Saturday 14 March 2020 03:38 PM IST : By സ്വന്തം ലേഖകൻ

പ്രമേഹം സൗന്ദര്യം നഷ്ടപ്പെടുത്തുന്നത് തടയാൻ കഴിയുമോ? ചികിത്സയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം

vgctefyerhgieryy ഡോ. ജ്യോതിദേവ് കേശവദേവ്, കൺസൽറ്റന്റ് ഡയബറ്റോളജിസ്റ്റ്, ചെയർമാൻ, ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റേഴ്സ്, തിരുവനന്തപുരം

പ്രതീക്ഷകളുടെ അവസാനമല്ല പ്രമേഹം. ആരോഗ്യം മാത്രമല്ല അഴകിന്റെ മാധുര്യവും കവർന്നെടുക്കുന്ന രോഗമെന്ന ഭീതിയും പലർക്കുമുണ്ട്. ഒരിക്കൽ വന്നാൽ പിന്നെ, ഒരുകാലത്തും മാറില്ല എന്നാണ് പൊതുവേയുള്ള വിശ്വാസം. മാറിയ കാലത്തിനൊപ്പം പ്രമേഹ ചികിത്സയിലും വലിയമാറ്റങ്ങൾ ഉണ്ടായി. രക്തത്തിലെ പഞ്ചസാര നില നിയന്ത്രിച്ചു നിർത്തൽ മാത്രമാണ് പ്രമേഹ ചികിത്സ എന്ന സങ്കൽപം തന്നെ മാറി. സൗന്ദര്യത്തെ പ്രമേഹം ബാധിക്കാതിരിക്കാനും രോഗത്തിന്റെ അലട്ടലുകൾ കുറയ്ക്കാനുമുള്ള പുത്തൻ മാർഗങ്ങൾ അറിയാം.

പ്രമേഹം ഒരിക്കൽ പിടിപെട്ടാൽ മാറ്റാനാകില്ല എന്നു കേട്ടിട്ടുണ്ട്. തുടക്കത്തിൽ കുറച്ചുനാൾ ഇൻസുലിൻ കുത്തിവയ്പ് എടുത്താ ൽ കുറച്ചു വർഷങ്ങളിലേക്കെങ്കിലും രോഗം മാറ്റിനിർത്താനാകില്ലേ ?

ശരിയാണ്. പക്ഷേ, വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണിതെന്നു മാത്രം. ടൈപ്പ് 2 പ്രമേഹം ഒരാളെ പിടികൂടുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഹോർമോണായ  ഇൻസുലിന്റെ പ്രവർത്തനക്ഷമത 50 ശതമാനമെങ്കിലും കുറയുമ്പോഴാണ്. പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങളാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്. 50 മുതൽ 70 ശതമാനം വരെ നഷ്ടപ്പെട്ടു കഴിഞ്ഞ, ബീറ്റാകോശങ്ങളുടെ പ്രവർത്തനത്തെ അൽപമെങ്കിലും ഉത്തേജിപ്പിക്കാൻ കഴിഞ്ഞാൽ അതു വലിയ ആശ്വാസം നൽകും. അതിനായി പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് വിശ്രമം ലഭിക്കണം. ഇൻസുലിൻ ഇൻജക്‌ഷനോ ലിറാ ഗ്ലൂട്ടൈഡ് ഇൻജക്‌ഷനോ നൽകുമ്പോൾ ക്ഷീണ ഘട്ടത്തിലെത്തിയ ബീറ്റാ കോശങ്ങളുടെ വർക് ലോഡ് കുറയും.

ഗുളിക മാത്രം നൽകി പ്രമേഹ ചികിത്സയ്ക്കു തുടക്കമിട്ടാൽ ബീറ്റാ കോശങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല. പല മരുന്നുകളും ബീറ്റാ കോശങ്ങളിലെ ഇൻസുലിൻ ഉൽപാദന ശേഷി വർധിപ്പിക്കാനുള്ളതാണ്. രക്തത്തിലെ പഞ്ചസാര നില കുറയുമ്പോൾ പ്രമേഹം നിയന്ത്രണ വിധേയമായി എന്നു നമ്മൾ കരുതും. പക്ഷേ, ക്ഷീണാവസ്ഥയിൽ  ഉള്ള ഈ അധികജോലി പാൻക്രിയാസിന്റെ പ്രവർത്തനക്ഷമത അതിവേഗം കുറയ്ക്കും. പിന്നെ, കൂടിയ അളവിൽ ഉള്ള ഇൻസുലിൻ കുത്തിവയ്പിലേക്ക് മാറേണ്ടതായി വരാം.

ആരംഭത്തിലേ കുറച്ചു മാസങ്ങൾ എങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം ഇൻസുലിൻ എടുത്താൽ പ്രമേഹം  നിയ ന്ത്രണത്തിലാക്കാം. പ്രമേഹം അപ്രത്യക്ഷമാവുകയോ അ ല്ലെങ്കിൽ താരതമ്യേന ചെലവ് കുറഞ്ഞ ഔഷധങ്ങൾ ചെറിയ അളവിൽ ഉപയോഗിച്ചാൽ മതിയെന്ന നില കൈവരിക്കാനും കഴിയും. എങ്കിലും എല്ലാവർക്കും തുടക്കത്തിെല ഇൻസുലിൻ ചികിത്സ സ്വീകാര്യമല്ല. മറ്റു പ്രമേഹ ചികിത്സാരീതികൾ ആരംഭിക്കുന്നതിനു മുൻപാണെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. മാത്രമല്ല, കുത്തിവയ്പുകൾ ജാഗ്രതയോടെ ചെയ്യേണ്ടതാണ്. രോഗിയുടെ അവസ്ഥ പഠിച്ച് ഡോക്ടർ നിർദേശിക്കുന്നതു പോലെ മാത്രം വേണം കുത്തിവയ്പ്പിലേക്ക് കടക്കാൻ. അല്ലാത്ത പക്ഷം അപകടങ്ങൾക്കു കാരണമാകാം.

ജോലിയുെട പ്രത്യേകത കൊണ്ട്  കടുത്ത മാനസിക പിരിമുറുക്കമുണ്ട്. ഉറക്കവും കുറവാണ്. ഇത്  പ്രമേഹത്തിനു കാരണമാകുമോ?

ടൈപ്പ് 2 പ്രമേഹത്തിന് അമിതവണ്ണവും വ്യായാമക്കുറവും മാത്രമല്ല കാരണമാകുക. പ്രധാന കാരണങ്ങളിൽ ചിലതാണ് മാനസിക സംഘർഷവും  ഉറക്കക്കുറവും. മാനസിക സംഘർഷം ഉണ്ടാകുമ്പോൾ ശരീരത്തിൽ രൂപപ്പെടുന്ന പിരിമുറുക്ക ഹോർമോണുകൾ പ്രമേഹ സാധ്യത കൂട്ടും. എല്ലാവരുടെയും ശരീരത്തിന് ഒരു ഉറക്ക – ഉണർവ് താളക്രമം (സർക്കേഡിയൻ റിഥം) ഉണ്ട്. ഇതിനുണ്ടാകുന്ന എന്തു മാറ്റവും പ്രമേഹ സാധ്യത കൂട്ടും. ഉറങ്ങാൻ വൈകുന്നവരിലും ഉറക്കത്തിനു തടസ്സം വരുന്നവരിലും പ്രമേഹസാധ്യത കൂടുന്നത് അതു കൊണ്ടാണ്.

മലയാളികളിൽ  ഇപ്പോൾ ശരാശരി 35 വയസ്സാകുമ്പോഴേക്കും പ്രമേഹമെത്തുന്നു. പിരിമുറുക്കവും ഉറക്കക്കുറവും ആ രോഗ്യപരമായ മാനസിക ഉല്ലാസത്തിനുള്ള സാഹചര്യം  ഇല്ലാത്തതുമാണ് ഇതിനു കാരണം.

‘എന്താണ് ടൈം ഇൻ ടാർഗറ്റ് (Time in Target)’ എന്ന  പുതിയ പ്രമേഹ പരിശോധന?  ഇതുകൊണ്ട് എന്താണ് പ്രയോജനം?

പ്രമേഹ ചികിത്സയിൽ മൂന്നു മാസത്തിലെ പഞ്ചസാരയുടെ ശരാശരി കണ്ടുപിടിക്കുന്നതിന്  HbA1c എന്ന പരിശോധന നിർബന്ധമാണ്.  HbA1c, രോഗിയുടെ പ്രായത്തെയും അനുബന്ധരോഗങ്ങളെയും ആശ്രയിച്ചാണ് എത്രവരെ ആകാം എ ന്നു തീരുമാനിക്കുന്നത്.  എന്നാൽ പുതിയതായി രൂപീകരിച്ച  രീതിയാണ് ടൈം ഇൻ ടാർഗറ്റ് അഥവാ ടൈം ഇൻ റേഞ്ച്.  

നമ്മുടെ എല്ലാവരുടെയും രക്തത്തിലെ പഞ്ചസാരനില അ നുനിമിഷം മാറിക്കൊണ്ടിരിക്കും. പ്രമേഹരോഗിയല്ലാത്ത ഒരു വ്യക്തിയിൽ ഈ ഷുഗർനിലയിലെ ഏറ്റക്കുറച്ചിൽ നിശ്ചിത പരിധിക്കുള്ളിലായിരിക്കും. പ്രമേഹരോഗികളിൽ ഒരു പരിധിക്കു മുകളിലേക്കോ താഴേക്കോ ഷുഗർനില പോകുന്നത് സാധാരണമാണ്. പ്രമേഹരോഗിയുടെ ഷുഗർനില ദിവസം എത്രത്തോളം സമയം അനുവദനീയ പരിധിക്ക് ഉള്ളിൽ തന്നെയായിരുന്നു എന്നു മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ രീതി.

HbA1c നോർമൽ ആയവരിൽ പോലും പഞ്ചസാരനില താഴ്ന്ന് (ഹൈപ്പോ ഗ്ലൈസീമിയ) അപകടങ്ങൾ ഉണ്ടാകാറുണ്ട്. അതു കൊണ്ടാണ് ടൈം ഇൻ ടാർഗറ്റ്  കൂടി പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  പ്രമേഹത്തിന്റെ  തീവ്രത കണക്കാക്കി ഒരു വർഷത്തിൽ രണ്ടോ അതിലധികമോ പ്രാവശ്യം തുടർച്ചയായി ഗ്ലൂക്കോസ് നിരീക്ഷണം (CGM-Continuous Glucose Monitoring) നടത്തിയാണ് ടൈം ഇൻ ടാർഗറ്റ്  കണ്ടു പിടിക്കുന്നത്

ദീർഘകാലമായി ഉപയോഗിച്ച് പാർശ്വഫലങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കിയ മരുന്നുകളല്ലേ നല്ലത്? പുതിയ മരുന്നുകൾ മിക്കതും അപകടകാ‍രികളല്ലേ?

ഏതു രോഗത്തിനും പുതിയ ഒൗഷധങ്ങൾ എത്തുമ്പോൾ ‘അത് എന്നിൽ പരീക്ഷിക്കുകയാണല്ലേ’ എന്നു  ‍ഡോക്ടറോടു ചോദിക്കുന്ന  രോഗികളുണ്ട്.  ഇത് ഒട്ടും ശരിയല്ല. മൂന്നോ നാലോ ലെവൽ പരീക്ഷണങ്ങൾ കടന്നാണ് ഒരു മരുന്ന് രോഗികൾക്ക് നൽകുന്ന ഘട്ടത്തിൽ എത്തുന്നത്. ഏകദേശം പത്തുവർഷ കാലയളവിലെ പരീക്ഷണ നിരീക്ഷണങ്ങൾ കടന്ന് രോഗചികിത്സയ്ക്ക് സുരക്ഷിതം എന്ന ഉറപ്പ് നേടിയ മരുന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. പലപ്പോഴും അമേരിക്കയിലും മറ്റും ലക്ഷക്കണക്കിനു രോഗികൾ വർഷങ്ങളോളം ഉപയോഗിച്ച ശേഷമാണ് പല മരുന്നുകളും  ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തുന്നത്. ആർക്കൊക്കെ ഉപയോഗിക്കാം ആർക്കൊക്കെ ഉപയോഗിക്കാൻ പാടില്ല, ഗുണമേന്മ, പാർശ്വഫലങ്ങൾ എന്നിവയെല്ലാം നന്നായി പഠിച്ച ശേഷമാണ് വിദഗ്ധർ ഇതിന് അംഗീകാരം നൽകുന്നത്.  പഴയ ഔഷധങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതത്വം എന്നത് കണക്കാക്കിയാൽ പുതിയ മരുന്നുകൾ തന്നെയാണ് മെച്ചം.

ഭർത്താവിനു പ്രമേഹം വന്നിട്ട് 10 വർഷമേ ആയിട്ടുള്ളൂ.  പഞ്ചസാര നിയന്ത്രണ വിധേയമാണ്.  പക്ഷേ, ഇപ്പോൾ ലൈംഗികബന്ധം സാധിക്കുന്നില്ല. ഇതു പ്രമേഹം കാരണമോ?

പ്രമേഹം പിടിപെട്ടശേഷമുള്ള ആദ്യത്തെ 10 വർഷങ്ങൾ പലപ്പോഴും  അസുഖ ലക്ഷണങ്ങൾ ഉണ്ടാകില്ല. ഈ കാരണത്താൽ ശരിയായ ചികിത്സ തേടാൻ മിക്കവരും മടിക്കും. പ്രമേഹംപിടിപെട്ട സമയത്തുള്ള ആദ്യകാല ചികിത്സകൾ വളരെ നിർണായകമാണ് എന്ന് പഠനങ്ങൾ  തെളിയിച്ചിട്ടുണ്ട്.  തുടക്കത്തിലേ തന്നെ എല്ലാം പഴുതുകളും അടച്ചുകൊണ്ടുള്ള ചികിത്സാവിധികൾ അല്ല പ്രമേഹത്തിന് സ്വീകരിക്കുന്നതെങ്കിൽ 90 ശതമാനം പുരുഷന്മാർക്കും ലൈംഗികശേഷിക്കുറവ് അനുഭവപ്പെടാം. പ്രമേഹം രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമാണ്. പഞ്ചസാര നിയന്ത്രിക്കുന്നതിനോടൊപ്പം, ഒാരോ രോഗിയുടെയും പ്രത്യേകതകൾ കണ്ടെത്തി, അനുബന്ധ രോഗങ്ങൾ തടയാനുള്ള ഔഷധങ്ങൾ വേണ്ടിവരും.  രക്തത്തിലെ കൊളസ്ട്രോളും രക്താതിസമ്മർദവും പ്രമേഹരോഗികൾക്ക് മറ്റുള്ളവരേക്കാൾ കുറവേ ആകാവൂ. അതിനാൽ ഉദ്ധാരണശക്തിയിൽ കുറവുണ്ടെങ്കിൽ അതു ഡോക്ടറുമായി തുറന്നു സംസാരിക്കുക.

12 വയസ്സുള്ള മകൾ ടൈപ് 1 പ്രമേഹബാധിതയാണ്. ഇൻസുലിൻ പമ്പോ ഇൻജക്‌ഷനോ അല്ലാതെ ലോകത്തെവിടെയെങ്കിലും ഇതു ചികിത്സിച്ചു മാറ്റാനുള്ള ശസ്ത്രക്രിയ ഉണ്ടാകുമോ?

പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ പരിപൂർണമായി നശിച്ചു പോകുന്ന അവസ്ഥയാണ് ടൈപ് 1 ഡയബറ്റിസ്.  കുഞ്ഞുങ്ങളിലാണ് അധികം കാണുന്നതെങ്കിലും ഏതു പ്രായത്തിൽ വേണമെങ്കിലും ടൈപ്പ് 1 ഡയബറ്റിസ് വരാം. ഏറ്റവും കുറഞ്ഞത് ഒരു ദിവസം നാലു കുത്തിവയ്പുകൾ അല്ലെങ്കിൽ ഇൻസുലിൻ പമ്പ് വേണ്ടിവരും. ഒപ്പം ഒരു ദിവസം കുറഞ്ഞത്  ആറ് പ്രാവശ്യമെങ്കിലും രക്തം പരിശോധിക്കണം.  ശരിയായ ചികിത്സ വൈകുംതോറും കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിനും ഭീഷണിയാകും.  ഇതിനു കാരണം രക്തത്തിലെ പഞ്ചസാരയുടെ ക്രമാതീതമായ ഉയർച്ചയും  താഴ്ചയുമാണ്.

ടൈപ്പ് 1 പ്രമേഹം ചികിത്സിക്കാൻ പാൻക്രിയസ് മാറ്റിവയ്ക്കൽ തുടങ്ങി ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ പൂർണമായി വിജയിച്ചിട്ടില്ല. ഗ്ലൂക്കോസ് സെൻസേഴ്സുമായി ബന്ധിപ്പിക്കാവുന്ന ഇൻസുലിൻ പമ്പുകൾ തന്നെയാണ് നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാവിധിയായി കരുതുന്നത്.  ശസ്ത്രക്രിയാ മാർഗങ്ങൾ അല്ല.

shutterstock_150533705

പ്രമേഹം ചികിത്സിക്കാൻ വില കുറഞ്ഞ മരുന്നുകളുണ്ടല്ലോ, പിന്നെന്തിനാണ് വില കൂടിയ പുതിയ മരുന്നുകൾ? ചികിത്സ ഒരു ബിസിനസായതിന്റെ സൂചന അല്ലേ ഇത്?

വർഷങ്ങൾക്കു മുൻപ് പ്രമേഹം ചികിത്സിക്കാൻ ഇൻസുലിൻ ഉൾപ്പെടെ നാല് മരുന്നുകളേ ഉണ്ടായിരുന്നുള്ളൂ. പതിയെ പ്രമേഹം ജീവിതശൈലി രോഗം എന്ന നിലയിൽ ചെറുപ്പക്കാരി ലേക്കു വ്യാപിച്ചു. പക്ഷാഘാതം ഹൃദയാഘാതം, അകാലവാ ർധക്യം, ഡയാലിസിസ്, പാദവ്രണങ്ങൾ, അന്ധത, ക്ഷയരോഗം, അർബുദം അങ്ങനെ പല രോഗങ്ങളിലേക്കുമുള്ള വാതിലായി പ്രമേഹം മാറാം.

പുതിയ മരുന്നുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ മാത്രമായിട്ടുള്ളതല്ല. പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കുക, ഹൃദയവും വൃക്കയും സംരക്ഷിക്കുക, പഞ്ചസാര നില കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കുക, തുടങ്ങി ഒട്ടേറെ ഉദ്ദേശങ്ങൾ അവയ്ക്കുണ്ട്.

ഓരോ രോഗിയുടെയും ‘പ്രമേഹത്തിനു പുറമേയുള്ള അ സുഖങ്ങൾ  എന്തൊക്കെ എന്നു കണ്ടെത്തി അതിനനുസരിച്ച് ഔഷധങ്ങൾ തിരഞ്ഞെടുക്കുന്നതാണ്’ ഏറ്റവും  മികച്ച പ്രമേഹചികിത്സാ നിർദേശം.

പ്രമേഹത്തിന് ഇൻസുലിൻ മാത്രം എടുത്താൽ പോരേ?  അപ്പോൾ ഗു ളികകൾ കഴിക്കേണ്ടല്ലോ? ഗുളിക നി ർത്തിയാൽ കുഴപ്പമുണ്ടോ?

ടൈപ്പ് 2 പ്രമേഹം ഇൻസുലിന്റെ കുറവുകൊണ്ടു മാത്രം വരുന്ന രോഗമല്ല.  അതു വരാൻ ഒരു ഡസനിലേറെ കാരണങ്ങൾ ഉണ്ട്്. ഇൻസുലിൻ,  ടൈപ്പ് 2 പ്രമേഹത്തിന് ഏറ്റവും നല്ല ഔഷധമാണെന്നത് ശരിയാണ്. പക്ഷേ, ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഇൻസുലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഗ്ലൂക്കോസ് തീരെ കുറഞ്ഞു  പോകാതിരിക്കുന്നതിനും പ്രമേഹം കാരണം രോഗം വന്നേക്കാവുന്ന പ്രധാനപ്പെട്ട മറ്റു അവയവങ്ങളെ സംരക്ഷിക്കുന്നതിനും  ഗുളികകളും ഒപ്പം വേണ്ടിവരും.

പ്രമേഹരോഗികൾക്ക് രോഗത്തെക്കുറിച്ചുള്ള ശരിയായ അ റിവ് ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഡോക്ടർ  നിർദേശിക്കുന്ന പല ഗുളികകളും സ്വയം നിർത്തുന്നതു പതിവാണ്. വൃക്കയ്ക്കും കരളിനും ഹൃദയത്തിനും മറ്റും രോഗങ്ങൾ വരുന്നത് ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ കാരണമായല്ല, മറിച്ച്  പ‍ഞ്ചസാരയ്ക്കും കൊഴുപ്പിനും രക്താതിസമ്മർദത്തിനും ഉള്ള ഔ ഷധങ്ങൾ ശരിയായി ഉപയോഗിക്കാത്തതു കൊണ്ടാണ്.

ഗ്ലൂക്കോമീറ്ററിൽ ആണോ ലാബിലാണോ രക്തം പരിശോധിക്കേണ്ടത്. ഏതാണ് കൂടുതൽ കൃത്യമായി റിസൽറ്റ് തരുന്നത്?

ലാബ് ആണെങ്കിലും ഗ്ലൂക്കോമീറ്റർ ആണെങ്കിലും ഏതു ഉപകരണത്തിലാണ് പരിശോധിക്കുന്നത്, രക്തം കുത്തിയെടുക്കുന്ന വിധം  എന്നിവയെ ആശ്രയിച്ചായിരിക്കും പരിശോധന ഫലത്തിന്റെ കൃത്യത. രാവിലെ ഉറക്കമെഴുന്നേറ്റ ഉടൻ നടത്തുന്ന  രക്തപരിശോധനയാണ് ഫാസ്റ്റിങ് ഷുഗർ. സാധാരണ കഴിക്കുന്ന ഭക്ഷണം  കഴിച്ച് 2 മണിക്കൂറിനുശേഷവും പരിശോധന നടത്തണം. രാത്രി കിടന്നുറങ്ങുന്നതിനു തൊട്ടു മുൻപുള്ളതാണ് ബെഡ് ടൈം ഗ്ലൂക്കോസ്.  

ഗ്ലൂക്കോമീറ്ററിൽ  സ്വയം രക്തപരിശോധന നടത്താതെ ഇ തൊന്നും എളുപ്പമായിരിക്കില്ല എന്നതാണ് സത്യം. ഗ്ലൂക്കോമീറ്റർ തിരഞ്ഞെടുക്കുമ്പോൾ വിലക്കുറവിന് പിന്നാലെ പോകാതെ  മികച്ചത് തിരഞ്ഞടുക്കാൻ ശ്രദ്ധിക്കണം.

സൗന്ദര്യം നഷ്ടമാക്കുന്ന രോഗമാണ് പ്രമേഹം എന്നത് സത്യമാണോ?

ചെറുപ്പത്തിലേ പ്രമേഹം പിടിപെടുമ്പോൾ ആർക്കും സൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്. പലരും പ്രമേഹ രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതു തന്നെ ‘തീരെ ക്ഷീണിച്ചുപോയല്ലോ’എന്നു സൃഹൃത്തുക്കൾ പറയുമ്പോഴായിരിക്കും.  

അനിയന്ത്രിതമായ പ്രമേഹം ശരീരത്തെ ക്ഷീണിപ്പിക്കും. ഇന്‍സുലിൻ കുത്തിവയ്പുകൾ ആ ക്ഷീണഭാവം മാറ്റും. പ്രമേഹ ചികിത്സ, സൗന്ദര്യം നഷ്ടപ്പെടുത്താതിരിക്കാൻ അതീവ  ശ്രദ്ധയോടെ ഔഷധങ്ങൾ ഉപയോഗിക്കണം. മുഖം ഉൾപ്പെടെ ശരീരഭാഗങ്ങളിലെ സൗന്ദര്യം നിലനിർത്തുന്നതിന് ആവശ്യമായ വ്യായാമം മുടക്കം കൂടാതെ ചെയ്യണം.

തിരക്കുകൾക്കിടയിൽ പലർക്കും പ്രമേഹം ശ്രദ്ധയോടെ നിരീക്ഷിച്ച് ചികിത്സിക്കാൻ കഴിയാതെ വരാറുണ്ട്.  30, 40 വയസ്സിന് ഇടയിലാണ് പ്രമേഹം പിടിപെടുന്നതെങ്കിൽ അസുഖലക്ഷണങ്ങൾ നോക്കിയല്ല ചികിത്സ തേടേണ്ടത്. കാരണം പ്രമേഹം  അതീവ ഗുരുതരാവസ്ഥയിലായാൽ പോലും ലക്ഷണങ്ങൾ പ്രകടമാകാറില്ല. പ ക്ഷേ,  പ്രമേഹം ബാധിച്ച സ്ത്രീകളിൽ പല്ലുകൾ കൊഴിയുന്നതുൾപ്പെടെ അകാലവാർധക്യ ലക്ഷണങ്ങൾ കാണാറുണ്ട്. ആധുനിക പ്രമേഹ ചികിത്സ ശരിയായ രീതിയിൽ  സ്വീകരിക്കുകയാണെങ്കിൽ പ്രമേഹമുണ്ടെന്ന് മറ്റാ ർക്കും  തിരിച്ചറിയാൻ കഴിയാത്തവിധം സുന്ദരമായ തുട ർ ജീവിതം സാധ്യമാണ്.

പലർക്കും ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടാകുന്നുണ്ട്. ഈ സമയത്ത് ഗുളികകൾ ഉപയോഗിച്ചു ചികിത്സിച്ചാൽ മതിയോ?

ഗർഭാവസ്ഥയിൽ ആദ്യമായി പ്രമേഹം കണ്ടെത്തുമ്പോൾ അതിനു ജെസ്റ്റേഷനൽ ഡയബറ്റിസ്  (Gestational Diabetes Mellitus) എന്നാണു പറയുന്നത്. ഗർഭാവസ്ഥയിലെ പ്രമേഹത്തിന്റെ ചികിത്സാ മാനദനണ്ഡങ്ങൾ ത ന്നെ വ്യത്യസ്തമാണ്. ഭക്ഷണത്തിനു രണ്ടു മണിക്കൂറിനു ശേഷമുള്ള പഞ്ചസാര നില 120നു താഴെ നിലനിർത്തുകയാണ് വേണ്ടത്.  ഭക്ഷണക്രമീകരണം കൊണ്ടു മാത്രം  ഇതു  സാധിച്ചില്ലെങ്കിൽ ഇൻസുലിൻ കുത്തിവയ്പുകളെടുക്കണം.  നേരത്തേ  തന്നെ ടൈപ്പ് 2 പ്രമേഹമോ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോമോ  ഉണ്ടെങ്കിൽ അതിനു ഗുളിക തുടരേണ്ടതായി വരാം.  

ചികിത്സയിൽ ഏറ്റവും പ്രധാനം പ്രമേഹം ചികിത്സിക്കുന്ന  ഡോക്ടറുടെയും ഡയറ്റിഷന്റെയും നിർദേശപ്രകാരം കൃത്യമായി പരിശോധനകൾ നടത്തി ഇൻസുലിൻ ഡോസ് ക്രമീകരിച്ചു കൊണ്ടേയിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റും  പ്രമേഹ ചികിത്സകനും ഒത്തുള്ള  പ്രവർത്തനമാണ് ഈ ഘട്ടത്തിൽ നിർണായകം.

ഗർഭകാലത്ത് പ്രമേഹം വന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ അമ്മയ്ക്കോ കു ഞ്ഞിനോ പ്രമേഹം ഉണ്ടാകാൻസാധ്യതയുണ്ടോ?

അമ്മയ്ക്കും കുഞ്ഞിനും പ്രമേഹ സാധ്യത വളരെ കൂടുതലാണ്.  പ്രമേഹ ചികിത്സാ  വിദഗ്ധനും ഡയറ്റീഷ്യനും ഡയബറ്റിസ് എജ്യുക്കേറ്ററും ചേർന്നുള്ള ടീമിൽ നിന്നായിരിക്കണം ഗർഭാവസ്ഥയിൽ ചികിത്സാ നിർദേശങ്ങൾ സ്വീകരിക്കണ്ടേത്. അങ്ങനെയാണെങ്കിൽ പഞ്ചസാരയുടെ അളവ് ആഗോള നിർദേശങ്ങൾ പ്രകാരം അപകടകരമായി  കുറഞ്ഞു പോകാതെ പ്രതീക്ഷിക്കുന്ന അളവി ൽ നിലനിർത്താൻ കഴിയും. ഗർഭകാലത്ത് രക്തത്തിലെ പ ഞ്ചസാര നില കൂടുന്നതുപോലെ അപകടകരമാണ് കുറ ഞ്ഞുപോകുന്നതും എന്ന് ഓർക്കുക.

പ്രസവാനന്തരം പ്രമേഹം അപ്രത്യക്ഷമാകുകയാണ് പതിവ്. എന്നാൽ വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും അമ്മമാർ പരിശോധനകൾ  തുടർന്നുകൊണ്ടിരിക്കണം.  പ്രസവിച്ച് നാലോ അഞ്ചോ മാസത്തിൽ തന്നെ ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിലേക്കു എത്താൻ കഴിയണം. അതുപോലെ നിലനിർത്തുകയും വേണം. അല്ലാത്തപക്ഷം ഭാവിയിൽ ടൈപ്പ് 2 ഡയബറ്റിസ് പിടി പെടാൻ സാധ്യതയുണ്ട്.

എനിക്കും എന്റെ ഭർത്താവിനും പ്രമേഹമുണ്ട്.  ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇതു വരാൻ സാധ്യതയുണ്ടോ? വരാതിരിക്കാൻ എന്തുചെയ്യണം?

ടൈപ്പ് 2 പ്രമേഹം ഒരു പാരമ്പര്യ രോഗമാണ്. കുഞ്ഞുങ്ങൾക്ക് വരാനുള്ള സാധ്യത 60% മുതൽ 100% വരെയാണ്. അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത കുഞ്ഞുങ്ങൾക്ക് ഉണ്ട്. എങ്കിലും അതിനുള്ള സാഹചര്യം ഒരുക്കുകയാണെങ്കിൽ മാത്രമേ പ്രമേഹം ഉണ്ടാകുകയുള്ളു.  HbA1c, SGPT, Cholesterol, Vitamin D തുടങ്ങിയ  പരിശോധനകൾ  വർഷത്തിൽ ഒരിക്കൽ കുഞ്ഞുങ്ങൾക്കും ചെയ്യാം. അമിതവണ്ണം ഒട്ടുതന്നെ പാടില്ല. ആരോഗ്യമുള്ള ഭക്ഷണരീതിയും ദിവസവുമുള്ള വ്യായാമവും ഉണ്ടെങ്കിൽ പ്രമേഹത്തെ എക്കാലത്തും അകറ്റി നിർത്താം.

shutterstock_646131400

കടപ്പാട്: ഡോ. ജ്യോതിദേവ് കേശവദേവ്, കൺസൽറ്റന്റ് ഡയബറ്റോളജിസ്റ്റ്, ചെയർമാൻ, ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റേഴ്സ്, തിരുവനന്തപുരം

Tags:
  • Health Tips
  • Glam Up