മുടികൊഴിച്ചിൽ സ്ത്രീകളെയും പുരുഷൻമാരെയും ഒരേപോലെ ബാധിക്കുന്ന പ്രശ്നമാണ്. കഴിക്കുന്ന ഭക്ഷണങ്ങൾ മുടിക്ക് ആരോഗ്യം കൂടി നൽകുന്നതായാൽ മുടി ബലവും മൃദുത്വവുമുള്ളതാകും. മുടിയുടെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ.
മുട്ട: ആരോഗ്യമുള്ള മുടിയിഴകൾക്കു പ്രോട്ടീൻ ധാരാളം വേണം. ഈ പ്രോട്ടീനൊപ്പം ബയോട്ടിനും കൂടിയുണ്ടെങ്കിൽ മുടി ഉഷാറായി വളരും, മൃദുലമാകുകയും ചെയ്യും. ഇവ മുടിക്കു ലഭിക്കാൻ എന്നും രണ്ടു മുട്ടയുടെ വെള്ള കഴിക്കുക. മുട്ട മാത്രമല്ല പ്രോട്ടീൻ അടങ്ങിയ ചിക്കൻ, പയറു പരിപ്പ് വർഗങ്ങൾ എന്നിവയും നല്ലതാണ്.
യോഗർട്ട് (കട്ടത്തൈര്): കാൽസ്യവും പ്രോട്ടീനുമാണ് മുടിക്കു ബലം നൽകുന്നതിൽ മുമ്പിൽ. ഇവ രണ്ടും ലഭിക്കാൻ കട്ടത്തൈര് കഴിക്കുക. പാലും പാൽ ഉൽപന്നങ്ങളും പ്രോട്ടീനൊപ്പം കാൽസ്യവും തരുന്നവയാണ്.
നെല്ലിക്ക: മുടി വളരാൻ നെല്ലിക്കാപ്പൊടിയിട്ട് എണ്ണ കാച്ചാറുണ്ട് മുത്തശ്ശിമാർ. വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കഴിക്കുന്നതു മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും നല്ലതാണ്. 30 മില്ലി നെല്ലിക്കാനീര് 30 മില്ലി വെള്ളം ചേർത്തു ദിവസവും കുടിക്കാം.
മുരിങ്ങയില: അയണിന്റെ അളവ്‍ കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ മുരിങ്ങയില കഴിച്ചാൽ മതി. ഇരുമ്പ് ശരീരത്തിലേക്കു വേണ്ട വിധം ആഗീരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സിയും ശരീരത്തിലെത്തണം. ഈ വൈറ്റിൻ സിയും മുരിങ്ങയിലയില്‍ ധാരാളമുണ്ട്.
വോൾനട്സ്: വൈറ്റമിൻ ഇ യും ബയോട്ടിനും അടങ്ങിയിട്ടുള്ള വോൾനട്സ് ശിരോചർമത്തിനും മുടിക്കും ആരോഗ്യം നൽകും. നാലു വോൾനട്സ് നിത്യവും കഴിക്കാം. വൈറ്റമിൻ ഇ ധാരാളമായുള്ള ഇലക്കറികളും ദിവസവും കഴിക്കാം.
ബദാം: ബ്യൂട്ടി വൈറ്റമിൻ എന്നു വിളിക്കുന്ന വൈറ്റമിൻ ഇ അടങ്ങിയിട്ടുള്ള ബദാം മുടിയഴകിന് തിളക്കം കൂട്ടും. ബദാമിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ എന്നിവയും മുടി വളരാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കും. ദിവസവും രണ്ടു ബദാം കഴിക്കുന്നതു ശീലമാക്കിക്കോളൂ.
മധുരക്കിഴങ്ങ്: മുടികൊഴിച്ചിലുണ്ടാകുന്നത് മുടിയുടെ വേരുകൾക്കു ബലമില്ലാത്തതു കൊണ്ടാണ്. ശിരോചർമത്തിന് ആരോഗ്യമുണ്ടെങ്കിലേ മുടിയുടെ ചുവടുഭാഗം കരുത്തുറ്റതാകൂ. താരനും വരൾച്ചയും അകറ്റി ശിരോചർമം ആരോഗ്യമുള്ളതാക്കാൻ ബീറ്റാകരോട്ടിനും വൈറ്റമിൻ എയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുക.
ഫ്ലാക്സ് സീഡ്സ്: ഒരു ചെറിയ സ്പൂൺ ഫ്ലാക്സ് സീഡ് റോസ്റ്റ് ചെയ്ത് ദിവസവും കഴിക്കുന്നത് ശീലമാക്കാം. മുടി വളരാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഇവയിൽ ധാരാളമായുണ്ട്. താരൻ, വരണ്ട ശിരോചർമം എന്നീ പ്രശ്നങ്ങളും പിന്നെയുണ്ടാകില്ല.
കൂൺ: മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്ന മിനറലാണ് കോപ്പർ. കൂണിൽ ഇവ ധാരാളമുണ്ട്. താരൻ അകറ്റുന്ന സെലീനിയവും ഇവയിലടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ പൂർണ ആരോഗ്യത്തിന് കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പംപ്കിൻ സീഡ്സ്: കോപ്പർ, സിങ്ക്, സെലീനിയം, വൈറ്റമിൻ ഇ, വൈറ്റമിൻ ബി കോംപ്ലക്സ്, മഗ്‌നീഷ്യം. മുടിക്കാവശ്യമായ മിക്ക പോഷകങ്ങളും അടങ്ങിയ ആഹാരപദാർഥമാണ് മത്തൻകുരു. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു പിടി റോസ്റ്റ് ചെയ്തെടുത്ത മത്തങ്ങയുടെ കുരു, സാലഡിനൊപ്പം കഴിക്കാം.