Tuesday 22 December 2020 04:12 PM IST : By സ്വന്തം ലേഖകൻ

വേണ്ടത് മനസ്സിന്റെ ‘ഭാരം’ നിയന്ത്രിക്കുകയാണ്; പ്രമേഹ ചികിത്സാരംഗത്തെ മാറ്റങ്ങൾ, ജീവിതശൈലി ക്രമീകരിക്കേണ്ട വിധം അറിയാം

shutterstock_609348470

പ്രമേഹ ചികിത്സാരംഗത്തെ മാറ്റങ്ങൾ, ജീവിതശൈലി ക്രമീകരിക്കേണ്ടത് എങ്ങനെ, വ്യാജ ആരോഗ്യവാർത്തകൾ. പ്രമേഹരോഗ വിദഗ്ധൻ ഡോ. വി. മോഹൻ സംസാരിക്കുന്നു...

ജീവിതത്തില്‍ ‘മധുരം നിറയ്ക്കണം’ എന്ന് ആലങ്കാരികമായി നമുക്ക് പറയാം. എന്നാൽ യഥാർഥ ജീവിതത്തിൽ അത്രയ്ക്ക് മധുരം  വേണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണമെടുത്താ ൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചികിത്സയ്ക്കായി രോഗികൾ എത്തുന്നുണ്ടെങ്കിലും അത് ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങളാണ്. എന്താകാം കാരണം?

ചികിത്സാവിജയത്തിന്റെ അൻപതു ശതമാനവും രോഗിയെ മാത്രം ആശ്രയിച്ചാണ്. ബാക്കി അന്‍പതു ശതമാനമേ മരുന്നിനും ചികിത്സാരീതികൾക്കും പങ്കുള്ളൂ.

‘‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രമേഹ ചികിത്സയില്‍ വളരെയധികം മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഗ്ലൂക്കോസ് മീറ്ററിന്റെ പുതിയ മോഡലുകളിൽ കൃത്യതയാർന്ന വിവരങ്ങൾ ലഭിക്കും. തുടർച്ചയായ അളവ് നിരീക്ഷിക്കാ ൻ നിരവധി ഉപകരണങ്ങൾ വിപണിയിലുണ്ട്. ഇൻ‌സുലിന്‍ പേനകളും പമ്പുകൾക്കും പുറമേ മൊബൈൽ ഫോൺ സാങ്കേതികവിദ്യയും എത്തി. ഇതെല്ലാം വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.’’ ഡോ. വി. മോഹൻ ചൂണ്ടിക്കാണിക്കുന്നു.

ചികിത്സാ മേഖല  ഇത്രയും പുരോഗമിച്ച കാലഘട്ടത്തിലും പ്രമേഹത്തെ ‘ഭയക്കേണ്ട’ കാര്യം ഉണ്ടോ?

ഈ ഭയം പ്രമേഹത്തെ ഒരു വ്യക്തി എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നന്നായി നിയന്ത്രിക്കാനാവുന്നുെണ്ടങ്കിൽ പ്രമേഹത്തെ രോഗം എന്നു പോലും വിളിക്കേണ്ട. പ ക്ഷേ, അനിയന്ത്രിതമായാൽ‌ പ്രമേഹം ഭയപ്പെടുത്തുന്ന രോഗമായി എപ്പോൾ‌ വേണമെങ്കിലും മാറാം.

ഉദാഹരണത്തിന് അനിയന്ത്രിതമായി കഴിഞ്ഞാൽ കണ്ണുകൾ, വൃക്കകൾ, ഹൃദയം കാലുകൾ തുടങ്ങി മറ്റ് അവയവങ്ങളെ ബാധിച്ചേക്കാം. ആ സാഹചര്യത്തിലാണ് ‘സിംപിൾ ഡിസോർഡർ’ എന്ന നിലയിൽ നിന്ന് ഭയപ്പെടുത്തുന്ന രോഗമായി മാറുന്നത്.

ലളിതമായ ഒരു രോഗത്തെ ജീവൻ അപകടത്തിലാക്കാവുന്ന രീതിയിലേക്ക് വളർത്തുന്നത് നമ്മൾ തന്നെയാണ്. അതുകൊണ്ട് പ്രമേഹത്തെ തുടക്കത്തിലേ നിയന്ത്രിക്കാൻ ശ്രമിക്കുക. നമ്മുടെ ‘കൈകളിലാണ്’ പ്രമേഹത്തിന്റെ കടിഞ്ഞാൺ.

ആധുനിക കാലത്ത് പ്രമേഹ ചികിത്സയില്‍ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

നിരവധി വർഷത്തെ പഠനങ്ങളിലൂടെയാണ് ‘ആധുനിക കാല പ്രമേഹ ചികിത്സ’ എന്ന ചിന്തയിലേക്ക് എത്താനായത്. 100 വർഷം മുൻപ് പ്രമേഹത്തിന് ശാ‌സ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല.  

ഷുഗർ ലെവൽ നിരീക്ഷിക്കാനുള്ള മാർഗങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. കഴിഞ്ഞ പത്തു വർഷങ്ങളിൽ കുറഞ്ഞത് ആറോളം ആൻറി ഡയബറ്റിക് മരുന്നുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ശരീരത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന ചെറിയ സെൻസറുകളുണ്ട്. അത് ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി രേഖപ്പെടുത്തുന്നു.

ഇൻസുലിൻ കുത്തിവയ്പ്പുകളുടെ കാര്യത്തിൽ, വേദനാജനകമായതും പലപ്പോഴും ശുചിത്വമില്ലാത്തതുമായ ഗ്ലാസ് സിറിഞ്ചുകൾ, സൂചികൾ എന്നിവയിൽ നിന്ന് പ്ലാസ്റ്റിക് ഡിസ്പോസിബിൾ സിറിഞ്ചുകളിലേക്ക് കാര്യങ്ങൾ എത്തി. പിന്നെ, ഇൻസുലിൻ പേനകളിലേക്കും മാറി. ഇൻസുലിൻ പമ്പുകൾ വന്നു. മോഡേൺ മെഡിസിൻ അത്രത്തോളം വളർന്നിട്ടുണ്ട്.

പുതു തലമുറയുടെ ജീവിത ശൈലിയിൽ വലിയ മാറ്റങ്ങൾ വ ന്നിട്ടുണ്ട്. പ്രമേഹം വ രാതിരിക്കാനായി എന്തൊക്കെ ശ്രദ്ധിക്കണം?

അനാരോഗ്യകരമായ ഭക്ഷണം പലരുടെയും ശീലമായി കഴിഞ്ഞു. ഇത് അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയിലേക്ക് എത്തിക്കുന്നു. പ്രമേഹസാധ്യതയുള്ളവർ ജീവിതശൈലിയിൽ കഠിനമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഇലക്കറികളും ധാരാളമായി കഴിക്കുക, കൃത്യമായ വ്യായാമം ഇതെല്ലാം അമിതമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇനി വേണ്ടത് മനസ്സിന്റെ ‘ഭാരം’നിയന്ത്രിക്കുകയാണ്. അതിന് ധ്യാനമോ യോഗയോ ശീലമാക്കുക. ഇതെല്ലാം പുതു തലമുറ ഇപ്പോഴേ ശീലമാക്കേണ്ട കാര്യങ്ങളാണ്.

വ്യായാമം മാത്രം കൊണ്ട് പ്രമേഹത്തിൽ നിന്ന് രക്ഷ നേടാം എന്ന്  പ്ര ചരിക്കുന്നു. ഇതെങ്ങനെ വിലയിരുത്തുന്നു?

ഇതിനെ ‘ഭാഗികമായ സത്യം’ എന്നു പറയാം. പ്രമേഹത്തെ മാത്രമല്ല, മറ്റ് പല രോഗങ്ങളെയും തടയുന്നതിനും വ്യായാമം വളരെ പ്രധാനമാണെന്ന് നിസംശയം പറയാം. എന്നാൽ വ്യായാമം കൊണ്ടു മാത്രം പ്രമേഹത്തെ തടഞ്ഞു നിർത്താനാകില്ല. പ്രമേഹത്തിന്റെ പൂർവഘട്ടത്തിൽ (പ്രീഡയബറ്റിക് സ്റ്റേജ്) കടുത്ത ഭക്ഷണ നിയന്ത്രണവും ക‍ൃത്യമായ വ്യായാമവും മതിയാകും. എന്നാൽ മരുന്ന് നിർബന്ധമായും കഴിക്കേണ്ടവരിൽ വ്യായാമം കൊണ്ടു മാത്രം പ്രയോജനമുണ്ടാവില്ല.

പ്രമേഹ രോഗികളിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് പഠനങ്ങ ൾ. എന്തായിരിക്കാം കാരണം?

അതിൽ അദ്ഭുതപ്പെടാൻ എന്താണുള്ളത്? ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ അതിന് അനുസരിച്ച് കൂടുതൽ പ്രമേഹ രോഗികൾ ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

അതുപോലെ ഇന്ത്യക്കാർ‌ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാലും ജീവിതശൈലീ മാറ്റത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനാകുമെന്നത് ശുഭകരമായ വാർത്തയാണ്.

ചികിത്സ സ്വീകരിക്കുമ്പോഴും പ്ര മേഹം വരുതിയിൽ വരുത്താനാകാത്ത വലിയ വിഭാഗം തന്നെയുണ്ട്. എന്താകാം അതിനു കാരണം?

എല്ലാതരം പ്രമേഹവും ഒരുപോലെയല്ല. ഓരോ വിഭാഗവും ഒാരോ തരത്തിലാണ് പ്രതികരിക്കുന്നത്. ഇതിനെല്ലാം വ്യത്യസ്ത തരത്തിലുള്ള ചികിത്സാരീതികളാണുള്ളത്. അത് കണ്ടെത്തുക എന്നത് പ്രധാന കടമ്പയാണ്.

രണ്ടാമത്തെ പ്രശ്നമായി കാണുന്നത് പ്രമേഹരോഗികളുടെ ഗൗരവമില്ലായ്മയാണ്. ജീവിതശൈലികൾ നിയന്ത്രിക്കാതിരിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക, പരിശോധനകൾ നടത്തുന്നതിലെ വിമുഖത തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഉണ്ട്.   

shutterstock_1195994767

പ്രമേഹ ചികിത്സയ്ക്ക് ഡോക്ടറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.

പ്രമേഹ ഡോക്ടർ കൂടിയായതിനാൽ  ഇതിനുത്തരം പറയാൻ പ്രയാസമാണ്. എന്നിരുന്നാലും, രോഗികൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ ഇവയാണ്: ഡോക്ടറുടെ പരിചയസമ്പത്ത്, ധാർ മികത, പ്രമേഹചികിത്സാ ആശുപത്രി നൽകുന്ന സൗകര്യങ്ങൾ, സേവനങ്ങളും ഡോക്ടറുടെ മനോഭാവവും  രോഗികളോടുള്ള അടുപ്പവും... ഇതൊക്കെ ഒരു രോഗി – ഡോക്ടർ ബന്ധത്തെ വളർത്തുന്ന കാര്യങ്ങളാണ്.   

ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് എത്രത്തോളം അറിവുകൾ ഉണ്ടായിരിക്കണം?  

രോഗം എന്ന വാക്കിന്റെ പൊതുവായ രൂപമായി ജീവിതശൈലീ രോഗങ്ങൾ മാറിക്കഴിഞ്ഞു. ഏകദേശം 50 വർഷം മുൻപു വരെ മലേറിയ, ടിബി, ടൈഫോയ്ഡ്, കോളറ തുടങ്ങിയ സാംക്രമികരോഗങ്ങളായിരുന്നു പല മരണങ്ങൾക്കും കാരണം. എന്നാലിന്ന് അത്  പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം, ചിലതരം അ ർബുദങ്ങൾ എന്നിവയായി മാറി.

ഇന്ത്യയിൽ 60 ശതമാനത്തിലധികം മരണം ജീവിതശൈലീ രോഗങ്ങൾ മൂലമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ജീവനു വേണ്ടി  അനാരോഗ്യകരമായ ജീവിതശൈലി മാറ്റിയേ മതിയാകൂ. അതുകൊണ്ടു തന്നെ ബോധവല്‍ക്കരണം സ്കൂൾ തലം മുതൽക്കേ തുടങ്ങണം.   

പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജവാർത്തകളെ എങ്ങനെ തിരിച്ചറിയാം?

പലപ്പോഴും സോഷ്യൽമീഡിയയിൽ പരാമർശിക്കപ്പെടുന്നതും വാട്സ്‌ആപ്പിൽ ഫോ ർവേഡ് മെസേജ് ആയി പ്രചരിക്കുന്നതുമെല്ലാം വ്യാജ വാർത്തകളായിരിക്കും.

പല ഉദാഹരണങ്ങളമുണ്ട്. ഒറ്റ ദിവസത്തിനുള്ളിൽ പ്രമേഹം മാറ്റാൻ കഴിയുമെന്ന് അവകാശപ്പെടുന്നവരുണ്ട്.  അതുപോലെ ഇല കഴിച്ചാൽ പ്രമേഹം ഭേദമാകുമെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്. ഇതൊക്കെ പ്രായോഗികമാണോ എന്ന് സ്വയം ആലോചിച്ച് തീരുമാനിക്കുക.

പ്രമേഹം  പനിയോ തലവേദനയോ പോലെയല്ല,  എളുപ്പവഴിയിലൂടെ ഭേദമാവുന്ന ഒന്നല്ല. അത്തരം  പരിഹാര വാഗ്ദാനങ്ങളുടെ കെണിയിൽ വീഴാതിരിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, സമ്മർദം കുറയ്ക്കുക, കൃത്യസമയത്ത് മരുന്നുകൾ കഴിക്കുക, കൃത്യമായ പരിശോധന നടത്തുക ഇതിലൂടെ മാത്രമേ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയൂ.

പ്രമേഹമരുന്നുകൾ വൃക്കരോഗം പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നത് ശരിയാണോ?

സോഷ്യൽമീഡിയ പ്രചരിപ്പിക്കുകയും തലമുറകളിലൂടെ കൈമാറുകയും ചെയ്യുന്ന മറ്റൊരു മിഥ്യാധാരണയാണിത്. പ്രമേഹമരുന്നുകൾ വൃക്കയെ തകർക്കും എന്നത് തെറ്റായ കാര്യമാണ്.

50 വർഷമായി പ്രമേഹമുള്ളവരെ ചികിത്സിക്കുന്നുണ്ട്. മരുന്നുകൾ ആരിലും വൃക്കരോഗം ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്.

ഹൈപ്പോഗ്ലൈസീമിയ എങ്ങനെ ഒഴിവാക്കാം? ഈ അവസ്ഥയുടെ ഭാഗമായി അബോധാവസ്ഥയിൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ നടപടികൾ എന്തൊക്കെയാണ്?

ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ പഞ്ചസാര കുറയുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക, രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ പരിശോധിക്കുക. മരുന്നുകളുടെ അളവ് പതിവായി ക്രമീകരിക്കുകയും ചികിത്സ നേടുകയും വേണം  

ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവു നൽകാനാവുന്ന സെൻസറുകൾ ഉപയോഗിച്ചാൽ ഹൈപ്പോഗ്ലൈസീമിയ തീർച്ചയായും തടയാം‌.

രോഗി അബോധാവസ്ഥയിലല്ലെങ്കിൽ, ബിസ്കറ്റ്, ഫ്രൂട്ട്ജ്യൂസ്, പഴങ്ങൾ, ഗ്ലൂക്കോസ് പോലുള്ള മധുരമുള്ള എന്തെങ്കിലും നൽകാം.

ചികിത്സാ ചെലവുകൾ എങ്ങനെ കുറയ്ക്കാം?

പ്രമേഹം ചികിത്സിക്കുന്നത് ചെലവേറിയതല്ല. എന്നാൽ‌ കൃത്യസമയത്ത് പ്രമേഹം ചികിത്സിക്കാതിരുന്നാൽ അത് ചികിത്സാചെലവിൽ വലിയ വർധനവുണ്ടാക്കും.

ഒരാൾ പ്രമേഹത്തെ ചികിത്സിക്കുന്നില്ലെങ്കിൽ, ഒടുവിൽ അത് വൃക്കരോഗം, ഹൃദ്രോഗം, കാലിലെ പ്രശ്നങ്ങൾ മുതൽ കാഴ്ചയെ വരെ ബാധിച്ചേക്കാം. വൃക്കരോഗത്തിൽ എത്തിപ്പെട്ടാലോ ജീവിതാവസാനം വരെ ‍ഡയാലിസിസ് ചെയ്യേണ്ടി വരും. ഇതെല്ലാം ചെലവേറയിതാണ്.

കൃത്യമായ പരിശോധനകളിലൂടെ പ്രമേഹത്തിന്റെ സ ങ്കീർണത തടയുകയാണ് ബുദ്ധി. ഒരു കാറിനായി ഇൻഷുറൻസ് എടുക്കുന്നതു പോലെയാണിത്. പണം ലാഭിക്കാൻ ശ്രമിച്ച് ഇൻഷുറൻസ് എടുക്കാതിരുന്നാലോ അപകടമുണ്ടാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വലിയ തുക നൽകേണ്ടിവരും. പ്രമേഹ പരിശോധനയും അതുപോലെ തന്നെ.

പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇൻസുലിൻ ആരംഭിക്കുന്നത് നല്ലതാണോ?  

പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തിൽ എല്ലാവർക്കും ഒരുപോലെ ഇൻസുലിൻ നൽകണമെന്ന് കണ്ണടച്ചു പറയാനാകില്ല. മിക്കപ്പോഴും ഭക്ഷണവും വ്യായാമവും കൊണ്ടു പോലും തുടക്കത്തിൽ നല്ല നിയന്ത്രണത്തിലാകും. എങ്കിലും കൂടുതൽ പേർക്ക് മരുന്നുകൾ ആവശ്യമായി വരും.

രോഗ നിർണയസമയത്ത് എച്ച്ബി‌എ1 സി 10 ശതമാനത്തിൽ കൂടുതലാണെങ്കിൽ, മൂന്നു – നാല് ആഴ്ചപോലും ഇൻസുലിൻ ഒരു ചെറിയ കോഴ്സ് നൽകുന്നത് നല്ല മാറ്റങ്ങളുണ്ടാക്കും. എന്നാൽ ചില രോഗികളിൽ വിപരീത ഫലം ഉണ്ടാക്കും. അതുകൊണ്ട് ഒാരോ രോഗിക്കും വ്യക്തിഗത ചികിത്സയാണ് നൽകേണ്ടത്. പൊതുവായി എല്ലാവർ‌ക്കും ഇൻസുലിൻ അല്ലെങ്കിൽ ടാബ്‌ലറ്റ് നൽകണം എന്നു പറയാനാകില്ല.

Tags:
  • Health Tips
  • Glam Up