Monday 11 July 2022 04:00 PM IST

സിസേറിയനു പിന്നാലെ പിടികൂടുന്ന നടുവേദന, പിസിഒഡി, രോമവളർച്ച... തിരികെ നേടാം ഓജസും തേജസും

Rakhy Raz

Sub Editor

ayur-care-women

അവൾക്കിപ്പോൾ പഴയ ഓജസ്സും തേജസ്സുമൊന്നുമില്ല. എപ്പോഴും ഭയങ്കര ക്ഷീണം. ഇങ്ങനെ സഹതാപ കമന്റ് പാസാക്കി പോകുന്ന പലരും എന്താണ് അവൾ നേരിടുന്ന പ്രശ്നം എന്നു മനസ്സിലാക്കാറില്ല.

പ്രസവശേഷം നടത്തുന്ന ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ സ്ത്രീയുടെ ആ‌രോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധികൾ ആയുർവേദത്തിലുണ്ട്. സ്ത്രീരോഗവിഭാഗം സ്പെഷലൈസ് ചെയ്യുന്ന വിദഗ്ധ ആയുർവേദ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം. സ്ത്രീകളെ വലയ്ക്കുന്ന ചില പ്രധാനപ്രശ്നങ്ങളും അവയ്ക്കുള്ള ആയുർവേദ പരിഹാരവും.

നടുവേദന വലയ്ക്കുന്നുണ്ടോ ?

സിസേറിയൻ കഴിഞ്ഞ സ്ത്രീകളിൽ ഭൂരിപക്ഷത്തെയും പിൽക്കാലത്ത് അലട്ടുന്ന പ്രശ്നമാണ് നടുവേദന. 35–40 പ്രായത്തിൽ വിട്ടുമാറാത്ത നടുവേദന കൊണ്ട് വലയുന്നവർ ഏറെയാണ്. വേദന വരുന്നത് ഏതു പ്രായത്തിലായാലും നിസ്സാരമായി കാണരുത്. തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ ഫലപ്രദമായി പരിഹരിക്കാം. മതിയായ വിശ്രമവും പ്രധാനമാണ്.

ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്ന് വിധിയെഴുതിയ നടുവേദന ശാസ്ത്രീയ ആയുർവേദ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ട അനുഭവങ്ങൾ നിരവധി.

വേദന വരുന്ന വഴി

പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലാകാതിരിക്കുക, നീർവീഴ്ച, കശേരുക്കളുടെ തേയ്മാനം, ശ രീരത്തിൽ ജലാംശം കുറയുന്നത്, വീഴ്ചകൾ, അമിത അധ്വാനം, വിശ്രമവും വ്യായാമവും ഇല്ലാതിരിക്കൽ ഇവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം. ആർത്തവ വിരാമത്തോടെ സ്ത്രീകൾക്ക് ഈസ്ട്രജൻ സംരക്ഷണത്തിൽ കുറവു വരും. എല്ലുകളുടെ ദൃഢത ഉറപ്പാക്കുന്നതിൽ പ്രധാനിയാണ് ഈസ്ട്രജൻ ഹോർമോൺ. ഇതിലുണ്ടാകുന്ന വ്യതിയാനവും നടുവേദനയ്ക്ക് കാരണമാകാം.

അടിക്കടി ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ഗർഭാശയ അണുബാധയിലേക്ക് നയിക്കാം. ഇതോടൊപ്പം കടുത്ത നടുവേദനയും ഉണ്ടാകാം. രോഗമായും ലക്ഷണമായും വരുന്ന നടുവേദനയെ തെല്ലും അവഗണിക്കരുത്.

തുടക്കത്തിലേ അകറ്റാം

മറ്റൊരാൾക്ക് ഫലപ്രദമായി എന്നു കേൾക്കുന്ന ആയുർവേദ മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. വ്യക്തിയുടെ ശാരീരിക പ്രത്യേകതകളും നടുവേദനയുടെ കാരണവും മനസ്സിലാക്കിയാണ് ഡോക്ടർ ഔഷധം നിർദേശിക്കുന്നത്. അല്ലാതെ പറഞ്ഞറിഞ്ഞ മരുന്ന് സ്വയം പരീക്ഷിച്ചാൽ സ്ഥിതി വഷളാകാം.

ഔഷധങ്ങളോടൊപ്പം ആവശ്യാനുസരണം ലേപനങ്ങ ൾ, കിഴി, പിഴിച്ചിൽ, ധാര, വിരേചനം, വസ്തി എന്നിവയും ഉപയോഗിക്കും. വിരേചനം അഥവാ വയറിളക്കൽ നടുവേദനയ്ക്ക് വളരെയധികം ഫലപ്രദമായ ആയുർവേദ ചികിത്സയാണ്.

ഞരമ്പുകളെ ബലപ്പെടുത്താനുള്ള ചികിത്സയാണ് വസ്തി. ചികിത്സയോടൊപ്പം ഫിസിയോതെറപ്പിയും ചികിത്സയ്ക്ക് ശേഷം ഡോക്ടർ നിർദേശിക്കുന്ന യോഗാസനങ്ങളും കൃത്യമായി ചെയ്യുക.

ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ യുട്യൂബിലും മറ്റും നോക്കി യോഗാസനം ചെയ്യരുത്. അനുയോജ്യമല്ലാത്ത വ്യായാമമുറകൾ വിപരീതഫലം ഉണ്ടാക്കും.

മുടികൊഴിച്ചിൽ തടയാം

മുടികൊഴിച്ചിൽ സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്. അനാരോഗ്യകരമായ ഭക്ഷണം, ജീവിതശൈ ലി, സമ്മർദം, രോഗങ്ങൾ ഇവ മുടികൊഴിച്ചിലുണ്ടാക്കാം.

കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ, ചില റേഡിയേഷൻ തെറപ്പി, ആർത്തവവിരാമം തുടങ്ങി പല കാരണങ്ങളാൽ മുടിനാരുകളുടെ ആരോഗ്യം നഷ്ടപ്പെടാം. മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന് താരൻ ആണ്.

എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, അനാരോഗ്യകരമായ ഡയറ്റ്, അമിതമായി വെയിലും മഞ്ഞുമേൽക്കുക ഇവയും മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്.

പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം) ന്റെ ഭാഗമായും സ്ത്രീകളിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പിസിഒസ് പരിഹരിക്കലാണ് അതിന് പ്രതിവിധി. ഇതിന് ഫലപ്രദമായ ആയുർവേദ ചികിത്സാമാർഗങ്ങളുണ്ട്. അതിനുശേഷം ഡോക്ടറുടെ നിർദേശപ്രകാരം മുടിവളർച്ചയ്ക്ക് സഹായകരമായ എണ്ണകൾ ഉപയോഗിക്കാം.

മുടി വളരാൻ ഇലക്കറികൾ

ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കും. ബദാം പോലുള്ള നട്സ് പതിവായി കഴിക്കുന്നത് മുടികൊഴിച്ചിൽ ഒരുപരിധി വരെ തടയും.

മുടിയിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ലളിതമായ സംരക്ഷണ മാർഗമാണ്. മറ്റു രോഗാവസ്ഥകൾ ഒന്നുമില്ലെങ്കിൽ വെളിച്ചെണ്ണ അഞ്ച് മില്ലി എടുത്തു ചെറുതായി ചൂടാക്കി തലയിൽ 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം.

തലവേദന, മൈഗ്രേൻ, വാതരോഗങ്ങൾ എന്നിവ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള എണ്ണ തേയ്ക്കുന്നതായിരിക്കും നല്ലത്.

മുടി നാരുകളുടെ ആരോഗ്യം വീണ്ടെടുക്കാനും മുടിവേരുകൾക്ക് ബലം ലഭിക്കാനും മൂക്കിലുടെ തുള്ളി മരുന്ന് ഇറ്റിച്ചു കൊണ്ടുള്ള ചികിത്സയായ നസ്യം, ദുഷിച്ച രക്തം നീക്കം ചെയ്തുകൊണ്ടുള്ള ചികിത്സയായ പ്രച്ഛാനനം, ഔഷധ സസ്യങ്ങളിട്ടു തയാറാക്കിയ കഷായങ്ങൾ ഒഴിച്ചുള്ള ചികിത്സാ രീതിയായ പരിഷേകം, തലയിൽ എണ്ണതേച്ചുള്ള ചികിത്സയായ ശിരോ അഭ്യംഗം, ശിരോ പിചു എന്നീ ചികിത്സാ രീതികളാണ് ആയുർവേദം അവലംബിക്കുന്നത്. ഔഷധ എണ്ണയിൽ രോഗബാധിതമായ ശരീരഭാഗം കുതിർത്തുള്ള ചികിത്സയാണ് പിചു.

മുടികൊഴിച്ചിൽ തടയുകയും വളർച്ച വർധിപ്പിക്കുകയും ചെയ്യുന്ന ഹെയർപാക്കുകൾ ആയുർവേദത്തിൽ ഉണ്ട്. അതിനൊപ്പം കഴിക്കാനുള്ള ഔഷധങ്ങളും ഉണ്ടാകും.

മുടികൊഴിച്ചിൽ അല്ലെങ്കിൽ നര തുടങ്ങുമ്പോൾ തന്നെ ആയുർവേദ ചികിത്സ ആരംഭിച്ചാൽ മികച്ച ഫലം ലഭിക്കും. വൈകിയ വേളയിലായാലും ഉള്ള കറുത്ത മുടി നര ബാധിക്കാതെ സംരക്ഷിക്കാൻ ചികിത്സയിലൂടെ കഴിയും.

വ്യക്തിയുടെ ആരോഗ്യാവസ്ഥ, രോഗകാരണം എന്നിവ അനുസരിച്ച് ഓരോരുത്തർക്കും ഉപയോഗിക്കുന്ന എണ്ണകൾ, എണ്ണകളുടെ മിശ്രിതം, ഹെയർ പാക്കുകളുടെ മിശ്രിതം എന്നിവ വ്യത്യസ്തമായിരിക്കും. വിദഗ്ധ ചികിത്സകന്റെ സഹായം ഇതിന് അത്യാവശ്യമാണ്. ഡോക്ടർ നിർദേശിക്കുന്ന യോഗാസനങ്ങളും കൃത്യമായി ചെയ്യണം.

അമിത രോമവളർച്ച സൗന്ദര്യപ്രശ്നമല്ല

ചില സ്ത്രീകളിൽ പുരുഷന്മാരുടേതു പോലെയുള്ള രോമവളർച്ച ഉണ്ടാകാറുണ്ട്. ഇത് സൗന്ദര്യപ്രശ്നമെന്നതിനേക്കാൾ രോഗാവസ്ഥയായി വേണം മനസ്സിലാക്കാൻ.

ജനിതക– പാരമ്പര്യ ഘടകങ്ങൾ ആണ് ഏറ്റവും പ്രധാന കാരണം. തെറ്റായ ജീവിതശൈലി, വ്യായാമമില്ലായ്മ, മാനസിക സംഘർഷം, മറ്റു ഹോർമോൺ സംബന്ധമായ രോഗങ്ങൾ, ഗർഭനിരോധന ഗുളികയുടെ തെറ്റായ ഉപയോഗം ഇവ അമിതരോമവളർച്ചയ്ക്ക് കാരണമാകാം.

പുരുഷ ഹോർമോണുകൾ ശരീരത്തിൽ കൂടുതലാക്കുന്ന പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം) അമിത രോമവളർച്ചയുടെ പ്രധാന കാരണമാണ്.

പഠനങ്ങൾ പ്രകാരം അഞ്ചിലൊരു സ്ത്രീക്ക് പിസിഒഎസ് അനുബന്ധ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം.

മധുരം വേണ്ട

രോമവളർച്ച കൂടുതലുള്ളവർ മധുര ഉപയോഗം ഒഴിവാക്കണം. കൊഴുപ്പ് കൂടിയ ഭക്ഷണം കുറയ്ക്കുക, ദിവസേന മി തമായി വ്യായാമം ചെയ്യുക എന്നീ ജീവിതശൈലീ ക്രമീക രണങ്ങൾ കൃത്യമായി പാലിക്കണം. ശരീരഭാരം അമിതമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റിലൂടെ ഭാരം ആ രോഗ്യകരമാക്കണം. വമനം, വിരേചനം, വസ്തി, നസ്യം ഇവയിലൂടെ ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യാം.

ആയുർവേദം പിസിഒഎസിനെ ആർത്തവ ക്രമക്കേടായാണ് കണക്കാക്കുന്നത്. ശരീരത്തിലെ ത്രിദോഷങ്ങൾ (വാതം, പിത്തം, കഫം) സന്തുലിതാവസ്ഥയിലേക്ക് എത്തിക്കുകയും പൂർവസ്ഥിതി വീണ്ടെടുക്കുകയുമാണ് ആയുർവേദ മാർഗം. ശരീരത്തിന്റെ പ്രവർത്തന ക്ഷമത ക്രമമാകുന്നതോടെ അണ്ഡാശയങ്ങളും ഗർഭാശയവും അവയുടെ സ്വാഭാവിക കർമങ്ങളിലേക്ക് എത്തും.

പിസിഒഎസ് കൊണ്ടുള്ള മുടി കൊഴിച്ചിൽ, അമിതരോമവളർച്ച പോലെയുള്ള പ്രശ്നങ്ങൾ മാറുകയും ചെയ്യും.

തയാറാക്കിയത്: രാഖി റാസ്