മനസ്സു തുറന്നു ചിരിക്കാൻ ആത്മവിശ്വാസത്തിനൊപ്പം പ്രധാനമാണ് ആരോഗ്യമുള്ള വായയും ശരിയായ പരിചരണവും...
സേ ചീസ്!!! ക്യാമറ ഫ്രെയിമുറപ്പിച്ച് ആഞ്ഞൊന്നു ക്ലിക്കിയിട്ടും മുഖം നിറയെ മസിലുമായി ഒരേ നിൽപാണ്. ഇക്കിളിയിട്ടു തലകീഴു മറിച്ചാലും ചിരിക്കില്ലെന്നു പ്രതിജ്‍ഞ ചെയ്ത് വായു വയററ്റം വലിച്ചു കേറ്റി നിൽക്കുകയല്ലേ.
മനസ്സിന്റെ അടിത്തട്ടിലേക്ക് എപ്പോഴോ വീണ കല്ലു പോലെ മയങ്ങിക്കിടക്കുന്ന ഒരു ചിന്തയാകാം ഈ മസിലു പിടിത്തത്തിനു പിന്നിൽ. ‘ഞാൻ ചിരിച്ചാൽ അത്ര പോര.’ ഈ ചിന്തയൊന്നു തേച്ചുമായ്ച്ചു കളഞ്ഞാലേ മനസ്സു തെളിഞ്ഞൊന്നു ചിരിക്കാനാകൂ. അതിനു പല്ലുകളുടെ സൗന്ദര്യം മാത്രം പോരാ വായയുടെ ആരോഗ്യവും മികച്ചതാകണം.
ദന്തപരിചരണം ഏതു പ്രായം മുതൽ തുടങ്ങണം ?
Ans: LET’S START EARLY
കുട്ടിക്കാലം മുതലേ പല്ലുകളുടെ ആരോഗ്യത്തിനായി നല്ല ശീലങ്ങൾ പാലിക്കേണ്ടതു പ്രധാനമാണ്. പാൽപ്പല്ലുകൾ കേടുവന്നു നശിച്ചാൽ അതിനെത്തുടർന്നു വരുന്ന സ്ഥിരദന്തങ്ങളും ക്രമം തെറ്റാനും പ്രശ്നബാധിതമാകാനും സാധ്യത കൂടും.
കുഞ്ഞുങ്ങളിൽ പല്ലു കേടു വരാനുള്ള പ്രധാന കാരണം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പാലിന്റെ അവശിഷ്ടം വായിൽ നിലനിൽക്കുന്നതാണ്. ഇ ത് അമ്ലമായി രൂപാന്തരപ്പെട്ടു പല്ലുകൾ ക്ഷയിക്കാൻ കാരണമാകും. നഴ്സിങ് ബോട്ടിൽ കാരീസ് എന്നാണ് ഇതിനു പറയുന്നത്. അമിതമായ കുപ്പിപ്പാൽ ഉപയോഗം അതുകൊണ്ടുതന്നെ കുറയ്ക്കാം. പുഴുപ്പല്ല് ഉണ്ടാകുന്നതു തടഞ്ഞു കുഞ്ഞിപ്പല്ലുകൾക്കു സംരക്ഷണമേകാൻ വൃത്തിയുള്ള തുണി കൊണ്ടു പല്ലുകൾ തുടയ്ക്കാം. സിലിക്കണ്‍ ബ്രഷും കുഞ്ഞിപ്പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാം.
ചെറിയ പ്രായം മുതൽ രണ്ടു നേരം ബ്രഷിങ് ശീലിപ്പിക്കാം. താടിയെല്ലുകളുടെ സ്വാഭാവിക വളർച്ചയ്ക്കു പാൽപ്പല്ലുകൾ ആവശ്യമാണ്. പാൽപ്പല്ലുകൾ കേടുവന്നാൽ ചികി ത്സിച്ചു നിലനിർത്തണം. കൈവിരൽ കുടിക്കുക, നഖം കടിക്കുക, വായ് തുറന്ന് ഉറങ്ങുക, ചുണ്ടു കടിക്കുക തുടങ്ങിയ ചീത്ത ശീലങ്ങൾ പല്ലുകളുടെ വൈകല്യത്തിനു കാരണമായേക്കാം. ഇതു കഴിയുന്നത്ര തിരുത്തുക.
ദന്തവൈകല്യങ്ങൾക്കുള്ള ആധുനിക ചികിത്സകൾ എന്തൊക്കെയാണ് ?
Ans: BEHIND THAT PERFECT SMILE THERE ARE A LOT OF TRICKS AND TECHNIQUES
സ്മൈൽ മേക്കോവർ പോലുള്ള നിരവധി ചികിത്സാരീതികൾ ഇന്നു പല്ലുകളുടെയും മോണകളുടെയും ഭംഗി കൂട്ടാനുണ്ട്. സിനിമാതാരങ്ങൾ മാത്രമല്ല, അനേകംപേർ ആത്മവിശ്വാസവും ആകർഷണീയതയും വർധിപ്പിക്കാനായി ഇത്തരം ചികിത്സകൾ സ്വീകരിക്കുന്നുമുണ്ട്. പല്ലുകളുടെ ഇടയിലുള്ള വിടവ്, നിരതെറ്റിയ പല്ലുകൾ, പൊട്ടിപ്പോയ അല്ലെങ്കിൽ ഇളകിപ്പോയ പല്ലുകൾ, ചിരിക്കുമ്പോൾ മോണ പുറത്തേക്കു തള്ളുന്നത്, നിറവ്യത്യാസം ഇവയൊക്കെയാണു പുഞ്ചിരിയുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ.
നിര തെറ്റിയ പല്ലുകൾ ക്രമീകരിക്കാൻ മുൻകാലങ്ങളിൽ 12 വയസ്സുവരെ കാത്തിരിക്കണമായിരുന്നു. ഇന്നു ചെറിയ കുട്ടികളിലും ദന്തക്രമീകരണ ചികിത്സകൾ ചെയ്യാറുണ്ട്. ചെറിയ വിടവുകൾ പരിഹരിക്കാൻ ഓർത്തോഡോണ്ടിക് ഇൻവിസിബിൾ അലൈനറുകൾ ഉപയോഗിക്കാം.
ഓർത്തോഡോണ്ടിക് ബ്രേസുകൾ പോലെ പ്രത്യേക മെറ്റീരിയൽ കൊണ്ടു നിർമിച്ച സുതാര്യമായ ട്രേകളാണ് അലൈനറുകൾ. പല്ലിൽ കമ്പി ഇട്ടിട്ടുണ്ടെന്ന് അറിയുകയേ ഇല്ല. മുൻപല്ലുകളുടെ ഇടയിലുള്ള ചെറിയ വിടവുകൾ ഒരു പരിധിവരെ പല്ലിന്റെ അതേ നിറമുള്ള കോമ്പസിറ്റ് ഫില്ലിങ് മെറ്റീരിയൽ കൊണ്ട് അടയ്ക്കാം.
ഒന്നിലധികം വിടവുകളും പല്ലിലെ നിറവ്യത്യാസവും ഡന്റൽ വെനീറിലൂടെ പരിഹരിക്കാം. ഈ ചികിത്സയിലൂടെ സെറാമിക് അല്ലെങ്കിൽ കോമ്പസിറ്റ് ഉപയോഗിച്ചു പല്ലിനു മുകളിൽ ഒരു പാളി പോലെ ആവരണം ചെയ്യുകയാണ്.
പല്ലിന്റെ നിറവ്യത്യാസം പരിഹരിക്കാൻ ക്ലീനിങ്, ബ്ലീച്ചിങ്, പോളിഷിങ് എന്നീ മാർഗങ്ങളുമുണ്ട്. പല്ലിലുണ്ടാകുന്ന ചെറിയ പൊട്ടലുകൾ, വിള്ളലുകൾ, കൂർത്ത അഗ്രങ്ങൾ എന്നിവ കോസ്മറ്റിക് കോണ്ടൂറിങ് വഴി മെച്ചപ്പെടുത്താം.
പല്ലിന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട ഭക്ഷണശീലങ്ങൾ എന്തെല്ലാം ?
Ans: FOOD CAN EITHER LEAD TO GOOD TEETH OR BAD TEETH
വിവിധ നിറങ്ങളിലുള്ള ശീതളപാനീയങ്ങൾ, ചായ, കാപ്പി, റെഡ് വൈൻ, ചിലതരം മരുന്നുകൾ, ക്ലോർഹെക്സിഡൈൻ അടങ്ങിയ മൗത് മാസ്കുകൾ എന്നിവയുടെ അമിത ഉപയോഗം, പുകയില അടങ്ങിയ ലഹരിപദാർഥങ്ങളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം പല്ലിനു നിറവ്യത്യാസമുണ്ടാക്കുന്നു. ഇവയിലേതെങ്കിലും ഉപയോഗിച്ചശേഷം വായ കഴുകാൻ ശ്രദ്ധിക്കണം.
പല്ലിന്റെ ആരോഗ്യത്തിനു സോഫ്റ്റ് ഡ്രിങ്കുകൾക്കു പ കരം ശുദ്ധമായ പാൽ കുടിക്കാം. പഴങ്ങളും പച്ചക്കറികളും കഴിക്കാം. ധാരാളം ജലാംശവും നാരുകളുമുള്ളതുകൊണ്ട് പല്ലുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണിത്. യോഗർട്ടും ചീസും കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. കോഴിയിറച്ചി, മീൻ, മുട്ട എന്നിവയിലെ ഫോസ്ഫറസും പല്ലുകൾക്കു ഗുണം ചെയ്യും.
ശരിയായ ബ്രഷിങ് എങ്ങനെ ?
Ans: BRUSH YOUR TEETH TWICE
കൂടുതൽ സമയം അമർത്തി ബ്രഷ് ചെയ്യേണ്ട ആവശ്യമേയില്ല. ബ്രഷിന്റെ അതേ നീളത്തിൽ പേസ്റ്റും എടുക്കേണ്ട. ഒരു നിലക്കടലയുടെ വലുപ്പത്തിൽ മതി പേസ്റ്റ്. പല്ലുകളുടെ അതേ ദിശയിൽ രണ്ടു മിനിറ്റ് ബ്രഷ് ചെയ്താൽ മതി. അമിതമായി ബ്രഷ് ചെയ്താൽ ഇനാമലിൽ പോറലുകൾ ഉണ്ടാകാം. രാവിലെയും രാത്രിഭക്ഷണത്തിനു ശേഷവും ബ്രഷ് ചെയ്യണം.
പല്ല് ക്ലീൻ ചെയ്താൽ ഇനാമലിനു തേയ്മാനവും പ ല്ലിൽ പുളിപ്പും ഉണ്ടാകുമെന്നു കരുതുന്നവരുണ്ട്. ഇതു തെറ്റായ ധാരണയാണ്. പല്ല് ക്ലീൻ ചെയ്യാനുപയോഗിക്കുന്ന അൾട്രാസോണിക് സ്കെയ്‍ലർ വഴി ഉണ്ടാകുന്ന വൈബ്രേഷൻ പല്ലുകൾക്ക് ഒരു പോറൽ പോലും ഏൽപിക്കുന്നില്ല എന്നതാണു യാഥാർഥ്യം.
പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ടാർടാർ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന താൽക്കാലികമായ പുളിപ്പും അസ്വസ്ഥതയുമാണ് ഈ തെറ്റിധാരണയ്ക്കു കാരണം. വർഷത്തിലൊരിക്കലെങ്കിലും നിർബന്ധമായും പല്ലു ക്ലീൻ ചെയ്താൽ മോണരോഗങ്ങൾ തടയാം.

ബ്രഷിങ് ശരിയായ രീതിയിൽ അല്ലെങ്കിൽ പല്ലുകളിൽ പ്ലാക്ക് രൂപപ്പെടുകയും നിറവ്യത്യാസമുണ്ടാകുകയും ചെയ്യും. പല്ലുകളിൽ മാത്രമല്ല, നാവിലും പ്ലാക്ക് അടിഞ്ഞുകൂടാം. പല്ലുകൾ ബ്രഷ് ചെയ്യുന്നതിനൊപ്പം നാവും ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം വായ്നാറ്റം പോലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യതയേറും. ബ്രഷ് വൃത്താകൃതിയിൽ ചലിപ്പിച്ചാണു നാവു വൃത്തിയാക്കേണ്ടത്.
നിറം ശരിയാക്കാനായി പല്ലിന്റെ ബ്ലീച്ചിങ് സ്വയം ചെയ്യാതെ ദന്തരോഗവിദഗ്ധനെ സമീപിച്ച് ക്ലീനിങ്, പോളിഷിങ് എന്നിവ ചെയ്യണം. വർഷത്തിൽ രണ്ടു തവണയെങ്കിലും ദന്തരോഗവിദഗ്ധനെ കണ്ടു വായയുടെ ആരോഗ്യം ഉറപ്പാക്കണം. പല്ലുകളുടെ സ്വാഭാവിക നിറം ഇളം മഞ്ഞയാണ്. ഇതു തൊലിയുടെ നിറമനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.
പല്ലിന്റെ സ്വാഭാവിക നിറം രാസപദാർഥങ്ങളുപയോഗിച്ചു വെളുപ്പിക്കാനാകും. ടൂത് വൈറ്റ്നിങ് എന്ന ഈ ചികിത്സയിലൂടെ ഹൈഡ്രജൻ പെറോക്സൈഡ്/കാർബമൈഡ് പെറോക്സൈഡ് വിഘടിച്ച് രൂപപ്പെടുന്ന ഓക്സിജൻ ഇനാമലിനെ വെളുപ്പിക്കുന്നു.
സൗന്ദര്യവർധനയ്ക്ക് ഈ ട്രീറ്റ്മെന്റ് അമിതമായി ചെയ്താൽ പല്ലിന്റെ നൈസർഗികത നഷ്ടമാകാനും പൊട്ടലുണ്ടാകാനും സാധ്യതയുണ്ട്.
വായിലെ രോഗങ്ങൾ തടയുന്നതിനു ശരീരത്തിലെ മറ്റ് അവയവങ്ങൾക്കു വേണ്ട അതേ പരിചരണവും പോഷണവും പല്ലുകൾക്കും അവയെ താങ്ങിനിർത്തുന്ന മോണകൾക്കും അസ്ഥികൾക്കും കൊടുക്കണം.
ലേസർ ചികിത്സകളും സൗന്ദര്യവർധക ശസ്ത്രക്രിയകളും സുരക്ഷിതമാണോ ?
Ans: COSMETIC CORRECTIONS ARE SAFE. PROVIDED IT IS DONE UNDER THE SUPERVISION OF QUALIFIED EXPERT.
താടിയെല്ലുകളുടെ വളർച്ചയിലെ ഏറ്റക്കുറച്ചിലുകൾ ചിരിയിൽ അഭംഗി വരുത്താം. മേൽപ്പല്ലുകളും മോണയും തള്ളി നിൽക്കുക, ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുക, കീഴ്ത്താടി തള്ളിനിൽക്കുക മുതലായ അവസ്ഥകൾ കമ്പിയിട്ടാൽ മാത്രം ശരിയാകുന്നതല്ല.
ഇതിനു ശാസ്ത്രീയ പരിഹാരം തേടേണ്ടതുണ്ട്. താടിയെല്ലിന്റെ ശസ്ത്രക്രിയ ചെയ്താൽ ഇതു പരിഹരിക്കാം. ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിൽ ഇതിനുള്ള ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.
ലേസർ ചികിത്സ വഴി മോണയിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഘടനയിലോ നിറത്തിലോ ഇത്തരത്തിൽ മാറ്റം വരുത്താം. സ്മൈൽ ഡിസൈനിങ് വഴി പല്ലിന്റെ നീളം കൂട്ടാനോ കുറയ്ക്കാനോ ഘടന മാറ്റാനോ കഴിയും. ടൂത് ജ്വല്ലറിയും തേടിയെത്തുന്നവർ ഇന്ന് നിരവധിയുണ്ട്. പണ്ടുകാലത്തെ സ്വർണം കെട്ടിയ പല്ല് എന്നതിനപ്പുറം ടൂത്ത് ജ്വല്ലറി ഫാഷൻ രംഗത്തും ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്.
സ്വർണം, വജ്രം എന്നു തുടങ്ങി ഏതു നിറത്തിലും രൂപ ത്തിലും ടൂത് ജ്വല്ലറി തിരഞ്ഞെടുക്കാം. ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം താൽപര്യം ആലോചിച്ച് ഉറപ്പിക്കണം. മറ്റു സങ്കീർണതകളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാതെ വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെയ്യാം.
വിപണിയിൽ ലഭ്യമായ ടൂത് വൈറ്റ്നിങ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതു സുരക്ഷിതമാണോ ?
Ans: THESE CAN BE USED. BUT NEVER OVER USE.
വൈറ്റ്നിങ് സ്ട്രിപ്, വൈറ്റ്നിങ് പെൻ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഇന്ന് എളുപ്പത്തിൽ ലഭ്യമാണ്. പലപ്പോഴും പല്ലിന്റെ നിറം മാറ്റത്തിന്റെ കാരണം പോലും അന്വേഷിക്കാതെയാകും പലരും ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്. ജനിതകപരമായും പല്ലിന്റെ ഉള്ളിലെ കാരണങ്ങൾ കൊണ്ടും ഇത്തരം നിറവ്യത്യാസങ്ങൾ സംഭവിക്കാം.
കറ പോലുള്ള നിസ്സാര കാര്യങ്ങൾ പരിഹരിക്കാൻ വൈറ്റ്നിങ് ഉൽപന്നങ്ങളെ വല്ലപ്പോഴും ആശ്രയിക്കുന്നതിൽ തെറ്റില്ല. അമിതമായി ഉപയോഗിച്ചാൽ ഇനാമലിനു കേടു വരാം. ഇതു പല്ലുപുളിപ്പിനു കാരണമാകും. അതുകൊണ്ട് ദന്തഡോക്ടറുടെ നിർദേശപ്രകാരമുള്ള ഉൽപന്നങ്ങൾ ഉ പയോഗിക്കുന്നതാകും അഭികാമ്യം.
അൽപനേരം കൊണ്ടു മഞ്ഞനിറം കുറഞ്ഞല്ലോ, ഇനി കുറച്ചുനേരം കൂടെ ഉപയോഗിച്ചാൽ തിളങ്ങുന്ന വെള്ളപ്പല്ലുകൾ നേടാമെന്നു കരുതരുത്. ഇതു പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
വായയുടെ പരിചരണം ആയുർവേദ വിധിപ്രകാരം
∙ ശുദ്ധമായ എള്ളെണ്ണ കൊണ്ട് കവിൾക്കൊള്ളുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
∙ ത്രിഫലയും ഒരു നുള്ള് ഉപ്പും ചേർത്ത് രാവിലെ പല്ലു തേയ്ക്കുന്നത് പല്ലിലെ മഞ്ഞനിറം അകറ്റാൻ സഹായിക്കും.
∙ കാളകചൂർണം, പീതകചൂർണം, ഖദിര ഗുളിക മുതലായ മരുന്നുകൾ പല്ലിന്റെ ഗുണമേന്മ നിലനിർത്താനായി വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാം.
∙ പല്ലിലെ അഴുക്കു കുറയാൻ ത്രിഫല ഉപയോഗിച്ചു കവിൾ കൊള്ളാം.
∙ പല്ലുകൾക്കു നല്ല തിളക്കം ലഭിക്കാൻ വേപ്പിന്റെ കമ്പു കൊണ്ടു പല്ലു തേക്കാം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷീന പി, അഡിഷനൽ പ്രഫസർ, ഗവ. ഡെന്റൽ കോളജ്, കോട്ടയം