Saturday 31 August 2024 03:14 PM IST : By സ്വന്തം ലേഖകൻ

‘വജൈനയുടെ ഭാഗത്തെ പൂപ്പല്‍ ബാധ, ദുര്‍ഗന്ധം’; തൈര് കഴിച്ചു ഫംഗൽ ഇൻഫക്‌ഷൻ തടയാം

curd-probiotic

ആർത്തവത്തിനു മുൻപും പിൻപും തെളിഞ്ഞ നിറത്തിലുള്ള വെള്ളപോക്ക് സാധാരണമാണ്. എന്നാൽ സ്രവം കട്ടിയുള്ള ക്രീമി രൂപത്തിലാകുക, തൈര് പോലെയോ തേങ്ങാപ്പീരപ്പോലെയോ ആകുക എന്നിങ്ങനെ വന്നാൽ ഫംഗൽ ഇൻഫക്‌ഷൻ ആകാം കാരണം. വജൈനയുടെ ഭാഗത്തെ അസിഡിക് പിഎച്ച് അസ്വസ്ഥപ്പെടുമ്പോഴാണ് പൂപ്പല്‍ ബാധയുണ്ടാകുന്നത്. ശരിയായ ചികിത്സ തേടുന്നതിനൊപ്പം പതിവായി ഫംഗൽ ഇൻഫക്‌ഷൻ അലട്ടുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

∙ സ്വകാര്യഭാഗത്തെ രോമം നീക്കാൻ ഷേവിങ് വേണ്ട. ട്രിമ്മര്‍ ഉപയോഗിച്ച് ട്രിം ചെയ്യുക, അല്ലെങ്കില്‍ കത്രികകൊണ്ടു രോമം വെട്ടിനിർത്തുക.

∙ ഫംഗൽ ഇൻഫക്‌ഷൻ പതിവായി അലട്ടുന്നവർ അടിവസ്ത്രത്തിന്റെ ഉപയോഗം കുറയ്ക്കുക. വീട്ടിലിരിക്കുമ്പോൾ പാന്റീസ് ഇടാതിരിക്കാം.

∙ പാന്റീസ് ചൂടുവെള്ളത്തിൽ കഴുകുക. പച്ചവെള്ളത്തിൽ കഴുകുമ്പോൾ ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്രവം പൂർണമായി നീക്കാനാകില്ല. ചൂടുവെള്ളത്തിൽ കഴുകിയ അടിവസ്ത്രം അയൺ ചെയ്തശേഷം ഉപയോഗിക്കുന്നതും നല്ലതാണ്.

∙ മൂത്രമൊഴിച്ചശേഷം വൃത്തിയായി കഴുകുക. ടിഷ്യു പേപ്പർ ഉപയോഗിച്ചു നനവ് ഒപ്പി മാറ്റിയശേഷം പാന്റീസ് ധരിക്കുക.

∙ തൈര് ലാക്ടോ ബാസിലസ് അടങ്ങിയ പ്രോബയോട്ടിക് ഭക്ഷണമാണ്. എല്ലാ ദിവസവും 200 മില്ലി പുളിയില്ലാത്ത കട്ടത്തൈര് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഫംഗല്‍ ഇൻഫക്‌ഷൻ തടയാൻ സഹായിക്കും.

Tags:
  • Health Tips
  • Glam Up