ADVERTISEMENT

തേൻ ഇഷ്ടമില്ലാത്ത ആരുമുണ്ടാകില്ല.  കാരണം പ്രകൃതി നൽകുന്ന ഈ മധുരത്തിനു പകരം വയ്ക്കാൻ ഒരു കൃത്രിമമധുരത്തിനും കഴിയില്ല എന്നതു തന്നെ.

എന്താണു തേൻ?

ADVERTISEMENT

നമ്മുടെ അടുക്കളകളിൽ എന്നും അൽപം തേനുണ്ടായിരിക്കും. എന്നാൽ തേൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച്  വേണ്ടത്ര അറിവു പലർക്കും കാണില്ല.  തേനീച്ചകൾ ശേഖരിക്കുന്ന പൂമ്പൊടി കൊണ്ടാണ് തേൻ രൂപമെടുക്കുന്നത്. കട്ടിയുള്ള ഈ ദ്രാവകത്തിന് ഇളം മഞ്ഞ മുതൽ ഇരുണ്ട തവിട്ടു വരെ നിറഭേദങ്ങളുണ്ടാകാം. പ്രധാനമായും ജലമാണ് തേനിന്റെ അടിസ്ഥാനഘടകം. ജലത്തിനൊപ്പം ഫ്രക്റ്റോസ്, ഗ്ലൂക്കോസ്  എന്നീ ഘടകങ്ങൾ കൂടിയുണ്ട്. തേനിൽ എൻസൈമുകൾ, അമിനോആസിഡുകൾ, ബി വൈറ്റമിനുകൾ, വൈറ്റമിൻ സി, ധാതുക്കൾ, ആന്റിഒാക്‌സിഡന്റുകൾ  എന്നിവ അടങ്ങിയിട്ടുണ്ട്.

ആരോഗ്യജീവിതത്തിൽ തേനിന് വലിയ പ്രാധാന്യമുണ്ട്.  തേൻ ആന്റി ഒാക്സിഡന്റുകളുടെ നല്ലൊരുറവിടം ആണ്. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട് , ഫൈറ്റോ ന്യൂട്രിയന്റിന്റെ പവർഹൗസ് ആണ് തേൻ. ദഹനപ്രശ്നങ്ങളെ കുറയ്ക്കുന്ന മരുന്നു കൂടിയാണിത്. എന്നാൽ സമീപ കാലത്ത് തേനിെന്റ
ശുദ്ധിയെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും വ്യാപകമായി ചില പ്രചരണങ്ങളുണ്ടായി. തേനിനെക്കുറിച്ചുള്ള പ്രധാന സംശയങ്ങൾക്കു മറുപടികൾ ഇതാ.

ADVERTISEMENT

കൃത്രിമ മധുരത്തിനും  പഞ്ചസാരയ്ക്കും പകരമായി  തേൻ ഉപയോഗിക്കാമെന്നു പറയുന്നതു ശരിയാണോ?

തേൻ പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കാം. പഞ്ചസാരയെക്കാൾ മാധുര്യവും തേനിനുണ്ട്.  എന്നാൽ പ്രമേഹമുള്ളവർ കൃത്രിമ മധുരത്തിനു പകരമായി തേൻ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്തെന്നാൽ തേനിൽ ഗ്ലൂക്കോസും ഫ്രക്റ്റോസും ഉണ്ട്. പഞ്ചസാര പോലെ തന്നെ തേൻ ഉപയോഗിച്ചാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു വർധിക്കാനിടയാകും.

ADVERTISEMENT

ശരീരഭാരം  കുറയ്ക്കാൻ തേൻ ഉപയോഗിക്കാമോ?  വണ്ണം കൂട്ടാൻ തേൻ  കഴിക്കാമോ?

ശരീരഭാരം കുറയുന്നതിന് വെറുംവയറ്റിൽ തേൻ ഇളം ചൂടുവെള്ളത്തിൽ ചേർത്തു കഴിക്കാറുണ്ട്. ചിലപ്പോൾ നാരങ്ങാനീരും ചേർത്തു കഴിക്കാറുണ്ട്. അസിഡിറ്റി ഉള്ള
പ്പോൾ നാരങ്ങാനീര് കഴിക്കാൻ നിർദേശിക്കാറില്ല. തേനിന് കട്ടിങ് പ്രോപ്പർട്ടി ഉണ്ട്.  ആ കട്ടിങ് പ്രോപ്പർട്ടി മൂലം അധികമായുള്ള  കൊഴുപ്പിനെ നീക്കുന്നു എന്നാണ് കരുതുന്നത്. ഇപ്പോൾ ഹണി ഡയറ്റ് എന്ന പേരിൽ തന്നെ ശരീരഭാരം കുറയ്ക്കുന്നതിനായി അത്‌ലിറ്റുകൾ തേൻ ഉപയോഗിക്കുന്നതായി കേൾക്കുന്നുണ്ട്.  തേൻ കൊഴുപ്പിനെ ധാരാളമായി എരിയിച്ചു കളഞ്ഞ് ധാരാളം സ്‌റ്റാമിന നൽകുമെന്നാണ് വിശദീകരണം.

വൻതേനിനെക്കാളും ആരോഗ്യകരം ചെറുതേനാണെന്നു പറയുന്നതു ശരിയാണോ?

ചെറുതേനാണ് വൻതേനിനെക്കാളും ആരോഗ്യകരം. ചെറുതേൻ  കൂടുതൽ പോഷകമൂല്യമുള്ളതും ഒൗഷധ ഗുണങ്ങളുള്ളതുമാണ്. ചെറു തേൻ ഉത്പാദിപ്പിക്കുന്നത് ചെറു തേനീച്ച (stingless bee) ആണ്. ഈ തേനീച്ചകൾ കൂടുതലായും ചെറിയ ചെടികൾ, മരങ്ങൾ എന്നിവയിൽ നിന്നാണ് തേനിനായുള്ള പൂമ്പൊടി സംഭരിക്കുന്നത്. ഉദാ: വാഴ, പേര, പപ്പായ, മാവ്, പ്ലാവ്, പുല്ല്, തുളസി, മറ്റു പൂച്ചെടികൾ. വലിയ തേനീച്ച അഥവാ വൻതേനീച്ചകളെ  അപേക്ഷിച്ച് ഇവയ്ക്കു കുറഞ്ഞ അളവിൽ മാത്രമേ തേൻ സംഭരിക്കാൻ കഴിയൂ. പല തരത്തിലുള്ള ചെറിയ ചെടികളിൽ നിന്നു സംഭരിക്കുന്ന പൂമ്പൊടി  കൊണ്ടു തയാറാക്കുന്നതിനാൽ ചെറുതേൻ പോഷക ഒൗഷധ ഗുണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.

ചൂടുവെള്ളത്തിൽ തേൻ കലർത്തി കഴിക്കുന്നത് ആരോഗ്യകരമാണോ? പാലിലും ചായയിലും തേൻ കലർത്താമോ?

 

ചൂടുവെള്ളത്തിൽ തേൻ കലർത്തി കഴിക്കുന്നത് ആരോഗ്യകരമല്ല.

വളരെ ചൂടുള്ള പാലിലും ചായയിലും തേൻ കലർത്തി ഉപയോഗിക്കുന്നത് തേനിന്റെ പോഷകഗുണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതു കൊണ്ടു തന്നെ ചെറു ചൂടുള്ള വെള്ളത്തിലോ,
പാലിലോ തേൻ കലർത്താം. പ്രകൃതിദത്തമായ രീതിയിൽ പഴങ്ങൾ, സാലഡുകൾ എന്നിവയിൽ തേൻ  ചേർത്തും കഴിക്കാം.

തേൻ എത്ര പഴകിയാലും ചീത്തയാകില്ല എന്നു പറയുന്നത് ശരിയാണോ?

തേൻ പഴകിയാലും ചീത്തയാകില്ല എന്നു പറയുന്നത് ശരിയാണ്. തേനിന്റെ  മധുരം തന്നെയാണ് ഇതിലെ പ്രിസർവേറ്റീവ്. നനവ്, ഈർപ്പം, ജലം എന്നിവയേൽക്കാത്ത വിധം സൂക്ഷിച്ചാൽ തേൻ കാലങ്ങളോളം സുരക്ഷിതമായി ഉപയോഗിക്കാം. ഗ്ലാസ് ഭരണികളിലോ പാത്രങ്ങളിലോ സൂക്ഷിക്കുന്നതാണ്  സുരക്ഷിതം.  

തേനിലെ മായം എങ്ങനെ കണ്ടെത്താം?

തേനിലെ മായം കണ്ടെത്തുന്നതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് വാട്ടർ ടെസ്റ്റ്.  ഒരു ടീ സ്പൂൺ തേൻ ഒരു ഗ്ലാസ് വെള്ളത്തിലേക്ക്  ഒഴിക്കുക. മായം കലർത്തിയ തേൻ വെള്ളത്തിൽ പെട്ടെന്ന് അലിയുകയും ശുദ്ധമായ തേൻ അലിയാതെ ഗ്ലാസിന്റെ താഴെ അടിയുകയും ചെയ്യുന്നു.

സിന്ധു എസ്.

കൺസൽറ്റന്റ്  ക്ലിനിക്കൽ

ന്യൂട്രിഷനിസ്‌റ്റ്

നുയോഗ, ഡയബറ്റിക് കെയർ ഇന്ത്യ, കൊച്ചി

ADVERTISEMENT