Tuesday 25 February 2020 12:42 PM IST

ഗർഭകാലത്ത് ഹെയർ കളറിങ് ചെയ്യാമോ, കുഞ്ഞിനെ ബാധിക്കുമോ?; സംശയങ്ങൾക്ക് മറുപടി

Ammu Joas

Sub Editor

hair-color

ഗർഭകാലത്ത് ഹെയർ കളറിങ് ചെയ്യാമോ?

ഗർഭിണിയായിരിക്കെ ഹെയർ കളറിങ് മാത്രമല്ല എല്ലാ ഹെയർ ട്രീറ്റ്മെന്റ്സും ഒഴിവാക്കുന്നതാണ് നല്ലത്. ഹെയർ ഡൈയേക്കാൾ ഹെയർ കളേഴ്സ് താരതമ്യേന പ്രശ്നക്കാരൻ അല്ലെങ്കിലും ഇവയിലും രാസപദാർഥങ്ങൾ ഉണ്ട്. പുറമേ പുരട്ടുന്നതാണെങ്കിലും ഇതു കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ഗർഭാവസ്ഥയിൽ അമ്മയുടെ ശരീരം വളരെ സെൻസിറ്റീവ് ആയിരിക്കും. ഈ സമയത്ത് അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

റെറ്റിനോൾ, വൈറ്റമിൻ സി ക്രീം തുടങ്ങിയ കോസ്മെറ്റിക് ക്രീമുകളും സപ്ലിമെന്റ്സും ഏതു പ്രായക്കാർക്കാണ് യോജിച്ചത് ?

വൈറ്റമിൻ എ ഡെറിവേറ്റീവ് ആണ് റെറ്റിനോൾ. വൈറ്റമിൻ സിയും എയും ചർമത്തിന് യുവത്വവും തിളക്കവും നൽകുന്നവയാണ്. പ്രായത്തെ പിടിച്ചുകെട്ടാൻ പുരട്ടുന്ന ഇവ 35 വയസ്സിനുശേഷം ഉപയോഗിച്ചു തുടങ്ങിയാൽ മതി. ആറ്–എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഫലം കാണാം.

ചർമത്തിൽ ചുളിവുകൾ വരാതെ നോക്കുക, ഇലാസ്തിതികത മെച്ചപ്പെടുത്തുക, സൂര്യപ്രകാശം ഏറ്റ് മുഖത്തിനുണ്ടാകുന്ന പാടുകളും കരുവാളിപ്പും അകറ്റുക എന്നിവയാണ് റെറ്റിനോൾ ചെയ്യുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റാണ് വൈറ്റമി ൻ സി. ഇവയടങ്ങിയ ക്രീം, സിറം എന്നിവ പുരട്ടുന്നത് ഗുണം ചെയ്യും. സപ്ലിമെന്റായും ഇവ കഴിക്കാം. വൈറ്റമിൻ ഇ, കരോറ്റനോയ്ഡ് (ബീറ്റാകരോട്ടിൻ, ലൈക്കോപ്പീൻ) സപ്ലിമെന്റ് കഴിക്കുന്നതും നല്ലതാണ്. ഈ ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കാം.

ചർമത്തിന് വെളുപ്പു നിറം നൽകുന്ന ഗ്ലൂട്ടാതയോൺ ടാബ്‍‌ലെറ്റുകളും ഉണ്ട്. കോസ്മെറ്റിക് ഡെ ർമറ്റോളജിസ്റ്റിന്റെ നിർദേശം സ്വീകരിച്ചു വേണം ഇവയെല്ലാം പുരട്ടാനും കഴിക്കാനും എന്നത് മറക്കേണ്ട. ഓരോരുത്തരുടെയും ശരീരപ്രകൃതം അനുസരിച്ചാണ് ഫലം കാണുക.

ജെയ്ഡ് റോളേഴ്സ്, ഇൻഫ്രാറെഡ് ലൈറ്റ് ഡിവൈസ്, പീൽ ഓഫ് മാസ്ക് എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ്ങിലൂടെ സ്വന്തമാക്കുന്ന ബ്യൂട്ടി പ്രൊഡ്ക്റ്റ്സ് ഗുണകരമാണോ ?

വിവിധ ഓൺലൈൻ സൈറ്റുകളിൽ മുഖസൗന്ദര്യം കൂട്ടാനുള്ള മേക്കപ് പ്രൊഡക്ട്സ് ഉണ്ട്. ഇടയ്ക്കിടെ സലൂണിൽ പോയി പണം ചെലവാക്കേണ്ടല്ലോ എന്നു കരുതിയാണ് മിക്കവരും ഇതിന്റെ പിന്നാലെ പോകുന്നത്.

വിദഗ്ധരുടെ സഹായമില്ലാതെ ഇത്തരം പ്രൊഡക്ട്സ് ഉപയോഗിക്കുന്നത് അപകടകരമാകാം. എന്നുമാത്രമല്ല, പ്രഫഷനൽ സ്കിൽ ഉള്ള ആൾ ചെയ്യുന്ന ഫലം കിട്ടുകയുമില്ല. മുഖത്തെ പേശികളെ ഉത്തേജിപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനും ഉപയോഗിക്കുന്ന ജെയ്ഡ് റോളേഴ്സ് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തിന്റെ ദൃഢത നഷ്ടപ്പെടാം. ചുളിവുകൾ മായ്ക്കാനും സ്കിൻ ടെക്സ്ചർ വർധിപ്പിക്കാനും ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലൈറ്റ് ഡിവൈസ് പൊള്ളലേൽപിക്കാൻ ഇടയുണ്ട്.

മുഖചർമത്തിലെ മൃതകോശങ്ങളും ബ്ലാക് ഹെഡ്സും നീക്കുന്ന പീൽ ഓ ഫ് മാസ്ക്സ് മികച്ച ബ്രാൻഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചർമത്തിന് ഇണങ്ങുന്നവയും ആയിരിക്കണം. മാസത്തിൽ ഒരു ത വണയിൽ കൂടുതൽ ഇവ ഉ പയോഗിക്കുകയും ചെയ്യരുത്. സെൻസിറ്റീവ് ചർമമുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

വിവരങ്ങൾക്കു കടപ്പാട്:

ശോഭ കുഞ്ചൻ
ബ്യൂട്ടി എക്സ്പേർട്ട്, ലിവ് ഇൻ സ്റ്റൈൽ, കൊച്ചി
ബിന്ദു മാമൻ
കോസ്മറ്റോളജിസ്റ്റ് ആൻഡ് മേക്കപ് ആർട്ടിസ്റ്റ്,
നാച്ചുറൽസ്, ആലുവ