Friday 10 December 2021 03:25 PM IST : By സ്വന്തം ലേഖകൻ

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ ഒരാഴ്ചയ്ക്കുള്ളിൽ മാറും; ഫലം ഉറപ്പായ ആറു പ്രതിവിധികൾ ഇതാ

hair-lossayurvvvv556677

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രസവം. ശരീരവും മനസ്സുമെല്ലാം ദുർബലമായി പോകുന്ന അവസ്ഥ. നൂറുകൂട്ടം ചോദ്യങ്ങളും സംശയങ്ങളും ശാരീരിക വിഷമതകളുമായായിരിക്കും അക്കാലത്ത് സ്ത്രീയെ വേട്ടയാടുന്നത്. എന്നാൽ പ്രസവശേഷം ഈ അവസ്ഥയ്ക്ക് ഒരയവ് വരും. പക്ഷെ, സ്ത്രീകളുടെ ശരീരം പഴയ ആരോഗ്യത്തിലേക്ക് തിരികെയെത്താൻ പിന്നെയും കാലതാമസം എടുക്കും. ഇതുമൂലം ഇക്കാലയളവിൽ സ്ത്രീകൾ കടുത്ത ഡിപ്രഷനും ടെൻഷനുമെല്ലാം അനുഭവിക്കാറുണ്ട്. ഇങ്ങനെ ടെൻഷൻ കൂടുമ്പോൾ മുടിയാണ് ആദ്യം പൊഴിഞ്ഞു തുടങ്ങുക. തലയണയിലും ബെഡ് ഷീറ്റിലും വസ്ത്രങ്ങളിലുമെല്ലാം മുടി പൊഴിഞ്ഞു കിടക്കുന്നത് കാണുമ്പോൾ സങ്കടം ഇരട്ടിക്കും. ഇത്തരം സാഹചര്യങ്ങളിൽ മുടി കൊഴിച്ചിൽ തടയാൻ നാടൻ ചികിത്സയാണ് നല്ലത്. ഫലം ഉറപ്പായ ആറു പ്രതിവിധികൾ താഴെ പറയുന്നു.  

1. ഉലുവ 

നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് ഉലുവ. ഇതിൽ ധാരാളം പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. മുടിയുടെ വേരു തൊട്ട് ഉറപ്പ് നൽകുകയും വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ് ഇവ. ഇതുകൂടാതെ മുടിയ്ക്ക് നല്ല കണ്ടീഷനിങ് നൽകാനും ഉലുവ പേസ്റ്റ് നല്ലതാണ്. ഒന്നു- രണ്ടു സ്പൂൺ ഉലുവ വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. രാവിലെ അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. രണ്ടു- മൂന്നു മണിക്കൂറിനു ശേഷം ഷാംബൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി കളയാം. 

2. മുട്ടയുടെ വെള്ള 

പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. ഇതുകൂടാതെ ബയോട്ടിൻ, വൈറ്റമിൻ ബി തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാൻ ഉത്തമമാണിത്. മുട്ട കഴിക്കുന്നതിനേക്കാൾ നല്ലതാണ് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുന്നത്. ഒരു മുട്ട പൊടിച്ച് ബൗളിൽ ഒഴിച്ചശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് ഇളക്കി കൊടുക്കുക. നന്നായി മിക്സ് ചെയ്തശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം വീര്യം ഷാംബൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഒരാഴ്ച ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മികച്ച റിസൾട്ട് ലഭിക്കും.

3. ആര്യവേപ്പില 

മികച്ച ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ആര്യവേപ്പില. ആര്യവേപ്പിന്റെ ചുവട്ടിൽ നിന്നാൽ പോലും രോഗശാന്തിയുണ്ടാകും എന്നാണ് പഴമക്കാർ പറയാറ്. ബാക്ടീരിയ- ഫങ്ഗൽ ഇൻഫെക്ഷൻ, താരൻ എന്നിവയെ തടയാൻ ഉത്തമമാണ് ആര്യവേപ്പില. മികച്ച അണുനാശിനിയായ ആര്യവേപ്പില മുടിയുടെ വളർച്ച വർധിപ്പിക്കും. ഒരു പാത്രത്തിൽ നിശ്ചിത അളവിൽ വെള്ളമെടുത്ത് അതിൽ ആര്യവേപ്പിലയിട്ട് തിളപ്പിച്ച് വെള്ളം പകുതിയാക്കി മാറ്റുക. പിന്നീട് വെള്ളം തണുപ്പിച്ച ശേഷം അതിൽ മുടി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം കിട്ടും. 

4. അലോവേര 

വീട്ടിലെ പൂച്ചട്ടിയിൽ വളർത്താവുന്ന മികച്ച സസ്യമാണ് അലോവേര. ഇതിന്റെ തടിച്ച പുറംതോട് മാറ്റുമ്പോൾ കിട്ടുന്ന മാംസളമായ ജെൽ രൂപത്തിലുള്ള ഭാഗമാണ് മുടിയുടെ പരിപാലനത്തിനായി ഉപയോഗിക്കാറ്. അലോവേര ജെല്ലിൽ ധാരാളമായി പോളിസാക്കറൈഡ്സ്, ഗ്ലൈക്കോ പ്രോട്ടീൻസ്‌ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടി വളർച്ചയ്ക്കും, മുടി പട്ടുപോലെ തിളങ്ങാനും ഉത്തമമാണ്. ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ അലോവേര ജെൽ എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം തീവ്രത കുറഞ്ഞ ഷാംബൂ ഉപയോഗിച്ച് കഴുകിക്കളയാം.  

5. കടുകെണ്ണ 

കടുകെണ്ണ എന്ന് കേൾക്കുമ്പോഴേ നെറ്റി ചുളിക്കേണ്ട. അത്ര നല്ല മണമല്ലെങ്കിലും ഗുണങ്ങളിൽ സമ്പന്നമാണ് കടുകെണ്ണ. വിറ്റാമിനുകളായ A, D, E, K എന്നിവയും അത്യാവശ്യ മിനറൽസുകളായ സെലീനിയം, സിങ്ക്, ബീറ്റാ-കൊറോട്ടിൻ എന്നിവയും ധാരാളമായി കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ഫലപ്രദമായ സൗന്ദര്യവർദ്ധക എണ്ണയാണ് കടുകെണ്ണ. മുടിയുടെ വേര് മുതൽ ബലം നൽകി കൊഴിച്ചിൽ തടയുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. രാത്രി ഒരു പാനിൽ ആവശ്യത്തിന് കടുകെണ്ണ എടുത്ത് ചൂടാക്കി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. രണ്ടു മണിക്കൂർ കഴിഞ്ഞു കഴുകി കളയാം. അല്ലെങ്കിൽ രാവിലെ തീവ്രത കുറഞ്ഞ ഷാംബൂ ഉപയോഗിച്ച് കഴുകി കളഞ്ഞാലും മതി. ഒരാഴ്ച തുടർച്ചയായി ചെയ്‌താൽ മികച്ച മാറ്റങ്ങൾ അടുത്തറിയാൻ കഴിയും.  

6. സവാള ജ്യൂസ് 

സവാള ജ്യൂസ് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സൾഫർ മുടിയുടെ കരുത്ത് കൂട്ടി വളർച്ചയെ ത്വരിതപ്പെടുത്തും. തലയോട്ടിയിൽ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത് പൂർണ്ണമായും മാറ്റിയെടുക്കാൻ സവാള ജ്യൂസിന് കഴിയും. രണ്ടു ടേബിൾ സ്പൂൺ സവാള ജ്യൂസിൽ ഒരു ടീസ്പൂൺ തേൻ ചേർക്കുക. നന്നായി മിക്സ് ചെയ്തശേഷം തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. പിന്നീട് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്. 

Tags:
  • Health Tips
  • Glam Up