Thursday 15 June 2023 11:33 AM IST : By സ്വന്തം ലേഖകൻ

ഒരു പ്രായം കഴിയുമ്പോൾ കണ്ണിനു ചുറ്റും കറുപ്പുനിറം; ആയുർവേദത്തിലുണ്ട് പരിഹാരം, വീട്ടിൽ ചെയ്യാൻ സിമ്പിൾ ടിപ്‌സ്

dark-circcc44443

ഒരു പ്രായം കഴിയുമ്പോൾ കണ്ണിനു ചുറ്റും കറുപ്പുനിറം പ്രത്യക്ഷപ്പെടാറുണ്ട്. സൗന്ദര്യത്തെ നശിപ്പിക്കുന്ന ഈ കറുപ്പ് പ്രത്യേകിച്ചു സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ കണ്ടു തുടങ്ങുന്നു. ചില ഹോർമോണുകളുടെ പ്രവർത്തനവൈകല്യം കാലാവസ്ഥാ വ്യതിയാനം, ശരിയായ പോഷകക്കുറവ്, കണ്ണിനു കൂടുതൽ ജോലിഭാരം ഉണ്ടാവുക തുടങ്ങിയ കാരണങ്ങൾ കൂടി ഇതിനു വഴി തെളിയിക്കാം.

∙ താമരപ്പൂവിന്റെ അകത്തെ അരി എടുത്ത് പശുവിൻപാലിൽ അരച്ചു കണ്ണിനു ചുറ്റും പുരട്ടുക. രണ്ടു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

∙ തുളസിയിലനീരും പച്ചമഞ്ഞളും കൂട്ടി അരച്ചു പുരട്ടി അര മണിക്കൂർ കഴിഞ്ഞു കഴുകാം.

∙ പേരാൽമൊട്ട്, കൊട്ടം, പാച്ചോറ്റിത്തൊലി, മഞ്ചട്ടിപ്പൊടി, രക്തചന്ദനം ഇവ സമം പശുവിൻപാലിൽ അരച്ചു മുഖത്തു തേച്ച് ഒരു മണിക്കൂർ കഴിഞ്ഞു കഴുകുക.

∙ ഏലാദിചൂർണം, നാൽപാമരത്തൊലി, നന്നാറിക്കിഴങ്ങ് ഇവ സമമെടുത്ത് പശുവിൻപാലിലരച്ചു കണ്ണിനടിയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞാൽ പനിനീർവെള്ളം കൊണ്ടു നനച്ചു ചെറുതായി മസാജ് ചെയ്തശേഷം കഴുകുക.

കണ്ണിന് തിളക്കവും നിറവും ഉണ്ടാകാൻ

∙ ത്രിഫലചൂർണം ഇട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു കണ്ണുകൾ നിത്യവും കഴുകുന്നതു കണ്ണിനു തിളക്കവും നിറവും ഉണ്ടാകാൻ നല്ലതാണ്.

∙ ഉണങ്ങിയ നെല്ലിക്ക തലേദിവസം മൺകലത്തിൽ വെള്ളത്തിലിട്ടുവച്ച് അതുകൊണ്ട് എന്നും രാവിലെ കണ്ണുകഴുകുന്നതു കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

∙ തുളസിയില, പൂവ്വാങ്കുറുന്തില, കണ്ണിവെറ്റില ഇവയുടെ നീരും തേനും ചേർത്ത് ഓരോ തുള്ളി വീതം രണ്ടു കണ്ണിലും ഇറ്റിക്കുന്നതു നേത്രരോഗങ്ങൾ വരാതിരിക്കാനും നേത്രസൗന്ദര്യം നിലനിർത്താനും ഉപകരിക്കുന്നു.

∙ നാലു ടീസ്പൂൺ മരമഞ്ഞൾപ്പൊടി നാലു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചാറ്റിയെടുക്കുക. ഈ വെള്ളം കൊണ്ടു ദിവസം പല പ്രാവശ്യം കണ്ണും മുഖവും കഴുകുക. കണ്ണിനു നല്ല ആരോഗ്യമുണ്ടാകും. കൃഷ്ണമണിക്കു നല്ല കറുപ്പും ചുറ്റും നല്ല വെളുപ്പും ഉണ്ടാകും.

Tags:
  • Glam Up
  • Beauty Tips