Monday 19 September 2022 03:58 PM IST : By സ്വന്തം ലേഖകൻ

‘വിവസ്ത്രനായി നടക്കാനും അപമര്യാദയായി പെരുമാറാനും സാധ്യത; ദേഷ്യമോ അക്രമസ്വഭാവമോ കാണിച്ചാൽ പൊറുക്കണം, അറിയാതെ ചെയ്തു പോകുന്നതാണ്’; കുറിപ്പ്

dr-sulphinoooooo

മാപ്പാക്കണം!

ഒരച്ഛൻ മക്കൾക്ക് എഴുതുന്ന കത്ത്- ഈ കത്ത് ഇപ്പോൾ വായിക്കരുതെന്ന് അഭ്യർത്ഥന. 

രണ്ടാൺമക്കളോടും കൂടിയാണ്. ബുധൻ, സെപ്റ്റംബർ 21 ലോക അൽസിമേർസ് ദിനം. ഒരുപക്ഷേ  ദശാബ്ദങ്ങൾക്കപ്പുറം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്രം പ്രസക്തമാകുന്ന കത്ത്. അതിനുമപ്പുറം കണ്ടുമുട്ടുന്ന പ്രായാധിക്യം ചെന്ന ആർക്കെങ്കിലും ഗുണം ചെയ്യുമെന്ന് തോന്നുന്നെങ്കിൽ മാത്രം വായിക്കുക. ഭാര്യയോട് വിവരങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ട്.

കൊല്ലങ്ങൾ കഴിയുമ്പോൾ ഒരുപക്ഷേ എനിക്കും അൽഷിമേർസ് ഡിസീസോ മറ്റൊരു തരത്തിലുള്ള ഡിമെൻഷ്യയൊ ബാധിച്ചേക്കാം. 85 വയസ്സിനു മുകളിൽ മൂന്നിലൊന്ന് ആൾക്കാർക്ക് മറവിരോഗം ബാധിക്കുമത്രേ.. അപ്പോൾ ചെയ്യുന്ന പ്രവർത്തികൾക്ക് മുൻകൂർ മാപ്പ്. നിയന്ത്രണങ്ങൾ ഇല്ലാതെ പോകുന്ന പ്രവർത്തികൾ അലോസരപ്പെടുത്തുമെന്നും കുടുംബങ്ങളെ താറുമാറാക്കുമെന്നും അറിയാം. ഇതുവരെ മാന്യമായി, അന്തസായി പെരുമാറിയിരുന്ന പെരുമാറ്റം തലകുത്തനെ മാറിയേക്കാം. 

വിവസ്ത്രനായി നടക്കാനും സ്ത്രീകളോടും കൊച്ചുകുട്ടികളോടും പോലും അപമര്യാദയായി പെരുമാറുവാനും സാധ്യത. വ്യക്തി ശുചിത്വത്തിൽ പോലും ഒട്ടുംതന്നെ ശ്രദ്ധയില്ലാതായിപ്പോയേക്കാം. ഒരുപക്ഷേ ഡിമെൻഷ്യ ബാധിച്ചാൽ മേൽ പറഞ്ഞതൊക്കെ രോഗത്തിന്റെ ഭാഗമാണെന്ന് തീർച്ചയായും അറിയണം. ദേഷ്യമോ അക്രമസ്വഭാവമോ കാണിച്ചാൽ സദയം പൊറുക്കണം. പപ്പാ അറിയാതെ ചെയ്തു പോകുന്നതാണ്. അറിഞ്ഞുകൊണ്ട് ഇങ്ങനെയൊന്നും ചെയ്യില്ല.

ഡിമൻഷ്യയുടെ ചില ഘട്ടങ്ങളിൽ എല്ലാവരും ഇങ്ങനെയൊക്കെയാണെന്ന് തീർച്ചയായും അറിയണം. കുടുംബത്തിലെ മറ്റുള്ളവരെ അറിയിക്കണം. നിങ്ങളുടെ ഉപ്പച്ചിക്ക് ഓർമ്മക്കുറവ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അങ്ങനെയൊന്ന് ബാധിക്കുവാനുള്ള സാധ്യത കൂടുതൽ. 65 വയസ്സ് മുതൽ മറവിരോഗം വരാനുള്ള സാധ്യത കൂടുന്നു. 85ന് മുകളിൽ മൂന്നിലൊന്ന് പേർക്ക് ഈ രോഗം ബാധിച്ചേക്കാം.

നല്ല വ്യായാമവും സമീകൃതിഹാരവും അൽസിമേർസ് രോഗം വരാനുള്ള സാധ്യത കുറക്കുമെന്ന് വ്യക്തമായ തെളിവുകൾ. സ്ത്രീകൾക്കാണ് കൂടുതൽ വരാൻ സാധ്യതയെങ്കിലും പ്രായം കൂടുംതോറും  രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. അൽഷിമേർസ്  രോഗത്തിന് പരിപൂർണ്ണമായ ചികിത്സയില്ല. ഒരുപക്ഷേ പത്തോ ഇരുപതോ കൊല്ലങ്ങൾ കഴിയുമ്പോൾ അൽഷിമേർസ് രോഗം ബാധിച്ചാൽ പോലും ചികിത്സ ലഭ്യമായിരിക്കും എന്നാണ് സൂചനകൾ. ആ മേഖലയിൽ നിരന്തരം ഗവേഷണങ്ങൾ നടക്കുന്നു.

മധുരം കുറച്ച് നൽകുന്നതിനെക്കുറിച്ചൂം കോഫി നൽകുന്നതിനെക്കുറിച്ചും കണ്ണാടികൾ ഒഴിവാക്കുന്നതിനെ കുറിച്ചും പച്ചനിറത്തിലുള്ള വസ്ത്രങ്ങളോടുള്ള ഇഷ്ടത്തിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ലഭ്യമാണെങ്കിൽ മാത്രം അതിനെ ആശ്രയിക്കണം. തീർച്ചയായും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് മുൻഗണന. ഒരുപക്ഷേ ഏറ്റവും നല്ല ചികിത്സ..  

എന്നെ അറിയുന്ന എന്റെ വ്യതിയാനങ്ങൾ തിരിച്ചറിയുന്ന രോഗത്തെ പരിപൂർണ്ണമായും മനസ്സിലാക്കുന്ന ചുറ്റുമുള്ളവർ ഉണ്ടാകുക എന്നുള്ളത് തന്നെയാണ്.

അതുകൊണ്ടുതന്നെ ഈ കത്ത് പ്രസക്തമാവുകയാണെങ്കിൽ തീർച്ചയായും വായിക്കണം. ചുറ്റും നടക്കുന്ന കാര്യങ്ങൾ ദിവസവും കാണുന്നത് കൊണ്ടാണ് ഈ കത്ത് എഴുതണം എന്ന് തോന്നിയത്. ഒരുപക്ഷേ രോഗം ബാധിച്ചില്ലെങ്കിൽ ഈ കത്തിലെ കാര്യങ്ങൾ പറഞ്ഞ് നമുക്ക് അന്ന് പൊട്ടിച്ചിരിക്കാം. ഒന്നുകൂടി മുൻകൂർ മാപ്പ് പറഞ്ഞുകൊണ്ട്.

സസ്നേഹം

നിങ്ങളുടെ പ്രിയപ്പെട്ട പപ്പാ.. 

ഡോ. സുൽഫി നൂഹു

Tags:
  • Spotlight