ചപ്പാത്തി, ഗോതമ്പു പുട്ട്, ഗോതമ്പു ദോശ, സൂചിഗോതമ്പ് കഞ്ഞി... പ്രമേഹരോഗികൾക്കായി അത്താഴമൊരുക്കുമ്പോൾ ഈ വിഭവങ്ങൾക്കപ്പുറം മറ്റൊന്നും പലരും ചിന്തിച്ചെന്നു വരില്ല. എന്നാൽ ഇനി മുതൽ ഒരു ഈസി ഹെൽതി റോട്ടി കൂടി ഡിന്നർ മെനുവിൽ ഇടം പിടിക്കട്ടെ.
ഹെൽതി റോട്ടി
ഉരുളക്കിഴങ്ങ്, കാരറ്റ് – ഒന്നു വീതം, ഗ്രേറ്റ് ചെയ്തത്, സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ, വറ്റൽ മുളകു ചതച്ചത് – ഒരു വലിയ സ്പൂൺ, പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്, കടലമാവ്, റാഗിപ്പൊടി – അരക്കപ്പ് വീതം, ഓട്സ് പൊടിച്ചത് – കാൽ കപ്പ്, ജീരകം – ഒരു ചെറിയ സ്പൂൺ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ വീതം, കസൂരിമേത്തി – ഒരു ചെറിയ സ്പൂൺ, എള്ള് – രണ്ടു വലിയ സ്പൂൺ, കറിവേപ്പില അരിഞ്ഞത്– രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് വെള്ളമൊഴിച്ചു കഴുകിയൂറ്റി ഒരു ബൗളിലാക്കുക.
∙ ഇതിലേക്കു ബാക്കി ചേരുവകൾ ചേർത്ത ശേഷം കാൽ കപ്പ് വെള്ളമൊഴിച്ചു കുഴച്ചു 10 മിനിറ്റ് മാറ്റി വയ്ക്കുക.
∙ ഈ മാവ് ഇടത്തരം വലുപ്പത്തിലുള്ള ഉരുളകളാക്കുക.
∙ ഒരു പാന്‍ ചൂടാക്കി അൽപം എണ്ണ പുരട്ടിയശേഷം ഓരോ ഉരുള വീതം മാവെടുത്ത് പാനിൽ വച്ചു കൈ കൊണ്ടു പരത്തുക. കയ്യിൽ വെള്ളം നനച്ചു വേണം റോട്ടി പരത്തിയെടുക്കാൻ. ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്