Wednesday 02 September 2020 02:24 PM IST : By Muralee Thummarukudy, Neeraja Janaki

വിവാഹേതര ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല; എനിക്കും നിനക്കും ഇടയില്‍ മറ്റൊരാള്‍ വരുന്നത് എന്തുകൊണ്ടാണ്?

പാശ്ചാത്യ രാജ്യങ്ങളും നമ്മളും തമ്മിൽ രസകരമായ ഒരു വ്യത്യാസമുണ്ട്...

ഒരു സ്ത്രീ വിവാഹത്തിനു മുൻപ് എത്ര പേരുടെ ഗേൾഫ്രണ്ട് ആയിരുന്നുവെന്നോ പുരുഷൻ എത്ര സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്നോ ഒന്നും വിവാഹസമയത്ത് പാശ്ചാത്യ രാജ്യങ്ങളിൽ ഒരു വിഷയമല്ല. വിവാഹം കഴിക്കുന്ന മിക്കവർക്കും അതിനു മുൻപ് ഒന്നോ അതിലധികമോ ലൈംഗിക പങ്കാളികൾ ഉണ്ടായിട്ടുണ്ടാകും. കേരളത്തിൽ അങ്ങനെയല്ല സ്ഥിതി. കന്യകാത്വം ഇപ്പോഴും ആളുകളുടെ സങ്കൽപത്തിലുണ്ട്. ആണുങ്ങളുടെ കാര്യത്തിലായാലും വിവാഹത്തിന് മുൻപ് അധികം ചുറ്റിക്കളിക്ക് പോകരുത് എന്ന് തന്നെയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. എങ്കിലും ആണുങ്ങളുടെ വിർജിനിറ്റി  പരിശോധിക്കാൻ മാർഗമില്ലാത്തതിനാൽ അഡ്ജസ്റ്റ് ചെയ്തു പോകുന്നുവെന്നേയുള്ളൂ.

എന്നാൽ വിവാഹം കഴിഞ്ഞാൽ കഥ മാറി. വിവാഹബന്ധത്തിനിടെ പങ്കാളിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നു കണ്ടുപിടിക്കപ്പെട്ടാൽ പിന്നെ, പാശ്ചാത്യരാജ്യങ്ങളിൽ അവര്‍ ഇരുവരും ഒരുമിച്ചു താമസിക്കുക അപൂർവമാണ്. കുട്ടികൾ ഉണ്ടെങ്കിൽ പോലും ബന്ധം വേർപെടുത്തുക മാത്രമാണ് പരിഹാരം. നമ്മുടെ നാട്ടിലാകട്ടെ വിവാഹബന്ധം നിലനിർത്തുക എന്നതാണ് കൂടുതൽ പ്രധാനമായി കരുതുന്നത്. അതുകൊണ്ട് ഇത്തരം ബന്ധങ്ങൾ പങ്കാളി അറിയുമ്പോൾ പൊട്ടലും ചീറ്റലുമൊക്കെയായി കുടുംബത്തിലെ ജീവിതം ദുസ്സഹമാകും. പിന്നെ, എല്ലാം മൂടിവച്ച് പുറമെ സന്തുഷ്ടമായ കുടുംബജീവിതം നമ്മൾ അഭിനയിക്കുകയും ചെയ്യും.

വിവാഹമോചനം സാമൂഹികമായി എതിർക്കപ്പെടുന്നതും പ്രായോഗികമായി ഏറെ വിഷമമുളളതും ആയതാണ് ഇതിനു കാരണം. വിവാഹമോചനവും പുനർവിവാഹവും പൊതുവിൽ കൂടി വരുന്നുണ്ടെങ്കിലും ഇപ്പോഴും നാട്ടിൽ അത്ര പ്രചാരത്തിലില്ല. അതേസമയം പല കാരണങ്ങളാൽ വിവാഹബന്ധം ലൈംഗികമായിട്ടെങ്കിലും വരണ്ടു പോകുന്ന സ്ഥിതിയുമുണ്ട്.

കൂടുതൽ ആളുകൾ വീടിന് പുറത്തിറങ്ങി ജോലി ചെയ്യുകയും ഇന്റർനെറ്റും സ്മാർട്ഫോണും വാട്സ്ആപ്പും മറ്റുളളവരോടു ബന്ധം സ്ഥാപിക്കുന്നത് എളുപ്പമാക്കുകയും ചെയ്തതോടെ നാട്ടിൽ വിവാഹേതര ബന്ധങ്ങളുടെ എണ്ണം കൂടുകയാണ്. നിങ്ങൾക്ക് വിവാഹമോചിതരായ എത്ര സുഹൃത്തുക്കളുണ്ടോ അതിനേക്കാൾ കൂടുതൽ സുഹൃത്തുക്കൾ വിവാഹേതര ബന്ധങ്ങൾ ഉള്ളവർ ആകാനാണ് സാധ്യത.

ഒരു കാലത്തെ നാട്ടുനടപ്പ്

ഇതൊന്നും നമ്മുടെ സാംസ്‌ക്കാരിക അധഃപതനത്തിന്റെ ഫലമല്ല. വിവാഹം നിലവിൽ വന്ന കാലം തൊട്ടേ വിവാഹേതര ബന്ധങ്ങളുമുണ്ട്. നൂറു കൊല്ലം മുൻപൊക്കെ പലരും ഇതിെന നാട്ടുനടപ്പായി കണ്ടിരുന്നു.

കോതമംഗലത്തു പഠിക്കുന്ന കാലത്തു പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. അവിടെ പലർക്കും മലമേഖലകളിലൊക്കെ ഇഞ്ചിയും ഏലവും കൃഷിയുണ്ട്. നാട്ടിൽ കുടുംബമായി കഴിയുന്ന കാരണവർക്ക് അവിടെ ചെറിയൊരു ചിന്നവീട് ഉണ്ടായിരിക്കും. അങ്ങനെയുള്ള ബന്ധത്തിൽ കുട്ടികൾ ഉണ്ടാകുന്നതും സാധാരണം. അങ്ങനെ കുട്ടികളുണ്ടെങ്കിൽ കുട്ടിയുടെ അമ്മയ്ക്കും കുട്ടിക്കുമായി എസ്റ്റേറ്റിന്റെ അതിരില്‍ അഞ്ചോ പത്തോ സെന്റ് സ്ഥലം കൊടുക്കും. കാരണവര്‍ മലമുകളില്‍ കഷ്ടപ്പെട്ട് വിത്തിറക്കി കൃഷി െചയ്യുകയാണെന്നു നാട്ടിലെ ഭാര്യയും താന്‍ കൃഷിക്കു േപാകുന്ന സമയത്ത് വീട്ടില്‍ ഭാര്യ നോമ്പ് നോറ്റിരിക്കുകയാണെന്നാണ് കാരണവരും വിശ്വസിച്ചു. വിശ്വാസം, അതല്ലേ എല്ലാം !

എന്തുകൊണ്ടാണ് ഏകപത്നീവ്രതത്തിന്റെ പേരിൽ വിവാഹപ്രതിജ്‌ഞ എടുക്കുന്നവരും ഒന്നിലധികം തവണ വിവാഹിതരായവരും വിവാഹത്തിന് പുറത്ത് ബന്ധങ്ങൾ തേടുന്നത്? അടിസ്ഥാനകാരണം ജൈവികം തന്നെ. മനുഷ്യജീവിയുടെ അടിസ്ഥാനപരമായ നിർമാണം ഒരു പങ്കാളിയുമായി ജീവിക്കാനുള്ളതല്ല. പരമാവധി സ്ത്രീകളിൽ പരാഗണം നടത്തി സ്വന്തം ജീനിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുക എന്ന അടിസ്ഥാന ദൗത്യത്തിനാണ് പുരുഷനെ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും ഉത്തമനായ പങ്കാളിയിൽ നിന്നു ബീജം സ്വീകരിച്ച് ഫസ്റ്റ് ക്ലാസ്സ് പിൻതലമുറയെ ഉണ്ടാക്കുക എന്ന ദൗത്യം സ്ത്രീകൾക്കും നൽകി. അതിശക്തമായ ഈ ജൈവിക വാഞ്ചയാണ്  താലിച്ചരട് കെട്ടി പ്രതിരോധിക്കാൻ നിസാരനായ മനുഷ്യൻ ശ്രമിക്കുന്നത്. നടക്കുന്ന കാര്യമല്ല.

മൂന്നു പ്രധാന കാരണങ്ങള്‍

ഗർഭനിരോധന മാർഗങ്ങൾ സുലഭമായ ഇക്കാലത്ത്, ജീനിന്റെ സാധ്യത വർധിപ്പിക്കാനാണ് പരസ്ത്രീ ഗമനത്തിനു പോകുന്നതെന്ന വർത്തമാനം വിലപ്പോകില്ല. അതിനു സാമൂഹികമായ കാരണങ്ങൾ കണ്ടെത്തിയേ തീരൂ.

ഒന്നാമത്തെ കാരണം അവസരങ്ങളുെട ലഭ്യത തന്നെ. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അടിസ്ഥാന കാരണം ഇതു തന്നെയാണ്. സ്വന്തം പങ്കാളി അറിയാതെ മറ്റുള്ളവരോട് അടുത്തിടപഴകാൻ അവസരമുണ്ടായാൽ വിവാഹേതര ബന്ധത്തിനു സാധ്യത കൂടും. വിവാഹേതര ബന്ധത്തെകല്ലെറിയാൻ നിൽക്കുന്നവർ, അവർക്ക് അതിനുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്. തൊഴിൽപരമായി ധാരാളം ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുള്ളവരിൽ – അത് ഏതു മേഖലയില്‍ െപട്ടവരായാലും – വിവാഹേതര ബന്ധങ്ങൾ കൂടുതൽ കാണുന്നത് സ്വാഭാവികമാണല്ലോ. എന്നുവച്ച് കുടുംബത്തിൽ നിന്ന്, അകന്ന് താമസിക്കുന്ന, കൂടുതൽ ജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ‘അസംബന്ധ’ക്കാരാണെന്നു ഞാൻ പറയില്ല. അതിനുള്ള സാധ്യത ഉണ്ടെന്നേ പറഞ്ഞുള്ളൂ.

അസംതൃപ്തി മൂലം

വിവാഹേതര ബന്ധങ്ങളുടെ രണ്ടാമത്തെ കാരണം വിവാഹബന്ധത്തിന്റെ കിടപ്പ് തന്നെയാണ്. വിവാഹമോചനം എന്നത് സമൂഹം വലിയ കുറ്റമായി കാണുന്ന ഒരു സമൂഹത്തിൽ അസംതൃപ്തിയുടെ പ്രഷർകുക്കറിലാണ് പല വിവാഹബന്ധങ്ങളും തിളയ്ക്കുന്നത്. അതിനിടയിൽ എവിടെ റിലീഫ് കിട്ടിയാലും ചെന്നു പെടുന്ന മാനസികാവസ്ഥ അതുണ്ടാക്കുന്നു. ഒരു മിസ്ഡ് കോളിൽ വീഴുന്ന വീട്ടമ്മ, വിളിക്കുന്ന ആളുടെ ശബ്ദമാധുര്യത്തിൽ മയങ്ങിപ്പോകുന്നതൊന്നുമല്ല. സ്വന്തം പങ്കാളിയിൽ നിന്ന് അവരെ അകറ്റിനിർത്തുന്ന കാരണത്തിന്റെ ശക്തി വലുതായതുകൊണ്ട് അതിലേക്ക് ചെന്നുപെടുന്നതാണ്.

ജീവിതത്തിൽ ബുദ്ധിമുട്ടുള്ള കാലത്ത് അത് മുതലെടുക്കുന്നവരിലേക്ക് എത്തിപ്പെടുന്നതാണ് അഫയറുകള്‍ ഉണ്ടാകുന്നതിന്‍റെ അടുത്ത കാരണം. എല്ലാ മേഖലകളിലും ഇത്തരക്കാര്‍ ഉണ്ട്. ഇവരുെട മുന്നില്‍ അറിയാതെ പലരും െചന്നു ചാടുകയും െചയ്യും.  മുന്നിൽ വന്നുപെട്ടിരിക്കുന്ന ആളുകളുടെ നിസ്സഹായാവസ്ഥ അവര്‍ക്കു കാര്യങ്ങൾ എളുപ്പമാക്കുന്നു.

സംഗതി നഷ്ടക്കച്ചവടം

ഏതൊക്കെ സാഹചര്യത്തിലാണ് വിവാഹേതര ബന്ധമുണ്ടാകുന്നതെന്ന് പറഞ്ഞല്ലോ. ഇങ്ങനെയുള്ള സാഹചര്യമുണ്ടായാൽ അതെല്ലാം സ്വാഭാവികമായി വിവാഹേതര ബന്ധത്തിലേക്ക് എത്തേണ്ട കാര്യമില്ല. ഇത് ലോകത്ത് എവിടുത്തെയും കാര്യമാണ്.

പക്ഷേ, ഒരു കാര്യം പറയാതെ വയ്യ. പാശ്ചാത്യമാണെങ്കിലും പൗരസ്ത്യമാണെങ്കിലും സ്വന്തം പങ്കാളി മറ്റൊരാളോടൊത്തു ചുറ്റിക്കളിച്ചു നടക്കുന്നു എന്ന വാർത്ത നമ്മെ നടുക്കുന്നത് തന്നെയാണ്. പങ്കാളിയിലുള്ള വിശ്വാസത്തിന്റെ എന്നന്നേക്കുമായുള്ള നഷ്ടം, നമ്മുടെ ആത്മവിശ്വാസത്തിനുണ്ടാകുന്ന ഇടിവ്, സമൂഹത്തിലുണ്ടാകുന്ന മാനഹാനി, കുട്ടികളുണ്ടെങ്കിൽ അവർക്ക് നൽകുന്ന സന്ദേശം ഇതെല്ലാം ഈ പ്രശ്നത്തിന് ആക്കം കൂട്ടുന്നു.

പൊതുവെ പറഞ്ഞാൽ ഇതൊരു സീറോ സം ഗെയിം അല്ല. വിവാഹേതര ബന്ധത്തിൽ നിന്നു കിട്ടുന്ന സന്തോഷവും അത് കുടുംബത്തിലും പങ്കാളിയിലും ഉണ്ടാക്കുന്ന ആഘാതവും താരതമ്യപ്പെടുത്തിയാൽ ഇത് വലിയ നഷ്ടക്കച്ചവടം തന്നെയാണ്, വ്യക്തിക്കും സമൂഹത്തിനും. ഇതു മനസ്സിലാക്കിയിട്ടാണ് പാശ്ചാത്യർ വിവാഹേതര ബന്ധത്തിനു പകരം വിവാഹമുപേക്ഷിച്ചുള്ള ബന്ധത്തിന് പോകുന്നത്. അങ്ങനെ വരുമ്പോൾ കുറ്റബോധവും വിശ്വാസാഘാതവും മാനഹാനിയും ഒന്നുമില്ല. പക്ഷേ, കുടുംബബന്ധത്തിലും കുട്ടികളിലുമുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടുതാനും. അതിനിവിടെ സമൂഹം പ്രതിവിധി കണ്ടുവെച്ചിട്ടുണ്ടെന്നതാണ് മറ്റൊരു ആശ്വാസം.

വിവാഹേതര ബന്ധത്തിന്റെ കാര്യത്തിൽ സാധാരണക്കാർ, സിനിമാതാരങ്ങൾ, സെലിബ്രിറ്റികൾ, ഭരണകർത്താക്കൾ എന്നിങ്ങനെ വേർതിരിവില്ല. എന്നാൽ ഭരണകർത്താക്കൾക്ക് വിവാഹേതരബന്ധങ്ങൾ ഉണ്ടായാൽ പൊതുവെ കുടുംബബന്ധം മാത്രമല്ല രാഷ്ട്രീയ ഭാവിയും കുഴപ്പത്തിലാകും. ഫ്രാൻസ് ഇതിനൊരു അപവാദമാണ്. (ബോക്സ് ശ്രദ്ധിക്കുക)

പറഞ്ഞുവന്നത് ഇത്രയേയുള്ളൂ. ഈ ലൈംഗികത എന്നു പറയുന്നത് രാജാവിനും മന്ത്രിക്കും പൊലീസുകാരനും അലക്കുകാരനും എല്ലാം ഒരു പോലെ തന്നെയാണ്. മനുഷ്യൻ എന്ന ജീവി ജീവശാസ്ത്രപരമായി മോണോഗാമസ് (ഒരു ഇണയോടൊപ്പം മാത്രം ജീവിക്കുന്ന) ഇനത്തിൽ പെടുന്നതല്ല. അത് സോഷ്യോളജിക്കൽ ആയി നാം ഉണ്ടാക്കിയതാണ്, അതിനു പരിധിയുണ്ട്. ചിലപ്പോഴൊക്കെ സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് മനുഷ്യൻ തന്റെ യഥാർഥ സ്വഭാവം  പുറത്തെടുക്കുക തന്നെ ചെയ്യും.

തല രക്ഷിച്ച െഹല്‍മറ്റ്

ഫ്രാൻസിന്റെ കഴിഞ്ഞ പ്രസിഡന്റായിരുന്നു ഫ്രാൻസ്വ ഒലാൻഡ്. വലിയ മതവിശ്വാസം നിലനിൽക്കുന്ന ഫ്രാൻസിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ പുരോഗമനവാദിയാണ് അദ്ദേഹം. മുപ്പതു വർഷത്തോളം ഫ്രാൻസിലെ മറ്റൊരു നേതാവായിരുന്ന സെഗാലീൻ റോയാൽ ആയിരുന്നു അദ്ദേഹത്തിന്റെ പങ്കാളി. ആ ബന്ധത്തിൽ നാല് കുട്ടികളും ഉണ്ടായി. ഏറെ താമസിയാതെ അവർ പിരിഞ്ഞു.

പത്രപ്രവർത്തകയായ വലേറിയുമായി പിന്നീട് അദ്ദേഹം ബന്ധത്തിലായി. പ്രസിഡന്റായപ്പോൾ കൊട്ടാരത്തിലേക്കും വലേറി കൂടെ വന്നു. ഭാര്യയായില്ലെങ്കിലും ഔദ്യോഗിക യാത്രകളിൽ കൂട്ട് പോയിരുന്നതും അവര്‍ തന്നെയാണ്.

2013 ലെ ക്രിസ്മസ് അവധിക്കാലത്ത് രാത്രിയിൽ ഹെൽമറ്റും ധരിച്ച് കൊട്ടാരത്തിനു പുറത്തുള്ള ഒരു അപാർട്മെന്റിൽ പ്രസിഡന്റ് പതുങ്ങിച്ചെല്ലുന്നത് ഫ്രാൻസിലെ ഒരു പത്രക്കാരൻ കണ്ടുപിടിച്ചു, ഫോട്ടോയെടുത്ത് മാസികയിലുമിട്ടു. പിന്നീടുണ്ടായ പുകിലാണു പുകില്‍!

∙ അവിടെ താമസിച്ചിരുന്നത് ജൂലിയറ്റ് ഗയെ എന്ന നടി ആണെന്നും അവർ തന്റെ കാമുകിയാണെന്നും അവരെ കാണാനാണ് പോയതെന്നും പ്രസിഡന്റ് ഏറ്റുപറഞ്ഞു.

∙ ഡെക്സ്റ്റര്‍ (Dexter) എന്ന ഹെൽമറ്റും ധരിച്ച് നിൽക്കുന്ന പ്രസിഡന്റിന്റെ പടമാണ് മാസികയിൽ വന്നത്. പിറ്റേന്നു മുതൽ അദ്ദേഹം ഉപയോഗിച്ച ഹെൽമറ്റിന് ഒടുക്കത്തെ ഡിമാൻഡ് ആയി. സാധാരണ വർഷം ഇരുപതിനായിരം ഹെൽമറ്റ് വിൽക്കുന്നിടത്ത് ദിവസം ആയിരം ഹെൽമറ്റ് വിൽക്കുന്നതിലേക്ക് എത്തി കാര്യങ്ങൾ.

∙ ഹെൽമറ്റ് കമ്പനിയുടെ മുതലാളി പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രത്യേക പരസ്യമിട്ടു. ‘പ്രിയ  പ്രസിഡന്റ്, താങ്കളുടെ തല രക്ഷിക്കാൻ ഫ്രാൻസിൽ ഉണ്ടാക്കിയ ഞങ്ങളുടെ ഹെൽമറ്റ് തിരഞ്ഞെടുത്തതിന് നന്ദി. ഇനി ഭാവിയിലും ഇതുപോലെ ആവശ്യം വന്നാൽ പല മോഡൽ ഹെൽമറ്റുകൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.’

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

Tags:
  • Health Tips
  • Columns
  • Glam Up