Saturday 24 August 2019 06:22 PM IST : By സ്വന്തം ലേഖകൻ

മല്ലിയില, തക്കാളി ഇവ കഴിച്ചാൽ കൊളസ്ട്രോളിനെ നിയന്ത്രിക്കാം; ആരോഗ്യം നൽകും പ്രകൃതിദത്ത കൂട്ടുകൾ!

CorianderTomato

പല അസുഖങ്ങൾക്കും പരിഹാരം നമ്മുടെ പ്രകൃതിയിൽത്തന്നെയുണ്ട്. പ്രകൃതിദത്തമായ ഗുണങ്ങൾ നിറഞ്ഞ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യം മെച്ചപ്പെടുത്താം. 

ചുമ, പനി

അൽപം മഞ്ഞൾപ്പൊടി നെയ്യിൽ കലർത്തി കഴിക്കുക. ഇത് കഫക്കെട്ട് അകറ്റാൻ സഹായിക്കും. ഓർമശക്തി മെച്ചപ്പെടാനും ഈ കൂട്ട് സഹായിക്കും.

അസിഡിറ്റി

നാരങ്ങാവെള്ളം അസിഡിറ്റി അകറ്റാൻ സഹായിക്കും. നാരങ്ങ അസിഡിക് ആണെങ്കിലും ശരീരത്തിലെത്തുമ്പോൾ ആൽക്കലൈൻ ആയി മാറുമെന്നതാണ് പ്രത്യേകത.

മലബന്ധം

മാങ്ങ, ഫിഗ്സ്, പേരയ്ക്ക, ബീറ്റ്റൂട്ട് ഇത് പതിവായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മലബന്ധമകറ്റും.

ഓക്കാനം

ഇഞ്ചി ചെറുതായി അരിഞ്ഞ കഷണങ്ങൾ കഴിക്കുകയോ ഇഞ്ചി ജ്യൂസാക്കി കുടിക്കുകയോ ചെയ്യുക. മോണിങ് സി ക്നെസ്, ഓക്കാനം ഇവ അകറ്റാൻ ഇത് സഹായിക്കും.

കാൽസ്യം കുറവ്

എള്ള്, അത്തി, മുരിങ്ങയില ഇവ കൂടുതലായി കഴിക്കുക. റാഗി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതും കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും.

ഇരുമ്പിന്റെ അപര്യാപ്തത

ബീറ്റ്റൂട്ട്, മല്ലിയില ഇവ ഇരുമ്പിന്റെ അപര്യാപ്തത മറികടക്കാൻ സഹായിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്. ഇരുമ്പ് ആഗിരണം ചെയ്യാൻ നാരങ്ങയിലടങ്ങിയ ൈവറ്റമിൻ സി സ ഹായിക്കും.

കൊളസ്ട്രോൾ നിയന്ത്രിക്കാം

ഭക്ഷണത്തിൽ മല്ലിയില വിതറുക. വേവിച്ചോ അല്ലാതെയോ തക്കാളി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. വാൾനട്ട്, ഫ്ലാക്സ് സീഡ് ഇവ കൂടുതലായി ഭക്ഷണത്തിലുൾപ്പെടുത്തുക.

ഇലക്ട്രോലൈറ്റ് കുറവ്

തേങ്ങാവെള്ളം, കരിക്കിൻവെള്ളം ഇവ ഇലക്ട്രോലൈറ്റുകൾ, പ്രകൃതിദത്തമായ വൈറ്റമിനുകൾ,  മിനറലുകൾ ഇവയാൽ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളായ ഇവ നിർജലീകരണം തടയാനും സഹായിക്കും.

വൈറ്റമിൻ സി അപര്യാപ്തത

മാങ്ങ, പേരയ്ക്ക, നാരങ്ങ, ഓറഞ്ച്, പപ്പായ,  തക്കാളി ഇവയിലെല്ലാം വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുണ്ട്. സീസണനുസരിച്ച് ഇവ ഭക്ഷണത്തിലുൾപ്പെടുത്താം.

സൂര്യാഘാതം തടയാം

ധാരാളം വെള്ളം കുടിക്കുക. തേങ്ങാവെള്ളം, മോരുംവെള്ളം എന്നിവ ധാരാളമായി കുടിക്കുന്നതു നല്ലതാണ്. തണ്ണിമത്തൻ കഴിക്കുക. പാവയ്ക്ക, പടവലങ്ങ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിലുൾപ്പെടുത്തുക.

യൂറിക് ആസിഡ് അളവ് കൂടുക

പത്തോ പന്ത്രണ്ടോ തുളസിയില അൽപം കറുവാപ്പട്ട പൊടിച്ചത്  ചേർത്തു കഴിക്കുക. ഇത് യൂറിക് ആസിഡിന്റെ നില താഴാൻ സഹായിക്കും.

ഒമേഗ 3 അപര്യാപ്തത

രണ്ടോ മൂന്നോ വാൾനട്ട് ദിവസവും കഴിക്കുക. ഒന്നോ രണ്ടോ സ്പൂൺ ഫ്ലാക്സ് സീഡ്സ് കഴിക്കുക. ഒമേഗാ 3 യുടെ ഉറവിടമായ ഇവ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

ആന്റി ഓക്സിഡന്റ്സ്

മഞ്ഞ, പച്ച, ഓറഞ്ച്, ചുവപ്പ്, പർപ്പിൾ നിറങ്ങളിലുള്ള പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധദ്രവ്യങ്ങൾ ഇവ കഴിക്കുക. ഭക്ഷണമെടുക്കുന്ന പാത്രത്തിന്റെ പകുതി ഭാഗം പച്ചക്കറികളാകാൻ ശ്രദ്ധിക്കുക.

വയറിളക്കം

മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് അൽപം കല്ലുപ്പ് ചേർത്ത് കുടിക്കുക. വയറിളക്കം മാറും.

സമ്മർദം

പത്തോ പന്ത്രണ്ടോ തുളസിയില കഴിക്കുക. തുളസിയിലയിൽ അടങ്ങിയ ചില ഘടകങ്ങൾക്ക് മാനസിക സമ്മർദ്ദമകറ്റാൻ ശേഷിയുണ്ടെന്നാണു വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്.

ശരീരത്തിലെ നീർക്കെട്ട്

ഒരു മുരിങ്ങയ്ക്ക കഷണങ്ങളായി മുറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം വറ്റി പകുതിയാകുമ്പോൾ തീ അണയ്ക്കുക. തണുത്ത ശേഷം കുടിക്കുക.

Tags:
  • Health Tips
  • Glam Up