Tuesday 05 July 2022 01:50 PM IST : By സ്വന്തം ലേഖകൻ

ഹൃദയാഘാതം മൂലം വഴിയിൽ കുഴഞ്ഞുവീണു, താങ്ങായത് എക്സൈസ് ഉദ്യോഗസ്ഥ; വണ്ടികൾ പലതിനും കൈ കാണിച്ചിട്ടും നിർത്തിയില്ല, ഒടുവിൽ...

patient_5666

ഹൃദയാഘാതം മൂലം വഴിയിൽ കുഴഞ്ഞു വീണയാൾക്ക് എക്സൈസ് ഉദ്യോഗസ്ഥ താങ്ങായി. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനു സമീപമാണ് എക്സൈസ് റേഞ്ച് ഓഫിസ്. ഇതിനു നേരെ എതിർവശത്തുള്ള ഹോട്ടലിനു മുന്നിൽ റോഡിലാണ് തവളക്കുഴി തടിപ്ലാക്കൽ സന്തോഷ്കുമാർ കുഴഞ്ഞു വീണത്. ഈ സമയം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തേക്ക് ഇറങ്ങിയ വനിതാ എക്സൈസ് സിവിൽ ഓഫിസർ ടി. വീണ ഇതു കാണാനിടയായി.

സന്തോഷിനെ റോഡിൽ നിന്നു പൊക്കിയെടുത്തു. അതുവഴി പോയ വണ്ടികൾ പലതിനും കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അവി‍ടെ പാർക്ക് ചെയ്തിരുന്ന വണ്ടികളും ആശുപത്രിയിലേക്ക് പോകാൻ തയാറായില്ലെന്നു എക്സൈസ് ഓഫിസർമാർ പറഞ്ഞു. ഉടൻ തന്നെ വീണ, എക്സൈസ് ഓഫിസിൽ വിവരം അറിയിച്ച് ജീപ്പിൽ പ്രൈമറി ഹെൽത്ത് സെന്ററിൽ കൊണ്ടു പോയി. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോകണമെന്നും ഡോക്ടർമാർ നിർദേശിച്ചു.

എക്സൈസ് സിവിൽ ഓഫിസർമാരായ എൻ.എസ്. സനിൽ, ഉണ്ണിമോൻ മൈക്കിൾ, കെ.കെ.പ്രഗീഷ് എന്നിവരുടെ സഹായത്തോടെ വീണ തന്നെ സന്തോഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. ആശുപത്രി ഐസിയു വാർഡിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ അമ്മയും സഹോദരിയും ആശുപത്രിയിൽ എത്തുന്നതു വരെ എക്സൈസ് സംഘം ആശുപത്രിയിൽ കാത്തു നിന്നു. പെയിന്റിങ് തൊഴിലാളിയും ആർട്ടിസ്റ്റുമാണ് സന്തോഷ്.

Tags:
  • Health Tips
  • Glam Up