Wednesday 17 March 2021 03:53 PM IST : By സ്വന്തം ലേഖകൻ

ചുണ്ടുകളുടെ നിറവ്യത്യാസം വിറ്റാമിൻ, ഹോർമോൺ തകരാറാകാം; സൗന്ദര്യവും മാദകത്വവും നിലനിർത്താൻ വീട്ടിൽ ചെയ്യാം പ്രതിവിധി

lip-fate

പ്രായം കൂടുന്തോറും ചുണ്ടിന് അതുവരെ കാണാത്ത പ്രശ്നങ്ങൾ ഉണ്ടായെന്നു വരാം. ചിലരിൽ ചുണ്ടുകളുടെ നിറം ഇരുളുന്നതായി കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ചുണ്ടിന്റെ നിറത്തിൽ വ്യത്യാസം വരാം. ലിപ്സ്റ്റിക്കിന്റെ അമിതമായ ഉപയോഗമോ കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക് ഇടുന്നതോ പാരമ്പര്യമോ പോഷകക്കുറവോ ആകാം കാരണം. 

പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം, വിറ്റാമിനുകളുടെ കുറവ്, ഹോർമോൺ തകരാറ്, കുടലിലെ പ്രശ്നങ്ങൾ, ടൂത്ത് പേസ്റ്റ് അലർജി വരെ ചുണ്ടിന്റെ കറുപ്പു നിറത്തിന് കാരണമാകാറുണ്ട്. ചുണ്ടുകളുടെ നിറം മങ്ങുന്നതിനു കാരണമെന്തെന്നു കണ്ടെത്തി പരിഹാരം കാണാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ തേടാം.

∙ ലിപ്സ്റ്റിക് പുരട്ടും മുൻപ് ലിപ് ബാം പുരട്ടിക്കോളൂ. ചുണ്ടുകൾ കറുക്കില്ല. രാത്രി കിടക്കുന്നതിനു മുൻപ് ലിപ്സ്റ്റിക് നീക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.

∙ രണ്ടോ മൂന്നോ സിറ്റിങ്ങിലെ ലേസർ ചികിത്സയിലൂടെ ചുണ്ടിന്റെ ഇരുണ്ട നിറം മാറ്റിയെടുക്കാവുന്നതാണ്. ഭംഗി കുറഞ്ഞ് കാണാൻ തീരെ ആകർഷകമല്ലാത്ത ചുണ്ടുകളെ ഡെർമൽ ഫില്ലർ ചികിത്സയിലൂടെ സൗന്ദര്യവും മാദകത്വവുമുള്ളതാക്കാം.

∙ കാൽ ചെറിയ സ്പൂൺ പഞ്ചസാര സമം തേനിൽ കലർത്തി ചുണ്ടുകളിൽ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കിൽ ഒരു ചെറിയ കഷണം നാരങ്ങയിൽ അൽപം പഞ്ചസാര വിതറി ചുണ്ടിൽ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ്ക്രബിന്റെ ഫലം നൽകും. ഇവ നിർജീവ കോശങ്ങൾ നീക്കി ചുണ്ടുകൾ ഭംഗിയുള്ളതാകാൻ സഹായിക്കും. നിർജീവ കോശങ്ങൾ നീങ്ങുമ്പോൾ കൊളാജൻ ഉൽപാദിപ്പിക്കുന്നതാണു ഭംഗി വർധിക്കാനുള്ള കാരണം. ആഴ്ചയിൽ രണ്ടു തവണ ഈ സ്ക്രബ് ഉപയോഗിക്കണം.

∙ വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ജ്യൂസ് ആയോ മറ്റേതെങ്കിലും വിധത്തിലോ ധാരാളമായി ഭക്ഷണത്തിലുൾപ്പെടുത്തുക. ദിവസേന പത്തോ പന്ത്രണ്ടോ ഗ്ലാസ് വെള്ളവും കുടിക്കണം. ഇവ ശീലമാക്കിയാൽ ചുണ്ടുകളുടെ യുവത്വം നിലനിർത്താം. ഇനി ചുണ്ടുകൾ നോക്കി ആരും നിങ്ങളുടെ പ്രായം കണ്ടെത്തില്ല.

Tags:
  • Glam Up
  • Beauty Tips