Saturday 08 September 2018 05:10 PM IST : By സ്വന്തം ലേഖകൻ

സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ ഇനി മടിക്കേണ്ട; ഇതാ കൈവണ്ണം കുറയ്‌ക്കാൻ അഞ്ചു വ്യായാമങ്ങൾ

isha

ഓരോ വ്യക്തികളുടെയും ശരീരത്തിൽ കൊഴുപ്പടിയുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർക്ക് വയറു ചാടുന്നു, ചിലർക്ക് കൈവണ്ണം കൂടുന്നു, മറ്റുചിലരുടെ കൈകാലുകൾക്ക് വണ്ണം കൂടുന്നു. ചിലർക്കാണെങ്കിൽ മാറിടത്തിന് വലുപ്പം കൂടും. ശരീരത്തിന്റെ അഴകളവുകളെ പ്രധാനമായും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. പ്രശ്നപരിഹാരമെന്ന നിലയ്‌ക്ക് ജിമ്മിൽ പോകുന്നവരും എന്തെങ്കിലും യോഗാസനങ്ങൾ ചെയ്യുന്നവരും കുറവല്ല. പക്ഷെ എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതിക്കാരാണ് ഭൂരിഭാഗവും.

ശരിയായ രീതിയിൽ വ്യായാമം ചെയ്തില്ലെങ്കിൽ ഒരു പ്രയോജനവും ഉണ്ടാവില്ല. ഇതിനെപ്പറ്റി അറിവുള്ളവർ പറഞ്ഞുതരുമ്പോഴാണ് അവയുടെ ഗുണഫലങ്ങൾ ലഭ്യമാവുക. കൈകളുടെ വണ്ണം കുറയ്ക്കാനുള്ള അഞ്ചു വ്യായാമങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ;

cobra

1. ഭുജംഗാസനം

ഭുജംഗം എന്നാൽ പാമ്പ് എന്നാണ് അർഥം. പാമ്പു പത്തിവിടർത്തി നിൽക്കുന്ന രീതിയെ അനുകരിച്ചു ചെയ്യുന്ന യോഗാസനമായതുകൊണ്ടാണ് ഇതിനെ ഭുജംഗാസനം അഥവാ സർപ്പാസനം എന്നു പറയുന്നത്. ഇതിനു ധാരാളം വകഭേദങ്ങളുണ്ട്.

ചെയ്യുന്ന വിധം

കമിഴ്ന്നു കിടന്നു കാലുകൾ നീട്ടിവയ്ക്കുക, കാൽ വിരലുകൾ നീട്ടി ശരീരം ഒരേ രേഖയിൽ വരത്തക്കവിധം കാലുകൾ കഴിയുന്നത്ര അടുപ്പിച്ചു കിടക്കുക, കൈപ്പത്തിയിൽ അതതു തോളിനു താഴെ വിരലുകൾ ചേർത്തു പതിച്ചു കമഴ്ത്തി വയ്ക്കണം. തല കുനിച്ചു നെറ്റിയോ താടിയോ ഏതെങ്കിലുമൊന്നു തറയിൽ മുട്ടിച്ചുവയ്ക്കുക, കൈമുട്ടുകൾ ശരീരത്തിനടുത്തു നേരെ പിറകിലോട്ടു തന്നെ ആയിരിക്കണം. ശരീരം മുഴുവൻ തളർത്തിയിടുക. സാവകാശം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ട്, കൈകൾ നിലത്തമർത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നുയർത്തി, തല കഴിയുന്നത്ര പിറകോട്ടു വളച്ചു മുകളിലേക്കു നോക്കുക, പൊക്കിൾ വരെയുള്ള ഭാഗമേ ഉയർത്താവൂ. മൂന്നോ നാലോ സെക്കൻഡ് സമയം ഇങ്ങനെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു തല താഴ്ത്തി പൂർവസ്ഥിതിയിലേക്കു മടങ്ങി വന്നു കിടക്കുക. കുറഞ്ഞത് അഞ്ച്-ആറു തവണ ആവർത്തിക്കുക.

pushup

2. പുഷ്‌ അപ്‌

കൈകള്‍ക്ക്‌ ആരോഗ്യവും രൂപഭംഗിയും ലഭിക്കുന്നതിന്‌ പുഷ്‌ അപ്‌ ചെയ്യുന്നത്‌ വളരെ നല്ലതാണ്‌. പുഷ്‌ അപ്‌ ചെയ്യുന്നതിലൂടെ കൈകള്‍ക്ക്‌ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാന്‍ കഴിയും. തറയില്‍ മുട്ടുകളമര്‍ത്തി ശരീരം നിവര്‍ത്തി വേണം ചെയ്‌ത്‌ തുടങ്ങാന്‍. താഴേക്ക്‌ നോക്കി ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഭാരം കൈകളിലും മുട്ടിലും മാത്രമാകും അനുഭവപ്പെടുക. കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിന്‌ ദിവസം 10 - 15 പുഷ്‌ അപ്‌ ചെയ്യുക. നെഞ്ചിലെയും കൈകളിലും പേശികള്‍ക്ക്‌ ബലവും ഭംഗിയും ലഭിക്കാന്‍ ഇത്‌ സഹായിക്കും.

3. ട്രൈആങ്കിൾ പുഷ് അപ്

അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസിന്റെ അഭിപ്രായത്തിൽ ട്രൈആങ്കിൾ പുഷ് അപ് ആണ് കൈവണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വ്യായാമം. പുഷ് അപ് തന്നെ കുറച്ച് വ്യത്യസ്തമായ രീതിയിൽ ചെയ്യുന്നതാണിത്. പുഷ് അപ് പൗസിഷനിൽ ഇരുന്ന് കൈകൾ, പ്രധാനമായും കൈ വിരലുകൾ( തള്ളവിരലും ചൂണ്ടു വിരലും ചേർത്ത്)പേര് പോലെ നിലത്ത് ത്രികോണാകൃതിയിൽ വയ്ക്കുക. കൈകൾക്ക് പരമാവധി സമ്മർദം നൽകിക്കൊണ്ട് വേണം ചെയ്യാൻ. എല്ലാ ദിവസവും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം ചെയ്യാം. വീഡിയോ നോക്കി പരിശീലിക്കാം.

plank

4. കുംഭകാസന അഥവാ പ്ലാങ്ക് പോസ്

കുംഭകാസന അഥവാ പ്ലാങ്ക് പോസ് മറ്റൊരു യോഗാപോസാണ്. പുഷ് അപ് ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ പോസ്. ഇതേ രീതിയില്‍ അല്‍പം സമയം നില്‍ക്കുക. ചിത്രത്തില്‍ കാണുന്നതു പോലെ.

bench

5. ട്രൈസെപ് ബെഞ്ച് ഡിപ്സ്

ട്രൈസെപ്സ് പ്രധാനമായും പുറം തിരിഞ്ഞിരുന്ന് പേരു സൂചിപ്പിക്കും പോലെ ഉറപ്പുള്ള ബെഞ്ചിൽ കൈകൾ സ്ഥാപിച്ച് മെല്ലെ ഉയരുകയും താഴുകയും ചെയ്യാം. 8-9 തവണ തുടര്‍ച്ചയായി ചെയ്യണം.