നീന്തുന്നവരിലാണ് ബാഹ്യകര്‍ണ അണുബാധ കൂടുതലായി കാണുന്നത്. അതുകൊണ്ടു സ്വിമ്മേഴ്സ് ഇയർ (Swimmers Ear) എന്നും എക്സ്റ്റേണൽ ഒട്ടൈറ്റിസ് (External Otitis ) എന്നു പറയും. നീന്തുന്നതിനിടയ്ക്കും കുളിക്കുമ്പോഴും ചെവിയില്‍ കടക്കുന്ന വെള്ളത്തില്‍ നിന്നാകാം അണുബാധയുണ്ടാകുന്നത്. ഈര്‍പ്പമുള്ള ഭാഗത്തു ബാക്ടീരിയയും ഫംഗസും പെരുകാനിടയുണ്ട്. തലയിലെ താരനോ മറ്റോ ചെവിക്കുള്ളില്‍ കടന്നു നനവും കൂടി ചേര്‍ന്ന് വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ചെവിയിലെ ഫംഗസ് അണുബാധയാണിത്. വിരല്‍കൊണ്ടോ തീപ്പെട്ടിക്കൊള്ളി, താക്കോല്‍ എന്നിവ കൊണ്ടോ ചെവി ചൊറിയുന്നതും ബാക്ടീരിയല്‍ അണുബാധയിലേക്കും നയിക്കും. ചെവിക്കുള്ളിലെ ചര്‍മത്തില്‍ ചൊറിയുമ്പോഴുണ്ടാകുന്ന മുറിവ് അണുബാധ ആവാനുള്ള സാധ്യതയുണ്ട്. ഇയര്‍ഫോണ്‍ കൂടുതലായി ഉപയോഗിച്ചാലും കൂടുതല്‍ നേരം പഞ്ഞിയോ ഇയര്‍പ്ലഗ്സ് കൊണ്ടോ െചവി അടഞ്ഞിരുന്നാലും ഇവ ചെവിയുടെ ബാഹ്യകര്‍ണനാളിയിലെ ചര്‍മത്തില്‍ നിരന്തരം ഉരച്ചിലുണ്ടാക്കുന്നുണ്ട്.
നീന്തുന്ന വെള്ളത്തില്‍ അണുക്കള്‍ ഉണ്ടാകാം എന്നുവേണം കരുതാന്‍. കുളികഴിഞ്ഞാലും നീന്തിക്കഴിഞ്ഞാലും ചെവിയില്‍ കിടക്കുന്ന വെള്ളം മൃദുവായി തുടച്ചുനീക്കേണ്ടതാണ്. എന്നാല്‍ തുടരെ തുണികൊണ്ടോ ഇയര്‍ ബഡ് കൊണ്ടോ ചെവി വൃത്തിയാക്കുന്നതിലൂടെയും അണുബാധ ഉള്ളില്‍ കടക്കാം. ഇയര്‍ഫോണ്‍ അല്ലെങ്കില്‍ ശ്രവണസഹായി കൂടുതല്‍ നേരം ചെവിക്കുള്ളില്‍ വയ്ക്കുന്നത് ചര്‍മത്തിന്റെ അലര്‍ജി, എക്സീമ, െഹയര്‍ െെഡ പോലുള്ള ഉല്‍പന്നങ്ങളോടുള്ള അലര്‍ജി, അസ്വസ്ഥത ഇതെല്ലാം ബാഹ്യകര്‍ണത്തിലെ അണുബാധയ്ക്കു കാരണമാകാം.
ചെവിക്കായം (Ear wax) ചെവിയുടെ അണുബാധയെ തടയുന്ന പ്രകൃതിദത്തമായ ഒരു കവചമാണ്. എന്നാല്‍ ഈര്‍പ്പം ചെവിയില്‍ നിലനില്‍ക്കുന്നതും ചൊറിയുന്നതുകൊണ്ട് ചര്‍മത്തില്‍ മുറിവ് (Scratch) ഉണ്ടാകുന്നതും ചെവിക്കായം ഉണ്ടാകാന്‍ അനുവദിക്കില്ല. തന്മൂലം ആ സുരക്ഷാകവചം നഷ്ടപ്പെടുന്നു. അങ്ങനെയും ബാഹ്യകര്‍ണനാളിയിലെ അണുബാധയ്ക്ക് കാരണമാകും. ഇയർബഡ് ഇട്ട് ചെവി ചൊറിയുന്നതും അണുബാധ ഉണ്ടാക്കും.
കര്‍ണനാളിയില്‍ തടിപ്പ്, ചുവപ്പുനിറം, ചൂട്, ചെവിക്കുള്ളില്‍ വേദനയോ, അസ്വസ്ഥതയോ, പഴുപ്പ് ഒലിച്ചുവരുന്നത്, ചൊറിച്ചില്‍, തെളിനീര് ഒലിച്ചുവരുന്നത്, കേൾവിക്ക് തകരാറ്, മുഖത്തും തലയിലും ആ വശം കഴുത്തിനും കഠിനമായ വേദന, ചവയ്ക്കുമ്പോള്‍ വേദന, പനി, കഴലവീക്കം എന്നിവയൊക്കെ ലക്ഷണങ്ങളാണ്. അനിയന്ത്രിതമായ പ്രമേഹം ഈ രോഗം വഷളാക്കാനും അസ്ഥികളെ ബാധിക്കുന്നതിനും കാരണമാകാം.
ചികിത്സ എങ്ങനെ?
ബാഹ്യകര്‍ണത്തിലെ രോഗത്തിനു ചിലപ്പോള്‍ ചികിത്സ വേണ്ടിവരില്ല. ഒരാഴ്ചയ്ക്ക് ആന്റിബയോട്ടിക് തുള്ളിമരുന്നോ നിര്‍ദേശിക്കാറുണ്ട്. ചൊറിച്ചിലും നീര്‍ക്കെട്ടും കുറയാന്‍ ആന്റിബയോട്ടിക്കിന്റെ കൂടെ സ്റ്റീറോയ്ഡ് ചേര്‍ന്ന തുള്ളിമരുന്നും നല്‍കും. ഫംഗസ് ബാധയ്ക്ക് ആന്റിഫംഗല്‍ തുള്ളിമരുന്നും.
ചികിത്സയ്ക്കിടയില്‍ ചെവിക്കുള്ളില്‍ ഒട്ടും നനവുണ്ടാകാതെ നോക്കണം. വേദനസംഹാരികള്‍ നിര്‍ദേശിക്കാറുണ്ട്. സോഫ്റ്റ് ഇയർ പ്ലഗ്സ് അല്ലെങ്കില്‍ എണ്ണപുരണ്ട പഞ്ഞി എന്നിവകൊണ്ടു ചെവിയില്‍ നനവു കടക്കാതെ നോക്കാം. എക്സ്റ്റേണൽ ഒട്ടൈറ്റിസിന്റെ സങ്കീര്‍ണാവസ്ഥയില്‍ പഴുപ്പു നിറഞ്ഞ കുരു ഉണ്ടാകാം. അതില്‍ നിന്നു കീറി പഴുപ്പ് കളഞ്ഞ് ചികിത്സ തുടരണം. ബാഹ്യകര്‍ണനാളിക്കുള്ളില്‍ ഒായിന്‍മെന്റ് പുരണ്ട ഗോസ് കഷണം തിരിപോലെ ഉള്ളില്‍ പാക്ക് ചെയ്തുവയ്ക്കേണ്ടിവരാം.
മധ്യകര്‍ണത്തിലെ അണുബാധയ്ക്ക് ആന്റിബയോട്ടിക് വേണ്ടിവരും. ഇന്‍ഫെക്‌ഷന്‍ ആയോ ഗുളിക രൂപത്തിലോ ആകാം. ചെവിപ്പാട പൊട്ടി ഒലിക്കുന്നുണ്ടെങ്കില്‍ തുള്ളിമരുന്നും വേണം. വേദനസംഹാരിയും നീര്‍ക്കെട്ട് കുറയാനുള്ള മരുന്നും വേണ്ടിവരും. അലര്‍ജി, ജലദോഷം എന്നിവ കൊണ്ടുള്ള കര്‍ണരോഗമാണെങ്കില്‍ അവയ്ക്കുള്ള പ്രത്യേക ചികിത്സയും.