Friday 30 December 2022 04:50 PM IST : By സ്വന്തം ലേഖകൻ

പ്രമേഹമുള്ളവർക്ക് ധരിക്കാം ഡയബറ്റിക് ഫൂട്ട് വെയറുകൾ; ചെരിപ്പ് വാങ്ങുമ്പോൾ കംഫര്‍ട്ടബിള്‍ മസ്റ്റ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

shoes4555666

ദൈനംദിന ജീവിതത്തില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിരിക്കേണ്ട ഒന്നാണ് ചെരിപ്പുകള്‍. സുഖമമായ നടപ്പിനു അനുയോജ്യമായ ചെരിപ്പുകള്‍ വേണം തിരഞ്ഞെടുക്കാന്‍. സാധാരണ ധരിക്കാറുള്ള ചെരിപ്പ് ഓടാനോ നടക്കാനോ മറ്റ് വ്യായാമങ്ങൾക്കോ ഉപയോഗിച്ചാല്‍ കാലുകള്‍ പൊട്ടും. അതുപോലെ ഹീല്‍സ് സൂക്ഷിച്ചു തിരഞ്ഞെടുത്തില്ലെങ്കില്‍ നട്ടെല്ലിനു വേണ്ട കംഫർട്ട് കിട്ടാതെ വരും. ശ്രദ്ധിച്ചില്ലെങ്കില്‍ ചെരിപ്പു വില്ലനായി മാറിയേക്കാം.

ചെരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ സ്വന്തം കാലിന്റെ ആകൃതി മനസ്സിലാക്കി അതിനിണങ്ങുന്ന ചെരുപ്പാണ് വാങ്ങേണ്ടത്. കുറച്ച് നേരമെങ്കിലും ചെരുപ്പിട്ട് നടന്നുനോക്കി പ്രശ്നമില്ലെന്ന് ഉറപ്പു വരുത്തുക. ‘രണ്ടു ദിവസം കഴിയുമ്പോ ശരിയാകും’ എന്നു പറയുന്നതു കേട്ട് പാകമില്ലാത്ത ചെരിപ്പ് വാങ്ങരുത്. 

∙ സ്ഥിരമായി ഓടാനും മറ്റും പോകുന്നവർ കാലിന്റെ ആർച്ചിനെ സപ്പോർട്ട് ചെയ്യുന്ന സ്പ്രിങ് ആക്ഷനുള്ള ചെരുപ്പ് ചോദിച്ചു വാങ്ങുക. 

∙ വ്യായാമം ചെയ്യുമ്പോൾ സാധാരണ ക്യാൻവാസ് ഷൂ ഇട്ടാൽ പോലും കാര്യമില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം, ഓടാനും മല കയറാനും സൈക്ലിങ്ങിനും ഒക്കെ പ്രത്യേകം ചെരിപ്പുള്ളത് ഓരോ പ്രവൃത്തി ചെയ്യുമ്പോഴും നടുവിനും പേശികൾക്കുമൊക്കെ ആവശ്യത്തിനു സംരക്ഷണം കിട്ടുന്ന തരത്തിലുള്ള ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ്. 

∙ വില മാത്രമല്ല. ചെരുപ്പിന്റെ മെറ്റീരിയലും ശ്രദ്ധിക്കുക. ഉയർന്ന വില കൊടുത്തു വാങ്ങുന്നതെല്ലാം നന്നായിരിക്കണമെന്നു നിർബന്ധമില്ല. പ്ലാസ്റ്റിക് ഉപയോഗിച്ചാൽ കാലിന് അലർജിയുള്ളവർ അത് ഒഴിവാക്കണം. 

∙ സ്ഥിരമായി ഹൈഹീൽസ്, ഫ്ലാറ്റ്സ് ഇവ ഇടുന്നതും നല്ലതല്ല. ശരീരത്തിന്റെ സ്വാഭാവികമായ നിലയ്ക്കു പോലും ഇത് മാറ്റം വരുത്തും. സ്ഥിരമായി നിൽക്കുന്നവർ ഒരിഞ്ചു വരെ ഹീൽ ഉള്ള ചെരുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. 

∙ പ്രമേഹം പോലുള്ള അസുഖമുള്ളവർക്ക് ഡയബറ്റിക് ഫൂട്ട് വെയറുകൾ ഉപയോഗിക്കാം. കാലിനെ മുറിവേൽപ്പിക്കാത്ത തരത്തിലുള്ള വസ്തുക്കൾ കൊണ്ട് നിര്‍മിക്കുന്നതും വിരലുകള്‍ പെട്ടെന്ന് തട്ടി മുറിയാത്ത രീതിയിലുള്ള ഡിസൈനുകളാണ് സവിശേഷതകൾ. 

Tags:
  • Health Tips
  • Glam Up