Tuesday 14 September 2021 04:32 PM IST : By സ്വന്തം ലേഖകൻ

മൂഡ് ഓഫ് മാറ്റുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപെടുത്താം; വിഷാദം അകറ്റി നിർത്താൻ അറിയാം ഇക്കാര്യങ്ങൾ

depressshhhhh77565443

ഫിറ്റ്നസ് എന്നാൽ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസ്സിന്റെ കൂടിയാണ്. വിഷാദം, മൂഡ് സ്വിങ്സ് തുടങ്ങി പല പ്രശ്നങ്ങളിലും ചെന്നകപ്പെടുന്നതിന്റെ കാരണം മനസ്സിന്റെ അനാരോഗ്യമാണ്. വിഷാദം പിടിക്കൂടാതിരിക്കാന്‍ അറിയാം ഇക്കാര്യങ്ങൾ.

∙ ഭക്ഷണം നന്നായാൽ ശരീരം മാത്രമല്ല മനസ്സും നന്നാകും. ചില ഭക്ഷണം കഴിച്ചാൽ വിഷാദരോഗം നിങ്ങളെ പിടികൂടില്ല എന്നു പറയാനാകില്ലെങ്കിലും പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കൂടുതലായി അടങ്ങിയ ഡയറ്റ് മനസ്സിന് ഉന്മേഷം തരും.

∙ മൂഡ് ഓഫ് മാറ്റുന്ന, നല്ല മനസ്ഥിതി സമ്മാനിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ബി12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപെടുത്താം. കടൽമത്സ്യങ്ങളാണ് വൈറ്റിൻ ബി12ന്റെ കലവറ. മത്തി, ചൂര, ഇലക്കറികൾ, നട്സ്, സോയബീൻ എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്.

∙ കഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ കുറച്ചോളൂ. ദിവസം ഒരു കപ്പ് തന്നെ ധാരാളം. കഫീൻ അധികമായാൽ സംഭ്രമവും ആശയക്കുഴപ്പവും വർധിക്കും. കാപ്പിയെ അപേക്ഷിച്ച് ചായയ്ക്കുള്ള ഗുണം ഇവയിലടങ്ങിയിട്ടുള്ള എൽ തിയാനിൻ എന്ന അമിനോ ആസിഡാണ്. മൂഡ് സ്വിങ്സ് തടയാൻ ഇവ സഹായിക്കും.

∙ വ്യായാമം നല്ലതാണ്. പക്ഷേ, അത് നിങ്ങൾ ആസ്വദിക്കുന്നതായിരിക്കണം. ജിമ്മിലെ വർക്കൗട്ടും അതിരാവിലെയുള്ള ഓട്ടവുമൊന്നും ഇഷ്ടമല്ലാത്തവർ വെറുതേ ആ വഴിക്കു പോകേണ്ട. നൃത്തം, ക്രിക്കറ്റ്, ടെന്നീസ്, നീന്തൽ അങ്ങനെ ഇഷ്ടമുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ മതി.

∙ കൂട്ടുകാർക്കും കസിൻസിനും ഒപ്പം സമയം ചെലവിടാൻ പിശുക്ക് വേണ്ട. പ്രിയപ്പെട്ട ആളുകൾക്കൊപ്പം ചെറു യാത്രകൾ പോകാം, വെറുതേ നടക്കാനിറങ്ങാം. ഒറ്റയ്ക്ക് അധികനേരം ഇരിക്കുമ്പോഴാണ് മനസ്സിൽ നെഗറ്റീവ് ചിന്തകൾ കടന്നു കൂടുക.

∙ വീട്ടില്‍ ഓമനമൃഗങ്ങളെ വളർത്താം. പൂച്ചയോ, പട്ടിയോ, പക്ഷിയോ അങ്ങനെ ഇഷ്ടമുള്ള ഏതു അരുമയേയും കൂട്ടുകാരാക്കിക്കോളൂ. ഇവയുമൊത്ത് സമയം ചെലവഴിക്കുന്നതും കളിക്കുന്നതും മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കും.

∙ എത്ര തിരക്കായാലും ഹോബികൾ മാറ്റി നിർത്തരുത്. വായന, ഫോട്ടോഗ്രഫി, പൂന്തോട്ട പരിപാലനം, തയ്യൽ എന്നിങ്ങനെയുള്ള സർഗ്ഗാത്മകമായ കാര്യങ്ങള്‍ മനസ്സിനെ ഊർജസ്വലമാക്കും.

Tags:
  • Health Tips
  • Glam Up