Friday 05 July 2024 03:12 PM IST : By ശ്യാമ

മുതിർന്നവരിലെ എഡിഎച്ച്ഡി ലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം? പരിഹാര മാർഗങ്ങൾ എന്തെല്ലാം?

mennn658guhh

എനിക്ക് നാൽപ്പത്തിയൊന്നാം വയസ്സിലാണ് എഡിഎച്ച്ഡി ഉണ്ടെന്നു കണ്ടെത്താനായത് എന്ന് ഫഹദ് ഫാസിൽ ഈയിടെ തുറന്നു പറയുകയുണ്ടായി. ‌പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു വേണ്ട വൈദ്യസഹായം എടുക്കാൻ ഇത്തരം തുറന്നു പറച്ചിലുകൾ സമൂഹത്തെ സഹായിക്കും.

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഈ അവസ്ഥ സാധാരണയായി കുട്ടികളിൽ ഉണ്ടാകുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ  മുതിർന്നവർക്കും ഉണ്ടാകുമെന്നതു പലർക്കും പുത്തൻ അ റിവായി. ഇതേ തുടർന്ന് ചില പുതിയ ചർച്ചകളും നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു.

മുതിർന്നവരിലെ എഡിഎച്ച്ഡി (Attention deficit hyper activity disorder) അതു ബാധിച്ചിട്ടുള്ളവർ പോ ലും അറിയണമെന്നില്ല. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പലതരം പ്രശ്നങ്ങളാൽ അവർ വലയുമ്പോൾ പോലും. മുതിർന്നവരിലെ എഡിഎച്ച്ഡി ലക്ഷണങ്ങൾ കൃത്യമായി അറിയാനും അതുണ്ടെങ്കിലും നിയന്ത്രിച്ച് നിർത്താനും വഴികളുണ്ട്.

മുതിർന്നവരിലെ എഡിഎച്ച്ഡി വലിയൊരു കാലയളവിലേക്കു തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ കാരണം എന്താണ്?

എ‍‍ഡിഎച്ച്‍‍ഡിയുടെ ലക്ഷണങ്ങൾ പലരിലും  പ ലതരത്തിലാണ്. പ്രധാനമായും എ‍‍ഡിഎച്ച്‍‍ഡി മൂന്ന് തരത്തിലാണ്. ശ്രദ്ധക്കുറവുള്ളത്. അമിത പ്രസരിപ്പുള്ളത് (ഹൈപ്പർആക്ടിവിറ്റി). ഇവ രണ്ടും ചേർന്നത്. ഇതിൽ തന്നെ പെൺകുട്ടികളുടെ കാര്യത്തിൽ പലപ്പോഴും ഹൈപ്പർആക്ടിവിറ്റി കൂടുതൽ കാണാറില്ല. ശ്രദ്ധക്കുറവാണു കൂടുതൽ പ്രകടമാകുന്നത്. അതു പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. അവർ പൊതുവേ അധികം സംസാരിക്കില്ല, പഠനത്തിൽ ചിലപ്പോൾ കുറച്ചു പിന്നിലായിരിക്കാം. എന്നിരുന്നാലും തിരിച്ചറിയപ്പെടാറില്ല. ഹൈപ്പർ ആകുമ്പോഴാണ് ഈ അവസ്ഥ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുന്നത്.

അങ്ങനെ ചെറുപ്പത്തിൽ തിരിച്ചറിയാതെ പോകുന്ന ഈ പ്രശ്നം അവർ മുതിരുമ്പോൾ മറ്റു പല കുഴപ്പങ്ങളും വരുത്തി വയ്ക്കും. ബന്ധങ്ങളുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സംഘടനാപരമായ വിഷമതകൾ, ഏകാഗ്രതയില്ലായ്മ, ജോലിസ്ഥലത്തെ ബന്ധങ്ങള്‍ മോശമാകുക തുടങ്ങിയവ യെല്ലാം അതിൽ പെടും.

ബുദ്ധിശാലികളാണെങ്കിൽ അതുകൊണ്ടു ത ന്നെ ബാക്കി കാര്യങ്ങളിലെ പോരായ്കളിൽ ഇളവ് കിട്ടാം. എഡിഎച്ച്‌ഡി ലക്ഷണങ്ങൾ അവഗണിക്കപ്പെടാം. ഇവർ മുതിരുമ്പോഴാണു കുഴപ്പങ്ങൾ നേരിടേണ്ടി വരിക.

ഇത്തരക്കാർ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയും സ്വഭാവവൈകല്യങ്ങളോ ബൈപോളാർ ഡിസോഡറോ വരാനുള്ള സാധ്യതയും കൂടുതലാണ്.

എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ എന്തൊക്കെ?

ലക്ഷണങ്ങൾ ഒാരോ വ്യക്തികൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും അലക്ഷ്യമായ രീതികളായിരിക്കും ഇവർക്കുണ്ടാകുക. എല്ലാ കാര്യവും ക്രമമായി ചെയ്തു പോകാൻ ബുദ്ധിമുട്ട് ഉണ്ടാകും.

∙ പല പ്രശ്നങ്ങൾ വന്നാൽ അതു ഘട്ടം ഘട്ടമായി നേരിടാനും ഏത് ആദ്യം അഭിമുഖീകരിക്കണം എന്നു നിശ്ചയിക്കാനും സാധിക്കാതെ വരാം.

∙ ഏറ്റവും ബുദ്ധിമുട്ടു വരുന്നതു ബന്ധങ്ങളുടെ കാര്യത്തിലാണ്. ജോലി സ്ഥലത്ത്, സൗഹൃദത്തിൽ, വൈവാഹിക ജീവിതത്തിലൊക്കെ ആളുകളുമായി ഇടപഴകാൻ ബുദ്ധിമുട്ടു വരാം. അക്ഷമ കൊണ്ടോ എടുത്തുചാട്ടം കൊണ്ടോ വരുന്ന പ്രശ്നങ്ങളാകാം. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കാം. ഒരാളുമായി സംസാരിക്കുമ്പോൾ ഇവർ ചിലപ്പോൾ അശ്രദ്ധമായി നിൽക്കും പോലെ തോന്നാം. ഇപ്പുറത്തുള്ള ആൾക്കത് അവഗണനയായി തോന്നാം. ‌

∙ ഇവർക്കു മിക്ക കാര്യങ്ങളും പെട്ടെന്നു ബോറടിക്കും.

∙ മറ്റുള്ളവർ സംസാരിക്കുന്നതിനിടയ്ക്ക് അവരെ മുറിച്ച് സംസാരിക്കുന്ന രീതിയുണ്ടാകാം. ഒപ്പമുള്ളവർക്ക് ഇവർ ഉ ത്തരവാദിത്തമില്ലാത്തവരാണെന്നും തങ്ങളെ തീരെ കെയർ ചെയ്യുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്നുമൊക്കെ തോന്നും.

∙ ഇവർക്കു ‌ഏകാഗ്രതക്കുറവാണ്ടാകാം. അതുകൊണ്ട് ത ന്നെ എപ്പോഴും ഒരു സംഭ്രമാവസ്ഥ ഉണ്ടായേക്കാം. കൃത്യസമയത്ത് ടാർഗറ്റ് അനുസരിച്ച് ജോലികൾ ചെയ്തു തീർക്കാന്‍ ചിലർക്കു സാധിച്ചെന്നും വരില്ല.

∙ സമയമെടുത്തു ചെയ്യേണ്ട ജോലികൾ, ക്യൂ നിൽക്കുക, ശ്രദ്ധയോടെ കേൾക്കേണ്ട കാര്യങ്ങൾ ഇതെല്ലാം ഇവരെ ബുദ്ധിമുട്ടിലാക്കാം.  

∙ എപ്പോഴും വെപ്രാളമായിരിക്കും. കാര്യങ്ങളുടെ വിശദാംശങ്ങൾ വിട്ടുപോകാം.

∙ ചില സമയത്ത് ഹൈപ്പർ ആക്ടീവ് ആയിരിക്കും. ഒരിടത്തു കുറേ നേരം ഇരിക്കാൻ പറ്റില്ല. കയ്യും കാലും ഒക്കെ എപ്പോഴും ചലിപ്പിച്ചുകൊണ്ടിരിക്കും.

∙ എന്തെങ്കിലും സംഭവം നടന്നാൽ അതേക്കുറിച്ചു തന്നെ തുടർച്ചയായി ആലോചിച്ചുകൊണ്ടിരിക്കും. പെട്ടെന്നു മൂഡ് സ്വിങ്സ്, ദേഷ്യം, വിഷാദം ഇവ വരാം.

∙ ഇഷ്ടമുള്ള കാര്യമാണെങ്കിൽ ഏകാഗ്രതയോടു കൂടി ചുറ്റുമുള്ള ലോകം തന്നെ മറന്ന് അതിൽ മുഴുകിയിരിക്കും.

∙ മിക്ക സ്ഥലത്തും വൈകിയെത്തുക, കാര്യങ്ങൾ പിന്നത്തേക്കു വയ്ക്കുക, അവസാന നിമിഷത്തേക്കു വയ്ക്കുക ഒക്കെ ഇവരിൽ ചിലരുടെ രീതിയാകാം.   

∙ ചിലർക്കു മറവിപ്രശ്നങ്ങളുണ്ടാകും. ചിലർക്കു നല്ല ഓർമശക്തിയായിരിക്കും.

∙ മുൻപിൻ ആലോചിക്കാതെ എടുത്തു ചാടും. അതു വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കും. ഉദാഹരണത്തിന് മാർക്കറ്റിൽ പോയാൽ ഉദ്ദേശിച്ചിരുന്നതിലും വളരെയധികം സാധനങ്ങൾ വാങ്ങും.

adhdd546ybjik0000 ഡോ. നീന ഷെലിൻ, ഡവലപ്മെന്റൽ പീഡിയാട്രീഷൻ, സൺറൈസ് ഹോസ്പിറ്റൽ, കൊച്ചി

എഡിഎച്ച്ഡി തന്നെയാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

എഡിഎച്ച്ഡി തിരിച്ചറിയാനുള്ള പ്രത്യേകം തരം പരിശോധനകളുണ്ട്. ഡിഎസ്എം 5 ക്രൈറ്റീരിയ വച്ചുള്ള ചോദ്യങ്ങളും അതിനനുസരിച്ചുള്ള സ്കോറും ഉണ്ട്. അതു വിശകലനം ചെയ്താണ് എഡിഎച്ച്ഡി ആണോ എന്നും അതിൽ ഏതു തരമാണ് എന്നും ഒക്കെ മനസ്സിലാക്കുന്നത്.

എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ ആറു മാസമെങ്കിലും നീണ്ടു നിൽക്കണം. എന്നാലാണ് സാധാരണ ഗതിയിൽ വിദഗ്ധ പരിശോധന നടത്തുക. കൂടാതെ ഒരാളുടെ ദൈനംദിന സാമൂഹിക – ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നതായിട്ടാണ് എഡിഎച്ച്ഡിയെ അടയാളപ്പെടുത്തുന്നത്. അത് നിയന്ത്രിച്ചു നിർത്താനാണു ചികിത്സകളും മറ്റ് ജീവിതരീതി പരിഷ്കരണങ്ങളും നിർദേശിക്കുന്നതും.

എഡിഎച്ച്ഡി ഉള്ളവർക്കുള്ള ചികിത്സകൾ എന്തൊക്കെ?

പ്രധാനമായും ജനിതകപരമായിട്ടാണ് എഡിഎച്ച്ഡി വരിക. ഓരോരുത്തരുടേയും മാനസിക നിലവാരമനുസരിച്ച് ചികിത്സ വ്യത്യാസപ്പെടും. കുട്ടികൾക്കാണെങ്കിൽ ബിഹേവിയറൽ തെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി എന്നിവ വഴിയാണ് പ്രശ്നത്തെ വരുതിയിൽ നിർത്താൻ നോക്കുക.

മുതിർന്നവരിലാകുമ്പോൾ ചെറുപ്പം മുതലേയുള്ള ല ക്ഷണങ്ങൾ ഇത്രയും നാൾ അവർക്കൊപ്പം നിന്നിട്ടു ചിലപ്പോൾ വഷളായിട്ടുണ്ടാകാം. അതുകൊണ്ട് ബിഹേവിയറൽ തെറപിയും കൗൺസലിങ്ങും മാത്രം കൊണ്ട് ഫലം കണ്ടെന്നു വരില്ല. മരുന്നുകൾ കഴിക്കേണ്ടി വരും.

ജനിതകപരമായിട്ടല്ലാതെ എഡിഎച്ച്ഡി വരുന്നതു ജീവിതശൈലിയിലെ വ്യത്യാസങ്ങൾ കൊണ്ടാകാം. ഹൈപ്പർ ആക്റ്റിവിറ്റി വരുത്തുന്ന ജങ്ക് ഫൂഡ്സ്, അതിമധുരമുള്ള ജ്യൂസുകളും ഏരിയേറ്റഡ് പാനീയങ്ങളും, മധുരപലഹാരങ്ങൾ, ടേസ്റ്റ് മേക്കേഴ്സ് ചേര്‍ന്ന കറുമുറെപലഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഇതെല്ലാം കാരണമാകാം.

അതുപോലെ തന്നെയാണു പരിധിയില്ലാത്ത ഗാഡ്ജറ്റ് ഉപയോഗം. ഗെയ്മിങ് സ്ഥിരമാക്കുമ്പോൾ എപ്പോഴും സമ്മാനങ്ങളും സ്ഥാനമാനങ്ങളും കിട്ടും. അതിനോടു  തലച്ചോറ് പൊരുത്തപ്പെട്ടു പോകും. അതു പെട്ടെന്നു കിട്ടാതെയാകുമ്പോൾ ദേഷ്യം,  പിരിപിരുപ്പ് തുടങ്ങിയവയും വരാം.

ബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നതിനു കാരണമാകാറുണ്ടോ?

മുതിർന്നവരിൽ എഡിഎച്ച്ഡി ഉണ്ടാകുമ്പോൾ കുടുംബത്തിൽ പലരും നിഷേധാത്മക സമീപനമാണ് എടുക്കുക. ചില സമയത്ത് കുടുബത്തിലുള്ള മറ്റുള്ളവർ ഇത്തരമൊരു അവസ്ഥ തന്റെ ബന്ധുവിനുണ്ടെന്നു സമ്മതിക്കാൻ തന്നെ മടിക്കും.

എന്തോ പ്രശ്നമുണ്ടല്ലോ എന്നു തോന്നിയാലും പല തരം സാമൂഹിക സമ്മർദം കൊണ്ട് അതു ചികിത്സി ക്കാനോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയെടുക്കാനോ അവയുള്ള വ്യക്തികൾ പോലും ശ്രമിക്കാറില്ല.

ഒരാൾക്കു തുടർച്ചയായി ബന്ധങ്ങളിൽ അസ്വസ്ഥത അനുഭവിക്കേണ്ടി വന്നാൽ എഡിഎച്ച്ഡിയുണ്ടോ എന്ന് പരിശോധിക്കുന്നതു നന്നായിരിക്കും.

പെട്ടെന്നു ദേഷ്യം വരിക, ചില കാര്യങ്ങൾ ഇന്ന രീതിയിൽ തന്നെ നടക്കണമെന്നു വാശിപിടിക്കുക, എപ്പോഴും അലക്ഷ്യമായി പെരുമാറുക, സാധനങ്ങൾ കളഞ്ഞിട്ടു വരിക, പിരുപിരിപ്പ്, സ്ഥിരമായി പേടിപ്പെടുത്തുന്ന പോലെ വാഹനമോടിക്കുക തുടങ്ങിയവയൊക്കെയുണ്ടെങ്കിൽ പരിശോധിച്ചു നോക്കാവുന്നതാണ്.

കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ സ്കൂളിൽ നിന്നെങ്കിലും പറഞ്ഞു തിരിച്ചറിയാനാകും. മുതിരുമ്പോൾ അങ്ങനെ മനസ്സിലാകണമെന്നില്ല. വീട്ടുകാർക്കോ വളരെ അടുപ്പമുള്ളവർക്കോ തിരിച്ചറിയാൻ സാധിച്ചേക്കും. ആദ്യപടിയായി കൗൺസലിങ്ങിനു പോകുക. മാറ്റമില്ലെങ്കിൽ മരുന്നുകൾ സ്വീകരിക്കാം.

എങ്ങനെ നിയന്ത്രിക്കാം?

∙ എഡിഎച്ച്ഡി ഉള്ളവർക്കു ചെയ്യാനിഷ്ടമുള്ള കാര്യങ്ങളുണ്ടാകും – സ്പോർട്സ്, ബേക്കിങ് പോലുള്ള കാര്യങ്ങ ൾ തുടങ്ങി പലതുമാകാം.

∙ നിർബന്ധിച്ച് ഒന്നും ചെയ്യിക്കാൻ ശ്രമിക്കേണ്ട. ഇഷ്ടമുള്ളതിലേക്കു ശ്രദ്ധ തിരിച്ചു വിടാം. വ്യായാമം, കലാപരമായ കാര്യങ്ങൾ എന്നിങ്ങനെ അഭിരുചി ഉള്ളത് പരീക്ഷിക്കാം.

∙ ചിലർ സ്വയം ചികിത്സിക്കാനും മരുന്നു കഴിക്കാനും ശ്രമിക്കും. അതു മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കാം.

∙ മദ്യം, പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയിൽ നിന്നു പൂർണമായും അകന്നു നിൽക്കണം. ഇവർ പെട്ടെന്ന് അതിന് അടിമപ്പെട്ടു പോകാം. ആ തിരിച്ചറിവോടെ വേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ.  

∙ തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റേഴ്സിന്റെ താളം തെറ്റൽ  കൊണ്ടാണു എഡിഎച്ച്ഡി വരുന്നത്. മരുന്ന് കൃത്യമായി കഴിക്കുന്നത് വഴി അതു നിയന്ത്രിച്ചു നിർത്താൻ സാധിക്കും. മുടങ്ങിയാൽ പഴയപടി ആകുകയും ചെയ്യും. മുതിർന്നവരിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

എഡിഎച്ച്ഡി പലതരം

മുതിർന്നവരിലെ എഡിഎച്ച്ഡി പ്രധാനമായും മൂന്നായി തരം തിരിച്ചിട്ടുണ്ട്.

ഇൻ അറ്റന്റീവ് ADHD: ശ്രദ്ധിക്കാൻ സാധിക്കാതെ വരിക, സംഭ്രമം ഒക്കെയാണ് പ്രധാന ലക്ഷണങ്ങൾ.  ഇത്തരക്കാർക്ക് അടുക്കും ചിട്ടയും പൊതുവേ കുറവായിരിക്കും സാധനങ്ങൾ കളഞ്ഞു പോകുക, നിർദേശങ്ങൾ പാലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ഇതിന്റെ സവിശേഷതയാണ്.

ഹൈപ്പർആക്ടീവ്/ഇംപൾസീവ് ADHD: ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിക്കുക, അമിതമായി പ്രതികരിക്കുക, അടങ്ങിയിരിക്കാനാകാതെ വരിക, ധാരാളം സംസാരിക്കുക, കാത്തിരിക്കാൻ ക്ഷമയില്ലാതാകുക ഒക്കെയാണ് പ്രധാന ലക്ഷണങ്ങൾ.

ആളുകളെ സ്ഥിരമായി അവരുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നോ സംസാരിക്കുന്നതിൽ നിന്നോ തടസപ്പെടുത്തുന്നതും ഇത്തരക്കാരുടെ രീതിയാണ്.

കംപൈൻഡ് ADHD: ഇതാണു പൊതുവായി കാണുന്ന തരം എഡിഎച്ച്ഡി. ഇതിൽ മുകളിൽ പറഞ്ഞ രണ്ട് വിഭാഗത്തിന്റെയും ലക്ഷണങ്ങൾ കലർന്നു വരാം.

കടപ്പാട്: ഡോ. നീന ഷെലിൻ, ഡവലപ്മെന്റൽ പീഡിയാട്രീഷൻ, സൺറൈസ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Health Tips
  • Glam Up