"എന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം കൊടുത്തശേഷം 80 കിലോയായിരുന്നു ഭാരം. പിന്നീടത് 54 കിലോയാക്കി ചുരുക്കി. ഇപ്പോഴത് 52 കിലോയാണ്."- അമിതവണ്ണം കുറച്ച ഒരു വീട്ടമ്മയുടെ വാക്കുകളാണിത്. പ്രസവശേഷം അമിതവണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രചോദനമാണ് ഈ വാക്കുകൾ. പണ്ടത്തെ ആകാരഭംഗി നഷ്ടപ്പെട്ടു പോയല്ലോ എന്നോർത്ത് ഡിപ്രഷൻ അനുഭവിക്കുന്നവർക്ക് അഞ്ചു സിമ്പിൾ വ്യായാമങ്ങൾ പരിചയപ്പെടുത്തുന്നു. ദിവസവും ചെയ്തു നോക്കൂ, മികച്ച റിസൾട്ട് ലഭിക്കുന്നത് ആഴ്ചകൾക്കുള്ളിൽ തിരിച്ചറിയാം.
1. പ്ലാങ്ക്സ്
വയർ ചുരുങ്ങാൻ മികച്ച വ്യായാമമാണ് പ്ലാങ്ക്. ദിവസവും ആറു മുതൽ എട്ടു മിനിറ്റ് വരെ പ്ലാങ്ക് ചെയ്യാം. 30 സെക്കന്റ് ബ്രേക്ക് എടുത്തു കൊണ്ടാണ് പ്ലാങ്ക് ചെയ്യേണ്ടത്. ഓരോ ബ്രേക്കിന് ശേഷവും ആവർത്തിച്ചു ചെയ്യുക.
2. പടിക്കെട്ടുകൾ കയറാം
ലിഫ്റ്റ് ഒഴിവാക്കി പടിക്കെട്ടുകൾ കയറുന്നത് അടിവയറ്റിലെയും അരക്കെട്ടിലെയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. രണ്ടു സ്റ്റെയറുകൾ ദിവസവും 15 തവണ കയറുക. ഇടയ്ക്കു 20 മിനിറ്റ് ബ്രേക്ക് എടുത്തുകൊണ്ടുവേണം സ്റ്റെയറുകൾ കയറാൻ.
3. സ്കിപ്പിങ്
കുട്ടിക്കാലത്ത് സ്കിപ്പിങ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ സ്‌കിപ്പിങിനെ വെറുമൊരു കുട്ടിക്കളിയായി മാത്രം കാണേണ്ട. ശരീരത്തിലെ മുഴുവൻ കൊഴുപ്പും ഒരുപോലെ എരിച്ചുകളയുന്ന നല്ലൊരു വ്യായാമം കൂടിയാണ് ഇത്. ദിവസവും 100 മുതൽ 150 വരെ തവണ ചാടാം.
4. ക്രഞ്ചസ് വ്യായാമങ്ങള്‍
വയര്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലത് ക്രഞ്ചസ് വ്യായാമങ്ങളാണ്. എന്നാൽ ആദ്യം ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെങ്കിലും മുടങ്ങാതെ ക്രഞ്ചസ് ചെയ്‌താൽ ഗുണം ഉറപ്പാണ്. ക്രഞ്ചസ് തന്നെ പല തരമുണ്ട്. വയറിന്റെ മസിലുകള്‍ക്ക് ആയാസം നല്‍കി വയര്‍ കുറയ്ക്കുമെന്നതാണ് ഇതിന്റെ ഗുണം. എന്നാൽ സാധാരണ ക്രഞ്ചസ് വ്യായാമങ്ങള്‍ ചെയ്യാന്‍ അധികം ബുദ്ധിമുട്ടില്ല. നിലത്തു മലര്‍ന്നുകിടന്ന് കൈകള്‍ തലയ്ക്കടിയില്‍ പിടിച്ച് വയറ്റിലെ മസിലുകളില്‍ മര്‍ദം കൊടുത്തു നിവരുകയും കിടക്കുകയുമാണ് ചെയ്യേണ്ടത്. ദിവസവും 12 വീതമുള്ള മൂന്ന് സെറ്റ് ചെയ്യാം.
5. ട്വിസ്റ്റ്സ്
വയറിലെ പേശികള്‍ക്ക് മൊത്തത്തില്‍ ആയാസം നൽകുന്ന വര്‍ക്ക്ഔട്ടാണ് ട്വിസ്റ്റ്‌സ്. കാലുകള്‍ അല്പം അകറ്റി നിവര്‍ന്നുനില്‍ക്കുക. കൈകള്‍ വശങ്ങളിലേക്ക് നീട്ടിപ്പിടിക്കുക. നിവര്‍ത്തിയ കൈകളോളം നീളമുള്ള, ഭാരം കുറഞ്ഞ ഒരു വടി തോളിലും കൈകളിലുമായി ചേര്‍ത്തു പിടിച്ച് കാലുറപ്പിച്ച് നിന്ന് ഇരുവശങ്ങളിലേക്കും തിരിയുന്നതാണ് ഈ വ്യായാമം. ട്വിസ്റ്റ്‌സ് തന്നെ പലവിധത്തില്‍ ചെയ്യാറുണ്ട്. വീട്ടിൽ ചെയ്യാൻ കഴിയുന്ന അനുയോജ്യമായ ട്വിസ്റ്റ്സ് തിരഞ്ഞെടുക്കാം.