‘ചുമ വരാൻ കാത്തിരിക്കുന്ന കുടുംബം’
ഏതോ കഫ് ടാബ്ലറ്റിന്റെ പഴയൊരു പരസ്യവാചകമായിരുന്നു ഇത്. അന്നൊക്കെ ചുമ ചിലപ്പോഴൊക്കെ ആയിരുന്നെങ്കിൽ ഇന്നു പിടിപെട്ടാൽ വിട്ടുപോകാൻ കൂട്ടാക്കാത്ത, ഭയപ്പെടുത്തുന്ന വില്ലനാണ്. കൂടെ ശ്വാസംമുട്ടലും.
എത്ര മരുന്നു കഴിച്ചാലും അതു വിട്ടുപോകാതെ ബുദ്ധിമുട്ടുന്നവർ ഏറിവരികയാണ്. ഗുരുതരമാകുമ്പോൾ ‘അൽപം ശ്വാസം തരൂ...’ എന്നു വിലപിക്കുന്ന അവസ്ഥയിലേക്കു തള്ളിവിടുകയുമാണ് ഇപ്പോഴത്തെ ചുമയും ശ്വാസംമുട്ടലും. നീണ്ടു നിൽക്കുന്ന ഈ ചുമയും ശ്വാസമുട്ടലുമായി കോവിഡ് ബാധയ്ക്കു ബന്ധമുണ്ടോ? മറ്റെന്തെങ്കിലും പുതിയ കാരണങ്ങൾ ഇതിനു പിന്നിലുണ്ടോ?
ശ്വാസം മുട്ടിക്കും കോവിഡ് വേരിയന്റ്സ്
ചുമ, തൊണ്ടവേദന, പനി, ശ്വാസംമുട്ടൽ എന്നിവയാണ് ഡെൽറ്റ, ഒമിക്രോൺ എന്നീ ആദ്യ കാല കോവിഡ് വേരിയന്റുകൾക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങൾ. ഇവ 2019–20 കാലഘട്ടത്തിൽ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും മരണകാരണം വരെ ആകുകയും ചെയ്തു. എന്നാൽ വാക്സിനേഷന്റെ ഫലമായി കോവിഡിന്റെ കാഠിന്യം കുറയ്ക്കാനായി.
ഇന്നും പലർക്കും ചെറിയ തോതിൽ കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. ഡെൽറ്റ, ഒമിക്രോൺ എന്നീ വകഭദങ്ങൾക്കു ശേഷം ഉൾപ്പരിവർത്തനം (mutation) സംഭവിച്ച, ഗുരുതരമല്ലാത്ത കോവിഡ് വേരിയന്റുകളാണു പലരെയും ഇപ്പോൾ ബാധിക്കുന്നത്. അത്തരം കോവിഡ് ബാധകൾ ഇനിയും തുടരും. ഗുരുതരമല്ലാത്തതിനാൽ തന്നെ അവ മുൻവർഷങ്ങളിലേതു പോലെ ടെസ്റ്റ് ചെയ്തു മനസ്സിലാക്കുകയോ മാറിയിരുന്നു ചികിത്സിക്കുകയോ ചെയ്യേണ്ടി വരുന്നില്ല. ഇത്തരം അറിയാത്ത കോവിഡ് വേരിയന്റ് ബാധയുടെ ഭാഗമായി ഏറിയും കുറഞ്ഞും ചുമയും പനിയും ശ്വാസകോശ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ലക്ഷണങ്ങൾ നീണ്ടു നിൽക്കുന്നതായും കാണുന്നു. കോവിഡ് ബാധ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതാകാം ലക്ഷണങ്ങൾ മാറാൻ കാലതാമസം വരുന്നതെന്നാണു വൈദ്യശാസ്ത്രം അനുമാനിക്കുന്നത്.
കോവിഡിനു പ്രത്യേകം ചികിത്സ ഇല്ലാത്തതുകൊണ്ടു തന്നെ രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രോഗബാധ ഉണ്ടായാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ശ്വാസകോശ ആരോഗ്യത്തിന് ഉതകുന്ന വിധത്തിൽ വൈറ്റമിൻ സി ധാരാളമായുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. കോവിഡ് വേരിയന്റ് ബാധയെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്ന ശീലം തുടരുക.

ലോങ് കോവിഡ് ലക്ഷണങ്ങൾ
കോവിഡ് ഭേദമായ ശേഷം വീണ്ടും കോവിഡിന് സമാനമായ ലക്ഷണങ്ങളോടെയുള്ള, അതായതു ചുമ, വിട്ടു മാറാത്ത പനി, ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ദേഹാസ്വാസ്ഥ്യങ്ങൾ വരുന്നതിനെ ലോങ് കോവിഡ് സിംപ്റ്റംസ് എന്നു പറയാം.
കോവിഡ് ബാധയ്ക്കു ശേഷം കോവിഡ് വൈറസിൽ നിന്നു ശരീരത്തിൽ അവശേഷിക്കുന്ന സ്പൈക്ക് പ്രോട്ടീനുകൾ പ്രതിരോധശേഷി കുറയ്ക്കുകയും കോവിഡിന് സമാനമായ ലക്ഷണങ്ങൾ വരുന്നതിനും അവ മാറാതെ തുടരുന്നതിനും കാരണമാകുന്നുണ്ട് എന്നു കരുതപ്പെടുന്നു. മറ്റു വൈറൽ ബാധകളല്ല ലക്ഷണങ്ങൾക്കു കാരണം എന്നുറപ്പാക്കിയാൽ ലോങ് കോവിഡ് സിംപ്റ്റംസ് ആണെന്ന് അനുമാനിക്കാം. നീണ്ടു നിൽക്കുന്ന ചുമ, ശ്വാസംമുട്ടൽ, തൊണ്ട വേദന, പനി എന്നിവ കൂടാതെ മൂക്കൊലിപ്പ്, തലവേദന, കടുത്ത ക്ഷീണം, പേശികൾക്ക് വേദന എന്നിവയും ലോങ് കോവിഡ് ലക്ഷണങ്ങളിൽ പെടും.
ഇവയെ ജീവിതശൈലി കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. ശ്വാസകോശത്തിന്റെ ആരോഗ്യവും പൊതു ആരോഗ്യവും മെച്ചപ്പെടുന്ന വിധത്തിൽ പോഷകപ്രദമായ ഭക്ഷണം കഴിക്കുക, ശ്വസന വ്യായാമങ്ങൾ ശീലിക്കുക, ലഘുവായെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുക, ആവശ്യമെങ്കിൽ ഡോക്ടറെ കണ്ടു മരുന്നു കഴിക്കുക.
കുറയുന്ന പ്രതിരോധശേഷി
കോവിഡ് ബാധ രോഗപ്രതിരോധശേഷിയെ ബാധിക്കുന്നുണ്ട് എന്നതുറപ്പാണ്. എന്നാൽ അവയെക്കുറിച്ചു കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. കോവിഡ് ബാധ മൂലമോ അല്ലാതെയോ കുറയുന്ന പ്രതിരോധശേഷി, അന്തരീക്ഷത്തിലുള്ള പലവിധ അസുഖങ്ങളുടെ വൈറസ് വേരിയന്റുകൾ പെട്ടെന്നു ബാധിക്കാൻ ഇടയാക്കുന്നു. അതിന്റെ ഭാഗമായി ചുമയും ശ്വാസംമുട്ടലും ഉണ്ടാകുകയും മാറാതെ നിൽക്കുകയും ചെയ്യുന്നുണ്ട്.
വ്യാപകമാകുന്ന ഇൻഫ്ലുവൻസ വൈറസ്
ശ്വാസംമുട്ടൽ, ചുമ എന്നിവ ഇടയ്ക്കിടെ വരുന്നതു കോവിഡ് ഉണ്ടാക്കിയ അനാരോഗ്യം മൂലമാണ് എന്നുറപ്പിച്ച് ഡോക്ടറെ കാണാതിരിക്കുക, പാരസെറ്റമോൾ പോലുള്ള മരുന്നുകൾ സ്വയം വാങ്ങിക്കഴിക്കുക തുടങ്ങിയ പതിവുകൾ സമൂഹത്തിൽ വല്ലാതെ കൂടിയിട്ടുണ്ട്. ചുമയും ശ്വാസംമുട്ടലും വരുത്തുന്നതിൽ ഉൾപരിവർത്തനം ( മ്യൂട്ടേഷൻ ) സംഭവിച്ച ഇൻഫ്ലുവൻസ അഥവാ ഫ്ലൂ വൈറസുകൾ വലിയ കാരണമാണ്.
ഉൾപ്പരിവർത്തനം സംഭവിച്ച ഇൻഫ്ലുവൻസ വൈറസുകളുണ്ടാക്കുന്ന ചുമയും ശ്വാസംമുട്ടലും ദീർഘനാൾ നീണ്ടു നിൽക്കുന്നതായി കാണുന്നുണ്ട്. വൈറസുകൾക്ക് സംഭവിച്ച മാറ്റത്തിനൊത്ത് മരുന്നുകളിൽ മാറ്റം വന്നിട്ടില്ല എന്നതാണു മരുന്നു കഴിച്ചാലും ലക്ഷണങ്ങൾ തുടരുന്നതിനു കാരണം.
ഇപ്പോൾ കണ്ടു വരുന്ന ഇൻഫ്ലുവൻസ വൈറസുകൾ ചുമ, ശ്വാസംമുട്ടല്, പനി, ജലദോഷം, തൊണ്ടവേദന തുടങ്ങി കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നതും കോവിഡിന്റെ ഭാഗമാണോ ഈ അവസ്ഥ എന്നു സംശയിക്കാൻ കാരണമാകുന്നുണ്ട്. ഇടയ്ക്കിടെ ഇത്തരം അസ്വാസ്ഥ്യങ്ങൾ വരുന്നുണ്ടെങ്കിൽ ഇൻഫ്ലുവൻസ വാക്സീൻ എടുക്കുകയാണു മികച്ച പ്രതിരോധമാർഗം.
പാരമ്പര്യം വില്ലനാകാം
കുടുംബത്തിൽ അച്ഛനോ അമ്മയ്ക്കോ അലർജിയോ, ആസ്മയോ മറ്റു ശ്വാസകോശ പ്രശ്നങ്ങളോ ഉള്ളവർക്ക് ഏതെങ്കിലുമൊരു ഘട്ടത്തിൽ പൊടുന്നനെ ശ്വാസംമുട്ടലും ചുമയും വരാൻ സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും പ്രശ്നങ്ങൾ ഇല്ലെങ്കിലും തൊട്ടടുത്ത ബന്ധുക്കൾക്ക് അലർജി അനുബന്ധ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്കും ഏതെങ്കിലും ജീവിതഘട്ടത്തിൽ അതു തുടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കുട്ടിക്കാലത്തു ശ്വാസംമുട്ടൽ ഉണ്ടായിട്ടു മാറിയവരിൽ പ്രതിരോധശേഷി കുറയുന്ന ഘട്ടത്തിൽ ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ തിരികെ എത്താം.
കൃത്യവും ചിട്ടയുള്ളതും സ്ഥിരമായതുമായ വിദഗ്ധ ചികിത്സയാണു പാരമ്പര്യഘടകങ്ങൾ മൂലമുള്ള ശ്വാസംമുട്ടലിനുള്ള ശരിയായ പ്രതിരോധം. അലർജിക്കു കാരണമായ വസ്തുക്കളെ തിരിച്ചറിഞ്ഞ് അകന്നു നിൽക്കുക എന്നതും പ്രധാനമാണ്.

അന്തരീക്ഷ മലിനീകരണം കാരണം
അന്തരീക്ഷ മലിനീകരണം കൂടുന്നു എന്നതു ശ്വാസകോ ശ സംബന്ധമായ അസ്വാസ്ഥ്യങ്ങളും രോഗങ്ങളും ലോകമെമ്പാടും കൂട്ടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് രോഗം അധികരിക്കുകയും ഇതുവരെ ഇല്ലാത്തവരിൽ രോഗം കണ്ടുതുടങ്ങുകയും ചെയ്യുന്നു.
അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുന്നതു മഞ്ഞു കാലത്തും വേനൽ കാലത്തുമാണ് എന്നതിനാൽ ശ്വാസം മുട്ടലും അനുബന്ധ പ്രശ്നങ്ങളും ഈ സമയത്ത് അധികരിക്കാറുണ്ട്. ഭൂമി വരണ്ടിരിക്കുന്നതിനാൽ ഉയരുന്ന പൊടിപടലങ്ങൾ താഴേക്ക് അടിയാതെ അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുന്നതും നാം അവ ശ്വസിക്കുന്നതും ശ്വാസകോശ പ്രശ്നങ്ങൾ കൂട്ടുന്നു.
മാസ്ക് ഉപയോഗിക്കുക, അന്തരീക്ഷ മലിനീകരണം കൂട്ടുന്ന നടപടികളായ ചവർ അടിച്ചു കൂട്ടി കത്തിക്കൽ പോലുള്ളവ ഒഴിവാക്കുക, മുറ്റമടിക്കുമ്പോഴും മറ്റും ചെറുതായി നനച്ചിട്ട് അടിച്ചു വാരിക, മുറികളിലെ പൊടി തുടയ്ക്കേണ്ടി വന്നാൽ നനഞ്ഞ തുണിയുപയോഗിച്ചു തുടയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാം.
ഇൻഫ്ലുവൻസ വാക്സീൻ സുരക്ഷിതത്വം
ഇൻഫ്ലുവൻസ അഥവാ ഫ്ലൂ മൂലമുള്ള ശ്വാസംമുട്ടലിന് വളരെയധികം ഫലപ്രദമാണ് ഇൻഫ്ലുവൻസ വാക്സിനേഷൻ. വാക്സീൻ എടുക്കുന്നതോടെ ആസ്മ, ബ്രോങ്കൈറ്റിസ്, സിഒപിഡി, മറ്റു രോഗങ്ങളുടെ ഭാഗമായുള്ള ശ്വാസംമുട്ടൽ എന്നിവയുള്ളവര്ക്കു ഗണ്യമായ തോതിൽ രോഗത്തിനു കുറവ് വരുന്നതായി കാണുന്നു.
വൈറസുകൾക്ക് ഉൾപരിവർത്തനം സംഭവിക്കുന്നുണ്ട് എന്നതിനാൽ ഓരോ വർഷവും ഇൻഫ്ലുവൻസ വാക്സീൻ പുതുക്കപ്പെടുന്നുണ്ട്. അതിനാൽ വർഷത്തിലൊരിക്കലോ, രണ്ടു വർഷത്തിലൊരിക്കലോ വാക്സീൻ എടുക്കേണ്ടതാണ്. കുട്ടികൾക്ക് അവരുടെ നിർബന്ധിത വാക്സീനുകളോടൊപ്പം ഇതു ലഭിക്കു ന്നതിനാൽ പ്രത്യേകമായി എടുക്കേണ്ടതില്ല. 60 കഴിഞ്ഞവർ ആരോഗ്യമുണ്ടെങ്കിലും നിർബന്ധമായും ഇൻഫ്ലുവൻസ വാക്സീൻ എടുക്കേണ്ടതാണ്.
പ്രമേഹം, കാൻസർ പോലുള്ള രോഗങ്ങളുള്ളവരും അമിത വണ്ണമുള്ളവരും 50 വയസ്സു കഴിഞ്ഞാൽ വാക്സിനേഷൻ എടുക്കണം. ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്നങ്ങളുള്ളവർ ഏതു പ്രായത്തിലായാലും വാക്സിനേഷൻ എടുക്കുന്നതു വളരെ ഫലപ്രദമായിരിക്കും.
മാസ്ക് മറക്കരുതേ
ശ്വാസംമുട്ടലിനെയും ശ്വാസസംബന്ധമായ മറ്റു പ്രശ്നങ്ങളെയും പലവിധ ബാക്ടീരിയൽ വൈറൽ രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ഏറ്റവും ലളിതവും ശ ക്തവുമായ മാർഗമാണ് മാസ്ക് ധരിക്കൽ.
അലർജി രോഗങ്ങളെയും പകർച്ച വ്യാധികളെയും വലിയ തോതിൽ അതിജീവിക്കാൻ മാസ്ക് സഹായിക്കും. കഴുകി ഉപയോഗിക്കാവുന്ന കോട്ടൻ മാസ്ക്കുകളാണു നല്ലത്. നിത്യവും ഇളം ചൂടുവെള്ളത്തിൽ ഇ വ കഴുകി ഉണക്കിയെടുക്കാം. അല്ലെങ്കിൽ ഉപയോഗശേഷം കളയാവുന്ന സർജിക്കൽ മാസ്ക് ശീലമാക്കാം.
ഡോ . സണ്ണി പി. ഓരത്തേൽ
എംഡി, ജനറൽ മെഡിസിൻ
എംഡി, പൾമനോളജി
മെഡിക്കൽ സൂപ്രണ്ട്
രാജഗിരി ഹോസ്പിറ്റൽ, കൊച്ചി