Friday 10 May 2024 04:28 PM IST : By സ്വന്തം ലേഖകൻ

മണ്ണ് വയറിൽ പുരട്ടുന്ന മഡ്തെറപ്പി, വയറിന് ചുറ്റും നനച്ച് കെട്ടുന്ന വെറ്റ്പായ്ക്ക്: ഗ്യാസിന് 5 പ്രകൃതി ചികിത്സകൾ

gastrouble

ഗ്യാസ്ട്രബിൾ ഒരു രോഗമാണോയെന്ന് നമ്മിൽ പലരും സംശയിച്ചിട്ടുണ്ട്. ഗ്യാസ്ട്രബിൾ രോഗമല്ല, രോഗലക്ഷണങ്ങളുടെ കൂട്ടമാണ്. ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന അനാരോഗ്യത്തിനു പിന്നിൽ തെറ്റായ ജീവിതശൈലിയാണ് പ്രധാനഘടകം.

ലക്ഷണങ്ങളറിയാം

ലക്ഷണങ്ങളിൽ പ്രധാനം (1) വയർ വീർത്തുനിൽക്കുന്നതായി കാണുന്നു (2) തുടർച്ചയായി ഏമ്പക്കം പോകുന്നു (3) ചിലപ്പോൾ ദഹനക്കുറവ്, വയറുവേദന, അസ്വസ്ഥത, അരുചി എന്നിവയാണ്.

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നത് പ്രധാനമായും തെറ്റായ ആഹാരമാണ്. ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, പഴകിയതും കേടായതുമായ ആഹാരം, അമിത ആഹാരം, വേഗം കഴിക്കുക, ആഹാരം കഴിഞ്ഞ ഉടനെ ഉറങ്ങുക കൂടാതെ ചുരുക്കമായി ദഹനേന്ദ്രിയങ്ങളുടെ ഉൽപാദനം കുറഞ്ഞവർ, പിത്തസഞ്ചിയുടെ പ്രവർത്തനം കുറഞ്ഞവർ, അമിതവണ്ണം, ഫാറ്റി ലിവർ ഇങ്ങനെയുള്ളവരിലും ഗ്യാസ്ട്രബിൾ കാണുന്നു. ആവശ്യത്തിന് ജലപാനം ചെയ്യാതിരിക്കുക, വ്യായാമക്കുറവ്, അമിതഭക്ഷണം, മാനസിക പിരിമുറുക്കം, ആകാംക്ഷ, ഭയം എന്നിവയെല്ലാം കാരണമാകുന്നു.

ഗ്യാസ്ട്രബിൾ ഹൃദ്രോഗമെന്നു പലപ്പോഴും തെറ്റിധരിക്കാറുണ്ട്. അതുപോലെ ഹാർട്ട് അറ്റാക്കുണ്ടാകുമ്പോൾ ഗ്യാസ് എന്നു കരുതി വായുഗുളിക കഴിച്ച് ആശ്വാസം നേടാൻ ശ്രമിക്കുമ്പോഴും അപകടസാധ്യതകൾ ഏറെയാണ്.

പ്രകൃതി ചികിത്സ സമഗ്രം

ഇന്ന് അറിയാവുന്ന എല്ലാ െെവദ്യശാസ്ത്രശാഖകളോടും കിടപിടിക്കത്തക്കരീതിയിൽ വികസിക്കുന്ന ഒരു ശാസ്ത്രീയ ചികിത്സാരീതിയാണു പ്രകൃതിചികിത്സ. നമുക്ക് അദ്ഭുതം ജനിപ്പിക്കത്തക്കവിധം ഒട്ടുമിക്ക രോഗങ്ങളും ഒൗഷധപ്രയോഗമൊന്നും ഇല്ലാതെ തന്നെ ഭക്ഷണനിയന്ത്രണം, പഞ്ചമഹാഭൂതങ്ങളുടെ ശാസ്ത്രീയ ഉപയോഗം, ശരിയായ വ്യായാമം, ദിനചര്യകളിലെ മാറ്റം, വിശ്രമം, പ്രകൃതിദത്തമായ ജീവിതം എന്നിവയിലൂടെ ചികിത്സിച്ചു മാറ്റാമെന്ന് പ്രകൃതിചികിത്സ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

മനുഷ്യശരീരത്തിനു രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിനും നിവാരണം ചെയ്യുവാനുമുള്ള സ്വതസിദ്ധമായ പ്രതിരോധശക്തിയും കഴിവും ഉണ്ട്. ഈ കഴിവുകളെ ശരിയായി പ്രയോജനപ്പെടുത്തുവാൻ ശരീരത്തിന് അവസരം കൊടുക്കുന്നതുവഴി തങ്ങൾക്കുണ്ടാകുന്ന രോഗങ്ങളെ മാറ്റാൻ കഴിയും.

ഭക്ഷണമാണു മരുന്ന്

ഭക്ഷണമാണു മരുന്ന്. മരുന്നാണ് ഭക്ഷണം എന്ന ലളിതവും അർഥവത്തായതുമായ ശാസ്ത്രസത്യത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ നാം തയാറാകേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ശുദ്ധവായുവും ശുദ്ധജലവും കഴിഞ്ഞാൽ ഏറ്റവും അത്യാവശ്യമായി വേണ്ട സമീകൃതാഹാരമാണ് അത്. തിരഞ്ഞെടുക്കുമ്പോൾ വ്യക്തിയുടെ പ്രായം, തൊഴിൽ, ലിംഗം എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള ആഹാരഘടകങ്ങൾ ഉൾപ്പെടുത്തണം.

പ്രകൃതിദത്തമായ ആഹാരം കഴിയുന്നത്ര ചവച്ചരച്ച് ഉമിനീരുമായി കലർത്തി കഴിക്കുവാൻ ശ്രദ്ധിക്കണം. നാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ വന്നാലും വയറിന് അസ്വസ്ഥതകൾ വരികയും ഗ്യാസ്ട്രബിൾ ഉണ്ടാകുകയും ചെയ്യുന്നു.

ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ആകെ മാറ്റിമറിക്കാൻ പോകുന്ന തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയാണ് ഗ്യാസ്ട്രബിൾ. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് വിലകൂടിയ ഒൗഷധങ്ങളുടെ ഒന്നും ആവശ്യമില്ല എന്നും മറിച്ച് ആത്മനിയന്ത്രണത്തിലൂടെ സ്വന്തം ശരീരത്തെക്കുറിച്ചു പഠിക്കുകയും ആഹാരനിയന്ത്രണവും ജീവിതരീതിയും സ്വീകരിക്കുകയും ചെയ്താൽ മാറ്റമുണ്ടാകുമെന്ന് പ്രകൃതിചികിത്സ സമർഥിക്കുന്നു.

ഉദരസ്നാനം എന്ന ഹിപ് ബാത്

ഒരു ടബ്ബിൽ ശുദ്ധമായ പച്ചവെള്ളമെടുത്ത് നിതംബവും ഉദരവും മുങ്ങിയിരിക്കത്തക്ക വിധം അതിൽ ഇരുന്ന് ഇതു ചെയ്യാം. അടിവസ്ത്രം മാത്രം ധരിച്ച് കാലുകൾ പാത്രത്തിനു പുറത്തിട്ട് ഇരിക്കുന്നു. വളരെ നേർത്ത ഒരു തുണി കൊണ്ട് വയർ തടവി അരമണിക്കൂർ ഇരിക്കാം. വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് 10 മിനിറ്റു നടക്കുകയോ ലഘുവ്യായാമം ചെയ്യുകയോ ചെയ്തശേഷം കുളിക്കുക. ആഹാരത്തിനു മുൻപ് ഇത് ചെയ്യുക. ഒരു ഡോക്ടറുടെ നിർദേശം സ്വീകരിച്ചു വേണം ചെയ്യാൻ. സ്ത്രീകൾ ആർത്തവസമയത്ത് ഈ സ്നാനം ഒഴിവാക്കുക.

തുണി നനച്ചു കെട്ടുന്നത്

(വെറ്റ് പായ്ക്ക്)

തോർത്ത് അല്ലെങ്കിൽ കൈലി മുണ്ട് പച്ചവെള്ളത്തിൽ നനച്ച് വയറിനു ചുറ്റും കെട്ടുക. ഏകദേശം 20–30 മിനിട്ട് നേരം രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുൻപ് ഇതു ചെയ്യുക. ഫുൾ വെറ്റ് പായ്ക്ക്, ഒാൾട്ടർ നേറ്റീവ് കോൾഡ് ആൻഡ് ഹോട്ട് ബാത് എന്നിവയും ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം.

മണ്ണു ചികിത്സ (മഡ് തെറപ്പി)

പ്രത്യേകം തയാറാക്കിയ മണ്ണ് വയറിൽ നേരിട്ടു പുരട്ടുകയോ തുണിയിൽ പൊതിഞ്ഞു വയ്ക്കുകയോ ചെയ്യുന്നു. ഇത് അരമണിക്കൂർ വയ്ക്കണം. നാലു മുതൽ ആറടി താഴ്ചയിൽ നിന്നുള്ള മണ്ണ് ആണ് ഇതിന് ഉപയോഗിക്കുന്നത്. രോഗകാഠിന്യവും രോഗിയുടെ ശാരീരികാവസ്ഥയുമനുസരിച്ച് എത്ര സമയം മണ്ണ് വയ്ക്കണം എന്നത് ഡോക്ടർ തീരുമാനിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. മേഴ്സി സാറാ തോമസ്

ചാർജ് മെഡിക്കൽ
ഒാഫിസർ
ഗവ. യോഗാ പ്രകൃതി
ചികിത്സാ ആശുപത്രി
വർക്കല

mercy_thomas@yahoo.co.in