ADVERTISEMENT

കുട്ടികള്‍ ആഹാരം കഴിക്കുന്നില്ല എന്നു പറഞ്ഞു വിഷമിക്കുന്ന ഒട്ടേറെ അമ്മമാരുണ്ട് നമ്മുടെ ഇടയിൽ. യഥാർഥത്തിൽ കുട്ടികൾ കഴിക്കാത്തത് അല്ലെങ്കിൽ കഴിക്കാൻ മടിക്കുന്നത് എന്തു കൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ?

കുട്ടികളെ ഭക്ഷണം തിരഞ്ഞെടുക്കാനും ഇഷ്ടപ്പെടാനുമൊക്കെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയിൽ മുന്‍നിരയില്‍ നില്‍ക്കുന്നത് നിറം, ആകൃതി, സ്വാദ് എന്നിവയാണ്. ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന, ഭക്ഷണവുമായി ബന്ധപ്പെട്ട മിക്ക പരസ്യങ്ങളും ഈ ഘടകങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവയും അതുവഴി കുഞ്ഞുമനസ്സുകളെ പ്രലോഭിപ്പിക്കുന്നവയുമാണ്. നാം വീട്ടില്‍ പാകം ചെയ്യുന്ന ആഹാരം കുട്ടികള്‍ക്ക് കൗതുകവും സന്തോഷവും തോന്നുന്ന രീതിയില്‍ വ്യത്യസ്ത ആകൃതിയിൽ, വര്‍ണശബളമായി നൽകണം. കൊച്ചു െെകകളില്‍ ഒതുങ്ങുന്നതായും എളുപ്പത്തില്‍ കഴിച്ചു തീര്‍ക്കാന്‍ പറ്റുന്നതായും സ്വാദേറിയതായും നല്‍കിയാല്‍ കുട്ടികളിൽ ഭക്ഷണത്തോടുള്ള താല്‍പര്യം ഉറപ്പാക്കാം. ഇത്തരം മാറ്റങ്ങള്‍ ഭക്ഷണസമയങ്ങള്‍ ഉല്ലാസപ്രദമാക്കാനും ഭക്ഷണത്തോടുള്ള സമീപനം കുട്ടികളിൽ ദൃഢമാക്കാനും സഹായിക്കുന്നു. ഇതിനായി ചില നുറുങ്ങുവിദ്യകള്‍ ഭക്ഷണകാര്യങ്ങളില്‍ ചെയ്യാം.

ADVERTISEMENT

പ്രാതൽ നേരത്ത്

പ്രഭാത ഭക്ഷണത്തിന് സാധാരണ കഴിക്കുന്ന ഇ‍‍ഡ്‌ലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം എന്നിവയിലെല്ലാം ബീറ്റ്റൂട്ട്, കാരറ്റ്, പുതിനയില, മല്ലിയില, മഞ്ഞള്‍പ്പൊടി തുടങ്ങിയവയില്‍ ഏതെങ്കിലും അരച്ചു ചേര്‍ത്തു നിറങ്ങള്‍ പകര്‍ന്നു നല്‍കാം. പച്ചക്കറികള്‍ ചെറുകഷണങ്ങളായി അരിഞ്ഞിടുന്നതും നല്ലതാണ്. അരി മാത്രം ഉപയോഗിച്ച് ആഹാരം ഉണ്ടാക്കുന്നതിന് പകരം റാഗി, േഗാതമ്പ്, മില്ലറ്റ് തുടങ്ങിയവ ഉപയോഗിച്ചും പാകം ചെയ്യാം.

ADVERTISEMENT

ഉച്ചഭക്ഷണം ഇങ്ങനെയാക്കാം

ഉച്ചയൂണിന് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞു ചേര്‍ത്തു പുലാവ്, െെഫ്രഡ് െെറസ്, ബിരിയാണി തുടങ്ങിയവ അമിത കൊഴുപ്പില്ലാതെ തയാറാക്കാം. ഇവയ്ക്ക് ഒപ്പം ആവിയില്‍ പുഴുങ്ങിയ മുളപ്പിച്ച പയറുകള്‍, േവവിച്ച പയറുവര്‍ഗങ്ങള്‍ എന്നിവ ചേര്‍ത്താല്‍ അതു സമ്പൂര്‍ണ സമീകൃതാഹാരമായിക്കഴിഞ്ഞു. (അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുക്കള്‍, ലവണങ്ങള്‍, നാര് ഇവയെല്ലാം ലഭ്യമാകുന്നു.) മാംസാഹാരം താല്‍പര്യമുള്ള കുട്ടികള്‍ക്ക് അവ എണ്ണയില്‍ മുക്കി പൊരിക്കുന്നതിനു പകരമായി ഗ്രില്‍ ചെയ്തോ, േബക്ക് ചെയ്തോ, അൽപം എണ്ണയില്‍ റോസ്റ്റ് ചെയ്തോ നല്‍കാം. ഉച്ചയ്ക്ക് കുട്ടികള്‍ക്ക് നല്‍കാവുന്ന മറ്റൊരു വിഭവമാണ് പുളിയില്ലാത്ത െെതര്. ഇതിലും പച്ചക്കറികളോ പഴങ്ങളോ അരച്ചു ചേര്‍ത്ത് നിറങ്ങള്‍ നല്‍കാം. മധുരത്തിന് പഞ്ചസാരയ്ക്കു പകരമായി തേന്‍, ശര്‍ക്കര, പനംകല്‍ക്കണ്ടം തുടങ്ങിയവ ചേര്‍ക്കാം.

ADVERTISEMENT

നാലുമണി വിഭവങ്ങൾ

െെവകുന്നേരം നല്‍കുന്ന പലഹാരങ്ങള്‍ പോഷകസമൃദ്ധമാക്കാനും ആകര്‍ഷകമാക്കാനും ചില മാര്‍ഗങ്ങളുണ്ട്. വറുത്ത പലഹാരങ്ങള്‍ പതിവാക്കാതിരിക്കുക. വട, ബോണ്ട, കട്‌ലറ്റ്, തുടങ്ങിയവയില്‍ സാധാരണ ചേര്‍ക്കുന്ന ചേരുവകള്‍ കൂടാതെ കൊത്തിയരിഞ്ഞ ചീര, മുളപ്പിച്ച ചെറുപയര്‍, ചെറുതായരിഞ്ഞ കാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, ബ്രൊക്കോളി, ബീന്‍സ് എന്നിവ ചേര്‍ക്കുക. ആവിയില്‍ പുഴുങ്ങിയുണ്ടാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവയ്ക്ക് തവിട് ധാരാളമടങ്ങിയ ധാന്യങ്ങളായ റാഗി, േഗാതമ്പ് എന്നിവ ചേര്‍ത്ത് മാവ് ഉണ്ടാക്കാം. ഇവയുടെ ഫില്ലിങ്ങിന് േവവിച്ച പരിപ്പ്, പയര്‍ എന്നിവ ശര്‍ക്കര, തേങ്ങ എന്നിവയ്ക്കൊപ്പം ഉപയോഗിക്കാം. സാന്‍വിച്ചുകള്‍ ബ്രൗണ്‍ ബ്രെഡ് ഉപയോഗിച്ചും പച്ചക്കറികള്‍ ചേർത്തും തയാറാക്കുക. മാംസം ചേർക്കുന്ന സാന്‍വിച്ചുകളിലും പച്ചക്കറികള്‍ ചേര്‍ക്കാന്‍ മറക്കാതിരിക്കുക.

ഇടനേരങ്ങളിൽ

ഇടനേരങ്ങളില്‍ വറുത്ത സ്നാക്കുകള്‍ക്കു പകരമായി നട്സും പഴങ്ങളും പാലും ചേര്‍ത്തുള്ള സ്മൂത്തികള്‍, ഷേക്കുകള്‍ എന്നിവ നൽകാം. ഇവ തയാറാക്കുമ്പോള്‍ നാര് നഷ്ടപ്പെടാത്ത രീതിയില്‍ നന്നായി അരച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ഉണ്ടാക്കുന്ന െഷയ്ക്കുകള്‍ വളരെ പോഷകസമൃദ്ധമാണ്. പഴങ്ങള്‍, പച്ചക്കറികള്‍ ഇവ ചെറുതായി അരിഞ്ഞ് റ്റൂത്ത്പിക്ക് (Toothpick) പോലുള്ള ചെറിയ കമ്പുകളില്‍ കോര്‍ത്ത് ആകര്‍ഷകമായി നല്‍കാം. കുട്ടികള്‍ക്ക് ഏറെയിഷ്ടമുള്ള െഎസ്ക്രീമുകള്‍, െഎസ് സ്റ്റിക്കുകള്‍ തുടങ്ങിയവയും പഴങ്ങള്‍ ചേര്‍ത്ത് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

അത്താഴത്തിന് ചപ്പാത്തിയാണെങ്കിൽ

അത്താഴത്തിന് മേൽ പറഞ്ഞ രീതിയില്‍ പ്രാതലിന്റെയോ ഉച്ചയൂണിന്റെയോ പോലെ വിഭവങ്ങള്‍ തയാറാക്കാം. ചപ്പാത്തി കുഴയ്ക്കുന്ന സമയത്ത് തന്നെ ചില കാര്യങ്ങള്‍ ചെയ്യാം. നിറം നല്‍കുന്ന പച്ചക്കറികള്‍ അരച്ചു ചേര്‍ത്തു നിറമുള്ള ചപ്പാത്തി തയാറാക്കാം. േഗാതമ്പുമാവു മാത്രം ഉപയോഗിച്ചു തയാറാക്കുന്നതിനു പകരമായി 1:1/4 എന്ന അനുപാതത്തില്‍ േഗാതമ്പുപൊടിയും കടലമാവും അല്ലെങ്കില്‍ േഗാതമ്പുപൊടിയും സോയാബീന്‍മാവും ചേര്‍ത്ത് ചപ്പാത്തിക്ക് മാവു കുഴയ്ക്കാം. ഇതോടൊപ്പം കൊത്തിയരിഞ്ഞ ചീരയും ചേര്‍ക്കാം. ഇത്തരം ചപ്പാത്തി സാധാരണ ചപ്പാത്തിയെക്കാള്‍ പോഷകസമൃദ്ധമാണെന്നുമാത്രമല്ല എണ്ണം കുറച്ചുകഴിക്കാനും സഹായിക്കുന്നു.

സിന്ധു എസ്

കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ് , നുയോഗ

മൈൽ സ്‌റ്റോൺസ് ക്ലിനിക് & ഡയബറ്റിക് കെയർ ഇന്ത്യ, കൊച്ചി

ADVERTISEMENT