നമ്മുടെ തൊടിയിലും വീട്ടുമുറ്റത്തും സർവ്വ സാധാരണമായി കണ്ടുവരുന്ന മരമാണ് പേര. പേരയ്‌ക്കയുടെ ഗുണങ്ങൾ എല്ലാവർക്കുമറിയാം. എന്നാൽ പേരയില ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നാണ് ശാസ്ത്രം പറയുന്നത്. പേരയിലകളില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് മുടിക്ക് ഏറെ ഗുണകരം. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പേരയില കഷായം മുടി വളർച്ചയ്‌ക്ക് ഉത്തമമാണ്.
പേരയില കഷായം തയാറാക്കുന്ന വിധം;
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ പേരയില കഷായം തലയില്‍ തേച്ചു പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം.
മറ്റു ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്ട്രോൾ കുറയ്‌ക്കാനും ഈ വെള്ളം ഉപകരിക്കും. അതിസാരവും അതിനോടനുബന്ധിച്ചുള്ള വയറുവേദനയും മാറാന്‍ പേരയിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. ശോധന നിയന്ത്രിക്കാനും പേരയില ഉത്തമമാണ്. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങൾ എന്നിവയകറ്റാൻ പേരയുടെ ഒന്നോ രണ്ടോ തളിരിലകൾ വായിലിട്ടു ചവച്ചാൽ മതി.
നാരുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ മല ശോധനയ്ക്കും ഒരു ഉത്തമ ഔഷധമാണ് പേരയില. ദഹനേന്ദ്രിയ പ്രക്രിയകളെ ക്രമവും ത്വരിതവുമാക്കാന്‍ പേരയ്ക്കക്കും അതിന്റെ തളിരിലയ്ക്കും കഴിയും പേരക്ക കഴിച്ചാല്‍ ഉദര ശുദ്ധീകരണത്തിന് മറ്റൊന്നും ചെയ്യേണ്ടതില്ല. ഇനി വിരശല്യമുണ്ടായാലും മരുന്നു വാങ്ങേണ്ടതില്ല, അതിനും പേരക്ക കഴിച്ചാല്‍ മതി. പഴുത്ത പേരക്കയുടെ നീരെടുത്ത് പാലില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ നല്ലൊരു അയണ് ടോണിക്കിന്റെ ഫലം ചെയ്യും, ഇത് നിത്യവും ഓരോ ഗ്ലാസ്സ് കുടിക്കുന്നതു ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
ശരീരത്തില്‍ എവിടെയെങ്കിലും മുറിവുണ്ടായാല്‍ പേരയുടെ ഏതാനും ഇലകള് എടുത്തരച്ച് കുഴമ്പുണ്ടാക്കി പുരട്ടിയാല് മതി. വ്രണങ്ങള്‍ പെട്ടെന്ന് തന്നെ കരിഞ്ഞുണങ്ങും. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കാന് വളരെയധികം ബുദ്ധിമുട്ടുന്നവര് പതിവായി പേരക്ക കഴിച്ചാല് പ്രശ്നം ഒഴിവായിക്കിട്ടും. പേരക്കയില് ലൈക്കോപിന് എന്ന ആന്റീ ഓക്സിഡ്ന്റ് അടങ്ങിയിരിക്കുന്നു. ഇത് കാൻസർ പ്രതിരോധത്തിന് സഹായകമാണ്.
കൂടാതെ ഏകദേശം 165 ഗ്രാം ഭാരമുള്ള പേരക്കയില് നിന്ന് മനുഷ്യശരീരത്തിന് ഒരു ദിവസത്തെക്കാവശ്യമായ പൊട്ടാസ്യത്തിന്റെ 20 ശതമാനത്തോളം ലഭിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറക്കുവാൻ പേരക്കയ്ക്കുള്ള കഴിവ് ഒന്നു വേറേ തന്നെയാണ്. ഇത്രയേറെ പോഷക സമ്പന്നമായ പേരക്ക നിങ്ങളുടെ വീട്ടു തൊടിയിലും ഇന്നുതന്നെ സ്ഥാനം പിടിക്കട്ടെ.