Wednesday 29 May 2024 12:40 PM IST : By സ്വന്തം ലേഖകൻ

'അവധിയെടുത്തു പോയിട്ട് ജോലിയില്‍ തിരികെ പ്രവേശിച്ചില്ല; ആറിന് മുന്‍പ് എത്തിയില്ലെങ്കില്‍ പിരിച്ചുവിടും': ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം

cover-5

അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ ജൂണ്‍ 6ന് വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി.

അത്തരത്തില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും വിധേയമായി അതതു വകുപ്പുകളില്‍ നിയമനം നല്‍കണമെന്നും അതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്‍.സുഭാഷിന്റെ ഉത്തരവില്‍ പറയുന്നു. അല്ലാത്തവരെ സര്‍വീസില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരായി കണക്കാക്കും. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികളും സര്‍വീസില്‍നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അനധികൃതമായി അവധിയിലുള്ളവരുടെ കണക്കുകള്‍ 5 ദിവസത്തിനകം നല്‍കണമെന്ന് ആരോഗ്യ ഡയറക്ടറോടും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അനധികൃതമായി സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്നത്. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നു പൊതു അറിയിപ്പ് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തപ്പോഴാണു പല സ്ഥലത്തും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലെന്ന വിവരം ലഭിച്ചത്. അധികച്ചുമതല നല്‍കി ജോലികള്‍ നിറവേറ്റുകയാണിപ്പോള്‍. മഴക്കാലത്തു സ്ഥിതി മോശമാകാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും അവധിയിലുള്ളവര്‍ ജോലിയില്‍ പ്രവേശിക്കുന്നില്ല. ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കുന്ന രീതി വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍ത്തലാക്കിയിരുന്നു. നഴ്‌സിങ്, പാരാ മെഡിക്കല്‍ ഉള്‍പ്പെടെയുള്ള സകല ജീവനക്കാര്‍ക്കും പരമാവധി 5 വര്‍ഷമാണു ശമ്പളമില്ലാത്ത അവധി ഉള്ളത്. പലരും അവധി എടുത്തു പോയിട്ട് സര്‍വീസില്‍ തിരികെ പ്രവേശിച്ചിട്ടില്ല.

ഡോക്ടര്‍മാരാകട്ടെ മറ്റന്തെങ്കിലും കാരണം പറഞ്ഞാണ് അവധി എടുക്കുന്നത്. വിദേശത്തു പോയവരെ കൂടാതെ സ്വദേശത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉണ്ട്. നടപടി എടുക്കുകയാണെങ്കില്‍ പുറത്തു പോകാമെന്നും അല്ലെങ്കില്‍ തോന്നുന്ന സമയത്തു തിരികെ വരാമെന്നുമാണ് ഇവരുടെ മനോഭാവമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃതമായി അവധി എടുക്കുന്നവരുടെ സേവനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, പുതിയ ആളുടെ നിയമനത്തിനും ഇവര്‍ തടസ്സമാകുന്നുണ്ട്.

Tags:
  • Health Tips
  • Beauty Tips