Friday 15 October 2021 03:56 PM IST : By സ്വന്തം ലേഖകൻ

‘പ്രാതലിന് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അൽപം വെണ്ണ ചേർത്ത്’; ഏഴു ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കും ജി എം ഡയറ്റ്, ആഹാരക്രമങ്ങൾ

gm-dddd344dffplan

ജനറൽ മോട്ടോഴ്സ് കമ്പനി അവരുടെ ജീവനക്കാർക്കു വേണ്ടി തയാറാക്കിയ ഡയറ്റാണ് ജി എം ഡയറ്റ് അഥവാ ജനറൽ മോട്ടോഴ്സ് ഡയറ്റ്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഡയറ്റിൽ ഓരോ ദിവസവും ഓരോ ഡയറ്റാണ്. കൃത്യമായ വ്യായാമ‍ം കൂടിയാകുമ്പോൾ കൊഴുപ്പെരിച്ചു കളഞ്ഞ് നന്നായി മെലിയാൻ സാധിക്കും.

ഈ ഡയറ്റിൽ പഴങ്ങളും പച്ചക്കറികളുമാണ് കൂടുതൽ. ആരോഗ്യകരമല്ലാത്തതോ കാലറി കൂടിയതോ ആയ ഭക്ഷണം ഈ ഡയറ്റിലില്ല. ആദ്യത്തെ ദിവസങ്ങളിലെ മടുപ്പും വിശപ്പും ഇല്ലാതാക്കാൻ ജി എം ഡയറ്റ് സൂപ്പ് സഹായിക്കും.

ഭാരം കുറയുന്നത് തൽക്കാലത്തേക്കായതുകൊണ്ട് ഡയറ്റ് നിർത്തി കഴിയുമ്പോൾ പോയ ഭാരം തിരികെ വരാനിടയുണ്ട്. ഭക്ഷണ ക്രമീകരണവും വ്യായാമവും വഴി ശരീരഭാരം നിയന്ത്രിക്കണം. തുടർച്ചയായി എടുക്കുന്നതും ആരോഗ്യകരമല്ല.

FOOD CHART

ഒന്നാം ദിവസം

ആദ്യ ദിവസം പഴങ്ങൾ മാത്രം. ഏത്തപ്പഴം കഴിക്കരുത്. തണ്ണിമത്തൻ പോലുള്ളവ കൂടുതൽ കഴിക്കാം. എല്ലാ ദിവസവും എട്ടു മുതൽ പന്ത്രണ്ടു ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ ശരീരം തളർന്നിരിക്കുന്നതുകൊണ്ട് വ്യായാമം വേണ്ട.

രണ്ടാം ദിവസം

പച്ചക്കറികൾ മാത്രം. അവ പച്ചയ്ക്കോ വേവിച്ചോ കഴിക്കാം. പ്രാതലിന് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അൽപം വെണ്ണ തേച്ചു കഴിക്കാം. ഉച്ചയ്ക്ക് പച്ചക്കറികൾ ഒലിവ് ഓയിലിൽ വഴറ്റി വെള്ളമൊഴിച്ചു വേവിക്കുക. ഉപ്പും കുരുമുളകും ചേർത്ത് കഴിക്കാം. രാത്രി തക്കാളി, സവാള, കാബേജ്, കാപ്സിക്കം എന്നിവ ചേർത്ത ഡയറ്റ് സൂപ്പ് കുടിക്കാം.

മൂന്നാം ദിവസം

ഏത്തപ്പഴം ഒഴിച്ചുള്ള പഴങ്ങളും ഉരുളക്കിഴങ്ങ് ഒഴിച്ചുള്ള പച്ചക്കറികളും ഇഷ്ടാനുസരണം കഴിക്കാം. രാത്രി സൂപ്പ് കുടിക്കാം.

നാലാം ദിവസം

മൂന്നു ഗ്ലാസ്സ് പാലും എട്ട് ഏത്തപ്പഴവും പല നേരങ്ങളിലായി കഴിക്കണം.  

അഞ്ചാം ദിവസം

300 ഗ്രാം ബീഫ്/ ചിക്കന്‍/ മീൻ. ഒപ്പം ബ്രൗൺ റൈസും  (കുത്തരിയല്ല, കടയിൽ നിന്ന് വാങ്ങാൻ കിട്ടും) കഴിക്കാം. വെജിറ്റേറിയൻസിന് ബ്രൗൺ റൈസും പനീറും കഴിക്കാം. ആറു വലിയ തക്കാളി പലപ്പോഴായി കഴിക്കണം. രണ്ടു ഗ്ലാസ് വെള്ളം അധികം കുടിക്കണം.

ആറാം ദിവസം

300 ഗ്രാം ബീഫ്/ ചിക്കൻ/ മീൻ ഒപ്പം ഒരു കപ്പ് ബ്രൗൺ റൈസും. വെജിറ്റേറിയൻസ് റൈസിനൊ‌പ്പം പനീറും പച്ചക്കറികളും.  

ഏഴാം ദിവസം

റൈസ്, പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ് എന്നിവ എത്ര വേണമെങ്കിലും കഴിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനൂപ്കുമാർ എ.എസ്,  ചീഫ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Health Tips
  • Glam Up