Thursday 09 April 2020 03:18 PM IST

ടെൻഷൻ കൂടുമ്പോൾ അമിത ഭക്ഷണം, വണ്ണം കൂടുമെന്ന് പേടിച്ച് ഭക്ഷണം ഛർദ്ദിച്ച് കളയൽ; ഈറ്റിങ് ഡിസോർഡറുകൾ അറിയാം...

Tency Jacob

Sub Editor

eating-disgvvyfsasr

ടെൻഷൻ കൂടുമ്പോഴും സ്ട്രെസ് വരുമ്പോഴും കൂടുതൽ ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടോ. അല്ലെങ്കിൽ വണ്ണം വയ്ക്കുമെന്നു പേടിച്ച് തീരെ ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ടോ? രണ്ടും ഈറ്റിങ് ഡിസോർഡറാണ്. ഈറ്റിങ് ഡിസോർഡറുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ്, ആങ്സൈറ്റി എന്നിവയ്ക്കു കാരണമാവാം. അമിതമായി ഭക്ഷണം വാരിവലിച്ചു കഴിക്കുന്നവരും ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദിക്കുന്നവരും മറ്റുള്ളവരുടെ കളിയാക്കലുകൾ പേടിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി വരാതിരിക്കാം.അതുവഴി അവരുടെ സാമൂഹിക ജീവിതം തകരാറിലാവുന്നു. അതുകൊണ്ടു പെട്ടെന്നു തന്നെ ഭക്ഷണക്രമീകരണം നടത്തേണ്ടത് ആവശ്യമാണ്. രണ്ടു തരത്തിലുള്ള ഈറ്റിങ് ഡിസോർഡറുകളുണ്ട്. അനോറെക്സിയ നെർവോസ, ബുലീമിയ നെർവോസ. 

അനോറെക്സിയ നെർവോസ

കരീന കപൂറിന്റെതു പോലെ സീറോ സൈസ് ആകാനായി പട്ടിണി കിടക്കുന്ന പെൺകുട്ടികളുണ്ട്. ഒരു ഔൺസ് കൂടുതൽ കഴിച്ചാൽ വെപ്രാളം തുടങ്ങും. അധികമുണ്ട ചോറുരുള കയ്യിൽ മസിലായി ഉരുണ്ടു കിടക്കുമെന്നു തോന്നും അവരുടെ വെപ്രാളം കണ്ടാൽ. പിന്നെയത് പുറത്തു കളയാനുള്ള പെടാപ്പാടുകളായി. ശരീരഭാരം കൂടുമെന്ന പേടി കൊണ്ട് ഭക്ഷണം കഴിക്കാതെ പട്ടിണിയിലേയ്ക്ക് ശരീരത്തെ കൊണ്ടുപോകുന്ന ഈറ്റിങ് ഡിസോർഡറാണ്  അനോറെക്സിയ നെർവോസ. മെലിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ.വണ്ണം വയ്ക്കുമോ എന്നു പേടിച്ച് ഭക്ഷണം തന്നെ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ. ബോഡി ഷേപ്പിനെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചുമെല്ലാം ഇവർക്ക് അമിത ശ്രദ്ധയായിരിക്കും. അതിനെ ഇല്ലാതാക്കുന്ന ഒരു ഭക്ഷണവും ഇവർ കഴിക്കില്ല. അത് എത്ര ഇഷ്ടമുള്ളതാണെങ്കിൽ കൂടി. 

ഫാഷൻ ലോകവും സെലിബ്രിറ്റി ലോകവും ഇത്തരം കാര്യങ്ങളിലേക്ക് അവരെ നയിക്കാം. വെള്ളിത്തിരയിൽ കാണുന്ന നടീനടന്മാരുടെ സൂപ്പർ ഫാൻസായിരിക്കും ഇവർ. അവരെ ആരാധിക്കുക മാത്രമല്ല, അന്ധമായി അനുകരിക്കുക കൂടി ചെയ്യും. സാധാരണയിൽ നിന്നും വളരെ കുറഞ്ഞ തൂക്കമായിരിക്കും ഇവർക്ക് ഉണ്ടാവുക. ജീവിതത്തെ കൂടി ബാധിക്കുന്ന രീതിയിലുള്ള ഭ്രാന്തമായ ഒരു ചിന്തയാണ് ഇതിലേക്ക് നയിക്കുന്നത്. 

ശരീരഭാരം കൂടാതിരിക്കാനും ശരീരവടിവ് നിലനിറുത്തുന്നതിനും വേണ്ടി എന്തും ചെയ്യാൻ മനസ്സാസന്നദ്ധരാണ് ഇക്കൂട്ടർ.അമിതമായ ഭാരക്കുറവ്, മലബന്ധം, ഓസ്റ്റിയോപോറോസിസ്, നിർജലീകരണം, ലോ ബ്ലഡ് പ്രഷർ, ഹൃദയമിടിപ്പിലെ വ്യത്യാസം, തണുപ്പ് സഹിക്കാൻ കഴിയാതിരിക്കുക, വരണ്ട തൊലി, മുടി അമിതമായി കൊഴിയൽ, ഉറക്കകുറവ് ഇവയെല്ലാം ഇതിന്റെ പാർശ്വഫലങ്ങളാണ്.

ഉപവാസവും ഒരുനേരം ഭക്ഷണം കഴിക്കലും ഇവരുടെ ലക്ഷണങ്ങളാണ്. കൂടുതൽ ഭക്ഷണം കഴിച്ചുവെന്നു തോന്നിയാൽ  എക്സൈർസ് ചെയ്യുന്നവരാണെങ്കിൽ കൂടുതൽ സമയം വ്യായാമം ചെയ്യും. ശരീരത്തിനു ഈ അധിക വ്യായാമം താങ്ങാൻ പറ്റുമോ എന്നൊന്നും അവർ ചിന്തിക്കില്ല. അതുപോലെ ശരീരഭാരം ക്രമീകരിക്കുന്നതിനുള്ള ഡയറ്റുകളും ഇവർ എപ്പോഴും ചെയ്തു കൊണ്ടിരിക്കും. അത്തരം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. 

ശരീരത്തിന്റെ മെറ്റബോളിസം ഇതുവഴി തകരാറിലാവുകയും പലതരം അസുഖങ്ങൾ പിടികൂടുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് വളരെ കുറയ്ക്കുകയും ചിലപ്പോൾ ദിവസങ്ങളോളം കഴിക്കാതിരിക്കുകയും ചെയ്യാറുണ്ട്. ശരീരത്തിന്റെ കൊഴുപ്പിനോടൊപ്പം മസിലുകളും നഷ്ടമാകുന്ന അവസ്ഥ വരും. ശരീരത്തിലെത്തുന്ന ഊർജ്ജം നിയന്ത്രിക്കുന്നതിനു വേണ്ടി കൂടുതൽ വ്യായാമം ചെയ്യുകയോ ഛർദ്ദിച്ചു കളയുകയോ ആണ് ഇവർ ചെയ്യുന്നത്. ഇങ്ങനെയാകുമ്പോൾ കൊഴുപ്പ് ശരീരത്തിൽ നിന്ന് കൂടുതൽ നഷ്ടപ്പെടുകയും മസിലുകൾ ദുർബലമാവുകയും ചെയ്യുന്നു.

പ്രത്യേകിച്ച് ഒരു കാരണം കൊണ്ടല്ല ഈറ്റിങ് ഡിസോർഡർ ഉണ്ടാകുന്നത്. ശാരീരികവും വൈകാരികവും സാമൂഹ്യവുമായ പല ഘടകങ്ങളുടെ പ്രതിഫലനമാണ്. ഇതു കൂടാതെ ജീവിതത്തിലുണ്ടാകുന്ന ചില പ്രത്യേക സംഭവങ്ങളോ കുടുംബപശ്ചാത്തലം, ദുരഭിമാനം ഇവയൊക്കെ കാരണങ്ങളാണ്. ജനിറ്റിക് കാരണങ്ങളും അതുപോലെ പാരമ്പര്യവും ഇത്തരം ഡിസോർഡറുകൾക്ക് കാരണമാണ്.

ഈ അസുഖം പ്രതിരോധിക്കുക അത്ര എളുപ്പമല്ല. ലക്ഷണങ്ങൾ വച്ച് അമിതമായി ഡയറ്റിങ് ചെയ്യുന്നവരേയും ഭ്രാന്തമായ രീതിയിൽ ശരീരഭാരം കുറയ്ക്കുക മാത്രം ജീവിതലക്ഷ്യമായി കരുതുന്നവരേയും ചികിത്സിക്കുക തന്നെ വേണം. ഇതൊരു ഡിസോർഡർ ആയി മാറുന്നതിന് മുൻപ് ആദ്യ സ്േറ്റജിൽ കണ്ടുപിടിച്ചാൽ ചികിത്സ എളുപ്പമാണ്. ശരിയായ കൗൺസലിങ്ങിലൂടെ മാത്രമേ ഇതു ശരിയാക്കാൻ സാധിക്കുകയുള്ളൂ.

ബുളീവിയ നെർവോസ

ശരീരഭാരം കൂടാതിരിക്കുന്നതിന് കൂടുതൽ ഭക്ഷണം വളരെ പെട്ടെന്ന് കഴിക്കുകയും എന്നാൽ അത് ശരീരത്തിൽ പിടിക്കാതിരിക്കാൻ വേണ്ടി ഛർദ്ദിക്കുകയോ വയറിളക്കുന്നതിനു വേണ്ടി ലാക്റ്റേസ് കഴിക്കുകയുമാണ് ഇവരുടെ പ്രത്യേകത. ഹിസ്റ്റീരിക്കൽ രീതിയിലാണ് ഇവർ പ്രവർത്തിക്കുക. ഏതു പ്രായക്കാരെയും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഇതു ബാധിക്കാം. ഏതു സമയത്തും ഏതു നിമിഷവും ഈ ഒരൊറ്റക്കാര്യം മാത്രം ആയിരിക്കും ഇത്തരക്കാരുടെ ചിന്തയിൽ ഉണ്ടാവുക. ഒരു മണിക്കൂർ കൊണ്ട് 3000 മുതൽ 5000 കലോറി വരെ കഴിയ്ക്കുകയും പിന്നീട് അവയെ എങ്ങനെയെങ്കിലും ശരീരത്തിൽ നിന്ന് പുറന്തള്ളുകയുമാണ് ഇവർ ചെയ്യുന്നത്.

ശരീരത്തിനാവശ്യമായതിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതാണ് ഇവരുടെ പ്രശ്നം. അതിനു പല കാരണങ്ങളുണ്ട്. കുടുംബപരമായി നല്ല ഭക്ഷണം കഴിക്കുന്നവരാണെങ്കിലും ഇങ്ങനെ വരാം. ആരോഗ്യപരമായ നല്ല ഭക്ഷണശീലം സ്വായത്തമാക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. ചിലർക്ക് പാരമ്പര്യമായും ഇത്തരം ഭക്ഷണശീലങ്ങളുണ്ടാവും. അതുപോലെ ഡിപ്രഷൻ ഉള്ളവർക്കും അമിതമായി ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടാവാം. എല്ലാകാര്യങ്ങളും പെർഫക്ഷതയോടു കൂടി ചെയ്യണമെന്ന് നിർബന്ധ ബുദ്ധിയുള്ളവർക്കും ഇത്തരം ഈറ്റിങ് ഡിസോർഡറുണ്ടാവാം. 

ചെയ്യുന്ന ജോലിയെ വളരെയധികം ബാധിയ്ക്കുന്ന ഒരു ഡിസോർഡറാണ് ബുളീവിയ. ഓർമ്മക്കുറവ്, പല്ലിലെ മഞ്ഞനിറം, മുഖത്തെ നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശരീരത്തിന് ആവശ്യമായ ഊർജ്ജമോ പ്രോട്ടീനോ മറ്റു പോഷണങ്ങളോ ലഭിക്കാതെ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തെ പോലും ബാധിക്കുന്നു. ഓർമ്മശക്തി വളരെയധികം കുറയുകയും  ഏകാഗ്രത കിട്ടാതിരിക്കുകയും ചെയ്യുന്നതിനാൽ ജോലിയിൽ താല്പര്യം കുറയുകയും ചെയ്യും. ഇതൊരു മാനസിക പ്രശ്നം കൂടിയാണെന്നതുകൊണ്ട് നല്ലൊരു കൗൺസലിങ്ങും ഇവർക്ക് പ്രയോജനപ്പെടും.

‘‘ടെൻഷൻ വരുമ്പോൾ എനിക്ക് മധുരം തിന്നാനുള്ള ആവേശം വളരെ കൂടുതലാണ്. അതുവരെ ഡയറ്റിങ്ങിന്റെ ഭാഗമായി മധുരം കഴിക്കാതെയിരുന്നതെല്ലാം ഒറ്റയടിക്ക് തിന്നു തീർക്കും. വയറു നിറഞ്ഞാലും നിർത്താൻ സാധിക്കാറില്ല. എല്ലാം കഴിയുമ്പോൾ എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നും.’’ അശ്വതിയുടേത് ഒറ്റപ്പെട്ട അനുഭവമല്ല.

ബിങ് കോ ഈറ്റിങ്

പണ്ടുകാലത്ത് സദ്യയുണ്ടു മാത്രം ജീവിക്കുന്ന ഒരാളുണ്ടായിരുന്നു. സദ്യയ്ക്ക് ചെന്നിരുന്ന് ‘ചോറുണ്ണാൻ ഇത്തിരി ചാറ്, ചാറ് കൂടിപ്പോയി ഇത്തിരി ചോറ്’ എന്നിങ്ങനെ നൂറ്റൊന്നു തവണ ആവർത്തിച്ച് വിളമ്പുന്നവരെ വിറളി പിടിപ്പിച്ച് സദ്യയുണ്ടവർ. പാലടപ്രഥമനും കുടിച്ച് എണീക്കാൻ നിവൃത്തിയില്ലാതെ നിവർന്നിരിക്കുന്നതു കണ്ട് ആരോ കളിയാക്കി പറഞ്ഞു. ‘ ഒരു വിരലിട്ട് ഛർദ്ദിച്ചു കളഞ്ഞാൽ ശ്ശി സുഖ്വണ്ടാവും.’ ഒരു വിരല് കടക്കാനിടയുണ്ടേൽ ഞാനീ പഴം തിന്നേനേ. ഇത്തരക്കാരുടെ പിൻതലമുറക്കാർ കുറ്റിയറ്റു പോയിട്ടൊന്നുമില്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ആഹാരത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കുറഞ്ഞ സമയം കൊണ്ട് കഴിക്കുന്ന  രീതിയാണ് ബിങ്കോ ഈറ്റിങ്. ഇവർക്ക് വിശപ്പ് അനുഭവപ്പെടണം എന്നില്ല. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും കഴിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥ. ചില അവസരങ്ങളിൽ കഴിച്ചു കഴിഞ്ഞതിനു ശേഷം ഒരു കുറ്റബോധം വന്നു പിടികൂടും. എന്തുകാര്യം ? എന്നു ചിന്തിക്കരുത്. പാവങ്ങൾ അവർ വേണമെന്നു വച്ചിട്ടല്ല ഇതൊന്നും കഴിക്കുന്നത്. അവരുടെ ഉള്ളിലെ നാഗവല്ലിയാണ് അവരേക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരുന്ന് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക ഇവരുടെ ഒരു രീതിയാണ്. അനോറെക്സിയക്കാരോ ബുലീമിയക്കാരോ ചെയ്യുന്നതു പോലെ അമിതമായി വ്യായാമം ചെയ്യുകയോ വയറിളക്കുകയോ ഛർദ്ദിക്കുകയോ ഇക്കൂട്ടർ ചെയ്യില്ല. 

ഭക്ഷണം ഒഴിവാക്കൽ 

ഒരു ദിവസം അനുവദനീയമായിട്ടുള്ളതും ശരീരത്തിന് ആവശ്യമായിട്ടുള്ളതുമായ പോഷകങ്ങളൊന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല എന്നതാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ ദോഷം.ശരീര ഭാരം കുറയ്ക്കണം എന്ന പ്രത്യേക ഉദ്ദേശമൊന്നും ഇവർക്ക് ഉണ്ടാകാറില്ല. ചില പ്രത്യേക ഭക്ഷണങ്ങൾ അവയുടെ നിറം, രുചി, ഇവ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ ഭക്ഷണം ഒഴിവാക്കുന്ന രീതിയാണിത്. ഭക്ഷണം കഴിച്ചാൽ അതു തൊണ്ടയിൽ കുടുങ്ങുമോ എന്ന പേടി പോലും ഇവർക്കുണ്ടാകും. പല ഭക്ഷണവും ഇങ്ങനെ ഒഴിവാക്കുന്നതു മൂലം ശരീരഭാരം ക്രമാതീതമായി കുറയുകയും പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകുകയും ചെയ്യുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

പിക സിൻഡ്രോം

ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുക എന്നതാണ് ഈ ഡിസോർ‍റിന്റെ ലക്ഷണങ്ങൾ. അരി, ഐസ്, ചോക്ക്, മണ്ണ്, മുടി, പേപ്പർ, തുണി മുതലായവ ഭക്ഷണം പോലെ തന്നെ കുറഞ്ഞ അളവിലാണെങ്കിലും  കഴിക്കുന്ന രീതിയാണിത്. കുട്ടികളിലും, കൗമാരക്കാരിലും, ഗർഭിണികളിലും ഇത് കാണാറുണ്ട്. കുട്ടികൾ ഇതു ഖലിക്കുന്നത് അയണിന്റെ കുറവുകൊണ്ടാണ്.എന്നാൽ ഗർഭിണികൾ ആ സമയത്ത് കുറച്ചൊക്കെ കഴിക്കുന്നത് പ്രശ്നമില്ല. എന്നാൽ ഭക്ഷണത്തിനു പകരമായി ഇതു കഴിക്കുന്നത് കുടലിൽ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.  കഴിക്കുന്ന വസ്തുവിന്റെ അളവനുസരിച്ച് ആരോഗ്യ പ്രശ്നങ്ങളും ശരീര പ്രശ്നങ്ങളും ഉണ്ടാക്കുകയും അപകടസാദ്ധ്യത വർദ്ധിക്കുകയും ചെയ്യും.

ഗർഭിണികളിലും കുട്ടികവിലും ഇതു ചെറിയ തോതിൽ കാണുന്നുണ്ട്. വിറ്റമിനുകളുടെ കുറവു കൊണ്ടും അയൺ, സിങ്ക് എന്നിവയുടെ അപര്യാപ്തത കൊണ്ടും പിക സിൻഡ്രോം കാണാറുണ്ട്. അത്യാവശ്യമായി ചികിത്സ വേണ്ട ഒരു സിൻഡ്രോം ആണിത്. കഴിക്കുന്ന വസ്തുക്കൾ ചിലപ്പോൾ കുടലിൽ തടസ്സങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. 

നൈറ്റ് ഈറ്റിങ് സിൻഡ്രോം

കൂണുപോലെ ബജ്ജിക്കടകളും തട്ടുകടകളും പൊട്ടിമുളയ്ക്കാൻ കാരണക്കായവരാണ് ഇവർ. വിളിച്ചാൽ വിളിപ്പുറത്തെത്തിക്കുന്ന ഓൺലൈൻ ഫൂഡ് കമ്പനികളുടെ വളർച്ചയ്ക്ക് കാരണക്കാരായവർ. മൂന്നുമണി കഴിയുമ്പോൾ ചായയും എന്തെങ്കിലും സ്നാക്സും കഴിച്ചാലും ഏഴുണിയാവുമ്പോൾ പിന്നേം ചായകുടിക്കാനിറങ്ങും. മുട്ട ബജ്ജി, ഏത്തയ്ക്കാപ്പം, പരിപ്പുവട, ഉഴുന്നുവട, ചിക്കൻ ഫ്രൈ, ബർഗർ എന്നിങ്ങനെ ഇഷ്ടമുള്ളതെല്ലാം അടിച്ചുവിടും. വീണ്ടും പത്തുമണിയാവുമ്പോൾ ഒരു ഫുൾ ബിരിയാണി അല്ലെങ്കിൽ അഞ്ചാറു പൊറോട്ടയും ബീഫും. പിന്നെ കിടന്നു ഒറ്റ ഉറക്കം.

രാത്രി ഭക്ഷണം അമിതമായി കഴിക്കുകയോ വളരെ വൈകി ഒരു നേരം കൂടി ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന ഒരു രീതിയാണ് നൈറ്റ് ഈറ്റിങ് സിൻഡ്രോം. പലപ്പോലും ഇഷ്ടമുള്ള ഭക്ഷണമായിരിക്കും ഇങ്ങനെ കഴിക്കുന്നത്. കൊഴുപ്പും മധുരവും കൂടിയതുമായ ഇത്തരം ഭക്ഷണം കഴിക്കുന്നതു കൊണ്ട് ശരീരത്തിൽ അമിതമായ ഊർജ്ജം എത്തുകയും അമിതഭാരത്തിനും പൊണ്ണത്തടിയ്ക്കും കാരണമാകുകയും ചെയ്യുന്നു.

എപ്പോഴും കിടക്കാൻ പോകുന്നതിനു മൂന്നു മണിക്കൂർ മുൻപ് അത്താഴം കഴിച്ചിരിക്കണം. അതു ദഹിക്കാനുള്ള സമയമാണ് ഈ മൂന്നു മണിക്കൂർ. കുട്ടികളെ ആ തരത്തിൽ നിർബന്ധമായും പരിശീലിപ്പിച്ചിരിക്കണം. ചില മാതാപിതാക്കൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു പഠിക്കാനിരുന്നാൽ ഉറക്കം വരുമെന്നു പറഞ്ഞ് പഠനമെല്ലാം കഴിഞ്ഞ ശേഷമേ വൈകുന്നേരത്തെ ഭക്ഷണം കൊടുക്കുകയുള്ളൂ. ഏഴുമണിയാവുമ്പോൾ സ്നാക്സ് കൊടുത്ത് പടിക്കാനിരുത്തി പത്തരയാകുമ്പോൾ അത്താഴം കൊടുക്കും. അതു നല്ല രീതിയല്ല. എപ്പോഴാണ് കിടക്കുന്നത് അതിനനുസരിച്ച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

ഓർത്തോക്സിയ നെർവോസ

ആരോഗ്യകരമായ ഭക്ഷണരീതിയിൽ നിന്നും ഉണ്ടാകുന്ന ഒരു ഒബ്സഷൻ അല്ലെങ്കിൽ ആസക്തിയാണ് ഈ ഡിസോർഡർ. ആരോഗ്യഭക്ഷണം മാത്രമേ കഴിക്കൂ എന്നു നിർബന്ധമുള്ള ഇവർ മറ്റു ആഹാര വസ്തുക്കളെയെല്ലാം പൂർണ്ണമായും ഒഴിവാക്കുന്നതായിട്ടാണ് കാണുന്നത്. സ്വയം ഉണ്ടാക്കുന്ന ചില ആഹാര തത്വങ്ങൾ അനുസരിച്ച് മാത്രം കഴിക്കുന്ന രീതി. മറ്റു ഭക്ഷണങ്ങൾ കഴിച്ചാൽ അവ അനാരോഗ്യത്തിലേയ്ക്ക് എത്തിക്കും എന്ന ചിന്ത. ഇതു പലപ്പോഴും ചില ഭക്ഷണ ഗ്രൂപ്പുകളെത്തന്നെ പാടെ ഉപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിക്കും. എണ്ണ കഴിച്ചാൽ അനാരോഗ്യകരം എന്നു ചിന്തിക്കുന്ന ചിലരുണ്ട്. എണ്ണയൊക്കെ നമ്മുടെ ശരീരത്തിന് ആവശ്യമാണ്.  നമ്മുടെ തലച്ചോറിൽ സാച്ചുറേറ്റഡ് ഫാറ്റ് അത്യാവശ്യമാണ്. 

ഒരു ദിവസം നാലു ടീസ്പൂൺ( 20 ഗ്രാം) എണ്ണ അതായത് വിസിബിൾ ഓയിൽ കഴിച്ചിരിക്കണം. ഇൻവിസിബിൾ ഓയിൽ അണ്ടിപരിപ്പുകൾ, കടല എന്നിവയിലൂടെ  നമ്മുടെ ശരീരത്തിന് കിട്ടുന്നുണ്ട്. അതു പോലെ കാർബോഹൈഡ്രേറ്റും മിതമായ അളവിൽ ശരീരത്തിൽ ചെല്ലണം. മാത്രമല്ല ആഹാരത്തിൽ നിന്നു കിട്ടേണ്ട പല പോഷകങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ടാവില്ല. ശാസ്ത്രീയമായ അടിത്തറയില്ലാതെയും ഡോക്ടർമാരോട് കൺസൾട്ട് ചെയ്യാതെയും സ്വയം ചികിത്സിക്കുന്ന ഭക്ഷണ രീതി കൂടിയാണിത്. അമിതമായുള്ള ഈ ഭക്ഷണ നിയന്ത്രണം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാമ് ചെയ്യുക. ഇത് ഒരുതരം ഒഭ്സഷനായി മാറുകയും ചെയയ്ുന്നു.

സ്ട്രെസ് ഈറ്റിങ്

മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കൂടുമ്പോൾ ഭക്ഷണത്തിൽ ആശ്വാസം കണ്ടെത്തുന്നവരാണ് ഇതിൽപ്പെട്ടവർ.ഇവ രണ്ടു തരത്തിലുണ്ട്. ഒരു കൂട്ടർ ഭക്ഷണം തീരെ കലിക്കാതെ ഭക്ഷണത്തിനു യാതൊരു രുചിയും തോന്നാതെ ഭക്ഷണം പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കുന്നവർ. മറ്റൊരു കൂട്ടർ മാനസിക പിരിമുറുക്കം ഉമ്ടാകുമ്പോൾ ആശ്വാസം കണ്ടെത്തുന്നതു തന്നെ ഭക്ഷണത്തിലാണ്. ജ്യൂസ്,ഐസ്ക്രീം, പുഡിങ്, ചോക്ലേറ്റ്, ബിരിയാണി, പൊറോട്ട എന്നിങ്ങനെ മധുരവും കൊഴുപ്പുമടങ്ങിയ ആഹാരമായിരിക്കും കൂടുതലും തിരഞ്ഞെടുക്കുന്നത്. 

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതു വഴി മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടുന്നു. ടെൻഷനും സ്ട്രെസും വരുമ്പോൾ ഇത്തരം ഭക്ഷണം കഴിക്കാനുള്ള ഒരു പ്രേരണ ഇവർക്കുണ്ടാകുന്നുണ്ട്. ഇതെല്ലാം കഴിക്കുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകുകയും ചെയ്യുന്നു.ഇത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. അമിതമായ ഉൽക്കണ്ഠയും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരായിരിക്കും ഈ രീതിയിൽ ആശ്വാസം കണ്ടെത്തുന്നത്. അതൊരു നല്ല മാർഗമല്ല എന്നു തിരിച്ചറിയുക. 

ഈറ്റിങ് ഡിസോർഡർ പലതരത്തിലുണ്ട്. ഇമോഷണൽ ഈറ്റേഴ്സ്, സ്ട്രെസ് ഈറ്റേഴ്സ്, താരെ കഴിക്കാതിരിക്കുന്നവർ, ഇഷ്ടമില്ലാത്ത ആഹാര പദാർത്ഥങ്ങൾ തൊട്ടുനോക്കാത്തവർ എന്നിങ്ങനെ ഓരോരുത്തർക്കും പല ഡിസോർഡറുകളായിരിക്കും. പ്രശ്ന പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ആരോഗ്യത്തെ സാരമായി ബാധിക്കുമെനന്തിൽ സംശയം വേണ്ട. ഇത്തരം സ്വഭാവവ്യത്യാസങ്ങൾ രൂക്ഷമായി പ്രത്യക്ഷപ്പെടുമ്പോൾ സ്വയം മനസ്സിലാക്കി അതിനെ പ്രതിരോധിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഒരു സൈക്യാട്രിസ്റ്റിന് ഇവരെ നന്നായി സഹായിക്കാൻ പറ്റിയേക്കും. ചിലപ്പോൾ മാത്രമേ ആന്റി ഡിപ്രസ്സന്റ് പോലുള്ള മരുന്നുകൾ കഴിക്കേണ്ടി വരികയുള്ളൂ. 

ഭക്ഷണം തീരെ കഴിക്കാതിരിക്കുന്നത് ഹോർമോണിന്റെ അസന്തുലിതാവസ്ഥയാണ്. കൂടുതലും ഭക്ഷണത്തിൽ മാറ്റം വരുത്തിയാൽ ശരിയാക്കാവുന്നതേയുള്ളൂ. തലച്ചോറിനെ ശാന്തമാക്കുന്ന ഭക്ഷണവും അതുപോലെ ഹോർമോൺ ഇൻ ബാലൻസിനെ ശരിയാക്കുന്ന തരത്തിലുള്ള ഭക്ഷണവും കൂടി വരുമ്പോൾ ഇത്തരം ഡിസോർഡറുകളെ ഒരു പരിധി വരെ ശരിയാക്കാൻ പറ്റും. 

ശരിക്കും ഇതൊരു ഹോർമോൺ ഇൻബാലൻസാണ്. അതിന്റെ പാർശ്വ ഫലമായാണ് ഇത്തരം തോന്നലുകൾ അവർക്കു വരുന്നത്. മാനസിക സമ്മർദ്ദം ഉണ്ടാവുമ്പോൾ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ലെവൽ കൂടുന്നു. ഈ സമയത്താണ് ഭക്ഷണവും മധുരവും കൂടുതൽ കഴിക്കാനുള്ള തോന്നലുകൾ വരുന്നത്. ഈ സമയത്ത് പഴവും പാലും കഴിക്കുന്നത് നല്ലതാണ്. പാലിൽ ട്രിപ്റ്റഫൻ എന്ന അമിനോ ആസിഡുണ്ട്. അതു സെറോട്ടൊനിൻ എന്നു പറയുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദിപ്പിക്കും. ഇതൊരു ബ്രെയിനെ തണുപ്പിക്കുന്ന ഒന്നാണ്. അതുപോലെ വൈകാരികസ്ഥിതി ഉയർത്തുന്ന ചില ഫൂഡുകളുണ്ട്. ഡാർക്ക് ചോക്ലേറ്റ്, ഫ്രൂട്സ്, ഓട്സും പഴവും ചേർന്ന പോറിഡ്ജ് എന്നിവയെല്ലാം നല്ലതാണ്. 

മറ്റെന്തങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധയെ തിരിച്ചു വിടുന്നത് ഇത്തരം ആസക്തികളെ മാറ്റാനുള്ള നല്ല ഉപാധിയാണ്. ആ സമയത്ത് ധാരാളം വെള്ളം കുടിക്കുക. ചിലർ രണ്ടു മണിക്കൂർ കൂടുമ്പോൾ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്ന ചിട്ടയിലേക്ക് കാര്യങ്ങളെ മാറ്റണം. എക്സ്ട്രീമാവാതെ നോക്കണം എന്നുള്ളതാണ് ഏറെ പ്രധാനം. മാനസിക സന്തോഷമുള്ളവരായിരിക്കുക.  

Tags:
  • Health Tips
  • Glam Up