Thursday 10 August 2023 03:20 PM IST : By സ്വന്തം ലേഖകൻ

‘പ്രമേഹവും കൊളസ്‌ട്രോളും പ്രതിരോധിക്കും, വായ്‌നാറ്റം അകലും’; വെള്ളരിക്ക കഴിച്ചാൽ ഗുണങ്ങൾ ഏറെ

cucumber6667

പച്ചക്കറികളുടെ ഗുണങ്ങൾ ഏവർക്കും അറിയാം, നാട്ടിൽ ധാരാളം ലഭിക്കുന്ന വെള്ളരിക്കയ്ക്ക് ധാരാളം സവിശേഷതകളുണ്ട്. പ്രമേഹവും കൊളസ്‌ട്രോളും പോലുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന വെള്ളരിക്ക ജ്യൂസിനും ആവശ്യക്കാർ ഏറെ. വെള്ളരിക്കയും പച്ചമുളകും ഇഞ്ചിയും ചെരുനാരങ്ങാനീരും ഉപ്പുമാണ് ഈ ജ്യൂസിന്റെ ചേരുവ. 

വെള്ളരിക്ക കഴിച്ചാലുള്ള  ഗുണങ്ങൾ

∙ ഇതിൽ 95 ശതമാനവും വെള്ളമാണ്. ഇതു ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും വിഷാംശം പുറന്തള്ളാനും സഹായിക്കും. 

∙ ഇതൊരു നല്ല ദഹന സഹായിയാണ്.

∙ ത്വക്കിന് വളരെ നല്ലതാണിത്. കൺതടങ്ങളിലെ നീരു കുറയ്ക്കുന്നതിനും മുടിയുടെ വളർച്ചയേയും ഇതു സഹായിക്കും. 

∙ ഇതിലടങ്ങിയിരിക്കുന്ന ലിഗ്‌നസ് വിവിധതരം കാൻസറുകളെ പ്രതിരോധിക്കുന്നു.

∙ വായ്‌നാറ്റം അകറ്റുന്നതിനുള്ള മികച്ച പ്രതിവിധിയാണിത്. വട്ടത്തിൽ മുറിച്ച വെള്ളരി കഷ്ണം അണ്ണാക്കിലേക്ക് നാവുകൊണ്ട് അര മിനിറ്റ് നേരം ചേർത്തു വയ്ക്കുമ്പോൾ വായ്നാറ്റ ത്തിനു കാരണമാകുന്ന ബാക്ടീരിയകളെ ഇതിലുള്ള രാസപദാർഥം നശിപ്പിക്കുന്നു. 

∙ ഇതു കഴിക്കുന്നതിലൂടെ ബ്രഡ് പ്രഷർ, ഡയബറ്റിസ് എന്നിവയെ നിയന്ത്രിക്കാൻ സാധിക്കും.

നാട്ടുരുചി ∙ വെള്ളരിക്ക- പുതിന റെയ്‌ത്ത

(വനിത മുൻ ചീഫ് എഡിറ്റർ പരേതയായ മിസിസ് കെ.എം. മാത്യുവിന്റെ പാചകക്കുറിപ്പുകളിൽ നിന്നു തിരഞ്ഞെടുത്തത്) 

1. സാലഡ് വെള്ളരിക്ക ഗ്രേറ്റ് ചെയ്‌തത് - ഒരു കപ്പ് 

2. പുതിനയില അരച്ചത് - ഒരു വലിയ സ്‌പൂൺ 

3. കട്ടത്തൈര് - ഒന്നേമുക്കാൽ കപ്പ് 

4. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന് 

5. ജീരകം വറുത്തു പൊടിച്ചത് - മുക്കാൽ ചെറിയ സ്‌പൂൺ 

6. ചുവന്ന മുളകുപൊടി - കാൽ ചെറിയ സ്‌പൂൺ 

പാകം ചെയ്യുന്ന വിധം 

∙ വെള്ളരി ഗ്രേറ്റ് ചെയ്‌തശേഷം വെള്ളം പിഴിഞ്ഞു വയ്‌ക്കണം. 

∙ കട്ടത്തൈരിൽ പുതിന അരച്ചതു ചേർത്തിളക്കി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കണം. 

∙ ജീരകം വറുത്തു പൊടിച്ചതും വെള്ളം പിഴിഞ്ഞു വച്ചിരിക്കുന്ന വെള്ളരിക്കയും ചേർത്തു യോജിപ്പിക്കുക. 

∙ ഏറ്റവും മുകളിൽ മുളകുപൊടി വിതറി അലങ്കരിക്കാം. 

Tags:
  • Health Tips
  • Glam Up