Tuesday 18 March 2025 03:13 PM IST : By റീമാ പദ്മകുമാർ

വീട്ടിൽ തന്നെ ഉണ്ടാക്കാം, അകാലനരയ്ക്കും താരനും ഉറപ്പായും ഫലം തരും ഹെയർ പാക്കുകൾ

hairpack7896

മുടിയഴകിന്റെ ആകർഷണീയത ഒന്നുവേറെ തന്നെയാണ്. ഇന്ന് മുഖത്തു മാത്രമല്ല , മുടിക്കും പായ്ക്കുകൾ ഉണ്ട്. മുഴി കൊഴിച്ചിൽ, താരൻ, അകാല നര തുടങ്ങിയ പല പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പായ്ക്കുകൾ ഉണ്ട്. വീട്ടിൽ ഒരൽപം സമയം ഇതിനായി ചെലവഴിച്ചാൽ ആരോഗ്യമുള്ള അഴകാർന്ന മുടി സ്വന്തമാക്കാം.

• താരൻ പരിഹരിക്കാൻ : വെളിച്ചെണ്ണ , ഒരു മുട്ടയുടെ വെള്ള, നാരങ്ങാ നീര് - കാൽ ടീസ്പൂൺ, കർപ്പൂരം - രണ്ടെണ്ണം പൊടിച്ചത്. ഇവയെല്ലാം കൂടി ചേർത്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

• അകാലനര : മൈലാഞ്ചി ഇല അരച്ചത് തേയില വെള്ളത്തിൽ കുഴച്ച് 15 തുള്ളി നാരങ്ങാ നീരും ഒരു മുട്ടയും ചേർത്ത് തലയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.

• മുടി കൊഴിച്ചിൽ: സോയാബീൻ പൗഡർ , മുട്ടയുടെ വെള്ള, ചെമ്പരത്തി ഇല അരച്ചത് എന്നിവ നന്നായി യോജിപ്പിച്ച് തലയോട്ടി മുതൽ മുടി വരെ പുരട്ടി വയ്ക്കാം. 20 മിനിറ്റ് കഴിഞ്ഞ് തലയിൽ ആവി കൊള്ളിക്കുക. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ പിഴിഞ്ഞ ടൗവൽ കൊണ്ട് ആവി കൊടുക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയാം.

മുടിയിൽ പ്രോട്ടീൻ ട്രീറ്റ്മെന്റ് ചെയ്യുന്നതും മുടി മൃദുലമാകാനും ശക്തി കൂടാനും സഹായിക്കും . പ്രോട്ടീൻ ട്രീറ്റ്മെന്റും വീട്ടിൽ തന്നെ ചെയ്യാം.

• മയോ ആന്റ് അവക്കാഡോ പേസ്റ്റ് : രണ്ട് ടേബിൾ സ്പൂൺ മയോണൈസും അവക്കാഡോ പേസ്റ്റും യോജിപ്പിച്ച് മുടിയിൽ പുരട്ടുക. പ്ലാസ്റ്റിക് ക്യാപ് കൊണ്ട് തല മൂടി വയ്ക്കുക. 20-30 മിനിറ്റ് കഴിഞ്ഞ് ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം.

• ഒരു ചെറിയ കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ ഒരു കപ്പ് തേങ്ങാപ്പാൽ , ഒരു ടേബിൾ സ്പൂൺ തേൻ, 2-3 ടേബിൾ സ്പൂൺ ശുദ്ധമായ ഒലീവ് ഓയിൽ - ഇവയെല്ലാം യോജിപ്പിക്കുക. തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകി കളയുക.

തയാറാക്കിയത്

ഡോ. റീമ പത്മകുമാർ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips