Friday 19 May 2023 04:02 PM IST

‘പുരുഷന്മാരിൽ അമിതവണ്ണം ബീജത്തിന്റെ എണ്ണം, ഗുണനിലവാരം എന്നിവയെ പ്രതികൂലമായി ബാധിക്കും’; വന്ധ്യത പരിഹരിക്കാൻ ചികിത്സ തേടും മുൻപ്...

Rakhy Raz

Sub Editor

infertiliiiiii

വന്ധ്യത പരിഹരിക്കാൻ ചികിത്സ തേടും മുൻപ് ചെയ്യാവുന്ന ചില മുന്നൊരുക്കങ്ങളുണ്ട്. വന്ധ്യത സമ്മാനിക്കുന്ന പൊതുവായുള്ള ചില സാഹചര്യങ്ങളെ ഒഴിവാക്കുകയാണത്.

അമിത ഭാരം നിയന്ത്രിക്കുക

ആർത്തവ ചക്രത്തിന്റെ ക്രമം തെറ്റുക, ആർത്തവ ക്രമക്കേടുകൾ വരിക, ഗർഭധാരണത്തിലും ഗർഭാവസ്ഥയിലും പ്രസവത്തിലും പ്രശ്നങ്ങളുണ്ടാകുക എന്നീ സാഹചര്യങ്ങളിലേക്കു ശരീരത്തിന്റെ അമിതഭാരം നമ്മളെ നയിക്കും.

ആരോഗ്യകരമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതിന് ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ശരീരഭാരം (ബോഡി മാസ് ഇൻഡക്സ്) ഉണ്ടാകേണ്ടത് ആവശ്യമാണ്. അമിതഭാരം അഞ്ചു ശതമാനം കുറച്ചാൽ തന്നെ ആർത്തവ ചക്രം ക്രമമാകുകയും അണ്ഡോത്പാദനം ശരിയായി നടക്കുകയും സ്വാഭാവിക ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.

പുരുഷന്മാരിൽ അമിതവണ്ണം ബീജത്തിന്റെ എണ്ണം, ഗുണനിലവാരം, ചലനശേഷി ഇവയെ പ്രതികൂലമായി ബാധിക്കും.

ചെയ്യേണ്ടത് : കൃത്യമായ ആഹാരം, സന്തുലിതമായ ആ ഹാരക്രമം എന്നിവയിലൂടെ ജീവിതശൈലി കൊണ്ടുണ്ടായ അമിതവണ്ണത്തെ നിയന്ത്രിക്കാനാകും. അതിലൂടെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, കൊളസ്ട്രോൾ എന്നിവയും നിയന്ത്രിക്കപ്പെടും.

പ്രമേഹവും കൊളസ്ട്രോളും

പ്രമേഹവും കൊളസ്ട്രോളും ബീജത്തിന്റെ ഗുണനിലവാരവും ഗർഭാശയത്തിൽ പിടിച്ചു വളരാനുള്ള ഭ്രൂണത്തിന്റെ കഴിവും പരിമിതപ്പെടുത്തും.   

ചെയ്യേണ്ടത് : ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, ആവശ്യമെങ്കിൽ മരുന്നുപയോഗിച്ചുള്ള ചികിത്സ ഇവയിലൂടെ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കുക.

മദ്യപാനം, പുകവലി ഒഴിവാക്കുക

മദ്യപാനവും പുകവലിയും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഇവ ചേർന്നുണ്ടാകുന്ന ഭ്രൂണത്തിന്റെയും ഗുണനിലവാരം കുറയ്ക്കും. നിക്കോട്ടിൻ അടങ്ങിയ വസ്തുക്കളും പല വിധത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വന്ധ്യതയെ ക്ഷണിച്ചു വരുത്തും

ചെയ്യേണ്ടത് : പുകവലിയും മദ്യപാനവും പലവിധ ലഹരി ഉപയോഗവും പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. നിറമുള്ള പച്ചക്കറികൾ, ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഫലവർഗങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരം കൂട്ടും.

നന്നായി ഉറങ്ങുക

നല്ല ഉറക്കം ശാരീരിക പ്രവർത്തനങ്ങളെ മികച്ചതാക്കും. ഉറക്കക്കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഉറക്കത്തിന്റെ നിലവാരമില്ലായ്മ ശരീരഭാരം വർധിപ്പിക്കുക, ക്ഷീണം കൂട്ടുക, ശരിയായ ലൈംഗിക ബന്ധം സാധ്യമാകാതെ വരിക തുടങ്ങിയ അവസ്ഥകളുണ്ടാക്കും.

ചെയ്യേണ്ടത് :  ഉറക്കത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി നിരീക്ഷിച്ച് പരിഹരിക്കുക. പതിവായി വ്യായാമം ചെയ്യുക. ഉറങ്ങുന്നതിനു മുൻപുള്ള മൊബൈൽ ലാപ്ടോപ് ഉ പയോഗം കുറയ്ക്കുക. പിരിമുറുക്കം കുറയ്ക്കുന്നതിനു യോഗ, ധ്യാനം പോലുള്ളവ പിന്തുടരുക.

സ്വാഭാവിക ലൈംഗിക ബന്ധം

പ്ലാൻ ചെയ്ത ലൈംഗിക ബന്ധത്തെക്കാൾ സാധാരണ ലൈംഗിക ബന്ധമാണ് ഗർഭധാരണത്തിനു നല്ലത്. പ്ലാൻ ചെയ്യുമ്പോൾ ശരിയായ ചോദന ഉണ്ടായെന്നു വരില്ല. പിരിമുറുക്കം, അലസത, വിരസത എന്നിവയും അനുഭവപ്പെടാം. ഇതു ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കും. ഗർഭധാരണ സാധ്യതയെ പരിമിതപ്പെടുത്തും.  

ചെയ്യേണ്ടത് : ലൈംഗികബന്ധം ജീവിതത്തിന്റെ ആവശ്യമാണ്. മറ്റു തിരക്കുകളിൽ പെട്ട് അതു മാറിപ്പോകാതെ ശ്രദ്ധിക്കുക. നല്ല ലൈംഗികജീവിതത്തിന്റെ സമ്മാനമാകണം കുട്ടികൾ.

ശരിയായ ലൈംഗിക ബന്ധം ഉണ്ടാകണം

ശരിയായ ലൈംഗികബന്ധം ഉണ്ടാകാത്തതു കൊണ്ടു ഗർഭിണിയാകാതിരിക്കുകയും അതിനെ വന്ധ്യതയായി തെറ്റിധരിക്കുകയും ചെയ്യുന്നവരുണ്ട്. പ്രായപൂർത്തിയായ ഒരാൾ മറ്റെന്ത് അറിവു നേടുന്നതു പോലെയും നേടിയെടുക്കേണ്ട ഒന്നാണ് ലൈംഗികതയെക്കുറിച്ചുള്ള അറിവും.

∙ ആരോഗ്യകരമായ ശരീരവും മനസ്സും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ്. രോഗമില്ലാത്ത അവസ്ഥയിൽ ശരീരത്തെ സൂക്ഷിക്കുക. രോഗമുള്ളവർ അവ പരമാവധി നിയന്ത്രണത്തിലാക്കി നിർത്തുക.

∙ പങ്കാളിയുമായി ഊഷ്മളമായ ബന്ധം രൂപപ്പെടുത്തിയെടുക്കുക. തുറന്നു സംസാരിക്കാനും പ്രശ്നങ്ങൾ പ ങ്കിടാനും ഇതു സഹായിക്കും.

∙ശാരീരിക ബന്ധം എങ്ങനെയാണു വേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക. സംശയങ്ങൾ ഉണ്ടെങ്കി ൽ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെ കണ്ടു മനസ്സിലാക്കുക. അശാസ്ത്രീയമായ വഴിയിലൂടെ അറിവു നേടുന്നത് ഗുണകരമാകില്ല.

∙ ലൈംഗിക അറിവില്ലായ്മ ആത്മവിശ്വാസം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ടും കേട്ടും അറിഞ്ഞും പറഞ്ഞും പ്രവർത്തിച്ചും സമയമെടുത്തു തന്നെയാണ് ഓരോരുത്തരും ശരിയായ ലൈംഗികതയിലേക്ക് എത്തുന്നത്.

കാരണം കണ്ടെത്താൻ പരിശോധനകൾ

ദമ്പതികളുമായി വിശദമായി ചർച്ച ചെയ്തു പ്രശ്നം മനസ്സിലാക്കിക്കഴിഞ്ഞാൽ ഡോക്ടർ ആവശ്യമായ പരിശോധനകൾ നിർദേശിക്കും.

∙ പുരുഷ വന്ധ്യതയുെട കാരണം കണ്ടുപിടിക്കുന്നതിന് ഏറ്റവും എളുപ്പം ചെയ്യാവുന്ന പരിശോധന ബീജ പരിശോധനയാണ്. എന്നാൽ തെറ്റു പറ്റാൻ ഏറെ സാധ്യതയുള്ളതാണിത്. അതിനാൽ അംഗീകൃത ലാബുകളിൽ വിദഗ്ധ പരിശോധകരുടെ മേൽനോട്ടത്തിലാണ് ഇതു ചെയ്യേണ്ടത്.

രണ്ടു മുതൽ മൂന്നു ദിവസം വരെ ബീജം പുറത്തു കളയാതെ വേണം ഈ പരിശോധന നടത്താൻ. ശുക്ലത്തിലെ ബീജാണുക്കളുടെ ആകാരം, എണ്ണം, ചലനശേഷി എന്നിവയാണു പ്രധാനമായും  പ രിശോധിക്കുന്നത്. പരിശോധനാ ഫലം സ്വാഭാവികമല്ലെങ്കിൽ  ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പരിശോധിക്കണം. ഒറ്റ പരിശോധനയിൽ നിന്നു മാത്രം ശരിയായ നിർണയം സാധ്യമായെന്നു വരില്ല. സെമൻ അനാലിസിസ്, ഹോർമോൺ അനാലിസിസ് പോലുള്ള പരിശോധനകളുമുണ്ട്.

∙ സ്ത്രീകളിൽ ആദ്യ പടിയായി ആന്തരിക പരിശോധനയിലൂടെ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ എന്നിവയുണ്ടോ എന്നു കണ്ടെത്തും.

∙ ആർത്തവ ചക്രത്തിന്റെ രണ്ടു – മൂന്നു ദിവസങ്ങളിൽ ഹോർമോൺ പരിശോധന നടത്താം. തൈറോയിഡ്, പ്രോലാറ്റിൻ എന്നീ ഹോർമോണുകളിൽ വ്യതിയാനം ഉണ്ടെങ്കിൽ ആർത്തവ ചക്രത്തെയും അണ്ഡോത്പാദനത്തെയും അതു ബാധിക്കും.

∙ ഗർഭാശയം, അണ്ഡാശയം അനുബന്ധ അവയവങ്ങൾ ഇവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി യോനി വഴിയുള്ള അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യാം. മാസമുറയുടെ രണ്ടു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് ഇതു ചെയ്യേണ്ടത്.  

∙ അണ്ഡോത്പാദനം ക്രമമാണോ എന്നറിയാൻ ഫോളിക്കുലാർ മോണിറ്ററിങ് സ്കാൻ ചെയ്യാം. ആർത്തവത്തിന്റെ ഒൻപതു മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഇടവിട്ടുള്ള സ്കാനിങ്ങിലൂടെയാണ് ഇതു പരിശോധിക്കുന്നത്.

∙ ഓവറികളിലെ അണ്ഡാശയ റിസർവ് അറിയാൻ  ആന്റി മുള്ളേരിയൻ ഹോർമോൺ ടെസ്റ്റ്, ഓവുലേഷൻ ടെസ്റ്റ്, ഫോലോപ്യൻ ട്യൂബുകളുടെയും ഗർഭാശയത്തിന്റെയും കേടുപാടുകൾ കണ്ടെത്താൻ ഹിസ്റ്ററോസാൽപിംകോഗ്രാഫി, ഗർഭപാത്രത്തിന്റെ ആന്തരിക പാളിയും ട്യൂബുകളും നിരീക്ഷിക്കുന്നതിന് സലൈൻ സോണോഹിസ്ട്രോഗ്രാം, ഗർഭാശയമുഖത്തെ അസാധാരണത്വങ്ങൾ അറിയാൻ ഹിസ്റ്ററോസ്കോപ്പി, ലാപ്രോസ്കോപ്പി എന്നിവയും വേണ്ടിവരാം.

Tags:
  • Health Tips
  • Glam Up