചര്യങ്ങൾകൊണ്ട് യൂണിറ്റിലോ കാർട്ടിലോ വന്നു ജോലിചെയ്യാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്ന് തയ്ക്കാം.

വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നവർക്ക് ഓൾട്ടർ ചെയ്യാനുള്ള വസ്ത്രങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കും. അളവുകളും കസ്റ്റമറുടെ ആവശ്യകതകളും വാട്സ്ആപിലൂടെ അവരെ അറിയിക്കും. ജോലിയിൽ പ്രവേശിക്കുന്നതിനുമുൻപ് എല്ലാവർക്കും ഞങ്ങൾ പരിശീലനം നൽകും. രണ്ടു മാസത്തിനുള്ളിൽ ഒന്‌പതോളം സ്ത്രീകൾക്കു ജീവിതമാർഗമൊരുക്കാൻ സാധിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.’’ പുതിയ ഓർഡറുകളുടെ തിരക്കുകളിലേക്കു കടക്കുന്നതിനു മുൻപായി സൊനാലി പറഞ്ഞു.

എന്നാലിനി ഒട്ടും വൈകണ്ട. വണ്ണം കൂടി, കുറഞ്ഞു, ബട്ടൺസ് പൊട്ടി, സ്ലീവ് വേണം തുടങ്ങി ഓരോരോ കാരണങ്ങൾ പറഞ്ഞ് മാറ്റിവച്ചിരിക്കുന്ന ആ പഴയ കുപ്പായങ്ങളില്ലേ? എല്ലാമെടുത്ത് ധൈര്യമായി ചെന്നോളൂ സൊനാലിയുടെ ഫിക്സ് മൈ ഫിറ്റിലേക്ക്.

The Success of 'Fix My Fit' in Ernakulam:

Fix My Fit, a unique purple cart in Kathrikkadavu, Ernakulam, has become a sensation in Kochi within two months by offering quick clothing alteration services. Founded by Jharkhand native Sonali Thakur, a fashion designer, the startup aims to provide accessible and speedy solutions for garment adjustments. Fix My Fit offers walk-in services for basic alterations within 15 minutes and pickup services for multiple outfits, with plans to expand to other locations in Kochi. The initiative also provides express stitching and prioritizes employing women, inspired by Sonali's mother, while also offering work-from-home opportunities for tailors.

ADVERTISEMENT