പ്രമേഹം തുടക്കത്തിൽ തന്നെ നിയന്ത്രിച്ച് മരുന്ന് ഉപയോഗം പരമാവധി കുറയ്ക്കാൻ പിന്തുടരേണ്ട പത്തു കൽപനകൾ
ഒരിക്കൽ പിടിപെട്ടാൽ ജീവിതം മരുന്നുകളുടെ ലോ കത്താകും എന്നതാണ് പ്രമേഹ രോഗികളെ ഏറ്റവും വിഷമിപ്പിക്കുന്നത്. പ്രമേഹം ഗുരുതരമായാ ൽ മരുന്ന് - ഇൻസുലിൻ ചികിത്സ വേണ്ടി വരുമെങ്കിലും മരുന്നില്ലാതെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനാകില്ല എന്ന ധാരണയും ശരിയല്ല.
മനസ്സു വച്ചാൽ മരുന്നുകളില്ലാതെയും പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം. രോഗം മൂർച്ഛിക്കും മുൻപ് ശ്രമം തുടങ്ങണം എന്നു മാത്രം. പ്രമേഹത്തെ വരുതിയിലാക്കാൻ ഒാർത്തു വയ്ക്കേണ്ട പത്തു കൽപനകൾ ഇതാ.
1. Stop Possibility
പ്രമേഹത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ് നിങ്ങളെങ്കിൽ മ രുന്ന് ഇല്ലാതെ ചികിത്സിക്കാനും ശരീരത്തെ പൂർവസ്ഥിതിയിലാക്കാനും സാധിക്കും. പ്രീ ഡയബറ്റിസ് എ ന്ന ഘട്ടത്തെ പ്രമേഹ ബാധയായി തന്നെ കാണുക.
കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടോ എന്ന് അറിയുക. അച്ഛനോ അമ്മയ്ക്കോ ഇതിൽ ഏ തെങ്കിലും വഴിയിൽ നിന്നുള്ള അടുത്ത ബന്ധുക്കൾക്കോ പ്രമേഹമുണ്ടെങ്കിൽ കരുതിയിരിക്കുക. ആറു മാസത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പിക്കുക.
വയറിന് ചുറ്റും കൊഴുപ്പ് അടിയുന്ന വിധത്തിലുള്ള അമിതവണ്ണം, ക്ഷീണം എന്നിവയുണ്ടെങ്കിൽ നിർബന്ധമായും പ്രമേഹം പരിശോധിക്കുക. പ്രീ ഡയബറ്റിക് ഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങുന്നത് പ്രമേഹത്തെ മരുന്നില്ലാതെ നിയന്ത്രിക്കാൻ സഹായിക്കും.
2. Stop Obesity
മെലിഞ്ഞിരിക്കുന്നവരെ ക്ഷീണിച്ചിരിക്കുന്നു എ ന്നും വണ്ണമുള്ളവരെ നന്നായിരിക്കുന്നു എന്നും വിലയിരുത്തുന്നതിൽ മുൻപിലാണ് നമ്മൾ. അത് ശരിയായ പ്രവണതയല്ല. ആ ധാരണ തിരുത്താൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കഴിവതും അമിതവണ്ണത്തെ അകറ്റി നിർത്തുക.
പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് അമിത വണ്ണം കുറയ്ക്കലാണ്. ഇത് പ്രമേഹ ചികിത്സ എളുപ്പവും മരുന്നുപയോഗമില്ലാതാക്കാനും സഹായിക്കും.
മെലിഞ്ഞിരിക്കുന്നവർക്ക് ആഹാരം കൂടുതൽ ക ഴിക്കാനുള്ള സാമൂഹിക സമ്മർദം അനുഭവിക്കേണ്ടി വരാം. ധാരാളം ആഹാരം കഴിക്കാൻ നിർബന്ധിതരാകുന്നത് ഉടനടി വണ്ണം കൂട്ടില്ലെങ്കിലും, സാവധാനം വയറിന് ചുറ്റുമുള്ള കൊഴുപ്പ് രൂപപ്പെടാൻ ഇടയാക്കാം.
3. Stop Abdominal Fat
തീർച്ചയായും അമിത വണ്ണം പ്രമേഹത്തിലേക്ക് ന യിക്കാം. അമിതവണ്ണമില്ല, അല്ലെങ്കിൽ മെലിഞ്ഞിരിക്കുന്നു എന്നതു കൊണ്ടു മാത്രം പ്രമേഹത്തിൽ നിന്ന് രക്ഷ നേടി എന്നു കരുതാനാകില്ല. വയറിന് ചുറ്റും അടിയുന്ന കൊഴുപ്പ് നിങ്ങൾക്ക് ഉണ്ടോ എന്നു ശ്രദ്ധിക്കുക. മെലിഞ്ഞിരിക്കുമ്പോൾ തന്നെ കുടവയറും അടിവയറിന്റെ ഭാഗത്ത് കൊഴുപ്പടിയുന്ന പ്രവണതയുമുണ്ടെങ്കിൽ പ്രമേഹ സാധ്യത തള്ളിക്കളയാനാകില്ല.
ഇത്തരക്കാർ പ്രമേഹം ഉണ്ട് എന്ന വിധത്തിൽ തന്നെ ഭക്ഷണ നിയന്ത്രണവും വ്യായാമവും ചെയ്തു തുടങ്ങണം. പ്രമേഹ ബാധിതരായ മെലിഞ്ഞവർ വയറിന് ചുറ്റും കൊഴുപ്പ് ഉണ്ടെങ്കിൽ ഉടൻ കുറയ്ക്കുക. ഇത് മരുന്ന് ഉപയോഗത്തിലേക്ക് കടക്കാതെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
4. Stop Fatty Liver
പ്രമേഹത്തിന്റെ തൊട്ടു മുൻപുള്ള പടിയായി പരിഗണിക്കേണ്ട ഒന്നാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ഭക്ഷണ രീതി, വ്യായാമക്കുറവ്, സ്ട്രെസ്, ഹോർമോൺ വ്യതിയാനം എന്നിവയാണ് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് പ്രധാന കാരണം.
തൈറോയിഡ് രോഗം, പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്നിവ ഉള്ളവർക്കും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ വരാം. അന്നജം അധികമായി കഴിക്കുന്നതും ഫാറ്റി ലിവർ വരാനുള്ള കാരണമാണ്. അതിനാൽ കാർബോ ഹൈഡ്രേറ്റ്സ് അ ടങ്ങിയ ആഹാരം അധികം കഴിക്കുന്ന രീതിയാണെങ്കിൽ ഉടൻ അതു നിയന്ത്രിക്കുക.
മലയാളികൾ പൊതുവേ പിന്തുടരുന്നത് കാർബോഹൈഡ്രേറ്റ്സ് കൂടുതലും പ്രോട്ടീൻ കുറവും ഉള്ള ഭക്ഷണ രീതിയാണ്. ഭാരം കുറയ്ക്കലാണ് ഫാറ്റി ലിവർ തടയാനുള്ള പ്രധാന മാർഗം. കടുത്ത ഡയറ്റിനേക്കാൾ 10 ശതമാനം ഭാരം ആറു മാസം കൊണ്ട് കുറയ്ക്കുക എന്ന രീതി പിന്തുടർന്നാൽ മതിയാകും.
5. Stop Bad food Habits
പ്രമേഹ സാധ്യതയുള്ള ആളാണെങ്കിലും പ്രമേഹ ബാധിതർ ആണെങ്കിലും ആഹാരത്തിൽ കാർബോ ഹൈഡ്രേറ്റ്സ് ഗണ്യമായി കുറച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഓരോ വ്യക്തിക്കും പ്രായത്തിനും മറ്റു രോഗാവസ്ഥകൾക്കും അനുസരിച്ചാണ് ഏതു തരം ആഹാരമാണ് കഴിക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത്.
പോഷകാഹാര വിദഗ്ധരെ കണ്ട് ആഹാരക്രമീകരണം നടത്തണം. പ്രമേഹ സാധ്യത കൂടി കണക്കിലെടുത്ത് അതിന് അനുഗുണമായ ആഹാര രീതി നിർദേശിക്കാൻ പോഷകാഹാര വിദഗ്ധർക്ക് കഴിയും. പ്രമേഹമുള്ളവർക്ക് അത് മൂർച്ഛിക്കാതിരിക്കാൻ തക്ക ഡയറ്റ് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിക്കും.
6. Stop Stress
ജോലി, ജീവിതം എന്നിവ നൽകുന്ന പിരിമുറുക്കം പ്രമേഹ ചികിത്സ ദുഷ്ക്കരമാക്കും. പ്രമേഹമുള്ളവർ സ്ട്രസ് കുറയ്ക്കുന്നതിനായുള്ള മാർഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. പ്രീ ഡയബറ്റിക് അവസ്ഥയിൽ തന്നെ അതിനുള്ള വഴികൾ തേടണം.
നടപ്പ്, യോഗ, ധ്യാനം, എന്നിവ പിരിമുറുക്കം കുറയ്ക്കും. ഓരോരുത്തർക്കും ചേർന്ന സ്ട്രസ് റിലീഫ് മാർഗം സ്വീകരിക്കുക. ഇതിലൂടെ സ്ട്രെസ് നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ സൈക്യാട്രിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
7. Stop Physical Inactivity
ശരീരം അനങ്ങാതെയുള്ള ജോലി ചെയ്യുന്നവർക്ക് പ്രമേഹം മൂർച്ഛിക്കാനുള്ള സാധ്യത ഏറെയാണ്. ചെറിയ തോതിലെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കണം. അമിതമായി വ്യായാമം ചെയ്തോ നിങ്ങൾക്ക് ചേരാത്ത, ഫലപ്രദമല്ലാത്ത വ്യായാമം ചെയ്തോ മറ്റു പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തരുത്.
ചെറുതായി തുടങ്ങി പടിപടിയായി വ്യായാമം കൂട്ടിക്കൊണ്ടു വരിക. നടപ്പ്, പുഷ് അപ്സ്, ഏയറോബിക്സ്, ജോഗിങ്, സ്കിപ്പിങ് തുടങ്ങി നമ്മുടെ ശരീരത്തിന് അനുയോജ്യവും ഫലപ്രദവുമായ വ്യായാമം ചെയ്യുക. പ്രീ ഡയബറ്റിക് കണ്ടീഷനിൽ തന്നെ വ്യായാമശീലം പാലിച്ചാൽ പ്രമേഹത്തിലേക്ക് എ ത്തുന്ന സമയം ദീർഘിപ്പിക്കാനാകും.
8. Stop Comorbidities
പ്രമേഹ രോഗം മാത്രം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് മിക്കവരും മറ്റു രോഗങ്ങൾക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഇതു പ്രമേഹം കൂട്ടാനും പ്രമേഹം മൂലം മറ്റ് രോഗങ്ങളുടെ സ്ഥിതി വഷളാകാനും ഇടയാക്കും.
പ്രമേഹം നിയന്ത്രണാതീതമായാൽ മരുന്ന് ചികിത്സ മാത്രം ഫലപ്രദമാകുന്ന അവസ്ഥയിലേക്ക് അ തു കൊണ്ടെത്തിക്കാം. രക്താതിസമ്മർദം, ഹൃദ്രോഗം, രക്തത്തിൽ ലിപ്പിഡ് ഫാറ്റ് കൂടുന്ന ഡൈസ്ലിപിഡെമിയ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ, ഒ ബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ രോഗങ്ങളുള്ളവർ ഏറെ ശ്രദ്ധ ചെലുത്തണം.
9. Stop Gestational Diabetes
ഗർഭിണിയാകുന്നതോടെ വീട്ടുകാർ രണ്ടാൾക്കുള്ള ഭക്ഷണം കഴിക്കണം തുടങ്ങിയ അനാരോഗ്യകരമായ ഉപദേശങ്ങൾ നൽകുകയും ഗർഭിണി ആഹാരത്തിന്റെ അളവ് വല്ലാതെ കൂട്ടുകയും ചെയ്യുന്ന പതിവ് കേരളത്തിലുണ്ട്. ഗർഭിണികൾ പ്രമേഹ ബാധിതർ ആണെങ്കിലും അല്ലെങ്കിലും ആരോഗ്യ രക്ഷയ്ക്ക് അമിതാഹാരം കഴിക്കേണ്ടതില്ല.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനുഗുണമായി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണം കഴിക്കുക. ഗർഭകാലത്ത് ആവശ്യമായ ഭാരം മാത്രം കൂടാൻ ശ്രദ്ധിക്കുക. ചിലർക്ക് അമിത വിശപ്പുണ്ടാകാം. ഇത്തരക്കാർ നാരടങ്ങിയ ഭക്ഷണം പച്ചക്കറി, പഴങ്ങൾ എന്നിവ ചെറിയ അളവിൽ ഇടയ്ക്കിടെ കഴിച്ച് വിശപ്പിനെ നിയന്ത്രിക്കുക.
ഗർഭിണിയാണ് എന്നത് കൊണ്ട് വ്യായാമം ചെയ്യാതിരിക്കേണ്ടതില്ല. ഗർഭകാലത്ത് പ്രമേഹം വേണ്ട വിധത്തിൽ നിയന്ത്രിച്ചു നിർത്താൻ സാധിച്ചില്ലെങ്കിൽ പിന്നീട് മരുന്നുകൾ ഉപയോഗിച്ചു ചികിത്സ ചെയ്യേണ്ടി വരാം.
10. Stop Diabetogenic Drugs
ഏത് അസുഖത്തിന് മരുന്ന് കഴിക്കുമ്പോഴും അത് പ്രമേഹം കൂട്ടാൻ കാരണമാകുന്നവയാണോ എന്ന് കൂടി ചിന്തിക്കണം. മറ്റു രോഗങ്ങൾക്കായി കഴിക്കുന്ന മരുന്നുകൾ പ്രമേഹത്തെ വർധിപ്പിക്കുന്ന അവസ്ഥയുണ്ടാകാം.
കൊളസ്ട്രോൾ, രക്താതിസമ്മർദം ഇവയ്ക്കായി കഴിക്കുന്ന ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ, ചില ആന്റിബയോട്ടിക്കുകൾ ഇവയെല്ലാം ചില സാഹചര്യങ്ങളിൽ ഒഴിവാക്കാനാകില്ല. എന്നാൽ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗമാണ് പ്രധാനമായും വില്ലനാകുന്നത്.
ഒരു പ്രത്യേക രോഗാവസ്ഥയിൽ ഡോക്ടർ കുറിച്ച മരുന്ന് വീണ്ടും അതേ രോഗം വന്നാൽ മെഡിക്കൽ ഷോപ്പിൽ നിന്നും നേരിട്ട് വാങ്ങിക്കഴിക്കുന്നതും മറ്റും പ്രമേഹാവസ്ഥയെ പ്രതികൂലമായി ബാധിക്കാം. ജലദോഷം, പനി, വേദനകൾ എന്നിവയ്ക്കും വണ്ണം കൂട്ടാനും മറ്റും സ്റ്റിറോയിഡുകൾ അശാസ്ത്രീയമായി ഉപയോഗിക്കുന്നതും പ്രമേഹം മൂർച്ഛിക്കാൻ ഇടയാക്കാം.
പ്രമേഹം നിയന്ത്രണാതീതമായാൽ
പ്രമേഹം നിയന്ത്രണാതീതമായാൽ അത് ശരീരത്തിന്റെ മറ്റ് അവയവങ്ങളെ ബാധിക്കും എന്നതിനാൽ നിയന്ത്രണം അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസ് ഉൗർജമാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ.
ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ ശരിയായ രീതിയിൽ ഉപയോഗിക്കാനോ കഴിയാതെ വരുന്ന അവസ്ഥയാണ് പ്രമേഹം.
∙ പ്രമേഹം ഗുരുതരമായാൽ അത് രക്തക്കുഴലുകളെ ബാധിക്കും. ഇരുമ്പ് പൈപ്പിലൂടെ ഉപ്പു വെള്ളം കടത്തിവിടുന്നതു പോലെയാകും ഗ്ലൂക്കോസ് ലെവൽ കൂടുതലുള്ള രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുന്നത്. ക്രമേണ അത് ഹൃദയത്തെ ബാധിക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
∙ രക്തക്കുഴലുകൾക്ക് ആരോഗ്യക്കുറവ് ഉണ്ടാക്കുന്നതു മൂലം പ്രമേഹം കണ്ണുകളെയും കാഴ്ച ശക്തിയെയും ബാധിക്കും. കണ്ണുകളിലേക്കുള്ള രക്തക്കുഴലുകൾ ദുർബലമാകുന്ന ഈ അവസ്ഥയെ ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് പറയുക.
∙ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ പ്രമേഹം ബാധിക്കുന്നത് രക്താതിസമ്മർദത്തിലേക്ക് നയിക്കുകയും പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എക്കാലത്തേക്കുമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും പക്ഷാഘാതം.
∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും തോറും വൃക്കകൾക്ക് രക്തശുദ്ധീകരണത്തിലുള്ള ജോലി ഭാരം വർധിക്കുകയും ക്രമേണ പ്രവർത്തന ര ഹിതമാകാനുള്ള സാധ്യത കൂടുകയും ചെയ്യും.
∙ പ്രമേഹം നിയന്ത്രണാതീതമായാൽ കാലുകളിലേക്കുള്ള രക്തയോട്ടം കുറയുകയും വിരലുകൾക്ക് മരവിപ്പ് വരികയും ചെയ്യും. ഡയബറ്റിക് ന്യൂറോപ്പതി എന്ന ഈ അവസ്ഥയിൽ കാലിൽ മുറിവു പറ്റിയാൽ ഉണങ്ങാതിരിക്കും.
∙ പ്രമേഹമുള്ളവർക്ക് ചർമത്തിലെ അസ്വസ്ഥതക ൾക്ക് സാധ്യത കൂടുതലാണ്. നിറവ്യത്യാസം, ചൊറിച്ചിൽ ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയിലേക്ക് നിയന്ത്രണാതീതമായ പ്രമേഹം നയിക്കും.
കടപ്പാട്: ഡോ. സതീഷ് ഭട്ട്, ഡയബറ്റോളജിസ്റ്റ്, ഡയബറ്റിക് കെയർ ഇന്ത്യ, പനമ്പിള്ളി നഗർ, എറണാകുളം. ഡോ. എബിൻ തോമസ്, ഡയബറ്റോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, എറണാകുളം